This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഞ്ജലോസ്, ഫ്രാന്‍സിസ് പീറ്റര്‍ (1650 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഞ്ജലോസ്, ഫ്രാന്‍സിസ് പീറ്റര്‍ (1650 - ?)

മലയാളഭാഷയ്ക്ക് ആദ്യത്തെ വ്യാകരണഗ്രന്ഥം രചിച്ച മിഷനറി. ഇറ്റലിയില്‍ പീഡ്മോണ്ട് എന്ന പ്രദേശത്തുള്ള മോണ്ട്റീഗല്‍ഗ്രാമത്തിലെ വിയോലിത്തി കുടുംബത്തില്‍ 1650-ല്‍ ജനിച്ചു. കര്‍മലീത്താപാതിരിയായി 17-ാം ശ.-ത്തിന്റെ ഒടുവില്‍ വരാപ്പുഴ വന്നിറങ്ങിയ ആഞ്ജലോസ്, 1700-ല്‍ കേരള കത്തോലിക്കരുടെ മെത്രാനായി. കല്‍ദായസുറിയാനി മെത്രാനായ മാര്‍ശിമയോനാണ് ഇദ്ദേഹത്തിന് മെത്രാന്‍പട്ടം നല്കിയത്. കേരള കത്തോലിക്കര്‍ പാരമ്പര്യമനുസരിച്ച് ആഞ്ജലോസ് മെത്രാനെയും മാര്‍ത്തോമ്മാ എന്ന് വിളിച്ചുപോന്നു. കേരളത്തില്‍ എത്തിയ ഉടനെ മലയാളഭാഷാപഠനത്തില്‍ ആഞ്ജലോസ് നിഷ്ണാതനായി; തുടര്‍ന്ന് മതപരമായ ഏതാനും ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു; അവയൊന്നും ഇപ്പോള്‍ ലഭ്യമല്ല. 1712-നടുത്ത് രചിച്ച മലയാളവ്യാകരണമാണ് ഇദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതി. മലയാളഭാഷയ്ക്ക് രണ്ട് തരംതിരിവുകള്‍ ഉള്ളതായി ആഞ്ജലോസ് മനസ്സിലാക്കി (വാമൊഴി, വരമൊഴി എന്നിങ്ങനെ പില്ക്കാലത്ത് വിളിക്കപ്പെട്ട ഈ പിരിവുകള്‍ക്ക് യഥാക്രമം 'നീചഭാഷ' എന്നും 'ഉച്ചഭാഷ' എന്നും ആണ് മിഷനറിമാര്‍ പേര്‍ കൊടുത്തിരുന്നത്). ഇതില്‍ വ്യവഹാരഭാഷയ്ക്കാണ് ഇദ്ദേഹം വ്യാകരണം നിര്‍മിച്ചത്. സംസ്കൃതപ്രചുരമായ ഉച്ച (സാഹിത്യ) ഭാഷയ്ക്ക് പിന്നീട് അര്‍ണോസുപാതിരി വ്യാകരണമെഴുതി.

ആഞ്ജലോസ് നിര്‍മിച്ച മലയാളവ്യാകരണത്തിന്റെ മൂലം റോമില്‍ ബോര്‍ജിയ കര്‍ദിനാളിന്റെ ഗ്രന്ഥശേഖരത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ഇതിന്റെ ഒരു പകര്‍പ്പ് വത്തിക്കാന്‍ ഗ്രന്ഥശാലയിലുണ്ട്. കേരളത്തില്‍ വന്ന എല്ലാ വിദേശീയര്‍ക്കും ഈ വ്യാകരണഗ്രന്ഥം സഹായകമായിരിക്കുന്നു. ഈ കൃതിയെ ഉപജീവിച്ചാണ് ക്ലെമന്റ് പാതിരി മലയാള അക്ഷരമാല (1772) രചിച്ചത്. ആഞ്ജലോസ് 12 വര്‍ഷം മെത്രാപ്പോലീത്ത ആയി സേവനം അനുഷ്ഠിച്ചു. വരാപ്പുഴവച്ചു തന്നെയാണ് ഇദ്ദേഹം നിര്യാതനായത്; എതു വര്‍ഷമെന്നു കൃത്യമായി അറിയുന്നില്ല. വരാപ്പുഴ പള്ളിയില്‍ ശവസംസ്കാരവും നടത്തപ്പെട്ടു. വരാപ്പുഴ ഗ്രന്ഥശേഖരത്തില്‍ ആഞ്ജലോസിന്റെ ഡയറിയും ചില കൈയെഴുത്തുഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ അതുവരെയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് പ്രസ്തുത കുറിപ്പുകള്‍. ആദ്യത്തെ മലയാളനിഘണ്ടുവിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കിയതും ആഞ്ജലോസ് ആണെന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍