This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആജ്ഞാപനാധികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആജ്ഞാപനാധികാരം

Directing Power

കീഴുദ്യോഗസ്ഥന്‍മാരുടെയോ കീഴ്ഘടകങ്ങളുടെയോ മേല്‍ സ്വാധീനം ചെലുത്തുവാനും, അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശം നല്കി പ്രവര്‍ത്തനക്ഷമത കൈവരുത്തുവാനും മറ്റുമായി, മേലധികാരികളോ മേല്‍ത്തട്ടിലുള്ള ഘടകങ്ങളോ പ്രയോഗിക്കുന്ന അധികാരം അഥവാ സ്വാധീനശക്തി. ഏതൊരു സംഘടനയുടെയും സുഗമമായ നടത്തിപ്പിനും കാര്യക്ഷമതയ്ക്കും (ചിലപ്പോള്‍ നിലനില്പിനുതന്നെയും) ഇത്തരം അധികാരപ്രയോഗം അനുപേക്ഷണീയമാണ്. സാധാരണയായി, ഓരോ ഘടകത്തിന്റെയും തലപ്പത്തിരിക്കുന്നവരിലാണ് ആജ്ഞാപനാധികാരം നിക്ഷിപ്തമായിരിക്കുക. തന്‍മൂലം നേതൃത്വത്തിന്റെ (മാനേജ്മെന്റിന്റെ) കഴിവും കഴിവില്ലായ്മയും സംഘടനയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നതാണ്.

ആസൂത്രണം (planning), സംഘാടനം (organising), നിയന്ത്രണം (control) തുടങ്ങിയ കാര്യങ്ങളില്‍ മാനേജുമെന്റുകള്‍ക്കുള്ള അധികാരമാണ് ഇവിടെ വിവക്ഷിതം. ആത്മാര്‍ഥതയും കാര്യശേഷിയുമുള്ള ജോലിക്കാര്‍ ധാരാളം ഉണ്ടായിരുന്നാല്‍പ്പോലും, അവരുടെ മേലധികാരികള്‍ തക്കസമയത്ത് വേണ്ട നിര്‍ദേശങ്ങളും ആജ്ഞകളും നല്കുന്നില്ലെങ്കില്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പറയത്തക്ക കാര്യക്ഷമതയോ വേഗമോ ഉണ്ടായെന്നുവരില്ല. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പില്‍ ആവശ്യമായിവരുന്ന പരമമായ ആജ്ഞാപനാധികാരം അതിന്റെ കാര്യനിര്‍വഹണച്ചുമതല വഹിക്കുന്ന ഭരണത്തലവനാണ് കൈകാര്യം ചെയ്യുന്നത്. പാര്‍ലമെന്ററി ഭരണസംവിധാനം നിലവിലുള്ള രാജ്യങ്ങളില്‍ ഈ അധികാരം കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയിലാണ് സ്ഥിതിചെയ്യുന്നത്. കല്പനകള്‍, നിര്‍ദേശങ്ങള്‍ ആദിയായവയിലൂടെ വകുപ്പുകളുടെ മേലുള്ള നിയന്ത്രണം ഉറപ്പുവരുത്തുന്നു. പ്രസിഡന്റ് ഭരണസംവിധാനത്തില്‍ ഭരണയന്ത്രത്തിന്റെ തലവനായ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആജ്ഞാപനാധികാരം കൈകാര്യം ചെയ്യപ്പെടുക.

ആജ്ഞാപനാധികാരം വിനിയോഗിക്കുമ്പോള്‍ ഓരോ ഭരണാധികാരിയും താന്‍ പുറപ്പെടുവിക്കുന്ന കല്പനകള്‍, നിര്‍ദേശങ്ങള്‍, സര്‍ക്കുലറുകള്‍ മുതലായവ നിയമാനുസൃതവും പരിപൂര്‍ണവും ഉചിതവും ആണോ എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്; കാരണം അവയുടെ മേന്‍മയും പ്രവര്‍ത്തനക്ഷമതയും ഭരണത്തിന്റെ ഗതി, സ്വഭാവം, കാര്യക്ഷമത എന്നിവയെ വളരെയധികം സ്വാധീനിക്കുന്നു. നിര്‍ദേശങ്ങളും ആജ്ഞകളും മറ്റും പുറപ്പെടുവിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഓരോ ഭരണാധികാരിയും പ്രത്യേകം സ്മരിക്കേണ്ടതാണ്: (1) പരിതഃസ്ഥിതികളുടെ വെളിച്ചത്തിലും അവ സൃഷ്ടിക്കുന്ന ആവശ്യങ്ങള്‍ക്കനുസരണമായും ആണ് ആജ്ഞാപനാധികാരം വിനിയോഗിക്കേണ്ടത്; (2) നിര്‍ദേശങ്ങളും കല്പനകളും മറ്റും നീതിയുക്തമായിരിക്കണം; (3) അവ പൂര്‍ണവും എന്നാല്‍, കാര്യമാത്രപ്രസക്തവും ആയിരിക്കണം; (4) അവ സ്പഷ്ടവും സംക്ഷിപ്തവും ദൃഢസ്വഭാവമുള്ളതുമായിരിക്കണം; (5) നിര്‍ദേശങ്ങള്‍ ആജ്ഞാരൂപത്തിലാകുന്നതിനുപകരം ഉപദേശരൂപേണയാണ് നല്കുന്നതെങ്കില്‍ കൂടുതല്‍ ഫലപ്രദവും അഭികാമ്യവുമായിരിക്കും; (6) ഒരുത്തരവു പുറപ്പെടുവിക്കുമ്പോള്‍ ഓരോ മേലധികാരിയും താന്‍ എന്തുദ്ദേശ്യം സാക്ഷാത്കരിക്കുവാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നതെന്നു വ്യക്തമാക്കുന്നതു നല്ലതാണ്; (7) ഓരോ ഉത്തരവും വാഗ്രൂപേണ പറഞ്ഞുകൊടുക്കുന്നതിനെക്കാള്‍ എഴുതിക്കൊടുക്കുന്നതായിരിക്കും കൂടുതല്‍ അഭിലഷണീയം.

ആജ്ഞകളും നിര്‍ദേശങ്ങളും മറ്റും ഫലപ്രദമാകണമെങ്കില്‍, പ്രത്യക്ഷവും പരോക്ഷവുമായ പ്രോത്സാഹനം ആവശ്യമാണ്. ഇതില്‍ ആദ്യത്തേതുകൊണ്ടുദ്ദേശിക്കുന്നത് ശരിയാംവണ്ണം ആജ്ഞാനുവര്‍ത്തികളായി കാര്യക്ഷമതയോടുകൂടി പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്കു പാരിതോഷികമോ ബഹുമതിയോ നല്കി പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയയെയാണ്. ഇതിനു പല മാര്‍ഗങ്ങളും ഉണ്ട്. സമര്‍ഥരായവരുടെ സേവനത്തെ വാഴ്ത്തുകയും അവര്‍ക്കു പാരിതോഷികം നല്കുകയും ചെയ്യുക; കാര്യക്ഷമതയ്ക്കുവേണ്ടി ആരോഗ്യകരമായ മത്സരങ്ങള്‍ ഏര്‍​പ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; തങ്ങള്‍ ജോലിനോക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ എല്ലാ ജീവനക്കാര്‍ക്കും അവരുടേതായ പങ്കുവഹിക്കുവാനുണ്ടെന്നബോധം അവരില്‍ വളര്‍ത്തുക; കീഴുദ്യോഗസ്ഥന്‍മാരുടെ ആവശ്യാര്‍ഥം സ്പഷ്ടമായ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുക; അവരുടെ കഷ്ടതകളില്‍ അനുകമ്പ പ്രകടിപ്പിക്കുക; കഴിയുന്നത്ര അധികാരവികേന്ദ്രീകരണം കൈവരുത്തുക തുടങ്ങിയവയാണ് ഇവയില്‍ ചിലത്. നേരേമറിച്ച്, നിര്‍ദേശങ്ങളോ കല്പനകളോ നടപ്പിലാക്കുന്ന കാര്യത്തില്‍ വൈമനസ്യം കാണിക്കുകയോ വീഴ്ചവരുത്തുകയോ ചെയ്യുന്ന കീഴുദ്യോഗസ്ഥന്‍മാരെ ഉപദേശങ്ങള്‍ വഴിയോ ശിക്ഷണരൂപേണയോ അത്തരം പ്രവണതകളില്‍നിന്നു വിമുക്തരാക്കുകയും കൃത്യനിര്‍വഹണത്തില്‍ വ്യാപൃതരാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ് പരോക്ഷ പ്രചോദനം.

ആജ്ഞാപനാധികാരം ഒരേ സ്ഥാപനത്തിലുള്ള മേലധികാരികള്‍ കീഴുദ്യോഗസ്ഥന്‍മാര്‍ക്ക് നല്കുന്ന ഉത്തരവുകളോ ഒരു മേല്‍ഘടകം കീഴ്ഘടകത്തിനു നല്കുന്ന നിര്‍ദേശങ്ങളോവഴി പ്രായോഗികമാക്കാവുന്നതാണ്. ഇതില്‍ ആദ്യത്തേതിന് ഉദാഹരണമായി ഒരു വകുപ്പധ്യക്ഷന്‍ തന്റെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്കു നല്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നല്കുന്ന നിര്‍ദേശങ്ങള്‍ രണ്ടാമത്തേതിനു ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ ഭരണഘടന 257-ാം വകുപ്പ് അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നിര്‍ദേശങ്ങള്‍ നല്കുവാനുള്ള അധികാരം കേന്ദ്രഗവണ്‍മെന്റിനു കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാന ഗവണ്‍മെന്റിന് നിര്‍ദേശം കൊടുക്കേണ്ടത് ആവശ്യമാണെന്നു ബോധ്യമായാല്‍ കേന്ദ്രത്തിന് അപ്രകാരം ചെയ്യാവുന്നതാണ്. ദേശീയമോ പ്രതിരോധപരമോ ആയി പ്രാധാന്യമര്‍ഹിക്കുന്ന റെയില്‍വേ തുടങ്ങിയ ഏജന്‍സികളുടെ സംഘാടനവും സംരക്ഷണവും നടത്താന്‍ ഏതെങ്കിലും സംസ്ഥാനത്തോട് കേന്ദ്രഗവണ്‍മെന്റിന് ആവശ്യപ്പെടാം.

(ഡോ. എന്‍.ആര്‍. വിശാലാക്ഷി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍