This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആജീവികന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആജീവികന്‍മാര്‍

ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ആവിര്‍ഭാവകാലത്ത് (ബി.സി. 6-ാം ശ.) തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു സന്ന്യാസിവര്‍ഗത്തിലെ അംഗങ്ങള്‍. ഉപജീവനത്തിനു പ്രത്യേക നിയമങ്ങള്‍ പാലിക്കുന്നവരെന്ന് 'ആജീവിക' ശബ്ദത്തിന് അര്‍ഥം പറഞ്ഞുവരുന്നു. ആജീവകന്‍മാര്‍ എന്നും ഇവരെ വിളിക്കാറുണ്ട്. എ.ഡി. 300 വരെ ഹൈന്ദവസിദ്ധാന്തങ്ങളെ കാര്യമായി സ്വാധീനിച്ച ഈ സന്ന്യാസിവിഭാഗത്തിന്റെ സ്ഥാപകന്‍ ഗോശാലന്‍ (ബി.സി. 484) ആയിരുന്നു. മക്ഖലീ സന്ന്യാസിവര്‍ഗത്തില്‍ ജനിച്ച ഗോശാലന്‍ മക്ഖലീപുത്രഗോശാലന്‍ (മസ്കരിഗോശാലന്‍) എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ജൈനരുടെ ഭഗവതിസൂത്രത്തില്‍ ഗോശാലന്റെ ജീവിതകഥ വിവരിക്കുന്നുണ്ട്. മഹാവീരന്റെ ശിഷ്യനായിത്തീര്‍ന്ന ഗോശാലന്‍ വളരെക്കാലം അദ്ദേഹത്തോടൊത്തു വസിച്ചു. പിന്നീട് അവര്‍ ബദ്ധശത്രുക്കളാവുകയും, ഒരു വിഭാഗം ശിഷ്യന്‍മാര്‍ ഗോശാലന്റെ നേതൃത്വത്തില്‍ തെറ്റിപ്പിരിയുകയും ചെയ്തു. അവരാണ് ആജീവികന്‍മാര്‍. ആജീവികന്‍മാര്‍ എന്ന പേര് അവര്‍ സ്വയം സ്വീകരിച്ചതല്ല, ശത്രുക്കള്‍ അവര്‍ക്കിട്ട പേരാണ് എന്നു ഹോര്‍ണല്‍ (Hoernle) അഭിപ്രായപ്പെടുന്നു. ബി.സി. മൂന്നാം ശതകത്തില്‍ ദിഗംബരന്‍മാര്‍, ശ്വേതാംബരന്‍മാര്‍ എന്നിങ്ങനെ രണ്ടു വിഭാഗക്കാര്‍ ജൈനമതത്തിലുണ്ടാകാന്‍ കാരണം ആജീവികന്‍മാരാണെന്നു പറയപ്പെടുന്നു. ആജീവികന്‍മാരുടെ മുഖ്യ വേദപ്രമാണങ്ങളില്‍ പലതും ഇപ്പോള്‍ നിലവിലില്ല. അര്‍ധമാഗധിയിലുള്ള അവരുടെ വേദ(scripture) ശകലങ്ങള്‍ ജൈനബൗദ്ധസാഹിത്യങ്ങളിലാണുള്ളത്. ദക്ഷിണേന്ത്യന്‍ ഐതിഹ്യപ്രകാരം, നവകദിറില്‍ മസ്കരിന്റെ ദര്‍ശനങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. കര്‍ക്കശമായ സന്ന്യാസവ്രതമായിരുന്നു ആജീവികന്‍മാര്‍ അനുഷ്ഠിച്ചിരുന്നത്. ശിവജ്ഞാന ശിത്തിയാറിന്റെ കര്‍ത്താവ് ബുദ്ധമതക്കാരെ ഒഴിച്ച് ശ്രമണന്‍മാരെ വിവരിക്കുന്ന കൂട്ടത്തില്‍ ആജീവികന്‍മാരെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ആജീവികന്‍മാര്‍ അശോകവൃക്ഷത്തെ ദൈവമായി ആരാധിക്കുന്നുവെന്നും വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നുവെന്നും കര്‍ക്കശമായ സന്ന്യാസം അനുഷ്ഠിക്കുന്നുവെന്നും അവരുടെ ശരീരം വൃത്തികേടായി സൂക്ഷിച്ചിരിക്കുന്നുവെന്നും (ദിവസംതോറുമുള്ള കുളിയുടെ അഭാവം മൂലം) ഗൃഹസ്ഥജീവിതം പരിത്യജിച്ചിരിക്കുന്നവരാണെന്നും ഒരുതരം പായകൊണ്ട് അവര്‍ നഗ്നത മറച്ചിരിക്കുമെന്നും അവരുടെ കൈയില്‍ ഒരു കെട്ട് മയില്‍പ്പീലി കൊണ്ടുനടക്കുമെന്നും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. അഞ്ചുതരം ഫലങ്ങളും വേരുകളും അവര്‍ ഭക്ഷിക്കാറില്ല എന്നു ഭഗവതിസൂത്രത്തില്‍ പറയുന്നു.

ഒന്നിനും അടിസ്ഥാനകാരണമില്ലെന്ന് വിശ്വസിക്കുന്നവരാണ് ആജീവികന്‍മാര്‍. എല്ലാ വസ്തുക്കളും ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് യാതൊരു കാരണവും കൂടാതെയാണെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. നേട്ടം, നഷ്ടം, സുഖം, ദുഃഖം, ജീവിതം, മരണം എന്നിങ്ങനെ ആറ് അനിവാര്യതകളുണ്ടെന്നാണ് അവരുടെ വിശ്വാസം. എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും വിധിയാണ്; മനുഷ്യപ്രയത്നത്തിന് അതില്‍ പങ്കില്ലെന്നാണവരുടെ മതം. കര്‍മസിദ്ധാന്തത്തിനെതിരാണവര്‍. ഭൂമി, ജലം, അഗ്നി, വായു, ജീവന്‍ എന്നിങ്ങനെ പഞ്ചഭൂതങ്ങള്‍ ഉണ്ടെന്ന സിദ്ധാന്തം അവര്‍ക്കുണ്ട്. എല്ലാ ചേതനാചേതനവസ്തുക്കളും നിര്‍മിതമായിരിക്കുന്നത് അവകൊണ്ടാണെന്ന് ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്നു.

ആജീവികന്‍മാര്‍ ഭാവിഫലം പ്രവചിച്ചും ഹസ്തരേഖ നോക്കിയും ജീവിതവൃത്തി കഴിച്ചുവന്നു. ഹസ്തരേഖാശാസ്ത്രം ഉപജീവനത്തിന് ഉപയുക്തമായിരുന്നു എന്ന് ദിവ്യാവതാരം തെളിവു നല്കുന്നു. സന്ന്യാസവും ഗോമൂത്രപാനവും ഇവര്‍ക്ക് നിര്‍ബന്ധമായ ചടങ്ങുകളാണ്. നാടോടിക്കവികളാണ് ഇവരില്‍ ഭൂരിഭാഗവും. വേശ്യകളുമായി ബന്ധപ്പെട്ട നിലയില്‍ അവരെ കണ്ടിരുന്നതായി പ്രസ്താവമുണ്ട്. ഗോശാലന്‍ സ്ഥാപിച്ച ഈ വംശം കാലക്രമത്തില്‍ അസ്തമിച്ചു. ഗോശാലന്റെ ശിഷ്യന്‍മാരില്‍ പ്രമുഖന്‍മാരായ പൂര്‍ണകശ്യപനും പകുധകഛായന (കാത്യായനന്‍) നും അധഃപതനത്തില്‍നിന്നും ആജീവികന്‍മാരെ രക്ഷിക്കാന്‍ ശ്രമിച്ചു. ബുദ്ധ-ജൈനമതവിഭാഗങ്ങളുടെ മുന്നേറ്റത്തോടെ ആജീവികസമൂഹം ക്ഷയോന്‍മുഖമായി. 'ബുദ്ധമതാനുയായി ആയിരുന്ന കോവലന്റെ പത്നി കണ്ണകി ആജീവികമതാനുയായി ആയിരുന്നു' എന്ന് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രസ്താവിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍