This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആചാര്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആചാര്യന്‍

ആചാരങ്ങള്‍ അറിയുകയും ഉപദേശിക്കുകയും ഉപദേശങ്ങള്‍ സ്വജീവിതത്തില്‍ ആചരിച്ച് പഠിപ്പിക്കുകയും ശിഷ്യജനങ്ങളെക്കൊണ്ട് ധര്‍മം ആചരിപ്പിക്കുകയും ചെയ്യുന്ന ഉത്തമഗുരു.

ഗുരു, വാധ്യാന്‍(ര്‍), ഓതിക്കോന്‍, പുരോഹിതന്‍, ആശാന്‍ തുടങ്ങിയ പദങ്ങളും ആചാര്യനെ കുറിക്കുന്നു. ഏതൊരു വ്യക്തിയില്‍നിന്ന് ധര്‍മപ്രചോദനം ലഭിക്കുന്നുവോ അദ്ദേഹം ആചാര്യനും, ആ പ്രചോദനം ആര്‍ക്ക് നല്കുന്നുവോ ആ വ്യക്തി ശിഷ്യനും ആകുന്നു. ആചാര്യന്‍ പ്രാപ്തനും ശിഷ്യന്‍ യോഗ്യനുമായിരിക്കണം എന്നത്രെ വേദങ്ങള്‍ അനുശാസിക്കുന്നത്.

ശിവമതപുരാണത്തില്‍ ഇരുപത്തിയെട്ട് യോഗാചാര്യന്‍മാരെക്കുറിച്ചും അവരോരുത്തര്‍ക്കും ഉണ്ടായിരുന്ന നന്നാലു ശിഷ്യന്‍മാരെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ലോകാക്ഷി, ഋഷഭന്‍, ഭൃഗു, അത്രി, ഗൗതമന്‍ തുടങ്ങിയവരാണ് ഈ യോഗാചാര്യന്‍മാരില്‍ പ്രശസ്തര്‍. ഇവരില്‍ അവസാനത്തെ ആചാര്യനാണ് ലകുലീശന്‍.

അച്ഛന്‍, അമ്മ, ഗുരു, പ്രായംകൂടിയവര്‍ എന്നിവരെ ബഹുമാനിക്കണം എന്ന് എല്ലാ മതങ്ങളിലെയും ധര്‍മശാസ്ത്രം അനുശാസിക്കുന്നു. ഇന്ത്യയില്‍ ഗുരുക്കന്‍മാരെ ആരാധിക്കുന്ന പതിവുണ്ട്. അച്ഛന്‍, അമ്മ, ഗുരു എന്നിവരെ ദേവന്‍മാര്‍ക്കു തുല്യമായി പരിഗണിക്കണം എന്ന് തൈത്തിരീയോപനിഷത്തില്‍ (11.2) പറയുന്നു (പിതൃദേവഃ, മാതൃദേവഃ, ആചാര്യദേവഃ). ഉപാധ്യായനെക്കാള്‍ പത്തിരട്ടി ബഹുമതി ആചാര്യനും ആചാര്യനെക്കാള്‍ നൂറിരട്ടി പിതാവും പിതാവിനെക്കാള്‍ ആയിരം ഇരട്ടി മാതാവും അര്‍ഹിക്കുന്നു എന്നാണ് മനുവിന്റെ സിദ്ധാന്തം. ആത്മജ്ഞാനം നല്കുന്ന ആചാര്യന്‍ മാതാപിതാക്കളെക്കാള്‍ ബഹുമാന്യനാണെന്ന് ഒരിടത്ത് മനു പ്രസ്താവിക്കുന്നു. കാരണം, മാതാപിതാക്കള്‍ ഭൗതികശരീരം മാത്രമേ നല്കുന്നുള്ളു.

തമിഴ് വൈഷ്ണവമതചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് 'ആചാര്യന്‍മാര്‍' എന്ന പേരിലറിയപ്പെടുന്ന ദാര്‍ശനികന്‍മാരുടെ വരവ്. നാഥമുനിയാണ് ഇവരില്‍ പ്രധാനി. തമിഴ്, സംസ്കൃതം എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടിയവരായിരുന്നു ഈ ആചാര്യന്‍മാര്‍. വൈഷ്ണവമതാചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും ഈ ആചാര്യന്‍മാര്‍ ഉണ്ടാക്കിയതാണത്രെ. ആഴ്വാര്‍മാരെ ആരാധിക്കുന്നതുപോലെ ആചാര്യന്‍മാരെയും ആരാധിക്കുന്നുണ്ട്. ദേവഗുരുവായ ബൃഹസ്പതിക്ക് ആചാര്യന്‍ എന്നും പേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍