This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആചാരഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആചാരഭാഷ

സമൂഹശ്രേണിയുടെ വിവിധ തലങ്ങളിലുള്ളവര്‍, പരമ്പരാഗതമായി കല്പിക്കപ്പെട്ടിരിക്കുന്ന ഉച്ചനീചഭേദങ്ങളെ ആധാരമാക്കി, പരസ്പരം ആശയവിനിമയം ചെയ്യാനും, സംബോധന നടത്താനുമായി ഉപയോഗിച്ചുവരുന്ന സവിശേഷ ഭാഷാരീതി.

ആചാരഭാഷയുടെ ആവിര്‍ഭാവം. ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന കാലഘട്ടത്തില്‍, സാമ്പത്തികസൗഭാഗ്യവും സാമൂഹികാധിപത്യവും നേടിയിരുന്ന ഒരു ന്യൂനപക്ഷം, പലതരം പരാധീനതകള്‍ അനുഭവിച്ചിരുന്ന ഭൂരിപക്ഷത്തെ തങ്ങളുടെ മേധാവിത്വത്തിന്‍കീഴില്‍ത്തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നതിനായി സ്വരൂപപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളുടെ അനുബന്ധമായി രൂപംകൊണ്ട ഭാഷാരീതിയാണിത്. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും വര്‍ണഭേദത്തിന്റെയും നിലവാരവും ഏറ്റക്കുറച്ചിലുമനുസരിച്ച് സമൂഹത്തില്‍ വേരുറച്ചുവന്ന വിശ്വാസപ്രമാണങ്ങളില്‍നിന്നാണ് ഈ ഭാഷാരീതി ഉരുത്തിരിഞ്ഞു വളര്‍ന്നത്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍​പ്പെട്ട ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആചാരഭാഷയുണ്ട്. സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ അവസ്ഥാഭേദം ഈ ഭാഷാരീതിയുടെ സ്വരൂപത്തിലും പദസഞ്ചയത്തിലും ഭേദം വരുത്തുന്നു.

അന്യഭാഷകളില്‍. ആചാരഭാഷ ദേശഭേദമോ കാലഭേദമോ കൂടാതെ ഉപയോഗിക്കപ്പെട്ടിരുന്നു. സംസ്കൃതനാടകങ്ങളിലും പാശ്ചാത്യനാടകങ്ങളിലും നീചകഥാപാത്രങ്ങള്‍ പ്രത്യേകഭാഷ ഉപയോഗിക്കുന്നതായി കാണാം. ആ കഥാപാത്രത്തിന്റെ സമുദായത്തിലുള്ള താണനിലയാണ് അതു വ്യക്തമാക്കുന്നത്.

സംസാരിക്കുന്നവരുടെ സാമുദായിക-സാമൂഹികസ്ഥിതികളനുസരിച്ച് ഭാഷയില്‍ ദൃശ്യമാകുന്ന ഈ പ്രയോഗവ്യത്യാസങ്ങള്‍ ചില ഭാഷകളിലോ ചില പ്രദേശങ്ങളിലോ മാത്രം കാണുന്ന പ്രത്യേകതയല്ല. വിവിധപദവികളിലിരിക്കുന്ന വ്യക്തികളെ ഇന്നയിന്ന വാക്കുകള്‍കൊണ്ട് സംബോധന ചെയ്യണമെന്ന് ഇംഗ്ലീഷില്‍ വ്യവസ്ഥയുണ്ട്. മന്ത്രിയെ 'ഓണറബിള്‍ മിനിസ്റ്റര്‍' എന്നും, രാജാവിനെ (ചക്രവര്‍ത്തിയെ) 'ഹിസ് മജസ്റ്റി' എന്നും, ഗവര്‍ണറെ 'ഹിസ് എക്സലന്‍സി' എന്നും വേണം അഭിസംബോധന ചെയ്യാന്‍. നാട്ടുരാജാക്കന്‍മാരെ 'ഹിസ് ഹൈനസ്' കൂട്ടിയാണ് വിളിക്കേണ്ടത്. അതുപോലെ ക്രൈസ്തവ പുരോഹിതന്‍മാരെ റവറന്‍ഡ് , റൈറ്റ് റവറന്‍ഡ്, ഹിസ് എമിനന്‍സ്, ഹിസ് ഹോളിനസ് എന്നും മറ്റുമുള്ള ബഹുമാനപദങ്ങള്‍ ചേര്‍ത്താണ് സംബോധന ചെയ്യാറുള്ളത്.

ജര്‍മന്‍ഭാഷയിലും ഹംഗേറിയന്‍ഭാഷയിലും ആചാരപദപ്രയോഗങ്ങള്‍ സുലഭമാണ്. ദക്ഷിണപൂര്‍വേഷ്യയിലെ മിക്ക ഭാഷകളിലും ഈ വൈചിത്ര്യം ദൃശ്യമാണ്. മധ്യമപുരുഷസര്‍വനാമം കുറിക്കാന്‍ ചില ഭാഷകളില്‍ പതിമൂന്നു ഭാഷാഭേദങ്ങള്‍ തന്നെയുണ്ടത്രെ. കൊറിയന്‍ ഭാഷയില്‍ തുല്യരോടും മേലാളന്‍മാരോടും ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങള്‍ സമാഹരിച്ച നിഘണ്ടുക്കള്‍ തന്നെയുണ്ട്. ശ്രോതാവിനെ പുകഴ്ത്തുകയും വക്താവിനെ തരംതാഴ്ത്തുകയും ചെയ്യുന്ന പദജോടികള്‍ ജപ്പാന്‍ ഭാഷയില്‍ ധാരാളമാണ്.

ഭാരതീയ ഭാഷകളും ആചാരഭാഷാപ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണ്, പ്രത്യേകിച്ചു ഹിന്ദിയും ഉര്‍ദുവും തമിഴും. മലയാളത്തിലും തെലുഗിലും ഒരേ രീതിയിലുള്ള പല ആചാരപദങ്ങളും ഒരേ അര്‍ഥത്തില്‍ത്തന്നെ പ്രയോഗിച്ചുവരുന്നുണ്ട്. ദ്രാവിഡഭാഷകളുടെ പൊതുസ്വഭാവം ഇതില്‍ പ്രതിഫലിക്കുന്നു.

കേരളത്തില്‍. ഉള്ളവനും ഇല്ലാത്തവനും, അഥവാ വലിയവനും ചെറിയവനും എന്ന പരിഗണന ചരിത്രത്തിന് എത്തിനോക്കാവുന്ന കാലത്തിനപ്പുറം മുതല്‍ക്കേ എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു; ഈ അവസ്ഥാവ്യത്യാസം കേരളത്തിലും ഓരോ കാലത്ത് ഓരോ തരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാതിമഹത്ത്വം, സമ്പത്സമൃദ്ധി, വിജ്ഞാനപ്രകര്‍ഷം തുടങ്ങിയവകൊണ്ട് മറ്റു സമുദായങ്ങളെ ബഹുദൂരം പിന്നില്‍ നിര്‍ത്തിയവരായിരുന്നു കേരളത്തിലെ ബ്രാഹ്മണര്‍. അവരുടെ സാമൂഹികജീവിതവുമായി ബന്ധപ്പെട്ട് പ്രത്യേകമൊരു ഭാഷാശൈലിയും ആചാരവും പുലര്‍ന്നുവന്നു. ജാതിയും ഉപജാതിയും അതില്‍ത്തന്നെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും തരംതിരിവുകളും ഉള്ളതനുസരിച്ച് അവര്‍​ക്കെല്ലാം പ്രത്യേകം ആചാരവും അനുഷ്ഠാനവും അവയ്ക്കനുസൃതമായ ഭാഷയും രൂപംകൊണ്ടു. അതു ക്രമേണ സാര്‍വത്രികമായിത്തുടങ്ങി.

ആചാരപദപ്രയോഗങ്ങള്‍. ആഢ്യത്തമുള്ള നമ്പൂതിരിയോ തമ്പുരാനോ 'കല്പിക്കുന്ന'തിനെ 'എറാന്‍' എന്നോ 'റാന്‍' എന്നോ പറഞ്ഞാണ് അവരിലും താണനിലയിലുള്ളവര്‍ കേട്ടിരുന്നത്; ഇന്ന് 'യെസ് സര്‍' എന്നു പറയുന്നതിനു സമമാണിത്. 'എറാന്‍മൂളി' എന്ന ഒരു ശൈലിതന്നെ ഇതില്‍നിന്നുണ്ടായിട്ടുണ്ട്. തെക്കോട്ടു മാറുമ്പോള്‍ എറാന്‍ അടിയനാകുന്നു; ചിലേടത്ത് 'പഴേടിയാന്‍' എന്നും പ്രയോഗമുണ്ട്. താണവരുടെ അമ്മയും അച്ഛനും 'പഴന്തള്ളയും' 'പഴന്തന്തയും' ആണ്. അടിയന്റെ ബഹുവചനം 'അടിയങ്ങള്‍' ആണ്; 'അടിയന്‍മാര്‍' അല്ല.

'തിരുമേനി'യുടെയും 'തിരുമനസ്സി'ലെയും മക്കള്‍ 'കുഞ്ഞുതിരുമേനി'യും 'കൊച്ചുതിരുമേനി'യും ആണ്; 'വല്യമ്പ്രാന്‍' അല്ലാത്ത 'തമ്പ്രാക്കളെ'ല്ലാം 'കുഞ്ഞമ്പ്രാനും' 'കൊച്ചമ്പ്രാ'നും. കുട്ടികളെ പൊതുവേ 'ഉണ്ണി'കളെന്നു വിളിക്കുമെങ്കിലും ബ്രാഹ്മണകുടുംബത്തിലെ ബാലകരെയാണ് ആചാരമുറപ്രകാരം 'ഉണ്ണി'കളായി കരുതുന്നത്. ഈ ഉണ്ണികളെ കുടുംബത്തിലുള്ള പ്രായംചെന്നവര്‍ 'ക്ടാങ്ങ'ളെന്നു പറയുന്നു. താണ വര്‍ഗക്കാരുടെ കുഞ്ഞുങ്ങളെ 'പൊടിയന്‍', 'കുട്ടിപ്പൊടിയന്‍' എന്നീ പേരുകളിലാണ് വിളിക്കുക. ചിലപ്പോള്‍ 'അച്ഛന്‍ പൊടിയന്‍', 'ഏട്ടന്‍ പൊടിയന്‍' എന്ന പ്രയോഗങ്ങളും ഉണ്ട്. അധഃസ്ഥിതരില്‍ പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും 'ക്ടാത്തന്‍', 'കിടാത്തന്‍' എന്നീ പേരുകള്‍ തെക്കന്‍ദിക്കില്‍ പ്രയോഗിച്ചുകാണുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ 'കിടാവ്' ഒരു സ്ഥാനപേരാണ്. നായര്‍സമുദായത്തിലുള്‍​പ്പെട്ട ചിലരെ, മലബാര്‍ പ്രദേശങ്ങളില്‍, ബഹുമാനസൂചകമായി 'കിടാവ്' എന്നും വിളിക്കാറുണ്ട്.

ലിംഗഭേദങ്ങള്‍. 'ജാതികൂട്ടം' എന്നാല്‍ 'ആള്‍ക്കൂട്ടം' പോലുള്ള കൂട്ടമല്ല. 'പെണ്ണുങ്ങള്‍' എന്നേ അര്‍ഥമുള്ളു. ആചാരഭാഷയില്‍ തീയ്യന്റെ സ്ത്രീനാമം 'തീയ്യത്തി' എന്നല്ല; 'പിള്ളര്‍' എന്നത്രെ. 'പെറ്റമ്മ' പലേടത്തും 'തള്ളയും' 'തള്ളയാരും' ആണ്. നമ്പൂതിരിമാരുടെ പെണ്ണുങ്ങള്‍ 'അന്തര്‍ജനവും' 'അകത്തൊള്ളോരും', 'ആഞ്ഞോളും', 'ആത്തേമ്മാരും', 'ആമ്പാത്തുള്ളവരും' 'അകായിലുള്ളവരും' ആണ്. തമ്പുരാക്കന്‍മാരുടെ സ്ത്രീകള്‍ 'തമ്പുരാട്ടി'യും 'തമ്പാട്ടി'യുമത്രെ. രാജകുടുംബത്തിലെ സ്ത്രീകളെ പൊതുവേ തമ്പുരാക്കന്‍മാര്‍ എന്നു വിളിക്കാറുണ്ട് (ഉദാ. ആറ്റിങ്ങല്‍ പൂയം തിരുനാള്‍ പാര്‍വതീഭായിത്തമ്പുരാന്‍, അമ്മത്തമ്പുരാന്‍). സാമന്തന്‍മാരുടെ സ്ത്രീകളെ 'കോവിലമ്മ'മാര്‍ എന്നു പറയുന്നു. മലബാറില്‍ രാജകുടുംബവുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നവരും മേനോന്‍മാരാണ്. മലബാറിലെ 'മേനോക്കി', മേനോന്റെ സ്ത്രീലിംഗമല്ല, ജാതിപ്പേരാണ്. രാജബന്ധുക്കളായ നായന്‍മാര്‍ തിരുവിതാംകൂറില്‍ 'തമ്പി'മാരാണ്. കൊച്ചി രാജാക്കന്‍മാരുടെ ഭാര്യമാര്‍ 'നേത്യാരമ്മ' (നൈത്യാരമ്മ, നേശ്യാരമ്മ എന്നും) മാരാണെങ്കില്‍ തിരുവിതാംകൂറില്‍ 'തങ്കച്ചി'മാരാണ്. യജമാനന്‍മാരായ കര്‍ത്താക്കന്‍മാര്‍, ഉണ്ണിത്താന്‍മാര്‍ തുടങ്ങിയവരുടെ ഭാര്യമാരെ 'കുഞ്ഞമ്മ'മാര്‍ എന്നു പറയുന്നു. കൊച്ചിയില്‍ 'അമ്മച്ചി'യും 'അച്ചി'യും ഉണ്ട്. കുറച്ചുകൂടി വടക്കോട്ടു പോയാല്‍ 'കെട്ടിലമ്മ'മാരെ കാണാം. നീലേശ്വരമാകുമ്പോള്‍ അവര്‍ 'നങ്ങ്യാരാ'യിത്തീരുന്നു. തിരുവിതാംകൂറില്‍ 'നങ്ങ്യാര്' നമ്പ്യാരുടെ സ്ത്രീലിംഗമാണ്. സാമന്തന്‍മാര്‍ നമ്പ്യാരുടെ (വടക്കന്‍) ഭാര്യയെ 'കിടക്കയാര്‍' എന്നാണ് സംബോധന ചെയ്യുക. തെക്കോട്ടുള്ള അമ്പലവാസിയായ നമ്പ്യാരല്ല വടക്കോട്ടുള്ള നമ്പ്യാര്. സാമന്തന്‍ നമ്പ്യാരും നല്ല നായരും നമ്പ്യാരാണ്. 'നമ്പി' നമ്പീശനും ആകാറുണ്ട്. വാര്യരുടെ ഭാര്യ 'വാരസ്യാരും', പിഷാരടിയുടെ ഭാര്യ 'പിഷാരസ്യാ'രും, തിരുമുല്പാടിന്റെ ഭാര്യ 'നമ്പിഷ്ഠാതിരി'യും ആണ്. പുലയന് 'പുലക്കള്ളി' (പുലച്ചി)യും പറയന് 'പറക്കള്ളി' (പറച്ചി)യും ഉള്ളാടന് 'ഉള്ളാടത്തി'യുമാണ് വീട്ടുകാരികള്‍. തിരുവിതാംകൂറിലെ 'മാപ്പിള'ക്ക് (ക്രിസ്ത്യാനി) ഭാര്യ 'പെമ്പിള'യാണ്. മലബാറിലെ 'മാപ്പിള' (മുഹമ്മദീയര്‍)യുടെ ദാമ്പത്യം 'ഉമ്മ'യോടും 'ഉമ്മാച്ചി'യോടുമാണ്. ഇങ്ങനെ ഒട്ടെല്ലാ ജാതിയോടും ബന്ധപ്പെട്ട് പുല്ലിംഗവും, അതിന്റേതായ സ്ത്രീലിംഗവും കേരളത്തില്‍ പ്രചരിച്ചുവന്നിട്ടുണ്ട്. താണജാതിക്കാര്‍ക്കു ഭാര്യ 'കെട്ടിയവള്‍' (കെട്ട്യോള്‍) ആണ്. യാഗം കഴിച്ച ബ്രാഹ്മണന്റെ വാമഭാഗത്തിന് 'പത്തനാടി' എന്നാണ് സ്ഥാനപ്പേര്‍. തമിഴ് ബ്രാഹ്മണരുടെ 'പൊണ്ടാട്ടി' 'അമ്യാരാ'ണ്; ഭര്‍ത്താവ് മരിച്ചുപോയ 'അമ്യാര്' പാട്ടിയും. പ്രായംചെന്ന സ്ത്രീയെ 'മുത്തി' എന്നു വിളിക്കുന്നു. പേരിനൊടുവില്‍ 'തമാ' ചേര്‍ത്തും സ്ത്രീകളെ മാനിക്കാറുണ്ട്; 'പാര്‍വതിത്തമാ', 'ലക്ഷമിത്തമാ' എന്നും മറ്റും. 'അമ്പോറ്റി അമ്മ' എന്നും 'തമ്പായി' എന്നും വളരെ ബഹുമാനപൂര്‍വം ബ്രാഹ്മണവംശജരായ സ്ത്രീകളെ മറ്റുള്ളവര്‍ വിളിക്കാറുണ്ട്.

രാജാക്കന്‍മാരും തമ്പുരാക്കന്‍മാരും ഉറങ്ങുന്നു എന്നതിനു പള്ളിക്കുറുപ്പു കൊള്ളുന്നു എന്നാണ് പറയേണ്ടത്. അവരുടെ ഉറക്കസ്ഥലം 'പള്ളിയറ' ആണ്. അവിടെ 'പള്ളിക്കട്ടി'ലും 'പള്ളിക്കിടക്കയും', 'പള്ളിവിരിപ്പും' മറ്റും ഉണ്ടായിരിക്കും. 'പല്ലുതേക്കു'ന്നതിന് പകരം 'തിരുമുത്തുവിളക്കു'ക എന്നാണു അംഗീകൃതമായ ആചാരവാക്ക്. ഇടപ്രഭുക്കന്‍മാര്‍ കിടന്നുറങ്ങുന്നതിനെ 'വീണു പിരിയുക' എന്നു പറയുന്നു.

താണവര്‍ഗക്കാരുടെ സ്നാനത്തെ 'നനച്ചില്‍' എന്നാണ് പറയുക. ചിലേടത്തു 'ചേറുനനയല്‍' എന്നും പ്രയോഗമുണ്ട്. തമ്പുരാക്കന്‍മാരെല്ലാം 'നീരാട്ടു കുളി'ക്കാരും 'പള്ളിനീരാട്ടു'കാരും ആണ്. ഈശ്വരന്‍മാരുടെ കുളിക്ക് 'ആറാട്ട്' എന്ന പ്രത്യേക പ്രയോഗമാണുള്ളത്. ഇടപ്രഭുക്കന്‍മാര്‍ കുളിക്കുമ്പോള്‍ 'കുളം കലക്കി'കള്‍ ആകുന്നു. 'കല്പട നെരങ്ങു'ന്നവരും ഇല്ലാതില്ല. നായന്‍മാര്‍ക്കും മറ്റും 'എണ്ണതേച്ചുകുളി'യാകാം. അതില്‍ താണവര്‍ക്ക് 'മെഴുക്കുതൊട്ടുപുരട്ടാനേ' പറ്റൂ. തമ്പുരാക്കന്‍മാര്‍ ഒലെപ്പണ്ണ (ഒലിപ്പെണ്ണ) ചാര്‍ത്തിയാണ് കുളിക്കാറ്.

സാധാരണ സ്ത്രീകളുടെ 'മാസമുറ'യും 'തീണ്ടാരി'യും തന്നെയാണ് തമ്പുരാട്ടിമാരുടെ 'പള്ളിതിരിയല്‍'. 'പുറത്താകുക', 'തൊട്ടുകൂടാതാകുക' എന്നെല്ലാം സാധാരണക്കാരായ സ്ത്രീകളുടെ ആര്‍ത്തവദിനങ്ങളെപ്പറ്റി പറയുന്നു. ചെങ്ങന്നൂര്‍ ഭഗവതിയും 'പുഷ്പിണി'യാകാറുണ്ട്. അതിന് 'തൃപ്പൂത്ത്' എന്നാണ് പ്രയോഗം.

വിവാഹബന്ധങ്ങള്‍. സ്ഥാനവലുപ്പവും ജാതിമഹത്ത്വവുമുള്ള നായര്‍തറവാടുകള്‍ ബ്രാഹ്മണരുടെ ബന്ധം അഭിലഷണീയമായി കരുതിവന്നിരുന്നു. വടക്കും തെക്കും ശൂദ്രരുമായുള്ള 'വിവാഹ'ത്തിനു 'സംബന്ധം' എന്നാണ് പേര്‍. 'പെണ്ണുകൊണ്ടുവരിക', 'ഊഴം പൊറുക്കുക' എന്നും പറയാറുണ്ട്. 'പാര്‍ക്കുക', 'ഗുണദോഷം തുടങ്ങുക', 'പുടമുറി കൊടുക്കുക' എന്നീ പ്രയോഗങ്ങളും പതിവാണ്; 'കല്യാണം കഴിക്കയും' നിലവിലുണ്ട്. തമ്പുരാക്കന്‍മാരുടെ ബന്ധത്തിന് 'പട്ടും വളയും കൊടുക്കല്‍' എന്നാണ് പറയുക. 'തിരുവേളി'യും 'തൃത്താലി ചാര്‍ത്തും' 'പള്ളിക്കെട്ടും' തമ്പുരാട്ടിമാര്‍ക്കാണ് ഉപയോഗിക്കാവുന്നത്. നമ്പൂതിരിസ്ത്രീകള്‍ക്ക് വെറും വേളിയേയുള്ളു; കൊട്ടാരങ്ങളിലെ സ്ത്രീകള്‍ക്ക് 'കൂട്ടിരിക്കുന്നവരും' ഉണ്ട്; അവര്‍ നമ്പൂതിരിമാരാണ്. മലബാറില്‍ തിയ്യരുടെയും മറ്റും വിവാഹം 'മംഗലക്കരിക്കാടി', 'കരിക്കലം വാട്ടുക' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. തിരുവിതാംകൂര്‍ പ്രദേശത്ത് ഈ പ്രയോഗം നടപ്പിലില്ല.

രാജാക്കന്‍മാര്‍ എഴുതുന്നു എന്നതിന് 'തൃക്കൈവിളയാടുക' എന്നു പറയണം. ഒപ്പിടുന്നതിനുപകരം അവര്‍ 'തുല്യം ചാര്‍ത്തു'ന്നു. തമ്പുരാക്കന്‍മാരുടെ കഴുത്തിന് 'തരക' എന്നാണ് വടക്കന്‍ ദിക്കുകളില്‍ പറഞ്ഞുവന്നിരുന്നത്; 'നീട്ട്', 'തൃക്കൈക്കുറിപ്പ്', 'കുറിയോലക്കുറി', 'മാനംകുറിപ്പ്' ഇതെല്ലാം എഴുത്തിനെ പ്രതിനിധാനം ചെയ്യുന്ന വാക്കുകളാകുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ 'കല്പന'യ്ക്ക് 'നീട്ട്' എന്നും കൊച്ചിരാജാവിന്റേതിനു 'തീട്ടൂരം' എന്നും പറയും. താണയാളുകള്‍ മേലാളന്‍മാരെ 'മുഖം കാണിച്ചാ'ണ് വിവരങ്ങള്‍ 'തിരുമനസ്സറിയി'ച്ചിരുന്നത്. തീയ്യര്‍ നായന്‍മാരോടു പറയുന്നതിന് 'കുറുപ്പിലെഴുതുക' എന്നാണ് ആചാരഭാഷ.

സാമ്പത്തികശേഷി കുറഞ്ഞവരും ജാതിയില്‍ താണവരും മദ്യം കഴിക്കുന്നതിനു 'കള്ളുകുടി' എന്നു പറയും. 'മരനീര്‍ അല്ലെങ്കില്‍ മരവെള്ളം കഴിക്കുക' എന്നിങ്ങനെയും പ്രയോഗമുണ്ട്. വടക്കന്‍ ദിക്കില്‍ ഇതിന് 'ബാല', 'അല്ലിവെള്ളം' എന്നൊക്കെയാണ് പ്രയോഗം. പല യജമാനന്‍മാര്‍ക്കും മദ്യം 'പലഹാരം' ആണ്.

ഗൃഹസംജ്ഞകള്‍. 'കോവിലകവും' 'കൊട്ടാരവും' ക്ഷത്രിയര്‍ക്കും 'ഇല്ല'വും 'മഠ'വും ബ്രാഹ്മണര്‍ക്കും വാസസ്ഥലസംജ്ഞകളാണ്. നമ്പൂരിമാര്‍ താമസിക്കുന്ന സ്ഥലം 'മന' ആകുമ്പോള്‍ നായന്‍മാരുടേത് 'വീടും' ശൂദ്രരില്‍ താഴെയുള്ളവരുടേത് 'കൂര'യും 'കുടി'ലും 'പൊര'യും ആണ്. സാമന്തന്‍മാരുടെ വാസസ്ഥാനം 'എട' (ഇട)വും, അമ്പലവാസികളുടേത് 'കഴിക' (കഴക)പ്പുരയുമാണ്. വാര്യരുടെ വീട് 'വാര്യ'വും പിഷാരടിയുടേത് 'പിഷാര'വും ആകുന്നു. സാധുക്കളുടെ വസതിക്കു 'കുടില്‍', 'കുടിഞ്ഞില്‍', 'ചെറുപ്പുര', 'മാടം', 'ചിറ്റാനി', 'ചാള' എന്നെല്ലാം ദേശഭേദമനുസരിച്ചു പേരുകളുണ്ട്. ജാതിയില്‍ താണവര്‍ മേലാളുകളോട് തങ്ങളുടെ വീടിനെപ്പറ്റി പറയുമ്പോള്‍ 'കുപ്പാടെ'ന്നോ 'കുപ്പമാട'മെന്നോ പറയണമെന്നാണ് വ്യവസ്ഥ. ഉയര്‍ന്നവരുടെ വീടിനെപ്പറ്റി അവര്‍ പറയുന്നത് 'പടിക്കലെ'ന്നും 'എട്ടത്തുംപടി'യെന്നും അത്രെ. തീയരുടെ താമസസ്ഥലത്തിനു പുലയര്‍ പറയുന്നത് 'മന്നത്ത്' എന്നാണ്.

'ചെമ്പുകാശ്' ചെമ്പാവണമെന്നില്ല; താണവരുടെ സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും 'ചെമ്പുകാശു' തന്നെ. സാധുക്കള്‍ക്ക് നാളികേരം 'തേങ്ങാച്ചകിരി'യാണ്. 'കാറ്റാടണം' എന്ന പദത്തിന് താണവരുടെയിടയില്‍ മുറുക്കാന്‍ (താംബൂലം) എന്നാണര്‍ഥം. തെക്കന്‍ കേരളത്തില്‍ 'തിന്നാന്‍' ചോദിക്കുന്നതും 'ചവയ്ക്കാന്‍' ചോദിക്കുന്നതും, വടക്കന്‍ ഭാഗങ്ങളില്‍ 'തൂന്‍മാന്‍' ചോദിക്കുന്നതും വെറ്റില തീറ്റിതന്നെയാണ്. വെറ്റിലയ്ക്ക് 'പഴുത്തില' (ചവറില) എന്നും പുകയിലയ്ക്ക് 'ഒണക്കിന്റെ കൊല' എന്നും അടയ്ക്കയ്ക്ക് 'കഴുങ്ക്' എന്നും, ചുണ്ണാമ്പിന് 'ഇത്തിക്കൊടി' (ഇച്ചൂളിപ്പൊടി) എന്നും കേരളത്തില്‍ പലയിടത്തും താണവര്‍ഗക്കാര്‍ ആചാരഭാഷയില്‍ വ്യവഹരിച്ചുവരുന്നു.

'തിരുമേനിമാര്‍' ഭക്ഷണം കഴിക്കുന്നതിനുള്ള ആചാരപദം 'അമൃതേത്ത്' ആകുന്നു. സാമന്തന്‍മാരെ സംബന്ധിച്ചാകുമ്പോള്‍ ഇത് 'അടിയകലം' ആയിത്തീരുന്നു. അതില്‍ താണവരുടെ കാര്യമാകുമ്പോള്‍ ഇതിന് 'കരിക്കാടി', 'കഞ്ഞി' എന്നൊക്കെയാണ് പദങ്ങള്‍. ചില പ്രഭുക്കളുടെ ഭക്ഷണകര്‍മത്തെ 'ഉരുട്ടിത്താങ്ങല്‍', 'ഉരുട്ടിപ്പിടിക്കല്‍' എന്നും പറയാറുണ്ട്.

പോക്കുവരവുകള്‍. ജാതിയില്‍ താണവര്‍ യാത്രപറയുന്നതു 'വിടകൊള്ളുക' 'വിടൊള്ളുക' എന്നു പറഞ്ഞുകൊണ്ടാണ്. തമ്പുരാക്കന്‍മാരും തിരുമേനിമാരും 'എഴുന്നള്ളുക'യാണ്. 'എഴുന്നള്ളി അരുളുന്നവരും' ഉണ്ട്. സാമന്തപ്രഭു 'അടിയിരിത്തുക'യാണ് പതിവ്. ചില സ്ഥാനികള്‍ 'നീങ്ങുകയും നിരങ്ങുകയും' ചെയ്യും. ആരാധന സ്ഥലങ്ങള്‍ക്കും ജാതിയും ഉപജാതിയും തിരിച്ച് ഭിന്നനാമങ്ങള്‍ നല്കിയിട്ടുണ്ട്. മുഹമ്മദീയന്റെ 'മോസ്കും' ക്രിസ്ത്യാനിയുടെ 'ചര്‍ച്ചും' മലയാളിക്ക് 'പള്ളി'യാണ്. 'ക്ഷേത്ര'വും 'അമ്പല'വും ഹിന്ദുക്കളുടെ 'ദേവാലയ'മത്രെ. താണജാതിക്കാര്‍ അമ്പലത്തിനു 'പള്ളിയറ' എന്നു പറയും. 'കളരി'യില്‍ പല ദൈവങ്ങളുണ്ട്. തമിഴ് ബ്രാഹ്മണര്‍ 'കോവിലി'ല്‍ പോകാന്‍ ഇഷ്ടപ്പെടുന്നു. 'കണ്ണങ്ങാട', 'മുച്ചിലൊട', 'കാവ്', 'മുങ്ങിക', 'പൊടിക്കളം' എന്നിവയെല്ലാം ആരാധനസ്ഥാനങ്ങള്‍ തന്നെ.

മരണം. പട്ടിയും പൂച്ചയും 'ചത്തു'പോയതായി പറയാം. ആന 'ചരിയുക'യാണ്; അധഃസ്ഥിതന്‍ 'ചാവു'കയും; ഇടത്തരക്കാര്‍ 'മരിക്കു'കയോ 'നിര്യാതര്‍' ആവുകയോ ആണ് പതിവ്. ഇടപ്രഭുക്കന്‍മാര്‍ 'അന്തരിക്കു'കയും 'ദിവംഗത'രാവുകയും ചെയ്യുമ്പോള്‍ സ്ഥാനികളും മറ്റും 'സ്വര്‍ഗം പൂകുക'യും 'പരലോകം പ്രാപിക്ക'യും ചെയ്യുന്നു. സാധുക്കള്‍ മരിക്കുമ്പോള്‍ 'കുറ്റം പെഴച്ചുപോയതായി' പറയുന്നു. തമ്പുരാക്കന്‍മാര്‍ 'നാടുനീങ്ങുകയോ തീപ്പെടുകയോ' ചെയ്യുന്നു. സന്ന്യാസിമാരുടെ മരണം 'സമാധി അടയല്‍' ആണ്. ഇതിനു 'കാലം ചെയ്യുക' എന്നും പ്രയോഗമുണ്ട്. 'കാടുവീഴുക', 'മുടിഞ്ഞരുളുക' എന്നീ പദങ്ങളും മരണത്തെ കുറിക്കുന്നതിനു പണ്ടു പ്രയോഗിച്ചിരുന്നു.

മരിച്ചവരെ അടക്കം ചെയ്യുന്ന ശ്മശാനത്തിനും പ്രത്യേകം പദങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. തമ്പുരാക്കന്‍മാരുടെ ശ്മശാനം 'തീക്കോല'മോ 'തീക്കോവിലക'മോ ആണ്. സാധാരണക്കാരുടേത് ചുടുകാട് അത്രെ.

വ്യക്തികള്‍ തമ്മില്‍ അഭിമുഖസംഭാഷണം നടത്തുമ്പോള്‍ മാത്രമല്ല കത്തുകളയയ്ക്കുമ്പോഴും ആചാരപദപ്രയോഗം സ്വീകരിക്കേണ്ടതുണ്ട്. 'ശ്രീമാനും' 'ശ്രീമതി'യും എല്ലാവര്‍ക്കും ചേര്‍ക്കാം. പേരിനൊടുവില്‍ 'അവര്‍കളും' 'തിരുമനസ്സിലേക്കും' ഉപയോഗിക്കാറുണ്ട്. രാജമാന്യ രാജശ്രീ (രാ.രാ.ശ്രീ), ദിവ്യശ്രീ, ബ്രഹ്മശ്രീ, രാജശ്രീ, നിതാന്തവന്ദ്യദിവ്യശ്രീ (നി.വ.ദി.ശ്രീ), മഹാരാജമാന്യരാജശ്രീ (മ.രാ.രാ.ശ്രീ) എന്നിങ്ങനെയുള്ള ബഹുമാനസൂചകമായ പദങ്ങള്‍ ഓരോരുത്തരുടെയും സ്ഥാനവലുപ്പമനുസരിച്ച് ഉപയോഗിക്കപ്പെട്ടുപോന്നു.

ഇങ്ങനെ നോക്കുമ്പോള്‍ കേരളീയജീവിതവുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും സാമുദായികമായ ഉച്ചനീചത്വങ്ങളനുസരിച്ച് ഓരോ വിഭാഗത്തില്‍​പ്പെട്ടവരും പ്രയോഗിക്കേണ്ട ഭാഷാരീതി ആചാരങ്ങള്‍കൊണ്ട് ബദ്ധമായിരുന്നു എന്നു കാണാം. പഴയ കാലങ്ങളില്‍ അത് നിഷ്കൃഷ്ടമായും ആചരിക്കപ്പെട്ടുപോന്നിരുന്നു. കാലം മാറിയിട്ടും ഈ ആചാരഭാഷാപ്രയോഗം ഇന്നും ഏറെക്കുറെ പ്രചാരത്തിലിരിക്കുന്നു; പ്രത്യേകിച്ചും ഉള്‍നാടുകളില്‍.

ആചാരാനുഷ്ഠാനങ്ങള്‍, നടപടിക്രമങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍ എന്നിവയിലൂടെ ആചാരഭാഷ നൂറ്റാണ്ടുകളായി നിലനിന്നുപോന്നു. രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടുകയും സമൂഹം സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാവുകയും ചെയ്തതോടെ പഴയ ആചാരങ്ങള്‍ക്ക് ഇളക്കംവന്നു. പല കാര്യങ്ങളിലും അവസരസമത്വവും സമത്വഭാവനയും അംഗീകരിക്കപ്പെട്ടുതുടങ്ങിയതോടെ ആചാരഭാഷാപ്രയോഗങ്ങള്‍ക്കു പ്രചാരം നശിച്ചുതുടങ്ങി. ഇന്ന് ആ പഴയ ഭാഷയുടെ ലുപ്തരൂപങ്ങള്‍ മാത്രം അങ്ങിങ്ങായി കാണ്‍മാനുണ്ട്.

(ഇ.എന്‍. ഗോദവര്‍മ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍