This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആചാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആചാരം

പൊതുതാത്പര്യത്തിനനുരോധമായി വ്യക്തികളുടെ പെരുമാറ്റം നിര്‍ണയിക്കുവാന്‍ സമൂഹം ഏര്‍​പ്പെടുത്തുന്ന നടപടിക്രമത്തെ ആചാരമെന്നു പറയാം. ആചാരങ്ങള്‍ കര്‍ക്കശമായ നിയന്ത്രണം ചെലുത്തുന്നവയാണെങ്കിലും അവ സ്വീകരിക്കാനും നിരാകരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വൈയക്തികശീലത്തിന്റെ പരിധി വിട്ടുപോകാന്‍ വിസമ്മതിക്കുന്ന സ്വാതന്ത്ര്യബോധത്തെ സമൂഹത്തിന്റെ പൊതുവായ ഉത്കര്‍ഷത്തിലേക്കു വികസിപ്പിക്കുവാന്‍ ആചാരങ്ങള്‍ സഹായിക്കുന്നു. ആചാരങ്ങളില്‍ മാനവരാശിയുടെ രൂഢമൂലമായ ശീലങ്ങള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട്. ജന്‍മവാസന വ്യക്തിയുടെ സ്വഭാവപരമായ പെരുമാറ്റത്തെ നിര്‍ണയിക്കുന്നു. അതിന് പിന്നീട് യാന്ത്രികസ്വഭാവം ഉണ്ടാകുന്നു. എന്നാല്‍ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവപരമായ പെരുമാറ്റമാണ് ആചാരം. ഇതു വ്യക്തികള്‍ അനുവര്‍ത്തിക്കണമെന്നു സമൂഹം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ അനുസരിക്കുകയെന്നത് വ്യക്തികളെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല. ആചാരങ്ങള്‍ക്കു ധാര്‍മികനിയമങ്ങളെപ്പോലെ വ്യക്തിനിഷ്ഠതയോ, ഭരണകൂടനിയമങ്ങളെപ്പോലെ വസ്തുനിഷ്ഠതയോ ഇല്ല.

അനുഷ്ഠാനം വ്യക്തിയുടെ ഹിതാഹിതങ്ങളെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, ആചാരമെന്നത് വ്യക്തികള്‍ക്കു തന്നിഷ്ടപ്രകാരം കൊള്ളാനും തള്ളാനും പറ്റുന്നതല്ല. ധാര്‍മികമായ ഒരു നിയന്ത്രണം ആചാരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ആചാരലംഘനം വ്യക്തിക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും. അയാള്‍ സമൂഹത്തിന്റെ അപ്രീതിക്കിരയാവുകയും ചെയ്യും. വ്യക്തിയുടെ ശീലമാകട്ടെ സ്വന്തം ഹിതാഹിതങ്ങളാല്‍ നിര്‍ണീതമാണ്; അത് സമൂഹത്തിന്റെ വിശാലതരമായ വ്യവഹാരശൈലിയുമായി പൊരുത്തപ്പെടാത്തതാകരുതെന്നേയുള്ളു. അനുഷ്ഠാനങ്ങള്‍ക്ക് അല്പംകൂടി ആജ്ഞാപനസ്വഭാവമുണ്ട്. അത് അനുസരിക്കാന്‍ വ്യക്തി നിര്‍ബന്ധിതനാണ്. ഈ നിര്‍ബന്ധാവസ്ഥയെ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍പോന്ന ഒരു നിയമമെന്ന പദവിയിലേക്ക് ഉയര്‍ത്തുന്നത് ആചാരമാണ്.

ദേശീയസ്വഭാവം. മറുവശത്ത് ആചാരമെന്നത് അതിന്റെ സാമൂഹികാടിസ്ഥാനത്തില്‍ വ്യക്തിയുടെ ശീലമായിത്തീരുന്നു. ഈ ശീലം വ്യത്യസ്തമായ ആചാരങ്ങളുടെ നടുവില്‍ വ്യക്തിക്ക് അലോസരമുണ്ടാക്കിയെന്നുവരാം. അങ്ങനെ വരുമ്പോള്‍ ശീലവും ആചാരവും തമ്മില്‍ പൊരുത്തപ്പെടാത്തതാകുന്നു. എന്നാല്‍ ആചാരം ശീലമായി മാറുകയും പ്രസ്തുത ശീലം വ്യക്തിയില്‍ പ്രബലമായി വര്‍ത്തിക്കുകയും ചെയ്താല്‍, അത് മറ്റു വ്യക്തികളിലേക്കു സംക്രമിക്കുകയും ആത്യന്തികമായി മൗലികാചാരത്തെ പുതിയൊരു രൂപത്തില്‍ പരിഷ്കരിക്കുകയും ചെയ്യും. ആചാരങ്ങള്‍ക്ക് ഇങ്ങനെ രൂപപരിണാമം സംഭവിക്കുക അത്ര എളുപ്പമല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അതു മുഴുവന്‍ സമൂഹത്തിന്റെയോ ഏതെങ്കിലുമൊരു വിഭാഗത്തിന്റെയോ യഥാര്‍ഥമായ ഒരു ആവശ്യം, ഒരു പക്ഷേ, അത്തരമൊരാവശ്യം അതുവരെ ബോധ്യപ്പെട്ടിട്ടില്ലെങ്കിലും, നിര്‍വഹിക്കാന്‍ പോന്നതാവണം. അല്ലാത്തപക്ഷം അതിന് ആചാരമെന്ന പേരിന് അര്‍ഹതയുണ്ടാവില്ല. അതു വെറും പരിഷ്കാരമായി തരംതാണുപോകും. അങ്ങനെ ആചാരം സമൂഹത്തിന്റെ സ്ഥിരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ജീവിതസാഹചര്യങ്ങളും ഉപജീവനസിദ്ധാന്തങ്ങളും മാറുന്നതോടെ ആചാരങ്ങളും മാറുന്നു. മാറ്റങ്ങള്‍ ആചാരങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, അവ സമൂഹം എത്തിച്ചേര്‍ന്ന ധാര്‍മികപ്രബുദ്ധതയുടെ സത്യസന്ധമായ ചിത്രം കാഴ്ചവയ്ക്കുന്നു. ഒരു മനുഷ്യന്റെ ശീലങ്ങള്‍ അയാളുടെ വ്യക്തിപരമായ സ്വഭാവം പ്രകടമാക്കുന്നതുപോലെയാണിത്. ശീലങ്ങള്‍ പുതുതായി രൂപപ്പെടുത്താം. പുതിയ പുതിയ വ്യക്തികള്‍ സ്വന്തം ശീലങ്ങളുമായി കടന്നുവരുന്നു. എന്നാല്‍ ആചാരം ഒരു ദേശീയസ്വഭാവമാണ്. രാഷ്ട്രം നിലനില്ക്കുന്നിടത്തോളം ആചാരവും നിലനില്ക്കുന്നു.

അങ്ങനെ ആചാരവും ശീലവും പരസ്പരം പ്രതിപ്രവര്‍ത്തനം നടത്തുന്നു എന്ന് വ്യക്തമാകുന്നു. പ്രാകൃതജനങ്ങള്‍ക്കിടയില്‍​പ്പോലും ആചാരം ശക്തമായ ഒരു സാമൂഹികഘടകമാണ്. എന്നാല്‍ ആചാരങ്ങള്‍ക്കു സ്വാധീനത ചെലുത്താന്‍ കഴിയാതിരുന്ന കാലവുമുണ്ടായിരുന്നുവെന്ന് ചിലര്‍ കരുതുന്നു; സംഘടിതസമൂഹം നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന കാലഘട്ടം. അന്ന് അംഗസംഖ്യ കുറവായിരുന്നതിനാല്‍ ജനങ്ങള്‍ പലയിടത്തായി ചിതറിക്കിടന്നിരുന്നു. സ്വാഭാവികമായും അന്ന് വ്യക്തിപരത ഇന്നത്തെക്കാള്‍ ഏറെ മുന്തിനിന്നിരുന്നു. അതിനാല്‍ അക്കാലത്ത് ആചാരത്തെക്കാള്‍ ശീലമായിരുന്നു പ്രധാനഘടകം. ക്രമേണ വ്യക്തിശീലങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും പരസ്പരം സ്വാധീനിക്കുകയും, തത്ഫലമായി ശീലം ആചാരമായിത്തീരുകയും ചെയ്തു.

ഗതാനുഗതികത്വം. ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്നത് പ്രാകൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഒരു പ്രത്യേക ആചാരം നിലനില്ക്കുന്നു എന്ന വസ്തുതകൊണ്ടുമാത്രം അവന്‍ സംതൃപ്തനാണ്; നിലവിലുണ്ട് എന്നതിനാല്‍ അതിനെ അനുസരിക്കുകയും ചെയ്യുന്നു. ഗതാനുഗതികത്വം എന്നതാണ് ഇവിടെ മുന്തിനില്ക്കുന്ന സ്വഭാവഘടകം; യുക്തിചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല. എന്നിരുന്നാലും ഒരു വസ്തുത ശ്രദ്ധേയമാണ്; പ്രാകൃതസമൂഹത്തിലെ മനുഷ്യരുടെ മാനസികവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങളുടെ സമസ്തമേഖലകളിലും ആചാരങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിപ്പോന്നു. ആധുനികകാലത്തെ ഏറ്റവും പരിഷ്കൃതരെന്നു പറയപ്പെടുന്ന ജനവിഭാഗങ്ങളിലും ആചാരങ്ങള്‍ ശക്തമായിത്തന്നെ നിലനില്ക്കുന്നു. മതത്തിന്റെ മണ്ഡലത്തില്‍ അവ അനുഷ്ഠാനങ്ങളെ സ്വാധീനിക്കുകയും ഐതിഹ്യങ്ങളുടെ ഉദ്ഭവത്തിനു ഭാഗികമായ കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്. ആചാരത്തില്‍നിന്നാണ് പ്രാകൃതമനുഷ്യന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന നിയമങ്ങള്‍ ഉരുത്തിരിഞ്ഞത്. ഈ നിയമങ്ങളാകട്ടെ മതവുമായി അഭേദ്യമാംവിധം ബന്ധപ്പെടുകയും ചെയ്തു. ഇന്നത്തെ ഏറ്റവും പരിഷ്കൃതമായ സമൂഹത്തിലും ആചാരമാണ് മുഖ്യമായും വ്യക്തികളുടെ ജീവിതശൈലി രൂപപ്പെടുത്തുന്നത്. ജീവിതത്തെ മുഴുവന്‍, ജനനം മുതല്‍ മരണംവരെ, ആചാരങ്ങള്‍ സ്വാധീനിക്കുന്നു. ഏറ്റവും സാഹസികമായ വിപ്ലവവാദത്തിനും, ഏറ്റവും കടുത്ത വ്യക്തിപരതാവാദത്തിനും അതാതിന്റേതായ ആചാരങ്ങളുണ്ട്. ആചാരങ്ങള്‍ കൂടാതെ യാതൊരുവിധമായ മാനുഷികചിന്തയോ പ്രവൃത്തിയോ സാധ്യമല്ല.

നിയമത്തിന്റെ ഉറവിടം. വസ്തുത ഇതായിരിക്കെ, പരിഷ്കാരത്തിന്റെ ആദ്യഘട്ടത്തില്‍ ആചാരങ്ങള്‍ക്കു ദൈവികമായ പരിവേഷം ചാര്‍ത്തപ്പെട്ടിരുന്നു എന്നത് സ്വാഭാവികമാണ്. അതിനാല്‍ ആചാരലംഘനം പാപവും കുറ്റകൃത്യവുമായി കരുതപ്പെട്ടിരുന്നു. അതിനു കടുത്ത ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.

സമൂഹജീവിതസംബന്ധിയായ നിയമങ്ങളുടെ ഒരു പ്രധാന ഉറവിടം ആചാരങ്ങളാണ്. സമൂഹത്തില്‍ ചിരകാലപ്രതിഷ്ഠ നേടിയ ആചാരങ്ങള്‍ നിയമങ്ങളായി മാറുന്നു. ആചാരനിഷേധിയായ നിയമങ്ങള്‍ക്കു അംഗീകാരം ലഭിക്കുകയുമില്ല. ഹിന്ദുനിയമവ്യവസ്ഥതന്നെ ഏറ്റവും പറ്റിയ ഉദാഹരണമാണ്. ഇവിടെ നിയമങ്ങള്‍ ആചാരങ്ങള്‍ക്കു കീഴ്പ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ നിയമങ്ങള്‍ ആചാരങ്ങളെക്കാള്‍ യാഥാസ്ഥിതികമാണെന്നു വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിയമങ്ങള്‍ തിരുത്തിക്കുറിക്കേണ്ടിവരും. അല്ലാത്തപക്ഷം അവ പരാജയപ്പെട്ടുപോകും. പൊതുവേ പറഞ്ഞാല്‍ ഒരു നിയമവും നിലവിലുള്ള ആചാരങ്ങള്‍ക്കെതിരായി പ്രയോഗിക്കാന്‍ പറ്റുകയില്ല. അങ്ങനെ ചെയ്യാന്‍ പ്രാകൃതസമൂഹങ്ങളിലെ സ്വേച്ഛാധിപതികള്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. ചരിത്രത്തിന്റെ ഏതൊരു ഘട്ടത്തിലും ഇത് ഒരു സത്യമായിരുന്നിട്ടുണ്ട്.

നിയമങ്ങളെപ്പോലെതന്നെ ആചാരവും മാറ്റത്തിനു വിധേയമാണ്. ഉദ്ദേശ്യലക്ഷ്യങ്ങളിലും ബാഹ്യരൂപത്തിലും മാറ്റംവരാം. വ്യക്തികളുടെ മൂല്യബോധമാണ് ഈ മാറ്റത്തിനു കാരണമാകുന്നത്. ധാര്‍മികമൂല്യങ്ങള്‍ ആപേക്ഷികമാണ്. സാമൂഹികവികാസത്തിന്റെ ഓരോ ഘട്ടത്തിലും അതു വിഭിന്നമായിരിക്കും. വ്യക്തികളുടെയോ സമൂഹത്തിന്റെയോ ധാര്‍മികമൂല്യനിര്‍ണയനം അവരുടെ പ്രവൃത്തികളുടെയോ ചിത്തവൃത്തികളുടെയോ കേവലമൂല്യത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്; അത് പ്രവൃത്തികള്‍ക്ക് ധാര്‍മിക പരിണാമദശയുമായുള്ള ബന്ധത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.

ആജ്ഞാപനസ്വഭാവം. കാമ്യമെന്നു കരുതപ്പെടുന്ന ഏതെങ്കിലും സാമൂഹികലക്ഷ്യം നിര്‍വഹിക്കുന്നതിനുവേണ്ടിയല്ലാതെ യാതൊരു ആചാരവും ഉടലെടുക്കുന്നില്ല. ഒരു സമൂഹം ഉത്തമമെന്നു കരുതുന്ന ലക്ഷ്യം മറ്റൊരു സമൂഹത്തിന് ബുദ്ധിശൂന്യമെന്നോ അധാര്‍മികമെന്നോ തോന്നാം. ഒരു പ്രത്യേകസമൂഹത്തിന്റെ ആചാരങ്ങള്‍ അതിനെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ്, ധാര്‍മികമാണ്. എന്നാല്‍ ഇതേ സമൂഹംതന്നെ ഒരു ഘട്ടത്തില്‍നിന്ന് ഉന്നതതരമായ മറ്റൊരു ഘട്ടത്തിലേക്കു വികസിച്ചു കടക്കുമ്പോള്‍, മുമ്പ് അംഗീകൃതമായിരുന്ന ആചാരങ്ങള്‍ക്കു നീതീകരണം കിട്ടിയില്ലെന്നുവരാം. കാരണം സദാചാരമൂല്യങ്ങളില്‍ വരുന്ന മാറ്റംതന്നെ. നീതീകരണം നഷ്ടപ്പെട്ട ആചാരങ്ങള്‍ പിന്നെയും നിലനില്ക്കുന്നുവെങ്കില്‍ അതിനു കാരണം ബലപ്രയോഗം മാത്രമായിരിക്കും. ഒരു പ്രത്യേക സമൂഹത്തില്‍ പൊതുവേ ധാര്‍മികമെന്നു കരുതപ്പെടുന്ന ഒരേ ആചാരത്തെ അതിലെ കുറെ അംഗങ്ങള്‍ എതിര്‍ത്തു എന്നുവരാം. ഇവിടെ ആചാരങ്ങളുടെ സഹജമായ ഒരു സവിശേഷത പ്രകടമാകുന്നു. ആചാരങ്ങള്‍ ബാഹ്യമായ പെരുമാറ്റത്തെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. മാത്രമല്ല, സകലവിധ അഭിപ്രായഗതികളോടും, അവ പൂര്‍ണമായി പ്രകടിപ്പിക്കാത്തവയാണെങ്കില്‍​പ്പോലും, അത് സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നു. മതവിശ്വാസത്തെ അനുകൂലിക്കുന്ന ആചാരം അവിശ്വാസത്തെ അധിക്ഷേപിക്കുന്നില്ല; അവിശ്വാസപ്രചാരപരമായ പ്രവൃത്തികളെ മാത്രമേ എതിര്‍ക്കുന്നുള്ളു. നിര്‍ദിഷ്ടമായ സാഹചര്യങ്ങളില്‍ ഇന്നതു ചെയ്യണമെന്നും ഇന്നതു ചെയ്യരുതെന്നും അനുശാസിക്കുക മാത്രമാണ് ആചാരത്തിന്റെ ധര്‍മം. എന്നാല്‍ ആചാരത്തിന്റെ ആജ്ഞാപനസ്വഭാവത്തെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളുമുണ്ട്. ആചാരം നിഷ്ഠുരയായ ഒരു ഹെഡ്മിസ്ട്രസ്സിനെപ്പോലെയാണെന്ന് മൊണ്ടേയിന്‍ അഭിപ്രായപ്പെടുന്നു. ജീവിതത്തിലെ മുഖ്യ ന്യായാധിപനെപ്പോലെയാണ് ആചാരം ഫ്രാന്‍സിമ്പ് ബേക്കന്റെ ദൃഷ്ടിയില്‍. നോ: അഭിവാദനരീതികള്‍; അയിത്തം; ആചാരഭാഷ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍