This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആങ്യൂസഹോദരന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആങ്യൂസഹോദരന്‍മാര്‍

Anguier Brothers


ഫ്രഞ്ചുകാരായ രണ്ടു പ്രതിമാശില്പികള്‍. ഇവരില്‍ ഫ്രാന്‍സ്വാ (Francois 1604-69) ജ്യേഷ്ഠസഹോദരനും മിഷേല്‍ (Michel 1613-86) കനിഷ്ഠസഹോദരനുമായിരുന്നു. നോര്‍മന്‍ഡിയിലെ യൂ (Eu) എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. ശില്പവിദ്യയിലുള്ള പ്രാരംഭശിക്ഷണം സ്വദേശത്തുനിന്നുതന്നെ നേടിയശേഷം 1641-ല്‍ ഇവര്‍ റോമിലെത്തി അലസാന്‍ഡ്രോ അല്‍ഗാര്‍ഡിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഫ്രാന്‍സ്വാ 1643 വരെയും മിഷേല്‍ 1651 വരെയും അല്‍ഗാര്‍ഡിയുടെ സ്ഥാപനത്തില്‍ പരിശീലനം നേടി. അന്നു റോമില്‍ നിലവിലുണ്ടായിരുന്ന ശില്പകലാരീതി ഇവരെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ഡ്യൂക്ക് ദ് മോണ്ട് മെറന്‍സിയുടെ ശവകുടീരത്തിന്റെ നിര്‍മാണത്തില്‍ ഇവര്‍ സ്വീകരിച്ച ശൈലി ഇതിനുദാഹരണമാണ്. 1648-നും 1652-നും ഇടയ്ക്കാണ് ഇവര്‍ ഇതിന്റെ പണിപൂര്‍ത്തിയാക്കിയത്. അതിനുശേഷവും റോമന്‍ ശൈലി തന്നെ പിന്‍തുടരുന്നതില്‍ ഫ്രാന്‍സ്വാ താത്പര്യം പ്രദര്‍ശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാശില്പമായി കരുതപ്പെട്ടുവന്നത് ഒരു ശവകുടീരമകുടത്തില്‍ പണിതുചേര്‍ത്തിട്ടുള്ള പ്രതിമാശില്പമാണ്. ഇത് ലൂവ്ര് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. 1669 ആഗ. 9-നു പാരിസില്‍ ഇദ്ദേഹം നിര്യാതനായി.

ഫ്രാന്‍സ്വായെക്കാള്‍ മികച്ച ഒരു ധിഷണാശാലിയായിരുന്നു മിഷേല്‍. 1655-58 വര്‍ഷങ്ങളില്‍ ഇദ്ദേഹം ജെ.എഫ്. റൊമാനെല്ലിയുമൊന്നിച്ച് ആസ്റ്റ്രിയായിലെ ആനി രാജ്ഞിയുടെ കൊട്ടാരത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടു. 1667-ല്‍ പാരീസില്‍ പൂര്‍ത്തിയാക്കിയ വാല്‍ഡി-ഗ്രേസിലെ കൊത്തുപണിയാണ് മിഷേലിന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നത്. 1686 ജൂണ്‍ 11-നു പാരിസില്‍ വച്ച് അദ്ദേഹം നിര്യാതനായി. ആങ്യൂസഹോദരന്‍മാരുടെ പ്രശസ്തി പിന്‍തലമുറയിലെ കലാകാരന്‍മാരുടെ വരവോടുകൂടി കുറഞ്ഞുതുടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍