This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഘാത-അവശോഷകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഘാത-അവശോഷകം

Shock Absorber

മോട്ടോര്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്ക് അനുഭവപ്പെടുന്ന ആഘാതം (shock) കുറയ്ക്കുവാനായി ഉപയോഗിക്കുന്ന ഒരു ഉപകരണം. വാഹനങ്ങളുടെ ചട്ടക്കൂട് (body) ചക്രങ്ങളോട് ഘടിപ്പിച്ചിരിക്കുന്നത് സ്പ്രിങ്ങുകള്‍ (spring) വഴിയാണ്. ഈ സ്പ്രിങ്ങുകള്‍ ഒരു പരിധിവരെ വാഹനത്തിന്റെ ആഘാതം കുറയ്ക്കുന്നു. വാഹനങ്ങള്‍ കുഴിയില്‍ വീഴുകയോ കല്ലില്‍ കയറുകയോ ചെയ്യുമ്പോള്‍ ഈ സ്പ്രിങ്ങുകള്‍ നീളുകയും ചുരുങ്ങുകയും ചെയ്യും. എന്നാല്‍ സ്പ്രിങ്ങുകള്‍ ഒരിക്കല്‍ നീളുകയോ ചുരുങ്ങുകയോ ചെയ്താല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുവരെ പ്രകമ്പനം (vibration) ചെയ്തുകൊണ്ടിരിക്കും. ഈ പ്രകമ്പനം കാരണം വാഹനം പൊങ്ങുകയും താഴുകയും ചെയ്യുന്നു. ഇത് സഞ്ചാരികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ പ്രകമ്പനം കൊണ്ടുണ്ടാകുന്ന ആഘാതത്തെ ലഘൂകരിക്കാനുള്ള ഉപകരണമാണ് ആഘാത-അവശോഷകം. ഇത് ചക്രങ്ങള്‍ക്കും വാഹനത്തിന്റെ ചട്ടക്കൂടിനും ഇടയില്‍ സ്പ്രിങ്ങുകള്‍ക്കു സമാന്തരമായാണ് ഘടിപ്പിക്കുന്നത്.

ഘര്‍ഷണം (friction), മര്‍ദിതവായു (compressed air), ദ്രവമര്‍ദം (hydraulic pressure) എന്നിങ്ങനെ ഭിന്നതത്ത്വങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പലതരത്തിലുള്ള ആഘാത-അവശോഷകങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. ദ്രവമര്‍ദത്തെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ആഘാത-അവശോഷകങ്ങളാണ് പ്രധാനമായും ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. വളരെ ചെറിയ ദ്വാരത്തിലൂടെ ഒരു ദ്രവം കടത്തിവിടുമ്പോള്‍ ദ്രവത്തിന് രോധം (resistance) ഉണ്ടാകുന്നു. ഈ തത്ത്വമാണ് ആഘാതം കുറയ്ക്കാനായി ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു ദ്രവമര്‍ദത്തെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ഒരുതരം ആഘാത-അവശോഷകമാണ്. ഇതില്‍ പ്രധാനമായി രണ്ടു സിലിന്‍ഡറുകളും ഒരു പിസ്റ്റണും ഉണ്ട്. ചെറിയ സിലിന്‍ഡര്‍ വലിയ സിലിന്‍ഡറിനകത്ത് അനായാസമായി സഞ്ചരിക്കുന്ന വിധത്തിലാണ് അവ ഘടിപ്പിച്ചിരിക്കുന്നത്. പിസ്റ്റണ്‍ ദണ്ഡിന്റെ (piston rod) മുകള്‍ഭാഗം പുറത്തെ സിലിന്‍ഡറില്‍ ഉറപ്പിച്ചിരിക്കുന്നു. ചെറിയ സിലിന്‍ഡറിനകത്ത് ഇറുക്കത്തില്‍ (tight) നീങ്ങത്തക്കവിധത്തിലാണ് പിസ്റ്റണ്‍ ഘടിപ്പിച്ചിരിക്കുന്നത് (ചിത്രം). പിസ്റ്റണില്‍ ചെറിയ കുറെ ദ്വാരങ്ങള്‍ ഉണ്ട്. ചെറിയ സിലിന്‍ഡറില്‍ ഏതാണ്ട് പകുതിയോളം ശ്യാനത ഏറിയ ദ്രവം (high viscous liquid) നിറച്ചിരിക്കുന്നു.

വാഹനങ്ങള്‍ നിരപ്പില്ലാത്ത റോഡില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ സ്പ്രിങ്ങിന്റെ ചുരുങ്ങലും നീളലും (contraction and elongation) കാരണം ആഘാത-അവശോഷകത്തിലെ ചെറിയ സിലിന്‍ഡര്‍ വലിയ സിലിന്‍ഡറിനകത്തു മുന്‍പോട്ടും പിറകോട്ടും സഞ്ചരിക്കുന്നു. അപ്പോള്‍ ചെറിയ സിലിന്‍ഡറിലെ ദ്രവം പിസ്റ്റണിലെ ചെറിയ ദ്വാരങ്ങളില്‍ക്കൂടി പിസ്റ്റന്റെ മുകളിലേക്കോ താഴേക്കോ കടക്കുന്നു. എന്നാല്‍ പിസ്റ്റണിലെ ദ്വാരങ്ങള്‍ വളരെ ചെറുതായതിനാല്‍ ദ്രാവകത്തിന് കൂടുതല്‍ രോധം (resistance) നേരിടുന്നു. അതിനാല്‍ ചെറിയ സിലിന്‍ഡറിന്റെ ചലനം വളരെ സാവധാനത്തിലായിരിക്കും. ഈ നിയന്ത്രിതചലനം ചക്രത്തിന്റെയും സ്പ്രിങ്ങിന്റെയും ആഘാതത്തെ ലഘൂകരിക്കുന്നു. ഇതു സ്വസ്ഥമായ യാത്രയ്ക്കിടവരുത്തുകയും ചെയ്യുന്നു.

(പി.വി. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍