This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഘാതക്ഷതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഘാതക്ഷതങ്ങള്‍

Blast Injuries

സ്ഫോടനഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന തകരാറുകള്‍. സ്ഫോടനത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടുന്നനെ ചലനങ്ങളുണ്ടാവുകയും ഇവ ശരീരത്തില്‍ തകരാറുകള്‍ക്ക് ഇട നല്കുകയും ചെയ്യുന്നു. ആഘാതങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്: അന്തരീക്ഷാഘാതവും അന്തര്‍ജലാഘാതവും.

ആഘാതത്തിന് മൂന്നു ഘടകങ്ങളുണ്ട്: ഒന്ന്, സ്ഫോടനം ഉണ്ടാകുന്നതിനു തൊട്ടുള്ള വായുവിന്റെ സ്ഥൂലമായ ചലനം (mass movement); രണ്ട്, ഇതേത്തുടര്‍ന്ന്, സെക്കന്‍ഡില്‍ ഏതാണ്ട് 1,525 മീ. വരെ സഞ്ചരിക്കുന്ന ഒരു ധനാത്മകതരംഗം (Positive wave); മൂന്ന്, പെട്ടെന്നുതന്നെ ഇതിന്റെ ഗതിവേഗം കുറയുന്നതുമൂലമുണ്ടാകുന്ന ഋണാത്മകതരംഗം (Negative wave). ഈ ധനാത്മകതരംഗവും ഋണാത്മകതരംഗവും ഒരു നിമിഷത്തിന്റെ ഒരു ചെറിയ അംശത്തോളമേ നീണ്ടുനില്ക്കുന്നുള്ളു.

അന്തര്‍ജലാഘാതം പല കാര്യങ്ങളിലും അന്തരീക്ഷാഘാതത്തില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കും. സ്ഫോടനം ഉണ്ടാകുന്നതിനു തൊട്ടുമുന്‍പ് സ്ഥലത്തുണ്ടാകുന്ന സ്ഥൂലമായ ചലനത്തെത്തുടര്‍ന്ന് അന്തരീക്ഷാഘാതത്തിലെപ്പോലെതന്നെ സെക്കന്റില്‍ 1,525 മീ. സഞ്ചരിക്കുന്ന ഒരു ധനാത്മകതരംഗം ഉണ്ടാകുന്നു. അന്തരീക്ഷാഘാതത്തിലെപ്പോലെ ഇതിന്റെ ഗതിവേഗം പെട്ടെന്നു കുറയുന്നില്ല.

വായു ഉള്‍ക്കൊള്ളുന്ന അവയവങ്ങളെയാണ് ആഘാതം ക്ഷതപ്പെടുത്തുക. ദ്രവമോ ഖരമോ ആയ ആന്തരാവയവങ്ങളെ ഇതു സാധാരണ ബാധിക്കാറില്ല. ആഘാതഫലമായുണ്ടാകുന്ന ഭീമമായ മര്‍ദത്തിലുള്ള അല സാന്ദ്രത കൂടിയ ഒരു മാധ്യമത്തില്‍നിന്ന് താരതമ്യേന സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോള്‍, സാന്ദ്രത കുറഞ്ഞ മാധ്യമത്തിനു ശിഥിലീകരണം സംഭവിക്കുന്നു. സ്ഫോടനഅല ത്വക്ക്, പേശികള്‍, കരള്‍, പ്ലീഹ, വൃക്കകള്‍ തുടങ്ങിയ സാന്ദ്രത കൂടിയ കല(tissue)കളില്‍ സാരമായ ക്ഷതികളൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍ ഈ അല വായു നിറഞ്ഞ ശ്വാസകോശം, കുടല്‍, ചെവി എന്നിവയിലെത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാകുമെന്നു മാത്രമല്ല ചിലപ്പോള്‍ അവിടെ ദ്വാരം വീഴാനും സാധ്യതയുണ്ട്.

ശ്വാസകോശങ്ങള്‍, ഹൃദയം, ഉദരാന്തരാവയവങ്ങള്‍, മെഡുല എന്നിവയ്ക്ക് ഏല്ക്കുന്ന ക്ഷതികളും ധമനീസ്തംഭനവും (air embolism) മൂലമാണ് ആഘാതക്ഷതികളില്‍ മരണം സംഭവിക്കുന്നത്. ശ്വാസകോശങ്ങളില്‍ അവിടവിടെയായി രക്തസ്രാവം ഉണ്ടാകുന്നു. പുപ്ഫുസാവരണത്തിലും (pleura) അങ്ങിങ്ങായി രക്തസ്രാവം ഉണ്ടാകാം. വക്ഷസിന്റെ വഴക്കം (elasticity) കൂടുതലായതുകൊണ്ട് കുട്ടികളിലും ചെറുപ്പക്കാരിലും പുപ്ഫുസ (pulmonary) ക്ഷതികള്‍ കൂടുതല്‍ വ്യാപകമായിത്തീരും. കുടല്‍ഭിത്തികളില്‍ അകത്തും പുറത്തും രക്തസ്രാവം ഉണ്ടാകുന്നു. കുടലില്‍ ചെറിയ തുള്ളികളായി രക്തം പൊടിച്ചുവരുന്നതു മുതല്‍ വ്യാപകമായ രക്തസ്രാവം വരെ സംഭവിക്കാറുണ്ട്. അപൂര്‍വമായി പ്ളീഹ, കരള്‍ എന്നിവയ്ക്കു പൊട്ടല്‍ ഉണ്ടാകുന്നു. മസ്തിഷ്കത്തെ ആഘാതം നേരിട്ട് എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. സ്ഫോടനത്തിന്റെ ഫലമായി മസ്തിഷ്കത്തിലും സുഷുമ്നയിലും കലക്കം (concussion) ഉണ്ടാകുന്നു. സൂക്ഷ്മമായ രക്തസ്രാവം മസ്തിഷ്കത്തിലും ആവരണങ്ങളിലും കാണം. വക്ഷസ് അതിയായി ഞെരുങ്ങുന്നതിന്റെ ഫലമായും മസ്തിഷ്കക്ഷതികള്‍ ഉണ്ടാകാം.

സ്ഫോടനത്തോടൊപ്പം വിഷവാതകങ്ങള്‍, സ് പ്ലിന്റുകള്‍ (splinters) എന്നിവകൊണ്ടും ക്ഷതികള്‍ ഉണ്ടാകാനിടയുണ്ട്. ഇവയെല്ലാം ആഘാതം (shock), ശ്വസനവിഷമം, വേദന എന്നിവ ഉണ്ടാക്കും. അതുകൊണ്ട് ആഘാതക്ഷതികളുടെ മാത്രം രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക പ്രയാസമാണ്. പുപ്ഫുസക്ഷതികളുണ്ടെങ്കില്‍ ശ്വസനവിഷമം, നെഞ്ചുവേദന, നീലിമ, ചുമ, രക്തവമനം (haemoptysis), ഷോക്ക് എന്നിവ ഉണ്ടായിരിക്കും. എക്സ്-റേ പരിശോധനയില്‍ പുപ്ഫുസത്തില്‍ പുള്ളികുത്തിയതുപോലെയുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഒരു സ്ഫോടനത്തിനടുത്തുണ്ടായിരുന്ന വ്യക്തി പെട്ടെന്നു വയറ്റുവേദന പരാതിപ്പെട്ടാല്‍ ഉദരാന്തരക്ഷതി സംശയിക്കേണ്ടതാണ്. രക്തവമനം, കറുത്ത നിറത്തിലുള്ള മലം പോകുക എന്നിവയും ഉണ്ടാകാം. എക്സ്-റേയില്‍ മധ്യച്ഛദത്തിനു താഴെ വായു കണ്ടാല്‍ രന്ധ്രീകരണം ഉണ്ടെന്നു മനസ്സിലാക്കാം. കേന്ദ്രനാഡീവ്യൂഹക്ഷതികള്‍ പലതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. വെറും താത്കാലികമായ അംഗദുര്‍ബലത, അതിയായ ക്ഷീണം, സംസാരിക്കാന്‍ കഴിയാതെ വരിക, മാനസിക രോഗങ്ങള്‍, ഗുരുതരമായ പക്ഷവാതം തുടങ്ങിയവ ഉണ്ടാകാം.

കണ്ണുകളില്‍ ബാഹ്യവസ്തുക്കള്‍കൊണ്ടുള്ള വേധക്ഷതികള്‍ ഉണ്ടാകാറുണ്ട്. സ്ഫോടനം നേരിട്ട് ഏല്ക്കുന്നതിന്റെ ഫലമായും കണ്ണുകള്‍ക്കു നാശമുണ്ടാകാറുണ്ട്. പ്രകാശവിരോധം, കണ്ണില്‍ കരടു പോയതുപോലെ തോന്നുക തുടങ്ങിയ നിസ്സാര ലക്ഷണങ്ങള്‍ മുതല്‍ പൂര്‍ണമായ അന്ധത വരെ ഉണ്ടാകാവുന്നതാണ്. ചെവിയില്‍ ഏറിയോ കുറഞ്ഞോ വേദനയും ബധിരതയും ചിലപ്പോള്‍ രക്തസ്രാവവും സംഭവിക്കാറുണ്ട്. ഭാവിയില്‍ നേത്രനാഡിയുടെ അപുഷ്ടിക്കും സാധ്യതയുണ്ട്. സ്ഫോടനത്തിന്റെ ഫലമായി കര്‍ണപടങ്ങള്‍ (ear drum) പൊട്ടിപ്പോകാറുണ്ട്.

രക്ഷാവിധികള്‍. ശരീരം വേണ്ടവിധത്തില്‍ ആവരണം ചെയ്യുകയാണ് ഇതില്‍നിന്നു രക്ഷനേടാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇതിനു സാധ്യമല്ലെന്നു വന്നാല്‍ തറയില്‍ നീണ്ടുനിവര്‍ന്നു കിടക്കേണ്ടതാണ്. ചെവികള്‍ പഞ്ഞികൊണ്ട് അടയ്ക്കുന്നതു കര്‍ണപുടങ്ങള്‍ക്കുണ്ടാകുന്ന ക്ഷതിയെ തടയുന്നു.

ചികിത്സ. രോഗിക്കു ഷോക്കുണ്ടെങ്കില്‍ അത് അടിയന്തരമായി ചികിത്സിക്കേണ്ടതാണ്. ലഘുതരം ഷോക്കാണെങ്കില്‍ മോര്‍ഫിയാ കൊടുക്കാം. അത് രോഗിയുടെ അസ്വസ്ഥത, വേദന, ചുമ ഇവയെ എല്ലാം കുറയ്ക്കുന്നു.

ഷോക്കും ക്ഷതിയും ഗുരുതരമാണെങ്കില്‍ ദ്രവങ്ങള്‍ സിരകളില്‍ കുത്തിവയ്ക്കേണ്ടതാണ്. ലാക്ഷണികമായും രോഗവിജ്ഞാനപരമായും പുപ്ഫുസങ്ങള്‍ക്കേല്ക്കുന്ന ആഘാതങ്ങള്‍ തീവ്രപുപ്ഫുസ വീക്കവുമായി (acute pulmonary swelling) സാമ്യമുള്ളതായിരിക്കും. ശ്വസന വിഷമവും നീലിമയും കുറയ്ക്കുന്നതിന് ഓക്സിജന്‍ തുടര്‍ച്ചയായി നല്കേണ്ടതാണ്.

ശ്വസനീ പുപ്ഫുസശോഥം തടയുന്നതിന് ആന്റിബയോട്ടിക് ഔഷധങ്ങള്‍ നല്കണം. രോഗിക്കു മറ്റു സംക്രമണങ്ങള്‍ (infection) ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

ഉദരാവയവങ്ങള്‍ക്കുണ്ടാകുന്ന ക്ഷതി കാരണം രക്തസ്രാവമുണ്ടായാല്‍ ഉദരശസ്ത്രക്രിയ ചെയ്ത്, രക്തസ്രാവഹേതു കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതാണ്. നാഡീവ്യൂഹത്തിലെവിടെയെങ്കിലും ക്ഷതി ഉണ്ടെങ്കില്‍ രോഗി പരിപൂര്‍ണമായി വിശ്രമിക്കേണ്ടതാണ്. മസ്തിഷ്കവീക്കമുണ്ടെങ്കില്‍ അതും ചികിത്സിച്ചു മാറ്റണം.

ചെവിയില്‍ കടന്നുപറ്റിയ അന്യപദാര്‍ഥങ്ങള്‍ സ്പിരിറ്റില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മാറ്റേണ്ടതാണ്. ചെവി കഴുകിയാല്‍ അന്യപദാര്‍ഥങ്ങള്‍ മധ്യകര്‍ണത്തില്‍ കടക്കാനിടയുള്ളതുകൊണ്ട് അതു ചെയ്യാറില്ല. മധ്യകര്‍ണശോഥമുണ്ടെങ്കില്‍ അതും ചികിത്സിക്കേണ്ടതാണ്.

(ഡോ. ആര്‍. രഥീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍