This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി

Global Atmospheric Research Programme


അന്തരീക്ഷ നിരീക്ഷണ ലോകസംഘടനയും (World Meteorological Organization) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയനും (ICSU) ചേര്‍ന്ന് അന്തരീക്ഷ ഗവേഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി, സംഗ്രഹരൂപത്തില്‍ GARP എന്നറിയപ്പെടുന്നു. അന്തരീക്ഷത്തിന്റെ ഘടനയും സ്വഭാവസവിശേഷതകളും ആഗോളതലത്തില്‍ ശാസ്ത്രീയമായി മനസ്സിലാക്കുകയാണ് ഈ ഗവേഷണപദ്ധതിയുടെ ഉദ്ദേശ്യം. ഈ രീതിയിലുള്ള പഠനം ഭൗമാന്തരീക്ഷത്തിന്റെ മൊത്തം സ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം ഗ്രഹിക്കുവാന്‍ സഹായകമാവുന്നതിനു പുറമേ ദിവസക്കണക്കിനു മുതല്‍ മാസക്കണക്കിനുവരെയുള്ള കാലാവസ്ഥാനിര്‍ണയനം സൂക്ഷ്മമായി നിര്‍വഹിക്കുവാനും സൗകര്യമുണ്ടാക്കുന്നു.

താഴെപ്പറയുന്ന രീതിയിലുള്ള ഒരു ദ്വിമുഖപരിപാടിയാണ് ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി ഉള്‍ക്കൊള്ളുന്നത്:

1. അന്തരീക്ഷത്തിന്റെ പ്രത്യേകതകളുടെ നിദര്‍ശനങ്ങളായ മാതൃകകള്‍ രൂപകല്പന ചെയ്ത് പരികലന (computation) രീതിയില്‍ അവയുടെ ഗതിവിഗതികള്‍ പഠിക്കുക.

2. അന്തരീക്ഷത്തിന്റെ പ്രായോഗികവും നിരീക്ഷണാത്മകവുമായ പഠനത്തിലൂടെ മേല്പറഞ്ഞ പഠനത്തിനു സഹായകമാവുന്ന സ്ഥിതിവിവരങ്ങള്‍ (data) സംഗ്രഹിക്കുക.

പദ്ധതിയുടെ ഉദ്ഭവം. ദീര്‍ഘമായ കാലയളവിലേക്കുള്ള കാലാവസ്ഥാപ്രവചനം സാധിക്കുന്നതിന് താഴെ പറയുന്നവയുടെ ആവശ്യമുണ്ട്: നിലവിലുള്ള നിരീക്ഷണ വ്യവസ്ഥയ്ക്ക് അനുപൂരകമായി ആഗോളതലത്തില്‍ സ്ഥിതിവിവരങ്ങള്‍ സംഗ്രഹിക്കുവാന്‍പോന്ന ബൃഹത്തായ ഒരു നിരീക്ഷണപദ്ധതി ഉണ്ടാകണം. വന്‍തോതിലുള്ള അന്തരീക്ഷ പ്രക്രിയകള്‍ക്ക് ഉത്തേജകമാവുന്ന ചെറുകിട വ്യതിയാനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവുണ്ടായിരിക്കണം; എല്ലാറ്റിനുമുപരി ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെയും പ്രസക്ത മോഡലുകളുടെയും സഹായത്തോടെ കണക്കു കൂട്ടിയുള്ള കാലാവസ്ഥാപ്രവചനത്തിനു സഹായകമായേക്കാവുന്ന ദത്തങ്ങളും ആവശ്യമാണ്. 1957 ഒ. 4-ന് വിക്ഷേപിച്ച സ്പുട്നിക്കും (ആദ്യത്തെ ഉപഗ്രഹം), 1959 ഒ. 13-ന് വിക്ഷേപിച്ച എക്സ്പ്ളോറര്‍ ഉപഗ്രഹവും അന്തരീക്ഷനിരീക്ഷണത്തെ സംബന്ധിക്കുന്ന പുതിയ മണ്ഡലങ്ങളിലേക്കു വെളിച്ചം വീശി. ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ ഉപയോഗം വികസിച്ചതും ജ്യാമിതീയ മാതൃക (geometric model)കളുടെ സഹായത്തോടെ അന്തരീക്ഷ പ്രക്രിയകളെ സംബന്ധിച്ച അറിവുകള്‍ നേടാനായതും മേല്പറഞ്ഞ കാലത്തെ ശാസ്ത്രീയ നേട്ടങ്ങളായിരുന്നു. ഇവയുടെ പ്രായോഗിക പ്രയോജനം ലക്ഷ്യമാക്കിയാണ് 1967-ല്‍ ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി രൂപം കൊണ്ടത്. ആഗോള-ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണ (World Weather Watch)ത്തിന്റെ ഒരു ഘടകമായാണ് ഈ പദ്ധതി നിലവില്‍വന്നത്. ഇതിനായി പ്രത്യേകം നിയുക്തമായ സമിതി, വിവിധ പ്രശ്നങ്ങളെ വിശകലനം ചെയ്തശേഷം ഒരു ദീര്‍കാലപദ്ധതി എന്ന നിലയില്‍ അന്തരീക്ഷ ഗവേഷണം ആഗോളതലത്തില്‍ നിലവില്‍വരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി നിലവില്‍ വന്നത്.

വിശദാംശങ്ങള്‍. അന്തര്‍ദേശീയമോ ദേശീയമോ ഒറ്റപ്പെട്ടതോ ആയ കീഴ്ഘടകങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാനാമുഖമായ പഠനപദ്ധതികള്‍ ആഗോള-അന്തരീക്ഷഗവേഷണപദ്ധതിയുടെ ഭാഗമാണ്. ഈ പഠനങ്ങള്‍ സിദ്ധാന്തപരമോ പ്രായോഗികമോ ആവാം. ഉദാഹരണത്തിന് സീമാന്തമേഖലകളിലെ ഊര്‍ജവിസരണം (energy flux), വികിരണപ്രക്രിയകള്‍, ഉഷ്ണമേഖലാ അന്തരീക്ഷത്തിലെ ഊര്‍ജവിനിമയരീതികള്‍ തുടങ്ങിയവ പ്രത്യേക പഠനത്തിനും ഗവേഷണത്തിനും വിധേയമാവുന്ന പ്രശ്നങ്ങളാണ്. പൊതുവേ പറഞ്ഞാല്‍ ഈ പദ്ധതിയുടെ കീഴില്‍ വരുന്നത് അന്തരീക്ഷത്തിന്റെ മൊത്തത്തിലുള്ളതോ ഭാഗികമോ ആയ സ്വഭാവവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പഠനങ്ങളാണ്. ആഗോളവാതസഞ്ചരണ വ്യവസ്ഥയുടെ ദീര്‍ഘകാലസ്ഥിതി മനസ്സിലാക്കി അന്തരീക്ഷ മാതൃകകളെ പരികലനവിധേയമാക്കുവാനും, അതിലൂടെ അന്തരീക്ഷപ്രക്രിയകള്‍ വിശകലനം ചെയ്യുവാനും ഈ പഠനങ്ങള്‍ സഹായകമാവുന്നു. ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിയുടെ ഓരോ ഉപപദ്ധതിക്കും ആസൂത്രണവും പ്രയോഗവും കണക്കാക്കുമ്പോള്‍ അഞ്ചു ഘട്ടങ്ങളുണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ത്തന്നെ ഓരോ ഉപപദ്ധതിയോടും അനുബന്ധിച്ച് പരിഗണിക്കപ്പെടേണ്ട പ്രത്യേക പ്രശ്നങ്ങള്‍ നിര്‍ണയിക്കപ്പെടുന്നു. ഏതു പ്രദേശത്ത് ഏതവസരത്തില്‍ നിരീക്ഷണം നടത്തണമെന്നും എത്രകാലം തുടരണമെന്നും നിരീക്ഷണങ്ങളുടെ സ്വഭാവവും ആവൃത്തിയും എന്തായിരിക്കണമെന്നും വ്യക്തമാക്കുവാന്‍ ആദ്യഘട്ടം സഹായകമാവുന്നു. നിരീക്ഷണസംവിധാനത്തിന്റെ സമഗ്രമായ രൂപം ആവിഷ്കരിക്കപ്പെടുന്നത് രണ്ടാം ഘട്ടത്തിലാണ്. മൂന്നാംപടിയായി ഉപപദ്ധതിയുടെ നടത്തിപ്പിന് ഒരു പ്രവര്‍ത്തകസമിതി രൂപീകൃതമാകുന്നു. ചിലപ്പോള്‍ ഇത് ഒരു അന്താരാഷ്ട്രസമിതിയായിരിക്കും. തുടര്‍ന്ന് അംഗരാഷ്ട്രങ്ങളുടെ ചുമതലയില്‍ സര്‍വകലാശാലകള്‍, അക്കാദമികള്‍, അന്തരീക്ഷനിരീക്ഷണാലയങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പ്രസക്തപ്രശ്നങ്ങളുടെ വിവിധവശങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവയുടെ ഫലമായി എത്തിച്ചേരുന്ന നിഗമനങ്ങളെ സമാഹരിച്ചും പരസ്പരം ബന്ധപ്പെടുത്തിയും സാങ്കേതികമായി പുതിയ അറിവുകള്‍ നേടാനാവുന്നു. ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള ഗവേഷണ പരമ്പരകള്‍ നടന്നുവരുന്നു.

(പി.എ. ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍