This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗോളതാപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗോളതാപനം

Global Warming

മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്‍ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം ശ. ആയിരുന്നു; ചൂടുകൂടിയ ദശാബ്ദം 1990 കളും; വര്‍ഷം 2000 വും. 1995-ലെ ശ.ശ. താപനില, 1961 മുതല്‍ 1990 വരെയുള്ള മുപ്പതു വര്‍ഷ ശ.ശ. യെക്കാള്‍ 0.4 ഡിഗ്രിസെല്‍ഷ്യസ് (°C) കൂടുതലും, മുന്‍ ശ.-ത്തിലെ അതേ കാലഘട്ടത്തെ (1861 മുതല്‍ 1890 വരെ) അപേക്ഷിച്ച് 0.8°C കൂടുതലും ആയിരുന്നു. 2030 ആകുമ്പോഴേക്കും, ശ.ശ. ആഗോള താപനില, വ്യാവസായിക വിപ്ലവം ആരംഭിക്കുന്നതിനു മുന്‍പത്തെക്കാള്‍ 2°C ഉം, 2090 ആകുമ്പോഴേക്കും 4°C ഉം കൂടുതല്‍ ആകും. ഈ വര്‍ധന നിസ്സാരമെന്ന് തോന്നാം. പക്ഷേ, കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് 0.2°C മാത്രമായിരുന്നു. ഇപ്പോള്‍ അത്രയും വര്‍ധനവുണ്ടാകാന്‍ പത്തു വര്‍ഷം തന്നെ വേണ്ട. 1990 കളിലെ ശ.ശ. വാര്‍ഷിക വര്‍ധന 0.3°C ആയിരുന്നു. ഏറ്റവും ഒടുവിലത്തെ മതിപ്പുകണക്കനുസരിച്ച് 2100 - ആകുമ്പോഴേക്കും ആഗോള താപനില 1.4°C മുതല്‍ 5.8°C വരെ ഉയര്‍ന്നേക്കും. താപനില ഇപ്പോഴത്തേതിലും ഒരു ഡിഗ്രി കൂടിയാല്‍ അത്, കഴിഞ്ഞ പത്തു ലക്ഷം വര്‍ഷങ്ങളില്‍ ഉണ്ടാകാത്തത്ര വര്‍ധനവായിരിക്കും.

ഭൂമി ചൂടാകുന്നത് എങ്ങനെ?. പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികള്‍ ബഹിരാകാശത്തു കൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഇപ്രകാരം പകല്‍ സമയത്ത് പതിക്കുന്ന സൂര്യരശ്മികളിലെ ഊര്‍ജത്തിന്റെ ഏറിയ പങ്കും മേഘങ്ങളിലും സമുദ്ര ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചുപോകും. ചെറിയൊരു പങ്ക്, ഭൂമിയും അതിലെ ജലവും ജീവരൂപങ്ങളും കൂടി ആഗിരണം ചെയ്യും, ഇങ്ങനെ ആഗിരണം ചെയ്യുന്ന ഊര്‍ജം ഭൂമിയുടെ താപനില ഉയര്‍ത്തുകയും അതിന്‍ ഫലമായി ഭൂമി ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉത്സര്‍ജിക്കുകയും ചെയ്യുന്നു. ഈ രശ്മികള്‍ക്ക് ഭൂമിയിലേക്കു പതിക്കുന്ന രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യമുണ്ട്. പകല്‍ ഊര്‍ജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ആഗിരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിര്‍ഗമിക്കേണ്ട ചൂടില്‍ ഒരു വലിയ ഭാഗം ഭൂമിയില്‍ത്തന്നെ തങ്ങും. തുടര്‍ച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. അങ്ങനെ അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഒരു നല്ല പുതപ്പിന്റെ ധര്‍മം നിര്‍വഹിക്കുന്നു. ഈ ധര്‍മം നിറവേറ്റപ്പെടാതിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് അറിയാന്‍ ചന്ദ്രനിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ചന്ദ്രനിലും സൂര്യരശ്മികള്‍ പതിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് ചന്ദ്രനും ഭൂമിയും ഏകദേശം ഒരേ ദൂരത്താണ്. ഒരു നിശ്ചിത യൂണിറ്റ് സ്ഥലത്ത് ലഭിക്കുന്ന ചൂട് രണ്ടിലും ഏകദേശം സമവും. പക്ഷേ ഭൂമിയിലെ ശ.ശ. ചൂട് 15 °C ഉം, ചന്ദ്രനിലേത് മൈനസ് 18 °C ഉം. കാരണം ചന്ദ്രന് അന്തരീക്ഷം ഇല്ല. തിരിച്ചു പോകുന്ന ചൂടിനെ കുടുക്കി നിലനിര്‍ത്താനുള്ള വാതകങ്ങളുമില്ല. ചന്ദ്രനില്‍ പതിക്കുന്ന മുഴുവന്‍ ചൂടും ബഹിരാകാശത്തേക്കു മടങ്ങിപ്പോകുന്നു; ജീവന്‍ നിലനില്‍ക്കാനുള്ള ചൂട് അവിടെ ഇല്ല.

ഹരിതഗൃഹപ്രഭാവവും ഹരിതഗൃഹവാതകങ്ങളും. മിതശീതോഷ്ണ മേഖലകളില്‍ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, ഉഷ്ണമേഖലാസസ്യങ്ങളെ വളര്‍ത്താനും ചില്ലുമേല്‍ക്കൂരയുള്ള ഗൃഹങ്ങള്‍ നിര്‍മിക്കാറുണ്ട്. ഇവ ഹരിതഗൃഹങ്ങള്‍ എന്ന് അറിയപ്പെടുന്നു. ഇവയുടെ ചില്ലുമേല്‍ക്കൂരയില്‍ ക്കൂടി, സൂര്യരശ്മികളിലെ പ്രകാശം അകത്തേക്കു കടക്കും. താപവികിരണം തടയപ്പെടും. തുടര്‍ച്ചയായി അകത്തേക്കു പ്രവേശിക്കുന്ന പ്രകാശോര്‍ജം ചൂടായി മാറും. ഈ ചൂട് മുകളിലേക്കു പോയി ചില്ലുമേല്‍ക്കൂരയില്‍ തട്ടി, പുറത്തേക്ക് കടക്കാനാകാതെ ഹരിതഗൃഹത്തിന്റെ ഉള്ളിലേക്കു തന്നെ മടങ്ങിയെത്തും. ഇത് തുടരുമ്പോള്‍, ഹരിതഗൃഹങ്ങളിലെ ചൂട് ക്രമേണ വര്‍ധിച്ച് പുറത്തുള്ളതിനെക്കാള്‍ കൂടിയ നിലയില്‍ എത്തും. ഇതിനെ ഹരിതഗൃഹപ്രഭാവം എന്നു പറയുന്നു. ഹരിതഗൃഹത്തിലേതുപോലെ, ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ഉഷ്ണരശ്മികളെ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2) ഉം മറ്റുചില വാതകങ്ങളും ആഗിരണം ചെയ്ത്, തടഞ്ഞുനിര്‍ത്തി അന്തരീക്ഷത്തിന്റെയും ഭൂതലത്തിന്റെയും താപനില ഉയര്‍ത്താന്‍ ഇടയാക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ സഹായിക്കുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ എന്നു പറയുന്നു.

ഈ വാതകങ്ങള്‍ സ്വാഭാവികമായിത്തന്നെ അന്തരീക്ഷത്തിലുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2)), മീഥേയിന്‍ (CH4, നൈട്രസ് ഓക്സൈഡ് (N2O), ഓസോണ്‍ (O3) എന്നിവയാണ്. സ്വാഭാവികമായി അന്തരീക്ഷത്തിലുള്ള CO2 ആണ് പകുതിയിലധികം ഹരിതഗൃഹപ്രഭാവത്തിന് കാരണം. ഈ വാതകം ആകെ അന്തരീക്ഷ വാതകങ്ങളുടെ 0.03 ശ.മാ. മാത്രമേയുള്ളൂ. എങ്കിലും ഒരു നല്ല കരിമ്പടം പോലെ ഭൂമിയെ പൊതിഞ്ഞ്, മുകളില്‍ പറഞ്ഞവിധം ചൂടിനെ തടയുന്നു. കൂടാതെ മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായും ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ എത്താം. ഊര്‍ജം, കൃഷി, വ്യവസായം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും CO2 വമിക്കല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. വ്യവസായവിപ്ലവം ആരംഭിച്ചതിനുശേഷം, അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത 30 ശ.മാ.വും, മിഥേന്‍ന്റെ സാന്ദ്രത ഇരട്ടിയിലധികവും, നൈട്രസ് ഓക്സൈഡിന്റേത് 15 ശ.മാ.വും, ക്ലോറോഫ്ളൂറോകാര്‍ബണ്‍ന്റേത് (CFC) 900 ശ.മാ.വും വര്‍ധിച്ചിട്ടുണ്ട് (2006). ഈ വര്‍ധനവുകളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തിന് ചൂടിനെ കുടുക്കാനുള്ള കഴിവ് വളരെ അധികമായിട്ടുണ്ട്. ഓരോ വാതകത്തിന്റെയും അളവ് വര്‍ധിക്കുമ്പോള്‍ അവയുടെ സാന്ദ്രതയും വര്‍ധിക്കും. കൂടുതല്‍ ചൂട് തടയപ്പെടും - പുതപ്പിന്റെ കട്ടി കൂടിയാലത്തെ പോലെ. മറ്റുചില വാതകങ്ങളും ഹരിതഗൃഹവാതകങ്ങളായി ഭവിക്കാറുണ്ട്. ഇവ ഓരോന്നിന്റെയും സ്രോതസ്സും വര്‍ധനവിന്റെ തോതും ആഗോള താപനത്തിലെ പങ്കും, വ്യത്യസ്തമാണ്.

CO2 വര്‍ധന. 1850-ന് ശേഷമാണ് മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ CO2 അന്തരീക്ഷത്തില്‍ എത്താന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഈ വാതകത്തിന്റെ സാന്ദ്രതയും വര്‍ധിച്ചിട്ടുണ്ട്; വ്യവസായ വിപ്ലവം തുടങ്ങുന്നതിനു മുന്‍പ് ഇവയുടെ സാന്ദ്രത 280 പി.പി.എം-ല്‍ (പാര്‍ട്സ് പെര്‍ മില്ല്യണ്‍) താഴെയായിരുന്നു. 1957-ല്‍ അത് 315-ഉം, 1990-ല്‍ 360-ഉം ആയി ഉയര്‍ന്നു. 2004-ല്‍ 379 ആയി. സാന്ദ്രത കൂടുംതോറും കൂടുതല്‍ ചൂട് തടയപ്പെടും. ഭൂമിയിലെ ചൂട് കൂടിയതില്‍ CO2-ലെ വര്‍ധനവിന്റെ പങ്ക് ഏകദേശം 50 ശ.മാ. ആണ്.

CO2 വര്‍ധിച്ചതിന് കാരണം, കല്‍ക്കരി, എണ്ണ, (പെട്രോള്‍, ഡീസല്‍), പ്രകൃതിവാതകം തുടങ്ങിയ ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയതാണ്. ആധുനിക വ്യവസായശാലകളും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും മോട്ടോര്‍ വാഹനങ്ങളും ജനപ്പെരുപ്പവും ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിക്കാന്‍ ഇടയാക്കി. 1850നും 1950-നും ഇടയ്ക്കുള്ള ഒരു ശ.-ത്തില്‍ കത്തിച്ചത്ര കാര്‍ബണ്‍ ഇപ്പോള്‍ ഓരോ പത്തു വര്‍ഷവും കത്തിച്ചു തീര്‍ക്കുന്നു. ഒരു ടണ്‍ കാര്‍ബണ്‍ കത്തിക്കുമ്പോള്‍ ഏകദേശം 3.3 ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടും. 2000-ാമാണ്ടിലെ CO2 ലവല്‍, പുറകോട്ടുള്ള 200 ലക്ഷം വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവും CO2 വിസര്‍ജത്തിനു കാരണമാണ്. ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ജൈവവസ്തുക്കള്‍ കത്തിക്കുന്നതും CO2-ന്റെ മറ്റു സ്രോതസ്സുകളാണ്.

വനനാശം മൂലം CO2 വലിച്ചെടുക്കുന്നത് കുറയുന്നു. വനങ്ങള്‍ കത്തി നശിക്കുമ്പോഴും കൂടുതല്‍ CO2 അന്തരീക്ഷത്തില്‍ എത്തും. ഒരു വശത്ത് നാം കൂടുതല്‍ CO2 അന്തരീക്ഷത്തിലേക്കു വിടുന്നു. മറുവശത്ത് അതിനെ നീക്കം ചെയ്യാനുള്ള പ്രകൃതിയുടെ മാര്‍ഗം തടയുകയും ചെയ്യുന്നു. കഴിഞ്ഞ 150 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തിലെ CO2-ന്റെ വര്‍ധനവില്‍ 30 ശ.മാ.വും വനനാശം മൂലമാണ്.

ഏറ്റവും കൂടിയ അളവില്‍ CO2 വിസര്‍ജിക്കുന്നത് യു.എസ്.എ.യും, മറ്റു വ്യവസായവത്കൃത രാജ്യങ്ങളുമാണ് - പങ്ക് 73 ശ.മാ. 1950 മുതല്‍ 1996 വരെ ഏതാനും രാജ്യങ്ങള്‍ പുറത്തുവിട്ട, കാര്‍ബണിന്റെ ആകെ അളവ് ചുവടെ ചേര്‍ത്തിരിക്കുന്ന ഗ്രാഫില്‍ നിന്നും മനസ്സിലാക്കാം.

ഒരു വര്‍ഷത്തില്‍ ഒരിന്ത്യാക്കാരന്‍ ശ.ശ. ഒരു ടണ്‍ ഹരിതഗൃഹവാതകം പുറത്തുവിടുമ്പോള്‍, ഒരു യു.എസ്.എ.ക്കാരന്റെ പങ്ക് 20 ടണ്ണാണ്. (2000-ാമാണ്ടില്‍)

മിഥേന്‍ (CH4) : CO2 നെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് മിഥേന്‍. ചൂടിനെ കുടുക്കാന്‍ മിഥേന്‍ വാതകത്തിന്റെ ഓരോ തന്മാത്രയും CO2 തന്മാത്രയെക്കാള്‍ ഇരുപത് മടങ്ങ് ഫലപ്രദം. വ്യവസായ വിപ്ലവത്തിനുശേഷം 1997 വരെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത 147 ശ.മാ. വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക വര്‍ധനവ് 12 ശ.മാ.വും. ആഗോളതാപനത്തിന് ഇടയാക്കുന്നതില്‍ രണ്ടാം സ്ഥാനം ഇതിനാണ്. അന്തരീക്ഷ സാന്ദ്രത 170 പി.പി.എം. പ്രധാന സ്രോതസ്സുകള്‍ ചതുപ്പുനിലങ്ങള്‍, വെള്ളത്തിനടിയിലാകുന്ന വനപ്രദേശത്തിലെ മരങ്ങളും ചെടികളും, ചിതല്‍, കല്‍ക്കരി ഖനികള്‍, സ്വാഭാവിക ഗ്യാസ്, നികത്തിയ കരഭൂമി, കന്നുകാലികള്‍, എണ്ണ-ഗ്യാസ് ഉത്പാദന കേന്ദ്രങ്ങള്‍, ഓടജലസംസ്കരണശാലകള്‍, നൈട്രജന്‍ വളങ്ങള്‍ ഉപയോഗിക്കുന്ന കൃഷിയിടങ്ങള്‍, പ്രകൃതി വാതകപ്പൈപ്പുകളിലെ ചോര്‍ച്ച മുതലായവയാണ്. ചൂട് കൂടുന്നതില്‍ ഈ വാതകത്തിന്റെ പങ്ക് 18 ശതമാനമാണ്.

ക്ലോറോഫ്ളൂറോ കാര്‍ബണ്‍ (സി.എഫ്.സി): ഓസോണ്‍ ശോഷണത്തിന് കാരണക്കാരായ ഈ വകുപ്പിലെ വാതകങ്ങള്‍ ഹരിതഗൃഹവാതകങ്ങളായും പ്രവര്‍ത്തിക്കും. ഇവയില്‍ ചിലതിലെ ഒരൊറ്റ തന്മാത്രയ്ക്ക് CO2 ന്റെ പതിനായിരം തന്മാത്രകളുടെ ഹരിതഗൃഹതാപനശേഷിയുണ്ട്. ഇവ അന്തരീക്ഷത്തില്‍ വളരെക്കാലം സജീവമായി തുടരും. പ്രധാന സ്രോതസ്സുകള്‍ ശീതീകരണയന്ത്രങ്ങള്‍, എയറോസോള്‍, സ്പ്രേയ്സ്, വ്യാവസായിക ലായിനികള്‍ എന്നിവയാണ്. ഈ വാതകങ്ങള്‍ ഉപയോഗം കഴിഞ്ഞ് ഒലിച്ചിറങ്ങി അന്തരീക്ഷത്തില്‍ എത്തുന്നു. ഇതിന്റെ സാന്ദ്രത വ്യവസായ യുഗത്തിന് മുന്‍പ് പൂജ്യം; 2002-ല്‍ 900 പാര്‍ട്ട്സ് പെര്‍ ട്രില്ല്യണ്‍ (പി.പി.ടി). ചൂട് കൂടുന്നതില്‍ സി.എഫ്.സിയുടെ പങ്ക് 14 ശതമാനമാണ്. (ഇപ്പോള്‍ ഡി.എഫ്.സി.കളുടെ ഉത്പാദനം നിര്‍ത്തലാക്കിയിട്ടുണ്ട്).

നൈട്രസ്ഓക്സൈഡ് (N2O):- ഹരിതഗൃഹവാതകമെന്ന നിലയില്‍ ഈ വാതകത്തിന് CO2 നെക്കാള്‍ 200-ഉം മിഥേനെക്കാള്‍ 10-ഉം മടങ്ങ് കൂടുതല്‍ ശക്തിയുണ്ട്. പ്രധാനസ്രോതസ്സുകള്‍, വനം, പുല്‍മേടുകള്‍, നൈട്രജന്‍ വളങ്ങള്‍, മോട്ടോര്‍ വാഹനങ്ങളിലെ പുക, ഫോസില്‍ ഇന്ധനങ്ങള്‍, പാഴ്ക്കണികകള്‍ തുടങ്ങിയവയാണ്. 2002-ലെ സാന്ദ്രത 310 പി.പി.ബി. (പാര്‍ട്സ് പെര്‍ ബില്യണ്‍). വ്യവസായ യുഗത്തിന് മുന്‍പ്, 280 പി.പി.ബി. ആഗോളതാപനത്തിലെ പങ്ക് 6 ശതമാനമാണ്.

ഭൂമിയിലെ ഉപരിതല ഓസോണ്‍. ഓസോണ്‍ ശോഷണം ആഗോളതാപനത്തെ സഹായിക്കും. വാഹനങ്ങളില്‍ നിന്നു പുറത്തു വരുന്ന വാതകങ്ങള്‍ ഓക്സിജനുമായി പ്രതികരിച്ചും വ്യവസായ ശാലകളില്‍നിന്നും വിസര്‍ജിക്കുന്ന പുകയിലെ ചില വാതകങ്ങള്‍ (നൈട്രിക് ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മുതലായവ) അള്‍ട്രാവയലറ്റ് രശ്മികളില്‍ പ്രവര്‍ത്തിച്ചും ഭൂമിയുടെ ഉപരിതലത്തില്‍ ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹവാതകമായി ഭവിക്കുന്നു. ചൂട് വര്‍ധിക്കുന്നതില്‍ ഇതിന്റെ പങ്ക് 12 ശതമാനമാണ്.

നീരാവി. സമുദ്രജലം ബാഷ്പീകരിച്ച് നീരാവിയായി അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ അത് ഹരിതഗൃഹവാതകമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചൂട് കൂടും. നീരാവിയും കൂടും. തത്ഫലമായി മുകളില്‍ പാളീമണ്ഡലത്തില്‍ (stratosphere) എത്തേണ്ട ചൂട് മുഴുവന്‍ അവിടെ എത്തുകയില്ല. ആ ഭാഗം തണുക്കും. ഈ അവസ്ഥ ഓസോണ്‍ പാളിയെ വേഗത്തില്‍ ശോഷിപ്പിക്കും - പ്രത്യേകിച്ചും സി.എഫ്.സി.യുടെ സാന്നിധ്യത്തില്‍. ശോഷിച്ച ഓസോണ്‍ പാളിയില്‍ക്കൂടി കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തി സസ്യജാലങ്ങള്‍ക്ക് ദോഷം ചെയ്യും. CO2 വലിച്ചെടുക്കേണ്ട സസ്യങ്ങള്‍ക്ക് കേടുവരുന്നത് ഈ വാതകം വര്‍ധിക്കാന്‍ ഇടയാക്കും. തത്ഫലമായി വീണ്ടും ചൂട് കൂടും.

എയറോസോള്‍സ്. വായു വഹിക്കുന്ന കണികകള്‍ രണ്ടിനം ഉണ്ട് - തങ്ങി നില്‍ക്കുന്ന കറുത്ത കാര്‍ബണും, പ്രതിബിംബിക്കുന്ന ഇനവും. ആദ്യ ഇനം സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നു. രണ്ടാമത്തെ ഇനം സൂര്യരശ്മികളെ പ്രതിബിംബിപ്പിച്ച് തിരിച്ചയക്കുന്നു. അങ്ങനെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഈ വിപരീത പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ഫലം തികച്ചും അനിശ്ചിതമാണ്. താപവര്‍ധനയെ വിഫലീകരിക്കാനുള്ള എയറോസോള്‍സിന്റെ കഴിവിന് ഏറെ പരിമിതികള്‍ ഉണ്ട്. എയറോസോള്‍സ് കണികകള്‍ ഒരാഴ്ച മാത്രമേ വായുവില്‍ തങ്ങിനില്‍ക്കുകയുള്ളു. ഹരിതഗൃഹവാതകങ്ങള്‍ നൂറ്റാണ്ടുകളും. ഹ്രസ്വകാലത്തേക്ക് രണ്ടു ഫലങ്ങളും സമതുലിതാവസ്ഥ കൈവരിച്ചേക്കാം. പക്ഷേ ഹരിതഗൃഹവാതകങ്ങളുടെ സഞ്ചയം തുടരുന്നതുകൊണ്ട് ആഗോളതാപനത്തിന് അവയുടെ ആഘാതം കൂടുതലായിരിക്കും.

എയറോസോള്‍സിന്റെ പ്രധാന സ്രോതസ്സുകള്‍, അന്തരീക്ഷത്തിലെ ധൂളി, കാട്ടുതീയിലെ പുകയുടെ ജ്വാലകള്‍, അഗ്നിപര്‍വതസ്ഫോടനത്തില്‍ പൊങ്ങിവരുന്ന ചാരമേഘങ്ങള്‍ എന്നിവയാണ്. പൂര്‍ണമായി കത്തിത്തീരാത്ത കല്‍ക്കരി, ഡീസല്‍, ജൈവപിണ്ഡം തുടങ്ങിയവയില്‍ നിന്നാണ് കറുത്ത കാര്‍ബണ്‍ പുറത്തു വരുന്നത്.

SF5CF3 : - കഴിഞ്ഞ 50 വര്‍ഷങ്ങളിലായി അന്തരീക്ഷത്തില്‍ എത്തിയിരിക്കുന്ന ഒരു പുതിയ ഹരിതഗൃഹവാതകമാണിത്. വ്യാവസായിക ഗ്യാസ് ഉപയോഗിച്ചുള്ള ചില പ്രക്രിയകളുടെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. ഇതിന്റെ തന്മാത്രകള്‍ക്ക് CO2 തന്മാത്രകളെക്കാള്‍, 18000 മടങ്ങ് കൂടുതല്‍ ഹരിതഗൃഹഫലമുണ്ട്. കൂടുതല്‍ ദീര്‍ഘായുസ്സും ഉണ്ട്. ഓരോ വര്‍ഷവും 270 ടണ്‍ വാതകം പുതുതായി വമിക്കപ്പെടുന്നു. ഈ വാതകത്തിന്റെ സാന്ദ്രത വര്‍ഷത്തില്‍ ആറു ശ.മാ. വീതം വര്‍ധിക്കുന്നു. ഈ വര്‍ധനവ് SF6 (Sulphur hexa fluoride) വാതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. SF6 ശക്തമായ ഒരു ഹരിതഗൃഹവാതകമാണ്. വൈദ്യുതി സ്വിച് ബോര്‍ഡുകളില്‍ തീപ്പൊരി ഇല്ലാതാക്കുക, ലോഹങ്ങള്‍ ഉരുക്കുമ്പോള്‍ അവയെ രക്ഷിക്കുക തുടങ്ങി പല തരത്തില്‍ ഇതു പ്രയോജനപ്പെടുന്നു.

ഹരിതഗൃഹവാതകങ്ങളുടെ വിസര്‍ജം ഇന്ത്യയില്‍. 1950 നുശേഷം ഇന്ത്യയില്‍ CO2 വിസര്‍ജം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വിസര്‍ജിക്കപ്പെടുന്ന CO2 ന്റെ അളവില്‍ ഇന്ത്യക്ക് 6-ാം സ്ഥാനമാണുള്ളത്; ചൈനയ്ക്ക് രണ്ടാം സ്ഥാനവും. എങ്കിലും നമ്മുടെ രാജ്യത്തെ പ്രതിശീര്‍ഷ വാര്‍ഷിക CO2 വമിക്കല്‍ 0.93 ടണ്‍ മാത്രമാണ്. ലോകശരാശരിയാകട്ടെ 3.87 ടണ്ണും. ആഗോളതാപനത്തില്‍ കേരളത്തിനും പങ്കുണ്ട്. കേരളത്തില്‍ ആകെ പുറത്തുവിടുന്ന വാര്‍ഷിക CO2-ല്‍ 80.5 ശ.മാ.വും പെട്രോളിയം ഉത്പന്നങ്ങളും വിറകും കത്തിക്കുന്നതില്‍ നിന്നാണ്; മിഥേനിന്റെ സംഭാവന 17 ശ.മാ.വും നൈട്രസ് ഓക്സൈഡിന്റേത് 2 ശ.മാ.വും ആണ്. 1961 മുതല്‍ 2003 വരെ, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയതും, ഏറ്റവും കുറഞ്ഞതും, ശ.ശ.യും ആയ വാര്‍ഷിക താപനില അപഗ്രഥിച്ചാല്‍ ഇവ മൂന്നും ഉയരുന്ന പ്രവണത കാണാം. എന്നാല്‍, വാര്‍ഷിക ശ.ശ. മഴയില്‍ സാരമായ മാറ്റമില്ല.

ഒരു നൂതന സിദ്ധാന്തം. ആഗോളതാപനത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ മുഖ്യപങ്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിദ്ധാന്തവും ഉണ്ട്. ലോകവ്യാപകമായി നഗരവത്കരണവും വ്യവസായവത്കരണവും മുന്നേറുകയാണ്. തത്ഫലമായി കൂടുതല്‍ കൂടുതല്‍ വീടുകളും വ്യവസായശാലകളും കോണ്‍ക്രീറ്റോ ടാറോ കൊണ്ടു മൂടിയ റോഡുകളും കാര്‍പാര്‍ക്കുകളും മുറ്റങ്ങളും കൊണ്ട് ഭൂമിയുടെ ഉപരിതലത്തില്‍ നല്ലൊരു ഭാഗം മൂടിപ്പോയിരിക്കുന്നു. ഇങ്ങനെ മൂടിപ്പോകുന്ന ഭൂവിസ്തൃതി അനുസ്യൂതം വര്‍ധിക്കുകയും ചെയ്യുന്നു. മൂടിപ്പോയ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങേണ്ട വെള്ളം പുഴകളിലും മറ്റും കൂടി കടലിലേക്ക് ഒഴുകിപ്പോകുന്നു. അതിനാല്‍ ഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും വേണ്ടത്ര ആര്‍ദ്രത ഇല്ലാതെ വരണ്ട അവസ്ഥയിലാകുന്നു. ഈ ഭാഗങ്ങളില്‍ നിന്നും ജലബാഷ്പീകരണം വഴി അന്തരീക്ഷത്തില്‍ എത്തേണ്ട നീരാവിയുടെ അളവ് കുറയുന്നു. ജല ചക്രത്തിലെ ഭൂരിഭാഗവും കടല്‍വെള്ളമാണ്. ഇതിന്റെ അളവില്‍ മാറ്റമില്ലതാനും. അന്തരീക്ഷത്തില്‍ എത്തുന്ന നീരാവി ഭൂമിക്ക് ഒരു രക്ഷാകവചമായും പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞവിധം നീരാവി കുറയുമ്പോള്‍ അതിന്റെ കട്ടിയും കുറയും. ഭൂമിയില്‍ എത്തുന്ന സൂര്യവികിരണം (Solar Radiation) വര്‍ധിക്കും. ഭൂമിയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും.

സാമ്പത്തിക നേട്ടങ്ങള്‍ക്കായും പുരോഗതിയുടെ പേരിലും കരഭൂമിയുടെ ഉപരിതലത്തില്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ ഏല്പിക്കുന്ന ദണ്ഡനങ്ങള്‍ കുറച്ചൊന്നുമല്ല. ഇവയുടെ വ്യാപ്തിയും വൈവിധ്യവും, കഴിഞ്ഞ അന്‍പതോ അറുപതോ വര്‍ഷങ്ങളിലായി തീവ്രത ആര്‍ജിച്ചിട്ടുണ്ട്. ഇവയുടെ ഫലമായി മേല്പറഞ്ഞ വിധം കരഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും മാത്രമല്ല, അന്തരീക്ഷവും വരള്‍ച്ച നേരിടുകയാണ്. മണ്‍ജലം സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ ഒരു താപനിയാമകം (thermo-regulator) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മണ്‍ജലം ക്ഷേത്രീയമായി (arealy) നശിച്ചാല്‍, ഭൂമിയിലെ പല പ്രദേശങ്ങളും വറ്റിവരളും. ഈ ദോഷഫലങ്ങള്‍ സഞ്ചിതരൂപം കൈക്കൊണ്ട് അടുത്ത ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കകം ഈ ഗ്രഹത്തില്‍ വിനാശകരമായ പല മാറ്റങ്ങള്‍ ഉണ്ടാകും. ഇവയില്‍ അതീവഗുരുതരമാണ് വരള്‍ച്ച. ഇത് ജലചക്രത്തെ നശിപ്പിക്കും. പ്രകൃതിയിലെ സമതുലിതാവസ്ഥയെ തകിടം മറിക്കും. ആഗോളതാപനത്തെ കൂടുതല്‍ രൂക്ഷമാക്കും. ഈ സിദ്ധാന്തത്തിന് ശാസ്ത്രകാരന്മാരുടെ അംഗീകാരം ഇല്ല എന്നതു പ്രസ്താവ്യമാണ്.

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍. ഓരോ പ്രദേശത്തും വ്യത്യസ്ത തോതിലാണ് ചൂടു കൂടുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ സ്വഭാവവും തോതും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ അതിവൃഷ്ടി. മറ്റിടങ്ങളില്‍ അനാവൃഷ്ടി. വരള്‍ച്ചയും, വെള്ളപ്പൊക്കവും, കൊടുംകാറ്റും, താപതരംഗവും (heat wave) കാട്ടുതീയും എല്ലാം ഉണ്ടാകുന്നതിന്റെ ആവൃത്തിയും ഗുരുതരാവസ്ഥയും വര്‍ധിക്കും. ഈ കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് നാനാരംഗത്തും ദോഷഫലങ്ങള്‍ ഉണ്ടാകും. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു:

മനുഷ്യനുമായി അടുത്ത ബന്ധമുള്ളതും, കാലാവസ്ഥാ മാറ്റങ്ങളോട് സൂക്ഷ്മ സംവേദന ക്ഷമതയുള്ളതും ആയ ജലസ്രോതസ്സുകള്‍, വനങ്ങള്‍, സമുദ്രതീരമേഖലകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുനരുദ്ധരിക്കാന്‍ പറ്റാത്ത വിധം നാശം സംഭവിക്കും. സൈബീരിയന്‍ പ്രദേശത്തെ 125 കായലുകള്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. 1971-ല്‍ 10882 കായലുകള്‍ ഉണ്ടായിരുന്നത്, 1999-ല്‍ 9712 ആയി കുറഞ്ഞു.

പവിഴപ്പുറ്റ്, കണ്ടല്‍ കാടുകള്‍, ഉഷ്ണമേഖലാ വനങ്ങള്‍ മുതലായ സ്വാഭാവിക സംവിധാനങ്ങള്‍ക്ക് ആപത്സാധ്യത ഏറും. ആമസോണ്‍ മഴക്കാടുകള്‍ തകര്‍ന്നടിഞ്ഞ് വൃക്ഷങ്ങളില്ലാത്ത പുല്‍പ്രദേശമായി മാറാം.

ജലത്തിനു ചൂട് കൂടിയാല്‍ അതിലെ പ്രാണവായുവിന്റെ അംശം കുറയും; രാസവസ്തുക്കള്‍ ലയിക്കാനുള്ള സാധ്യത വര്‍ധിക്കും. ഇത് ജലജീവികള്‍ക്കു ദോഷം ചെയ്യും.

കടലിലെ അമ്ലത്വവര്‍ധനമൂലം, അന്തരീക്ഷ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള കടലിന്റെ കഴിവ് വളരെ കുറയും; ഇപ്പോള്‍ ആകെ കാര്‍ബണില്‍ പകുതിയും ആഗിരണം ചെയ്യുന്നതു കടലാണ്.

കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാന്‍ വിഷമമുള്ള പല ജൈവജാതികള്‍ക്കും വംശനാശം സംഭവിക്കാം. 2050 ആകുമ്പോഴേക്കും 10 ലക്ഷത്തില്‍പ്പരം സസ്യജന്തുജാതികള്‍ വംശനാശം നേരിടും; ചുരുക്കം ചിലവ പെരുകിയെന്നും വരും.

വാസഗേഹങ്ങളുടെ നാശംമൂലം പല ജൈവജാതികളുടെയും എണ്ണം കുറയും.

ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതുകൊണ്ട് അവിടത്തെ ആവാസവ്യവസ്ഥയ്ക്കും ജൈവജാതികള്‍ക്കും ഗുരുതരമായ ദോഷം സംഭവിക്കും. ഉത്തരധ്രുവ പ്രദേശത്തെ മഞ്ഞിന്റെ കട്ടി 40 ശ.മാ.വും മഞ്ഞു മൂടിയിരുന്ന പ്രദേശത്തിന്റെ വിസ്തൃതി 6 ശ.മാ.വും കുറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹിമാനികള്‍ (glaciers) ഉരുകുകയാണ് - ആഫ്രിക്കയിലെ കിലിമന്‍ജാരോയിലും, തെക്കേ അമേരിക്കയിലെ ആന്‍ഡീസിലും, യു.എസ്.എ.യിലെ മൊണ്ടാനയിലും, ഇന്ത്യയിലെ ഹിമാലയത്തിലും.

ആവാസവ്യവസ്ഥകള്‍ വ. ദിശയില്‍ സ്ഥലം മാറ്റപ്പെടലിനു വിധേയമാകുന്നുണ്ട്. 2100 എ.ഡി. ആകുമ്പോഴേക്കും 140 മുതല്‍ 580 വരെ കി.മീ. അതു മാറിയേക്കാം.

പരാഗണമാതൃകയിലെ തകരാറുകള്‍. കൂടിയ ചൂട്, മുന്‍കൂട്ടിയുള്ള മഞ്ഞുരുകലിനും ചില സസ്യങ്ങളുടെ അകാല പുഷ്പിക്കലിനും ഇടയാക്കും. നിശ്ചിത പരിധിയില്‍ മാത്രം വിഹരിക്കുന്ന പക്ഷികള്‍ക്ക് നാശം സംഭവിക്കും.

പ്രാണികീടങ്ങള്‍ പെരുകുന്നതിലും വിതരണം ചെയ്യപ്പെടുന്നതിലും മാറ്റങ്ങള്‍ ഉണ്ടാകും.

മഞ്ഞുരുകി, സമുദ്രനിരപ്പ് ഉയരുന്നതുകൊണ്ട് പല ദ്വീപുകളും കടലില്‍ മുങ്ങും; കടല്‍ത്തീരനഗരങ്ങളും കരഭൂമിയും നഷ്ടപ്പെടും. 2100-ആകുമ്പോഴേക്കും കടലിലെ ജലനിരപ്പ് 88 സെ.മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. തത്ഫലമായി വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹം തന്നെ ഉണ്ടാകും. 45 സെ.മീ. സമുദ്രജലവിതാനം ഉയര്‍ന്നാല്‍ ബാംഗ്ളദേശിലെ 55 ലക്ഷം ജനങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടും. ഈ പ്രതിഭാസം മൂലം ഇന്ത്യയ്ക്ക് 5760 ചതുരശ്ര കി.മീ. കരഭൂമിയും, കൂടാതെ 4200 കി.മീ. റോഡും നഷ്ടപ്പെടും എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.

സമുദ്രവിതാന ഉയര്‍ച്ച നദീമുഖങ്ങളിലും നദികളിലും ഉപ്പുവെള്ള ഭീഷണി വര്‍ധിപ്പിക്കും.

കാര്‍ഷികോത്പാദനത്തില്‍ - പ്രത്യേകിച്ചും അരി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തില്‍ - ഗണ്യമായ കുറവുണ്ടാകും. ഓരോ ഡിഗ്രി ചൂട് കൂടുമ്പോഴും അരിയുടെ ഉത്പാദനം പത്ത് ശ.മാ. കുറയും. കൃഷിഭൂമി ഉപയോഗശൂന്യമായിത്തീരും.

ഉഷ്ണതരംഗം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കും.

നേത്ര-ശ്വാസകോശ രോഗങ്ങളും കാന്‍സറും - പ്രത്യേകിച്ച് തൊലിയിലെ - വ്യാപകമാകും.

അകാലപ്പിറവികളും നവജാതശിശുമരണങ്ങളും കൂടുതലാകും.

ശുദ്ധജല ദൌര്‍ലഭ്യം കാരണം ജലജന്യരോഗങ്ങള്‍ വര്‍ധിക്കും.

തണുപ്പു കുറയുമ്പോള്‍, ഉയര്‍ന്ന സ്ഥലങ്ങളില്‍പ്പോലും കൊതുകു പെരുകാനും, മലമ്പനി പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കാനും ഇടയുണ്ട്.

പരിഹാര മാര്‍ഗങ്ങളും പരിഹാരശ്രമങ്ങളും. യുക്തിസഹമായ മാര്‍ഗം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും അതുവഴി, അന്തരീക്ഷത്തിലേക്ക് വിടുന്ന CO2 ന്റെ അളവും കുറയ്ക്കുക എന്നതാണ്. ഇതിന് ഊര്‍ജോത്പാദനം കുറയ്ക്കേണ്ടി വന്നേക്കാം. അപ്പോള്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കും. - ഇന്ന് അറിയപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം ഊര്‍ജമായതുകൊണ്ട് ആ നിലയ്ക്ക് ആരാണ് മേല്പറഞ്ഞ കുറവിനു തയ്യാറാവുക? എത്രകണ്ട് കുറയ്ക്കണം? ആരാണ് അത് നിശ്ചയിക്കുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആയ നിരവധി മേഖലകളിലേക്ക് വ്യാപിക്കുന്നു; സ്വത്തിലും വരുമാനത്തിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസമത്വവുമായി ബന്ധപ്പെട്ടും കിടക്കുന്നു. ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ഒരു കൂട്ടര്‍; അതിന്റെ തിക്തഫലങ്ങള്‍ കൂടുതലായി അനുഭവിക്കുന്നവര്‍ മറ്റൊരു കൂട്ടര്‍.

പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്രപഠനങ്ങളും ശ്രമങ്ങളും 1979 മുതല്‍ തന്നെ തുടങ്ങി. ലോകകാലാവസ്ഥാ സംഘടനയും, ഐക്യരാഷ്ട്രസഭയും, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയും (യു.എന്‍.ഇ.പി.) കൂട്ടായി ചേര്‍ന്നാണ് പരിഹാര ശ്രമങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളതും ഇപ്പോഴും തുടരുന്നതും. ശാസ്ത്രീയപഠന ഗവേഷണത്തിനായി രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ഐ.പി.സി.സി. (Inter governmental panel on climate change - IPCC). കൂടാതെ, പ്രശ്നപരിഹാര ശ്രമങ്ങള്‍ തുടരാനും, അതിന്റെ പുരോഗതി വിലയിരുത്താനും ആയി, ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ അംഗീകാരത്തോടെ U.N.Frame Work Convention on Climate Change(UNFCCC) നിലവില്‍ വരികയും ചെയ്തു. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെ 189 രാജ്യങ്ങള്‍ ഒപ്പു വച്ചിട്ടുണ്ട്. ഇതുപ്രകാരം 1997 ഡി.-ല്‍ ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വച്ച് കൂടിയ കോണ്‍ഫറന്‍സ് ഒഫ് പാര്‍ട്ടീസ് (COP)-3 അംഗീകരിച്ച ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോക്കോള്‍. ഇതു നിയമപരമായ ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇതു പ്രകാരം വ്യവസായവത്കൃത രാജ്യങ്ങള്‍, 2012 ആകുമ്പോഴേക്കും, അവര്‍ പുറത്തുവിടുന്ന ആറ് ഹരിതഗൃഹവാതകങ്ങളില്‍ എല്ലാം കൂടി 5 ശ.മാ. കുറവ് കൈവരിക്കണം (1990-ലെ ലവലില്‍ നിന്നും). ഓരോ രാജ്യവും കൈവരിക്കേണ്ട കുറവിനു ക്വാട്ട നിശ്ചയിക്കുകയും ലക്ഷ്യങ്ങള്‍ നേടാനുള്ള സമയക്രമപട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് കാര്യങ്ങള്‍ ദീര്‍ഘചര്‍ച്ചയ്ക്ക് വിധേയമായി. ഓരോ രാജ്യവും വമിക്കുന്ന CO2 ന്റെ അളവില്‍നിന്നും, ആ രാജ്യത്തെ വനങ്ങളും മരങ്ങളും ആഗിരണം ചെയ്യുന്ന CO2 കുറയ്ക്കുന്ന ഏര്‍പ്പാട് (കാര്‍ബണ്‍സിങ്ക്സ്). രണ്ടാമത്തേത് ഒരു വ്യവസായവത്കൃതരാജ്യം നിശ്ചിത അളവിലും കൂടുതലായി നിയന്ത്രണം നേടിയാല്‍, ആ അധികനേട്ടം, നിശ്ചിത തോതില്‍ നിയന്ത്രണം നേടാത്ത മറ്റൊരു വ്യവസായവത്കൃത രാജ്യത്തിനു കൈമാറുക (എമിഷന്‍ട്രേഡ്). മൂന്നാമത്തേത് ക്ളീന്‍ ഡെവലപ്മെന്റ് മെക്കനിസം - സി.ഡി.എം.: ഹരിതഗൃഹവാതകങ്ങള്‍ കുറയാന്‍ സഹായിക്കുന്ന പ്രോജക്ടുകള്‍, വ്യവസായവത്കൃത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കൂട്ടായി നടപ്പാക്കുക.

ഇന്ത്യ ഉള്‍പ്പെടെ 156 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുണ്ട്. യു.എസ്.എ. ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ല; നിസ്സാരമായ ഏഴു ശതമാനം കുറവിനു പോലും തയ്യാറായിട്ടും ഇല്ല. അമേരിക്കന്‍ ജീവിതശൈലി, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.എസ്.എ ഉടമ്പടിയില്‍ നിന്നും വിട്ടു നിന്നത്. ഈ രാജ്യവും മറ്റു വ്യവസായ വത്കൃത രാജ്യങ്ങളും പ്രശ്നപരിഹാരത്തിന് അവരുടെ സാങ്കേതികവും സാമ്പത്തികവും ആയ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്തുന്നില്ല.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കിയാല്‍ പോലും പ്രശ്നപരിഹാരമാകില്ല. ഐ.പി.സി.സി.യുടെ നിഗമനങ്ങള്‍ പ്രകാരം, കാലാവസ്ഥ ഭദ്രമായ നിലയില്‍ എത്താന്‍ ഹരിതഗൃഹവാതകങ്ങളില്‍ 60-80 ശ.മാ. വരെ കുറവുണ്ടാകണം.

ഹരിതഗൃഹവാതകങ്ങളെ പുറത്തുവിടുന്ന മനുഷ്യപ്രവര്‍ത്തനങ്ങളെ മാറ്റി എടുത്താലേ പ്രശ്നത്തിനു പരിഹാരമാകൂ. ഊര്‍ജോപയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാം. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കാം. ഏറ്റവും കുറച്ചുമാത്രം, പാഴ്വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതും ഊര്‍ജം ഉപയോഗിക്കുന്നതും ആയ ജീവിതശൈലിയിലേക്ക് മാറാം. പൊതുഗതാഗതം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. പാഴ്വസ്തുക്കളില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ വ്യാപകമാക്കാം. വനനാശം തടയുക, മരങ്ങള്‍ വച്ചുപിടിപ്പിക്കുക, സൈക്കിള്‍ സംസ്കാരം വളര്‍ത്തുക തുടങ്ങിയ അനേകം കാര്യങ്ങള്‍ സമൂഹതലത്തിലും വ്യക്തിതലത്തിലും ചെയ്യാം. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമം കൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് ഒട്ടെങ്കിലും പരിഹാരം കണ്ടെത്താനാകൂ.

(പി.എസ്. ഗോപിനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍