This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗാ ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗാ ഖാന്‍

Aga Khan

ഷിയാമുസ്ലിങ്ങളില്‍പ്പെട്ട ഇസ്മായിലി മതവിഭാഗക്കാരുടെ ആത്മീയഗുരു(ഇമാം)വിന്റെ പൊതുനാമം.

ആഗാ ഖാന്‍ I. ഈ പേരില്‍ അറിയപ്പെട്ട ഹസന്‍ അലിഷാ (1800-1881), ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബിയുടെ പുത്രി ഫാത്തിമായില്‍നിന്ന് വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു. ഹസന്‍ അലിഷാ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഫത്ഹ് അലിയുടെ കീഴില്‍ കിര്‍മാന്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു; ഹസന്‍ അലിഷായുടെ ഭരണനൈപുണ്യത്തെ ആദരിച്ചാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി 'ആഗാ ഖാന്‍' എന്ന ബിരുദം ഇദ്ദേഹത്തിനു നല്കിയത്. എന്നാല്‍ മുമ്മദുഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഹസന്‍ അലിഷാ ഭരണകൂടത്തിനെതിരായി വിപ്ലവം നയിക്കുകയും (1838) വിപ്ളവത്തില്‍ പരാജയപ്പെട്ടപ്പോള്‍ മുംബൈയിലേക്ക് ഓടിപ്പോവുകയും ചെയ്തു. ഒന്നാം അഫ്ഗാന്‍യുദ്ധത്തിലും (1839-42) സിന്ധ് ആക്രമണത്തിലും (1842-43) ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിച്ചതിനു പാരിതോഷികമായി ഇദ്ദേഹത്തിനു പെന്‍ഷനും ഹിസ് ഹൈനസ് എന്ന സ്ഥാനപ്പേരും നല്കപ്പെട്ടു.

1848 മുതല്‍ ഹസന്‍ അലിഷാ മുംബൈയില്‍ സ്ഥിരതാമസമാക്കുകയും തന്റെ മതവിഭാഗത്തിന്റെ ആസ്ഥാനം അവിടെ സ്ഥാപിക്കുകയും ചെയ്തു. ഹസന്‍ അലിഷായുടെ നേതൃത്വത്തെ ഒരു വിഭാഗം ഇസ്മായിലികള്‍ എതിര്‍ത്ത് അദ്ദേഹത്തിനെതിരായി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. സര്‍ ജോസഫ് ആര്‍നോള്‍ഡ് 1866-ല്‍ പുറപ്പെടുവിച്ച വിധി ഹസന്‍ അലിഷായ്ക്ക് അനുകൂലമായിരുന്നു. ഈ കേസില്‍ ഈ മതവിഭാഗത്തിന്റെ ഉദ്ഭവത്തെയും വളര്‍ച്ചയെയും സംബന്ധിച്ച വളരെയധികം പ്രാമാണികരേഖകള്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി.

ആഗാ ഖാന്‍ II (അലിഷാ മ. 1885). ഇസ്മായിലികളുടെ 47-ാമത്തെ ഇമാം ആയ ഇദ്ദേഹം ആഗാ ഖാന്‍ I-ന്റെ മൂത്ത പുത്രന്‍ ആണ്. 1881-ല്‍ പിതാവിനെത്തുടര്‍ന്ന് ആഗാ ഖാനായി. 4 വര്‍ഷമേ ഈ പദവിയിലിരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞുള്ളു. 1885 ആഗ.-ല്‍ പൂണെയില്‍വച്ച് ആഗാഖാന്‍ II അന്തരിച്ചു.

ആഗാ ഖാന്‍ III

ആഗാ ഖാന്‍ III (1877-1957). ആഗാ ഖാന്‍ II-ന്റെ മരണശേഷം സുല്‍ത്താന്‍ സര്‍ മുഹമ്മദ് ഷാ എട്ടാമത്തെ വയസ്സില്‍ ആഗാ ഖാനായി അവരോധിക്കപ്പെട്ടു. ഇദ്ദേഹം കറാച്ചിയില്‍ 1877 ന. 2-ന് ജനിച്ചു. ഇദ്ദേഹം ഇസ്മായിലികളുടെയും പൊതുവില്‍ മുസ്ലിങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ പ്രധാനമായൊരു പങ്കുവഹിച്ചിട്ടുണ്ട്. 1906-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം നിവേദകസംഘം വൈസ്രോയി മിന്റോ പ്രഭുവിനെ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ ഭരണസംവിധാനം പരിഷ്കരിക്കുന്ന അവസരത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി 1909-ല്‍ മിന്റോ-മോര്‍ലി ഭരണപരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക സീറ്റുകള്‍ സംവരണം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ആഗാ ഖാന്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. അലിഗഡിലെ ആംഗ്ളോ-മുഹമ്മദന്‍ ഓറിയന്റല്‍ കോളജ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം പങ്കെടുത്തു.

ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ആത്മാര്‍ഥമായി സഹകരിക്കുവാന്‍ ആഗാ ഖാന്‍ തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനാ പരിഷ്കരണത്തിനായി ലണ്ടനില്‍ വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനത്തിലെ (1930-32) ചര്‍ച്ചകളില്‍ മുസ്ലിം വിഭാഗത്തിന്റെ നേതാവായി ഇദ്ദേഹം പങ്കെടുത്തു. 1932-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ കൂടിയ ലോക നിരായുധീകരണ സമ്മേളനത്തിലും 1934-37 കാലത്ത് ലീഗ് ഒഫ് നേഷന്‍സിലും ഇദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. രണ്ടാംലോക യുദ്ധകാലത്ത് സ്വിറ്റ്സര്‍ലണ്ടില്‍ താമസമുറപ്പിക്കുകയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയും ചെയ്തു.

ഇസ്മായിലി സമുദായത്തിന്റെ ആത്മീയവും ലൌകികവുമായ കാര്യങ്ങളില്‍ ആഗാ ഖാന്‍ അതീവശ്രദ്ധാലുവായിരുന്നു. സിറിയ, ഇറാന്‍, പാകിസ്താന്‍, ഇന്ത്യ, മ്യാന്‍മര്‍, മലയാ, ഈസ്റ്റ് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന സ്വന്തം അനുയായികളുമായി ഉറ്റബന്ധം സ്ഥാപിക്കുന്നതിന് ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അവരവര്‍ താമസിക്കുന്ന രാജ്യത്തോടു കൂറും അവിടത്തെ ആളുകളുടെ ആചാരങ്ങളോടും മതവിശ്വാസങ്ങളോടും ബഹുമാനവും പുലര്‍ത്താന്‍ ഇദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചു. പരസ്പരം യോജിച്ചും സഹായിച്ചും വ്യവസായവാണിജ്യസ്ഥാപനങ്ങള്‍ ആരംഭിക്കാനും സമുദായാംഗങ്ങളെ സഹായിക്കാനും അദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. 1898-ല്‍ ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു.

പന്തയക്കുതിരകളെ വളര്‍ത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും ആഗാ ഖാന്‍ വിശ്വവിഖ്യാതി സമ്പാദിക്കുകയും ഇംഗ്ളീഷ് ഡെര്‍ബിയില്‍ത്തന്നെ അഞ്ചു പ്രാവശ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം 1957 ജൂല. 11-ന് സ്വിറ്റ്സര്‍ലണ്ടിലെ വാഴ്സോയില്‍വച്ച് അന്തരിച്ചു. ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍ (India in Transition 1918), മെമ്വാര്‍സ് ഒഫ് ദി ആഗാഖാന്‍ (Memoirs of the Aga Khan 1954) തുടങ്ങിയവ ആഗാ ഖാന്‍ III-ന്റെ കൃതികളാണ്.

സ്വന്തം മകനായ അലിഖാന്‍ രാജകുമാരന്‍ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാന്‍ III തന്റെ പിന്‍ഗാമി (ആഗാ ഖാന്‍ IV) ആയി നാമനിര്‍ദേശം ചെയ്തു. ഷാ കരീം ജനീവയില്‍ 1936 ഡി.-ല്‍ ജാതനായി. സ്വിറ്റ്സര്‍ലണ്ടിലും ഹാര്‍വേര്‍ഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതല്‍ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളില്‍ സജീവമായ ശ്രദ്ധചെലുത്തി. 1957-ല്‍ അദ്ദേഹം ആഗാ ഖാന്‍ IV ആയി.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍