This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗമങ്ങള്‍

മന്ത്രം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകള്‍ എന്നിവയാല്‍ ഉദ്ബോധിതങ്ങളായ ധര്‍മങ്ങളെ അനുഷ്ഠിക്കുന്നതിനുള്ള വിധികള്‍ അടങ്ങുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍. ഇവ പൌരുഷേയ (മനുഷ്യകൃത)ങ്ങളാണ്; എങ്കിലും ആധികാരികതയില്‍ ഒട്ടും പിന്നിലല്ല എന്നത് 'നിഗമാഗമങ്ങള്‍' എന്ന ശൈലിയില്‍നിന്ന് അനുമാനിക്കാവുന്നതാണ്. നിഗമങ്ങള്‍ വേദങ്ങളാണല്ലോ. നിഗമങ്ങളിലും ആഗമങ്ങളിലും ഒരുപോലെ അവഗാഹമുള്ളവരാണ് ആചാര്യന്മാര്‍. ആര്‍ഷസംസ്കാരം നിഗമാഗമങ്ങളില്‍ അങ്കുരിച്ചു തഴച്ചുവളര്‍ന്നതാണ്. നിഗമങ്ങളും ആഗമങ്ങളും പരസ്പരപൂരകങ്ങളാകയാല്‍ ആഗമങ്ങളെ 'ശ്രുതിശാഖാവിശേഷം' എന്നുകൂടി വ്യവഹരിക്കാറുണ്ട്.

വേദത്തിലെ കര്‍മകാണ്ഡം അഗ്നിഹോത്രാദികര്‍മങ്ങളെയും ജ്ഞാനകാണ്ഡം അഥവാ വേദാന്തം, ജ്ഞാനം, ഉപാസന എന്നിവയെയും പ്രതിപാദിക്കുന്നു. ഇവയുടെ പ്രാപ്തിക്കുള്ള ഉപായങ്ങള്‍ ആഗമങ്ങളില്‍ നിര്‍ദിഷ്ടങ്ങളാണ്. 'ആഗച്ഛന്തി-ബുദ്ധിമാരോഹന്തി അഭ്യുദയനിശ്രേയസോപായ യസ്മാത്സ ആഗമഃ' എന്ന് ആഗമശബ്ദത്തിന്റെ വ്യുത്പത്തി നിര്‍ദേശിക്കുന്ന വാചസ്പതിമിശ്രന്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. നിശ്വാസതത്ത്വസംഹിതയെന്ന അതിപ്രാചീനമായ തത്ത്വശാസ്ത്രത്തില്‍ വേദാന്തം, സാംഖ്യം എന്നിവയുടെ പ്രധാനോപദേശങ്ങളുടെ സമ്പൂര്‍ത്തിയാണ് തന്ത്രശാസ്ത്രം എന്നു പറഞ്ഞുകാണുന്നു. വിവിധപുരാണങ്ങളില്‍ ആവിഷ്കരിച്ചിട്ടുള്ള സിദ്ധാന്തങ്ങളാണ് മിക്ക ആഗമങ്ങളിലും പ്രാധാന്യേന പ്രതിപാദിച്ചുകാണുന്നത്. പൂജാക്രമങ്ങള്‍, ദേവാലയനിര്‍മാണം മുതലായ കാര്യങ്ങളും ഇവയില്‍ പ്രതിപാദിച്ചിട്ടുണ്ട്. വാരാഹീതന്ത്രത്തില്‍ ആഗമങ്ങളുടെ ലക്ഷണം നിര്‍ദേശിച്ചിട്ടുണ്ട്. സൃഷ്ടി, പ്രളയം, ദേവതാര്‍ച്ചന, സര്‍വസാധനം, പുരശ്ചരണം, ഷട്കര്‍മങ്ങള്‍ (ശാന്തി, വശീകരണം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം), സാധന (യോഗം) എന്നിവ ഉള്‍ക്കൊള്ളുന്നവയത്രെ ആഗമങ്ങള്‍. ദേവതാകഥകളും ഇതിഹാസങ്ങളും ആചാരങ്ങളും മറ്റും ഇവയില്‍ സര്‍വസാധാരണമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ശുദ്ധവും അശുദ്ധവും ആയ വിചാരങ്ങളാല്‍ പ്രായേണ ദുഷിച്ച കലിയുഗജീവികളെ ഉദ്ധരിക്കുവാനായി ശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ആഗമങ്ങള്‍ എന്ന് മഹാനിര്‍വാണതന്ത്രത്തില്‍ കാണുന്നു. കലിയുഗത്തില്‍ ആഗമോക്ത പൂജാപദ്ധതി ഉപയോഗപ്രദവും ഗുണകരവും ആണെന്നു കരുതിപ്പോരുന്നു. ബൌദ്ധധര്‍മത്തിലെ വജ്രയാനശാഖയും ഈ പൂജാപദ്ധതിയുടെ പ്രയോജകമാര്‍ഗം അവലംബിച്ചിരിക്കുന്നതായി കാണുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങള്‍ വൈദികമെന്നും ആഗമികമെന്നും രണ്ടു വിഭാഗത്തില്‍പ്പെടുന്നു; വൈദികം വേദവിഹിതവും ആഗമികം ആഗമബോധിതവുമാണ്. വൈദികത്തെ ശ്രൌതമെന്നും ആഗമികത്തെ സ്മാര്‍ത്തമെന്നുംകൂടി പറയാവുന്നതാണ്. 'വന്നുചേര്‍ന്നത്' എന്നാണ് ആഗമപദത്തിന്റെ അര്‍ഥം. ഏതില്‍നിന്നു വന്നത് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. വൈദികവും ആഗമികവും ആയ ആരാധനാക്രമങ്ങളില്‍ സാരമായ വ്യത്യാസങ്ങള്‍ കാണുന്നു. ജപം, ഹോമം, തര്‍പ്പണം എന്ന് ആഗമപൂജ മൂന്നു വിധത്തിലുണ്ട്. ആഗമപൂജാവിധി യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നീ യോഗാംഗങ്ങളെ അവലംബിക്കുന്നു. ജപമാണ് പൂജയുടെ പ്രഥമരൂപം. സപരിവാരപൂജ പൂജയുടെ ബൃഹത്തായ രൂപമാണ്. ആഗമമന്ത്രങ്ങളെല്ലാം ബീജാക്ഷരയുക്തങ്ങളാണ്. ഹ്രീം, ക്ളീം മുതലായവയാണ് ബീജാക്ഷരങ്ങള്‍. കേരളം തന്ത്രപ്രസിദ്ധമാണ്. തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങള്‍ വിവിധ ദേവതകളുടെ തന്ത്രശാസ്ത്രപ്രകാരമുള്ള പൂജാവിധികളെ വിവരിക്കുന്നു. മഹാഭാഗവതത്തിലെ ഏകാദശസ്കന്ധത്തിലെ 27-ാം അധ്യായത്തിലും ദ്വാദശസ്കന്ധത്തിലെ 11-ാം അധ്യായത്തിലും താന്ത്രികമായ പൂജാപദ്ധതി സംക്ഷേപിച്ചു പറഞ്ഞുകാണുന്നു. അതിന്റെ പ്രപഞ്ചനമാണ് ആഗമങ്ങളില്‍ കാണുന്നത്.

ആഗമവിഭാഗം. ആഗമങ്ങളെ വൈദികങ്ങളെന്നും അവൈദികങ്ങളെന്നും രണ്ടായി തരം തിരിക്കാം. വേദത്തിന്റെ പ്രാമാണ്യം അംഗീകരിക്കുന്നവ വൈദികങ്ങളാണ്; വേദത്തിന്റെ പ്രാമാണ്യം അംഗീകരിക്കാത്ത ബൌദ്ധന്‍മാരുടെയും ജൈനന്മാരുടെയും ആഗമങ്ങള്‍ അവൈദികങ്ങളത്രെ.

വൈദികാഗമങ്ങള്‍. വൈദികധര്‍മങ്ങളില്‍ ഉപാസ്യരായ ദേവന്‍മാര്‍ വിഭിന്നരാകയാല്‍ ആഗമങ്ങള്‍ക്കും ഭേദം കാണുന്നു. ശൈവം, വൈഷ്ണവം, ശാക്തം, സൌരം, ഗാണപത്യം എന്നീ ആഗമങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഈ അഞ്ചു വിഭാഗത്തില്‍പ്പെട്ടവരെ പഞ്ചോപാസകന്മാര്‍ എന്നു പറഞ്ഞുവരുന്നു. പുരാണങ്ങളെ സാത്വികങ്ങള്‍, രാജസങ്ങള്‍, താമസങ്ങള്‍ എന്നു തരംതിരിച്ചിട്ടുള്ളതുപോലെ ആഗമങ്ങളെയും വിഭജിക്കാം. വൈഷ്ണവങ്ങള്‍ സാത്വികാഗമങ്ങളും ശാക്തങ്ങള്‍ രാജസാഗമങ്ങളും ശൈവങ്ങള്‍ താമസാഗമങ്ങളും ആണ്. ദ്വൈതം, അദ്വൈതം, ദ്വൈതാദ്വൈതം, വിശിഷ്ടാദ്വൈതം, എന്നീ പ്രമുഖങ്ങളായ ദാര്‍ശനികസിദ്ധാന്തങ്ങളെ അവലംബിക്കുന്നവ എന്ന നിലയിലും ആഗമങ്ങള്‍ വര്‍ഗീകരിക്കപ്പെടാറുണ്ട്.

വൈഷ്ണവാഗമങ്ങള്‍. വിഷ്ണുവിനെ പരമോപാസ്യനായി ഗണിക്കുന്നവരാണ് വൈഷ്ണവന്‍മാര്‍. അവര്‍ പഞ്ചരാത്രാഗമങ്ങളെ അംഗീകരിക്കുന്നു. 'സദാഗമൈകവേദ്യ'മാണ് പരമാത്മതത്ത്വമെന്നും അദ്ദേഹം ഉദ്ഘോഷിക്കുന്നു. കീര്‍ത്തനാദിരൂപങ്ങളായ ഭക്തിവിശേഷങ്ങളും മുദ്രാധാരണക്രമവും അതിന്റെ മാഹാത്മ്യവും മറ്റും വൈഷ്ണവാഗമങ്ങളില്‍ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വിഷ്ണു ഭാഗവത-നാരദീയ-ഗാരുഡാദി പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ക്കു പുറമേ പൂജാക്രമങ്ങളും വൈഷ്ണവര്‍ക്ക് അനുഷ്ഠേയങ്ങളായ ആചാര വിശേഷങ്ങളും ഈ ആഗമങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈഖാനസാഗമവും വൈഷ്ണവാഗമങ്ങളില്‍ പ്രധാനമാണ്.

ശൈവാഗമങ്ങള്‍. ശിവനെ പരമോപാസ്യനായി അംഗീകരിക്കുന്നവരാണ് ശൈവന്‍മാര്‍. ശൈവസിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്ന ശൈവാഗമങ്ങള്‍ 28-ഉം ഉപാഗമങ്ങള്‍ 108-ഉം ആണെന്നു പറയപ്പെടുന്നു. വായു, ലിംഗം, കൂര്‍മം, സ്കാന്ദം മുതലായ പുരാണങ്ങളും ശൈവങ്ങളാണ്. വിജയ-നിശ്വാസ-സ്വായംഭൂവ- വാതുല - വീരഭദ്ര - രൌരവ - മാകൂട - വീരേശ - ചന്ദ്രഹാസ - ജ്ഞാന - മുഖബിംബ - പ്രോദ്ഗീത - ലളിത - സിദ്ധ - സന്താന - സര്‍വോദ്ഗീത - കിരണ - പാരമേശ്വരതന്ത്രങ്ങളും നിശ്വാസതന്ത്രത്തില്‍ നിര്‍ദേശിച്ചിട്ടുള്ള കാമിക - യോഗദ - ദിവ്യകരണ - അജിത - ദീപ്ത - സൂക്ഷ്മസഹസ്ര - അഷ്ട - അംശുഭേദാഗമങ്ങളും ശൈവാഗമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇവയില്‍ നിശ്വാസകിരണപാരമേശ്വരതന്ത്രങ്ങള്‍ നേപ്പാളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണറിയുന്നത്. ശൈവാഗമങ്ങള്‍ ക്രിയാപ്രധാനങ്ങളാണ്. ഹോമം, അഭിഷേകം, ദീക്ഷ, യജ്ഞപ്രകരണം തുടങ്ങിയ വൈദികാചാരങ്ങളും ഇവയില്‍ വിവരിച്ചിട്ടുണ്ട്. ദീക്ഷ കൂടാതെ ഗ്രന്ഥത്തില്‍നിന്ന് മന്ത്രാദികള്‍ ഗ്രഹിക്കുന്നതുകൊണ്ട് പ്രയോജനം സിദ്ധിക്കുന്നതല്ലെന്നു പ്രസ്താവിക്കുന്നു. പതി, പശു, പാശം എന്നു മൂന്നു തത്ത്വങ്ങളാണ് പാശുപതന്മാര്‍ അംഗീകരിച്ചിട്ടുള്ളത്. പതി ശിവനും, പശു ക്ഷേത്രജ്ഞന്‍ എന്ന് വ്യവഹരിക്കുന്ന ജീവാത്മാവും, പാശം, മലം, കര്‍മം, മായ, രോധശക്തി എന്നിവയുമത്രെ.

ശാക്താഗമങ്ങള്‍. ശക്തിയെ പരമോപാസ്യദേവതയായി കരുതുന്നവരാണ് ശാക്തന്‍മാര്‍. ശാക്താഗമങ്ങള്‍ 77 ആണെന്നു പറയപ്പെടുന്നു. അവ പുരാണങ്ങളുടെ സ്ഥാനമാണ് വഹിക്കുന്നത്. പല ആഗമങ്ങളും ഉപപുരാണങ്ങളായും ഗണിക്കപ്പെടുന്നുണ്ട്.

അവൈദികാഗമങ്ങള്‍. ബൗദ്ധാഗമങ്ങളിലും ആരാധനാക്രമം പ്രതിപാദിച്ചുകാണുന്നു. ആദിബുദ്ധന്‍, പ്രജ്ഞാപാരമിതന്‍, താര, ആര്യതാര മുതലായ ദേവതകളുടെ ഉപാസനാക്രമങ്ങള്‍ അവയില്‍ വിവരിച്ചിട്ടുണ്ട്. വജ്രയാന പ്രസ്ഥാനം ഈ ആഗമങ്ങളെ അവലംബിച്ചുകൊണ്ടുള്ളതാണ്.

ജൈനസാഹിത്യം, ആഗമം, ആഗമേതരം എന്നു രണ്ടു വിധത്തിലുണ്ട്. ജ്ഞാനി, മതപര്യവജ്ഞാനി, അവധിജ്ഞാനി, ചതുര്‍ദശപൂര്‍വധാരകന്‍, ദശപൂര്‍വധാരകന്‍ എന്നിവര്‍ ആഗമാചാര്യന്മാരാണ്. ഇവരുടെ ഉപദേശങ്ങളാണ് ആഗമങ്ങളായി ഗണിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ മുനിമാരുടെ ചര്യകളുടെ സ്വരൂപം നിര്‍ദേശിച്ചിരുന്നത് ആഗമമുനിമാരായിരുന്നു. ആഗമമുനിമാരുടെ അഭാവത്തില്‍ അവര്‍ വിരചിച്ച ആഗമങ്ങള്‍ സാധനയുടെ അടിസ്ഥാനമായിത്തീര്‍ന്നു. അംഗപ്രവിഷ്ടം, അംഗബാഹ്യം എന്നു രണ്ടു വിഭാഗത്തില്‍പ്പെട്ടതാണ് ആഗമസാഹിത്യം. ആര്യരക്ഷിതന്റെ കാലം വരെ ആഗമങ്ങളെ വര്‍ഗീകരിച്ചിരുന്നില്ല. ആര്യരക്ഷകനാകട്ടെ, ശിഷ്യന്മാരുടെ ഗ്രഹണസൌകര്യത്തെ ലക്ഷ്യമാക്കി ആഗമങ്ങളെ വര്‍ഗീകരിച്ചു. ചരണകരണാനുയോഗം, ദ്രവ്യാനുയോഗം, ഗണിതാനുയോഗം, ധര്‍മകഥാനുയോഗം എന്നതാണ് ആ വര്‍ഗീകരണം. ചരണകരണാനുയോഗം ആചാരവിഷയകമാണ്. ദ്രവ്യാനുയോഗത്തില്‍ ദ്രവ്യമീമാംസയും തത്ത്വചിന്തയുമാണ് വിവരിച്ചുകാണുന്നത്. ഗണിതാനുയോഗത്തിന്റെ പ്രതിപാദ്യം ജ്യോതിഷമാണ്. ധര്‍മകഥാനുയോഗത്തില്‍ കഥാസാഹിത്യവും സാങ്കല്പികങ്ങളും യഥാര്‍ഥങ്ങളും ആയ സംഭവങ്ങളുടെ വിവരണങ്ങളും മററും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയരുടെ ആധ്യാത്മികജീവിതത്തിന്റെ വിവിധഭാവങ്ങള്‍ ജൈനാഗമങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ഈ ആഗമങ്ങള്‍ക്കു വിസ്തൃതമായ വ്യാഖ്യാനങ്ങളും കാണുന്നുണ്ട്. ഇവയില്‍ മഹാവീരന്റെ പ്രമുഖങ്ങളായ പതിനാലു സിദ്ധാന്തങ്ങളുടെ വിവരണവും അടങ്ങിയിട്ടുണ്ട്. കേശോല്ലുഞ്ഛനം, അഹിംസ എന്നീ കാര്യങ്ങളില്‍ നിഷ്ഠയുള്ള ശ്വേതാംബരജൈനന്മാരാണ് ഈ സിദ്ധാന്തങ്ങളെ പൂര്‍ണമായും പിന്തുടരുന്നത്.

യാമളതന്ത്രത്തില്‍ ജ്ഞാതങ്ങളും അജ്ഞാതങ്ങളും ആയ നിരവധി ആഗമങ്ങളെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നു. കാലപ്രവാഹത്തില്‍ അവയില്‍ പലതും നഷ്ടപ്പെട്ടിരിക്കുകയാണ്.

ആഗമങ്ങളുടെ കാലം. ആഗമങ്ങളുടെ കാലത്തെ സംബന്ധിച്ചു വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ചില ആഗമങ്ങള്‍ ശങ്കരാചാര്യരുടെ കാലത്ത് ഉണ്ടായതായി കാണുന്നു. കുശാനന്‍മാരുടെയും ഗുപ്തരാജാക്കന്‍മാരുടെയും കാലത്ത് ആഗമങ്ങള്‍ ഉണ്ടായിരുന്നതായി ചില രേഖകളില്‍നിന്ന് വ്യക്തമാകുന്നു. ഭാഷാരീതി വച്ചു നോക്കുമ്പോള്‍ ചില ആഗമങ്ങള്‍ അതിപ്രാചീനങ്ങളും ചിലത് അര്‍വാചീനങ്ങളും ആണെന്നു പറയാം. വേദകാലത്തിനും ശങ്കരന്റെ ജീവിതകാലത്തിനും മധ്യേയാണ് ആഗമങ്ങളുടെ ആവിര്‍ഭാവം എന്നു കരുതുന്നതായിരിക്കും കൂടുതല്‍ യുക്തിയുക്തം.

(ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍