This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഖ്യായിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഖ്യായിക

ഗദ്യരൂപത്തില്‍ നിബന്ധിച്ചിട്ടുള്ള നീണ്ടകഥ. ആഖ്യാനം ചെയ്യപ്പെടുന്നത്, അതായത് പ്രതിപാദിക്കപ്പെടുന്നത്, എന്നാണ് ആഖ്യായിക എന്ന പദത്തിനു വിവക്ഷ. അമരകോശത്തില്‍ 'ആഖ്യായികാ ഉപലബ്ധാര്‍ഥാ' എന്നും 'പ്രബന്ധ കല്പനാകഥാ' എന്നും കാണുന്നു. മുന്‍കാലത്തെ വൃത്താന്തങ്ങളെ തേടിപ്പിടിച്ച് യഥാക്രമം പ്രതിപാദിക്കുക എന്നതാണ് ആഖ്യായികയുടെ സ്വഭാവം എന്നും, സാങ്കല്പിക വൃത്താന്തങ്ങളെ നിബന്ധിക്കുകയാണ് കഥ എന്നും ഇതില്‍നിന്നും മനസ്സിലാകുന്നു.

ബാണഭട്ടന്റെ സംസ്കൃത ഗദ്യകാവ്യമായ ഹര്‍ഷചരിതത്തെ മാതൃകയാക്കി ആഖ്യായികയെപ്പറ്റി സാഹിത്യദര്‍പ്പണത്തില്‍ പ്രസ്താവിക്കുന്നതനുസരിച്ച് ആഖ്യായിക കഥപോലെതന്നെയാണെന്നും കഥാശരീരം ആശ്വാസ (അധ്യായ)ങ്ങളായി വിഭജിക്കപ്പെട്ടിരിക്കുമെന്നും, ഇടയ്ക്കു പദ്യങ്ങള്‍ ഉണ്ടാകുമെന്നും, ആശ്വാസങ്ങളുടെ തുടക്കത്തില്‍ ആര്യാ, വക്ത്രാ, അപവക്ത്രാ എന്നീ മാത്രാവൃത്തങ്ങളില്‍ ഒന്നില്‍ നിബന്ധിച്ച പദ്യംകൊണ്ട് ഭാവ്യര്‍ഥസൂചനമുണ്ടാകുമെന്നും സിദ്ധിക്കുന്നു. ആഖ്യായിക നടന്ന വൃത്താന്തങ്ങളുടെ കഥനമാകയാല്‍ കഥയെപ്പോലെ (ഉദാ. കാദംബരി) കവികല്പിതമല്ല. ആഖ്യായികയില്‍ നായകന്‍തന്നെ സ്വന്തം വൃത്താന്തങ്ങള്‍ വിസ്തരിക്കണമെന്ന നിയമം സാഹിത്യദര്‍പ്പണകാരന്റെ മതത്തില്‍ ഇല്ല എന്നു വിചാരിക്കാം.

എന്നാല്‍ സാഹിത്യദര്‍പ്പണകാരനെക്കാള്‍ പ്രാചീനനായ ഭാമഹന്‍ എന്ന ആലങ്കാരികന്‍ തന്റെ കാവ്യാലങ്കാരത്തില്‍ ആഖ്യായികയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതനുസരിച്ച് നായകന്‍ സ്വയം കഥ ആഖ്യാനം ചെയ്യുന്ന രൂപത്തിലുള്ളതും ഉച്ഛ്വാസ (അധ്യായ)ങ്ങളായി വിഭജിക്കപ്പെട്ടതും ഉദാത്തമായ അര്‍ഥവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഗദ്യത്തില്‍ നിബന്ധിച്ചിട്ടുള്ളതും ആയ ശ്രവ്യകാവ്യമാണ് ആഖ്യായിക. ഭാമഹമതപ്രകാരം നായകന്‍ സ്വയം ആഖ്യാനം ചെയ്യാത്തതും ഉച്ഛ്വാസങ്ങളായി വിഭജിക്കാത്തതും വക്ത്രാ, അപവക്ത്രാ എന്നീ വൃത്തങ്ങളില്‍ കഥാസൂചകങ്ങളായ പദ്യങ്ങള്‍ ഇടയ്ക്കിടെയുള്ളതുമായ ഗദ്യകാവ്യമാണ് കഥ. നായകന്‍ സ്വയം പ്രതിപാദിക്കുക എന്നതും ഉച്ഛ്വാസങ്ങളായി ആഖ്യാനം വിഭജിക്കപ്പെടുക എന്നതുമാണ് ആഖ്യായികയെ കഥയില്‍നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രധാനസാങ്കേതികതകളെന്നു വ്യക്തമാണ്. എന്നാല്‍ ഗദ്യകാവ്യങ്ങളെ ഇപ്രകാരം ആഖ്യായിക എന്നും കഥയെന്നും വിഭജിക്കുന്നതില്‍ പ്രസക്തിയില്ല എന്ന പക്ഷക്കാരനാണ് ഭാമഹനുശേഷമുള്ള ദണ്ഡി. 'പാദങ്ങളായി മുറിച്ചിട്ടില്ലാത്ത ഗദ്യത്തില്‍' വിരചിതമായ ഗദ്യകാവ്യത്തെ ആഖ്യായിക എന്നും കഥയെന്നും പറയാം എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഭാമഹന്‍, ദണ്ഡി എന്നീ ആചാര്യന്‍മാരുടെ മുന്നില്‍ ഗദ്യകാവ്യങ്ങളുടെ മാതൃകകളായി ഉണ്ടായിരുന്നത് ഹര്‍ഷചരിതം, കാദംബരി, വാസവദത്ത എന്നീ മൂന്നു ഗ്രന്ഥങ്ങളാണ്; പഞ്ചതന്ത്രത്തെയും ഉള്‍പ്പെടുത്തിയാല്‍ നാലായി. ഇവ നാലും ദണ്ഡിയുടെ പക്ഷത്തില്‍ ആഖ്യായികകളാണ്, അല്ലെങ്കില്‍ കഥകളാണ്. എന്നാല്‍ കഥാവസ്തു സത്യമോ കല്പിതമോ എന്നതനുസരിച്ച്നോക്കുന്നതായാല്‍ ഹര്‍ഷചരിതം ആഖ്യായികയും കാദംബരി, വാസവദത്ത (സുബന്ധുവിരചിതം) എന്നിവ കഥകളുമാണ്. പഞ്ചതന്ത്രം കഥാവിഭാഗത്തില്‍പ്പെടുന്നു. സംസ്കൃതാലങ്കാരികന്‍മാര്‍ക്കിടയില്‍ത്തന്നെ ആഖ്യായികയ്ക്കും കഥയ്ക്കും തമ്മില്‍ അന്തരം ഉണ്ടെന്നും ഇല്ലെന്നുമുള്ള അഭിപ്രായം നിലവിലിരുന്നു. അതുമൂലമായിരിക്കാം, പഞ്ചതന്ത്രം ഒരിടത്ത് തന്ത്രാഖ്യായിക എന്നു നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

മലയാളത്തില്‍ നോവല്‍ എന്ന ഇംഗ്ളീഷ് പദം പ്രചാരത്തില്‍ വരുന്നതിനുമുന്‍പ് നീണ്ടകഥകള്‍ക്ക് ആഖ്യായിക എന്നു പറഞ്ഞുവന്നു. എന്നാല്‍, പിന്നീട് ചരിത്രം അടിസ്ഥാനമാക്കി നിബന്ധിക്കുന്ന കഥകള്‍ക്ക് ആഖ്യായിക എന്നും സമകാലികസമുദായ ചിത്രണമുള്ള കഥകള്‍ക്ക് നോവല്‍ എന്നും പ്രത്യേക സംജ്ഞകള്‍ ഉപയോഗിച്ചുതുടങ്ങി. 'ഈ വ്യതിരേകം വസ്തുവിന്റെ സൂക്ഷ്മത്തെ സ്പര്‍ശിക്കുന്നില്ല' എന്നു പറഞ്ഞുകൊണ്ട് എം.പി. പോള്‍ ഈ പ്രത്യേക നാമകരണത്തെ അദ്ദേഹത്തിന്റെ നോവല്‍സാഹിത്യത്തില്‍ നിരാകരിക്കുന്നുണ്ടുതാനും. സങ്കല്പപ്രധാനമായ ഗദ്യകഥകള്‍ക്കും ആഖ്യായിക എന്നു പറയാമെന്നു ചുരുക്കം ചിലരെങ്കിലും കരുതുന്നുണ്ട്. അവയില്‍ ദേശകാലകൃതമായ പശ്ചാത്തലമോ, കാര്യകാരണബന്ധമോ ഉണ്ടായിരിക്കണമെന്നില്ല. അങ്ങനെ നോക്കുമ്പോള്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലത ആഖ്യായികയാകുന്നു, മലയാളത്തിലെ ആദ്യനോവല്‍ ചന്തുമേനോന്റെ ഇന്ദുലേഖയും. ഇങ്ങനെയൊക്കെയാണെങ്കിലും ആഖ്യായിക എന്ന പദത്തിന് ഇന്നത്തെ സാഹിത്യലോകത്തില്‍ പ്രചാരം ലുപ്തമായിരിക്കുന്നു എന്നതാണ് വസ്തുത. 'നോവല്‍' എന്ന സംജ്ഞ നീണ്ടകഥകളുടെ മിക്ക മേഖലകളും പിടിച്ചടക്കിയിരിക്കുന്നു.

(എം.കെ. സാനു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍