This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഖ്യാനചിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഖ്യാനചിത്രം

ഒരു കഥയുടെയോ സംഭവത്തിന്റെയോ വിവിധഘട്ടങ്ങളെ അനുക്രമമായി ചിത്രീകരിക്കുന്ന ചിത്രപരമ്പര. ഒരു കഥയിലെ പല സംഭവങ്ങള്‍ ഒരു ചിത്രത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്ന ആഖ്യാനചിത്രങ്ങളും ഉണ്ട്.

ആഖ്യാനപ്രധാനമായ ശില്പങ്ങളും ചിത്രങ്ങളും കലാചരിത്രത്തില്‍ പ്രമുഖസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രാചീന റോമന്‍ ചിത്രകാരന്‍മാരാണ് ഈ ചിത്രരചനാ ശൈലിക്ക് യൂറോപ്പില്‍ മാതൃക കാട്ടിയതെന്നതിന്റെ തെളിവാണ് ട്രോജന്‍ സ്തൂപത്തില്‍ കാണപ്പെടുന്ന സമരകഥാഖ്യാനചിത്രങ്ങള്‍. എ.ഡി. രണ്ടാം ശ.-ത്തിലേതെന്നു കരുതപ്പെടുന്ന ഈ സ്തൂപം, ഇന്നും റോമിന്റെ കലാപാരമ്പര്യത്തെ ഉദ്ഘോഷിച്ചുകൊണ്ട് നിലക്കൊള്ളുന്നു. ഗിയോട്ടോ (1266-1337) മുതല്‍ പ്രശസ്തരായ ഇറ്റാലിയന്‍ ചിത്രകാരന്‍മാരില്‍ പലരും ദേവാലയഭിത്തികളിലും മച്ചുകളിലും ആഖ്യാനചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. വത്തിക്കാനിലെ സിസ്റ്റൈന്‍ ദേവാലയത്തില്‍ ലോകോത്പത്തി സംബന്ധിച്ച ബൈബിള്‍ പരാമര്‍ശത്തെ ആധാരമാക്കി മൈക്കല്‍ ആഞ്ജലോ (1475-1564) രചിച്ച ഫ്രെസ്കോകള്‍ ലോകപ്രശസ്തങ്ങളാണ്. പല ദേവാലയങ്ങളിലെയും അള്‍ത്താരകളുടെ പശ്ചാത്തലം ആഖ്യാനചിത്രങ്ങളാല്‍ അലങ്കൃതമാണ്.

ട്രോജന്‍ സ് തൂപത്തിലെ ആഖ്യാനശില് പം

പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഇതിവൃത്തങ്ങളാണ് ആഖ്യാനചിത്രരചനയ്ക്കു സ്വീകരിക്കാറുള്ളത്. എന്നാല്‍ ബ്രിട്ടീഷ് ചിത്രകാരനായ വില്യം ഹോഗാര്‍ത്ത് (1697-1764) സ്വകപോലകല്പിതമായ കഥകളെ വികാരോഷ്മളമായ നാടകീയരംഗങ്ങളാക്കിത്തിരിച്ച് ആറോ എട്ടോ ചിത്രങ്ങള്‍ കൊണ്ട് കഥ പൂര്‍ത്തിയാകത്തക്കവണ്ണം ആഖ്യാനചിത്രപരമ്പരകള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ 'പരിഷ്കൃത വിവാഹം' (Marriage a 'la mode) എന്ന ആറു ചിത്രങ്ങള്‍ അടങ്ങുന്ന പരമ്പര സുപ്രസിദ്ധമാണ്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കിക്കൊണ്ട് പരിഹാസദ്യോതകമായി ഇദ്ദേഹം രചിച്ചിട്ടുള്ള ഈ എണ്ണച്ചായചിത്രങ്ങള്‍ ഇംഗ്ളണ്ടിലെ നാഷണല്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ചില ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ആഖ്യാനസ്വഭാവമുള്ള കാര്‍ട്ടൂണ്‍ ചിത്രങ്ങളും രേഖാചിത്രങ്ങളും ചിത്രകഥനങ്ങളും ഉള്‍ക്കൊള്ളിക്കാറുണ്ട്. ഒരുപ്രകാരത്തില്‍ നോക്കിയാല്‍ ആഖ്യാനചിത്രങ്ങളുടെ കൂട്ടത്തില്‍ ഇവയെയും ഉള്‍പ്പെടുത്താവുന്നതാണ്.

ആഖ്യാനസ്വഭാവം ഒരു പരിധിവരെ കല്പിക്കാവുന്ന ഴാങര്‍ (genre) ചിത്രരചനാസങ്കേതവുമായി ആഖ്യാനചിത്രങ്ങള്‍ക്കു ബന്ധമുണ്ടെന്നു തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ആഖ്യാനചിത്രരചനാ സമ്പ്രദായം തികച്ചും സ്വതന്ത്രമായ ഒന്നാണ്. ഴാങര്‍ ചിത്രരചനാസങ്കേതത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ടതോ അതുമായി ബന്ധപ്പെട്ടുനില്ക്കുന്നതോ ആയ ഒരു സമ്പ്രദായമല്ല ഇത്. ഴാങര്‍ ചിത്രങ്ങളില്‍ സാധാരണ ഉള്‍ക്കൊള്ളിക്കാറില്ലാത്ത സാഹിത്യാംശം ആഖ്യാനചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ്.

പൗരസ്ത്യദേശങ്ങളില്‍, പ്രത്യേകിച്ചും ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ പ്രാചീനകാലം മുതലേ പുരാണകഥകള്‍ ചിത്രരചനയ്ക്കും കൊത്തുപണികള്‍ക്കും വിഷയമായിട്ടുണ്ട്. ഒരു ഇതിവൃത്തത്തിലെ പ്രധാനസംഭവങ്ങളോ രംഗങ്ങളോ അനുക്രമം ചിത്രീകരിക്കുന്ന പതിവ് ഈ രണ്ടു മാധ്യമങ്ങളിലും ഇവിടെ നിലനിന്നുവന്നു. ദശാവതാരം. കൃഷ്ണലീല, രാമായണകഥകള്‍ തുടങ്ങി ഹൈന്ദവവും, ബുദ്ധചരിതം, ജാതകകഥകള്‍ തുടങ്ങി ബൌദ്ധവുമായ ഇതിവൃത്തങ്ങളാണ് ഇത്തരം ആഖ്യാനചിത്രപരമ്പരകള്‍ക്ക് ഏറിയകൂറും വിഷയമായിട്ടുള്ളത്. വര്‍ണശബളിമയാര്‍ന്ന ചിത്രങ്ങളിലെന്നപോലെ സജീവചൈതന്യം പൊഴിച്ചു നില്ക്കുന്ന പ്രതിമാശില്പങ്ങളുടെ സംഘാതങ്ങളിലും ഈ ആഖ്യാനസ്വഭാവം സ്വാധീനം ചെലുത്തുകയും ഉത്തുംഗങ്ങളായ ക്ഷേത്രഗോപുരങ്ങളിലും വിശാലങ്ങളായ ചൈത്യശാലകളിലും മാത്രമല്ല, ഗുഹാക്ഷേത്രങ്ങളുടെയും വിഹാരങ്ങളുടെയും ചുമരുകളിലും മുഖപ്പുകളിലും എല്ലാം ഇവ സ്ഥാനം പിടിക്കുകയും ചെയ്തു. അജന്ത, എല്ലോറ, എലിഫാന്റാ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങളിലും ഭൂഗര്‍ഭചൈത്യങ്ങളിലും കൊണാരക്ക്, ഖജൂരാഹോ, മഹാബലിപുരം എന്നിവിടങ്ങളിലെ ക്ഷേത്രപാര്‍ശ്വങ്ങളിലും വൈവിധ്യമാര്‍ന്ന ശില്പചിത്രരചനാശൈലികളില്‍ സ്വയം വിശദീകരണക്ഷമങ്ങളായ ആഖ്യാനാലേഖ്യ ശില്പപരമ്പരകള്‍ സമൃദ്ധമായി കണ്ടെത്താവുന്നതാണ്.

കേരളത്തില്‍ വളരെ പ്രാചീനകാലം മുതലേ ആഖ്യാനപരമായ ചിത്രരചനാസമ്പ്രദായം നിലവിലുണ്ടായിരുന്നു. വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ മഹാക്ഷേത്രങ്ങളുടെ ചുവരുകളില്‍ രാമായണ ഭാഗവതാദികഥകളുടെ വര്‍ണശബളിമയാര്‍ന്ന ചിത്രാവിഷ്കരണങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ഇതര ശില്പങ്ങളും സുലഭമായി കാണാവുന്നതാണ്. മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണകഥാചിത്രണം 16-17 ശ.-ങ്ങളിലെ അത്യുദാത്തമായ ചുവര്‍ചിത്രകലയുടെ നിറം മങ്ങാത്ത നിദര്‍ശനങ്ങളായി ഇന്നും നിലക്കൊള്ളുന്നു. അതുപോലെ തന്നെ ചേപ്പാട്ടു പള്ളിയുടെ മദ്ബഹായില്‍ അള്‍ത്താരയ്ക്കു പിന്നിലുള്ള പാനല്‍ ചിത്രങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്. അവയുടെ ശൈലി മധ്യകാല ബൈസാന്തിയന്‍ കലയുടെ അതിപ്രസരമുള്ളതാണെന്നുമാത്രം. ചൈനയിലെ യാങ്ട്സി നദിയുടെ ഉദ്ഭവം മുതല്‍ പതനം വരെയുള്ള സ്ഥിതിവിശേഷങ്ങള്‍ ചിത്രീകരിക്കുന്ന പ്രാചീനചുരുള്‍ ചിത്രങ്ങളോട് തുല്യതവഹിക്കുന്ന ഒരു ചിത്രണസമ്പ്രദായം കേരളത്തില്‍ നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. രാമായണഭാഗവതാദിപുരാണേതിഹാസങ്ങളിലെ കഥാതന്തു ചിത്രപരമ്പരകളിലൂടെ ആവിഷ്കരിച്ചിട്ടുള്ള താളിയോലഗ്രന്ഥങ്ങള്‍ കേരളത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയും ആഖ്യാനചിത്രങ്ങളില്‍പ്പെടുന്നവയാണ്. നോ: അജന്ത; എലിഫന്റാ; എല്ലോറ; ഖജൂരാഹോ; മഹാബലിപുരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍