This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഖുകര്‍ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഖുകര്‍ണി

കണ്‍വോള്‍വുലേസീ (Convolvulaceae) കുടുംബത്തില്‍പ്പെട്ട ഔഷധസസ്യം. എലിച്ചെവി, മൂഷികകര്‍ണി എന്നീ പേരുകളുമുണ്ട്. ശ.നാ. മെറീമിയ എമര്‍ജിനേറ്റ (Merremia emerginata). ഐപ്പോമിയ റെനിഫോര്‍മിസ് (Ipomoea reniformis), ഐപ്പോമിയ സിംബലേറിയ (I.cymbalaria), കണ്‍വോള്‍വുലസ് റെനിഫോര്‍മിസ് (Convolvulus reniformis), കണ്‍വോള്‍വുലസ് ഗാന്‍ജെറ്റിക്കസ് (C.gangeticus), ഇവോള്‍വുലസ് എമാര്‍ജിനേറ്റസ് (Evolvulus emarginatus), ഇവോള്‍വുലസ് ഗാന്‍ജെറ്റിക്കസ് (E.gangeticus) എന്നീ ശാസ്ത്രനാമങ്ങളിലുള്ള സസ്യങ്ങളും ജലസസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാല്‍വീനിയ (Salvinia) ജീനസ്സിലെ ഒരു സ്പീഷീസും ആഖുകര്‍ണിയായി അറിയപ്പെടുന്നു.

A.ആഖുകര്‍ണി ചെടി B. തണ്ടിന്റെ ഒരു ഭാഗം

ആയുര്‍വേദചികിത്സയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ ഇലയ്ക്ക് എലിയുടെ ചെവിയുമായുളള സാദൃശ്യം മൂലമാണ് 'എലിച്ചെവി' എന്നു വിളിക്കപ്പെടുന്നത്. ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണിത്. സമനിരപ്പുള്ള ഭൂമി മുതല്‍ 100 മീ. ഉയരമുള്ള കുന്നുകള്‍ക്കു മുകളില്‍വരെ ഇവ കാണപ്പെടുന്നു. ഈര്‍പ്പമുള്ള മണ്ണിലോ ചതുപ്പുസ്ഥലങ്ങളിലോ ആണ് ഇത് സമൃദ്ധിയായി വളരുന്നത്. നിരവധി ശാഖകളോടുകൂടി തറയോടുചേര്‍ന്നു പടര്‍ന്നു വളരുന്ന ഒരു അരോമില (glabrous) സസ്യമാണ് ആഖുകര്‍ണി. ശാഖകളുടെ സന്ധികളില്‍നിന്നും വേരുകള്‍ വളര്‍ന്നിറങ്ങാറുണ്ട്. നീണ്ട എലിച്ചെവിപോലെ തോന്നിക്കുന്ന ഇലകള്‍ സരളങ്ങളാണ്. ഏകാന്തരവിന്യാസക്രമത്തിലാണ് ഇവ തണ്ടില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അനനുപര്‍ണി (exstipulate)കളായ ഇലകള്‍ക്ക് നീണ്ട വൃന്ത(stalk)ങ്ങളാണുള്ളത്. പര്‍ണവൃന്തങ്ങള്‍ (petiol) ചിലപ്പോള്‍ ഇലകളെക്കാള്‍ നീളം കൂടിയതായിരിക്കും.

ശൈത്യകാലത്തിന്റെ ആരംഭത്തോടെ പുഷ്പിക്കാന്‍ തുടങ്ങും. പുഷ്പങ്ങള്‍ വളരെ ചെറുതാണ്. കടും മഞ്ഞനിറത്തിലുള്ള ആഖുകര്‍ണി പുഷ്പങ്ങള്‍ പ്രഭാതത്തോടെ വിരിയുകയും വൈകുന്നേരമാകുമ്പോഴേക്കും കൂമ്പുകയും ചെയ്യും. പുഷ്പത്തിന് അഞ്ചുദളങ്ങളുണ്ട്. തന്തുരൂപത്തിലുള്ള അഞ്ചു കേസരങ്ങള്‍ കാണപ്പെടുന്നു. അണ്ഡാശയത്തിന് രണ്ടോ നാലോ കോഷ്ടക (loculas)ങ്ങള്‍ ഉണ്ട്. ഇവയില്‍ നാല് ബീജാണ്ഡ(ovule)ങ്ങളും കാണപ്പെടും. ചെറിയ പയര്‍മണിയുടെ വലുപ്പമുള്ള ഉരുണ്ട കായ്കളാണുള്ളത്. രണ്ടോ നാലോ വിത്തുകളും കാണാം.

'ആഖുകര്‍ണി കടുസ്തിക്താ കഷായാ ശീതളാ ലഘുഃ

വിപാകേ കടുകാ മൂത്രകഫാമയകൃമിപ്രണുത്'

എന്നാണ് ഭാവപ്രകാശത്തില്‍ ആഖുകര്‍ണിയുടെ ഔഷധവീര്യത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. രൂക്ഷഗുണവും കഷായ (ചവര്‍പ്പ്) രസവും ശീതവീര്യവുമുള്ളതാണിത്. മൂത്രസംബന്ധിയായ രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്; കഫദോഷത്തിനും വിരശല്യത്തിനും ശമനകാരിയാണ്. പനിയെ ശമിപ്പിക്കുന്നു. വയറിലെ വായുക്ഷോഭത്തെ തടയുകയും ചെയ്യും. എലിവിഷത്തിനും സര്‍പ്പവിഷത്തിനും ആഖുകര്‍ണിയുടെ ഇല പിഴിഞ്ഞെടുത്ത നീര് നല്ല പ്രതിവിധിയാണ്.

സാല്‍വീനിയേസി കുടുംബത്തില്‍പ്പെട്ടതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ പന്നല്‍ച്ചെടി (fern)കളുമായി ബന്ധമുള്ള ഒരു ജലസസ്യത്തെയും യു.സി. ദത്തും (The Materia Medica of the Hindus), മോണിയര്‍ വില്യംസും (The Sanskrit-English Dictionary) ഈ പേരില്‍ വ്യവഹരിക്കുന്നു. പന്ത്രണ്ട് സ്പീഷീസുള്ള സാല്‍വീനിയ ജീനസ്സിലെ സാല്‍വീനിയ കുക്കുലേറ്റ (Salvinia cucullata) എന്ന സസ്യമാണിത്. ഒരു വാര്‍ഷിക സസ്യമായ ഇത് കായലുകളിലും കുളങ്ങളിലുമാണ് കാണപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍