This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്ഷേപഹാസ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആക്ഷേപഹാസ്യം

Satire

ഹാസ്യസാഹിത്യത്തിലെ ഒരു ഉപവിഭാഗം. വ്യക്തികളിലെയും സമൂഹത്തിലെയും സാഹിത്യകൃതികളിലെയും മറ്റും ദുഷ്പ്രവണതകളെ പരിഹാസവിഷയമാക്കിക്കൊണ്ടുള്ള സാഹിത്യരചനയാണിത്. ഇംഗ്ലീഷില്‍ സറ്റയര്‍ (Satire) എന്ന പേരില്‍ ഈ സാഹിത്യശാഖ അറിയപ്പെടുന്നു.

വിഭാഗങ്ങള്‍

പരാമര്‍ശിക്കപ്പെടുന്ന വസ്തുക്കളെയോ തത്ത്വങ്ങളെയോ പുരസ്കരിച്ച് ആക്ഷേപഹാസ്യത്തെ വ്യക്തിപരം, സാമുദായിക, രാഷ്ട്രീയകാര്യപരം, സാന്മാര്‍ഗികം, സാഹിത്യപരം എന്നു നാലായി വിഭജിക്കാവുന്നതാണ്.

വ്യക്തിപരം

എതിരാളികളെ അഥവാ തനിക്കിഷ്ടമില്ലാത്തവരെ നിന്ദാപാത്രങ്ങളായവതരിപ്പിക്കുവാന്‍ അവരുടെ വ്യക്തിനിഷ്ഠമായ ദൂഷ്യങ്ങളെ പരിഹാസം ചൊരിയുന്ന വാക്കുകളിലവതരിപ്പിക്കുന്ന കൃതികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. പകവീട്ടലായിരിക്കും പലപ്പോഴും ഇത്തരം സാഹിത്യരചനകളുടെ ലക്ഷ്യം. പരിഹാസവിധേയനാകുന്ന വ്യക്തി കടുത്ത മാനസിക വിക്ഷോഭത്തിനിരയാകുന്നതിനും ആത്മഹത്യ ചെയ്യുന്നതിനും വരെ ഇത്തരം കൃതികള്‍ കാരണമായിട്ടുണ്ട്. ആക്ഷേപഹാസ്യ സാഹിത്യകാരന്മാരില്‍ ഏറ്റവും പ്രാചീനനായി അറിയപ്പെടുന്ന ഗ്രീക് കവി ആര്‍ച്ചിലോക്കസ് (ക്രി. മു. 7-ാം ശ.) തന്റെ ശ്വശുരനാകാന്‍ പോകുന്ന ലൈക്കാമ്പസിനെക്കുറിച്ച് പരിഹാസാസ്പദമായി കവിതയെഴുതിയതായും ഈ പരിഹാസം സഹിക്കാഞ്ഞ് ലൈക്കാമ്പസ് ആത്മഹത്യചെയ്തതായും കഥയുണ്ട്. ആ ദുഃഖത്താല്‍ ലൈക്കാമ്പസിന്റെ മകളും പിന്നീട് ആത്മഹത്യ ചെയ്തു. മലയാളത്തിലുള്ള ആക്ഷേപഹാസ്യരചയിതാക്കളില്‍ വ്യക്തിനിഷ്ഠമായ ആക്ഷേപഹാസ്യ രചനയില്‍ വിഖ്യാതന്‍ ഇ.വി. കൃഷ്ണപിള്ളയാണ്. ക്രൂരമായ പരിഹാസം ചൊരിയുമ്പോഴും ഗ്രന്ഥകര്‍ത്താവിന്റെ നര്‍മോക്തിപാടവം അനുവാചകനെ ആഹ്ളാദിപ്പിക്കുന്നു. പരിഹാസം വാച്യമായവതരിപ്പിക്കാതെ നര്‍മത്തിന്റെ പരിവേഷം നല്കി വ്യംഗ്യമായവതരിപ്പിക്കുകയാണ് ആക്ഷേപഹാസ്യ സാഹിത്യം ചെയ്യുന്നത്.

സാമുദായിക-രാഷ്ട്രീയകാര്യപരം

വ്യക്തികളെ പ്രത്യേകം പരാമര്‍ശിക്കാതെ സാമുദായികവും രാഷ്ട്രീയവുമായ അവസ്ഥകളെ പരിഹാസവിധേയമാക്കിക്കൊണ്ടു രചിക്കുന്ന കൃതികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. സാമൂഹികവും രാഷ്ട്രീയകാര്യപരവുമായ ഗുണപരമായ മാറ്റമാണ് ഈ കൃതികളുടെ ലക്ഷ്യം. റഷ്യന്‍ സാഹിത്യകാരനായ നിക്കോലായ് ഗോഗല്‍ രചിച്ച ഇന്‍സ്പെക്ടര്‍ ജനറല്‍ എന്ന കൃതി, ജോര്‍ജ് ഓര്‍വലിന്റെ ആനിമല്‍ ഫാം, 1984 തുടങ്ങിയവ സാമൂഹികവും രാഷ്ട്രീയകാര്യപരവുമായ ആക്ഷേപഹാസ്യകൃതികള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്. സമൂഹത്തില്‍ നിലവിലുള്ള ചൂഷണ സംവിധാനങ്ങളെ അതിനിശിതമായി വിമര്‍ശിക്കാന്‍ ഈ കൃതികളിലൂടെ ഇവര്‍ ശ്രമിച്ചിരുന്നു. ഗുണപരമായ സാമൂഹികമാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ 1984 ആകുമ്പോള്‍ ലോകം എത്രത്തോളം ഭയാനകമായിരിക്കും എന്നു മുന്‍കൂട്ടിക്കാണുകയാണ് 1984 എന്ന കൃതിയില്‍. മലയാളത്തില്‍ ഈ രീതിയില്‍ സാമൂഹികമായ ദുഷ്പ്രവണതകളെ പരിഹാസ വിധേയമാക്കിക്കൊണ്ടുള്ള കൃതികള്‍ രചിച്ചവരില്‍ കൂടുതല്‍ പ്രശസ്തന്‍ സഞ്ജയനാണ്.

സാന്‍മാര്‍ഗികം

മനുഷ്യന്റെ സ്വഭാവത്തിലുള്ള ന്യൂനതകളെ വിശകലനം ചെയ്യുകയും അവയെ പരിഹസിക്കുകയും ചെയ്യുന്ന ഹാസ്യകൃതികളാണിവ. ഇത്തരം ന്യൂനതകള്‍ തിരിച്ചറിയുന്നതിനും അവ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനും പ്രേരിപ്പിക്കുകയാണ് ഈ കൃതികളുടെ ലക്ഷ്യം. ജൊനഥന്‍ സ്വിഫ്റ്റിന്റെ ഗള്ളിവറുടെ സഞ്ചാരകഥകള്‍ ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന കൃതിയാണ്. സഞ്ചാരകഥയുടെ മറവില്‍ നിന്നുകൊണ്ട് തന്റെ നാട്ടുകാരുടെയും പൊതുവേ മനുഷ്യരുടെയും അസൂയ, കൃതഘ്നത അധികാരകാംക്ഷ, യഥാര്‍ഥ മഹത്ത്വത്തിനോടുള്ള വിദ്വേഷം തുടങ്ങിയ ദോഷങ്ങളെ വിമര്‍ശിക്കുവാന്‍ സ്വിഫ്റ്റിന് ഈ ഗ്രന്ഥം മുഖേന സാധിച്ചിട്ടുണ്ട്. മനുഷ്യന്റെ ആലസ്യം, ദുരാഗ്രഹം, ശത്രുത തുടങ്ങിയ ദുര്‍ഗുണങ്ങളെ വെളിപ്പെടുത്തുന്ന പഞ്ചതന്ത്രം കഥകള്‍ ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന പ്രശസ്തമായ ഭാരതീയ ഗ്രന്ഥമാണ്. മലയാളത്തില്‍ മണിപ്രവാള സാഹിത്യത്തിലെ പല സാഹിത്യരചനകളും മനുഷ്യന്റെ ശൃംഗാരവിഷയകമായ അപക്വബുദ്ധിയെയും ക്രമരാഹിത്യത്തെയും പരിഹസിക്കുക എന്ന ലക്ഷ്യത്തില്‍ രചിക്കപ്പെട്ടവയാണ്.

സാഹിത്യപരം

സാഹിത്യത്തില്‍ അസുന്ദരമോ വികലമോ ആയ പ്രവണതകള്‍ കാണപ്പെടുമ്പോള്‍ അവയെ പരിഹസിച്ചുകൊണ്ടു രചിക്കുന്ന സാഹിത്യകൃതിയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സാഹിത്യമൂല്യം കുറഞ്ഞ കൃതികളും സാഹിത്യപ്രസ്ഥാനങ്ങളും ശൈലിയും മറ്റും ഇങ്ങനെ പരിഹാസവിധേയമാകാറുണ്ട്. 11-ാം ശ.-ത്തില്‍ കേരളത്തില്‍ രാജാവായിരുന്ന ഭാസ്കര രവിവര്‍മന്റെ സദസ്യനായിരുന്ന തോലന്‍ യമകകാവ്യങ്ങളെയും സംസ്കൃത കാവ്യങ്ങളിലെ ദൂരാന്വയം, അപൂര്‍വ പദപ്രയോഗം തുടങ്ങിയവയെയും പരിഹസിച്ചെഴുതിയിരുന്ന പദ്യങ്ങള്‍ പ്രശസ്തങ്ങളാണ്. ഇദ്ദേഹത്തിന്റെ

'ഥ പ്രഥ നന്ദാനന്ദം

പദദ്വയം നാത്ര ജനിതനന്ദാനന്ദം

തനയം വന്ദേ വക്യാ

നിരന്വയം ദളിതദാനവം ദേവക്യാഃ'

എന്ന പദ്യത്തിലെ ഥ, പ്രഥ എന്നീ പദങ്ങള്‍ ഈ പദ്യത്തിലാവശ്യമില്ലെന്നും വക്യാ എന്ന പദം അന്വയിക്കേണ്ടതല്ലെന്നും പദ്യത്തില്‍ തന്നെ നിര്‍ദേശിച്ചിരിക്കുന്നു.

'ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര

മുഖം പ്രക്ഷാളയ സ്വടഃ

ഏഷ ആഹ്വയതേ കുക്കു

ച വൈ തു ഹി ച വൈ തു ഹി'

എന്ന പദ്യത്തിലെ അവസാനത്തെ വരിയിലെ എല്ലാ അവ്യയാക്ഷരങ്ങളും പാദപൂരണത്തിനു മാത്രമായുള്ളതും രണ്ടാമത്തെ വരിയിലെ സ്വ എന്ന അക്ഷരം ആ വരിയിലെ ആദ്യത്തെ പദമായ മുഖം എന്ന പദത്തിനു മുന്‍പു ചേര്‍ക്കേണ്ടതും (സ്വമുഖം) ടഃ എന്ന അക്ഷരം അടുത്തവരിയുടെ അവസാനത്തെ കുക്കു എന്ന ശബ്ദത്തിനോടു ചേര്‍ത്തു കുക്കുടഃ എന്ന സാര്‍ഥകപദമാക്കേണ്ടതുമാണ്. ദൂരാന്വയത്തെയും നിരര്‍ഥകപദപ്രയോഗത്തെയും കളിയാക്കുന്ന പദ്യമാണിത്.

രാമപാണിവാദന്റേതെന്നു കരുതപ്പെടുന്ന ദൗര്‍ഭാഗ്യമഞ്ജരി എന്ന ഏകാങ്കനാടകം അന്നത്തെ മണിപ്രവാളഭാഷാശൈലിയെ പരിഹസിക്കുന്നതിനു വേണ്ടി രചിക്കപ്പെട്ടതാണ്. 'അണിയറാം അവലോക്യ', 'എങ്കില്‍ തുടങ്ങ്യതാം' തുടങ്ങിയ ഭാഷാപ്രയോഗങ്ങളിലൂടെ ഈ ശൈലിയെ ഗ്രന്ഥകര്‍ത്താവ് പരിഹാസവിധേയമാക്കുന്നു. തിരുവാതിരപ്പാട്ടുകള്‍ ധാരാളമായി രചിക്കപ്പെടുകയും അവയില്‍ മിക്കതും സാഹിത്യമൂല്യമുള്‍ക്കൊള്ളാത്തവയുമായി വന്നപ്പോള്‍ ഇതിനെ പരിഹസിക്കുന്നതിന് ഒരു സരസകവി രചിച്ച കൃതിയാണ് പൂച്ചചരിതം തിരുവാതിരപ്പാട്ട്. ഇതേപോലെ സന്ദേശ കാവ്യരചനയുടെ അതിപ്രസരത്തെ കളിയാക്കി ശീവൊള്ളി രചിച്ച ദാത്യൂഹസന്ദേശം (ദാത്യൂഹം = നത്ത്. ഒരു നത്താണ് ഇതിലെ സന്ദേശവാഹകന്‍), നാടകരചനയിലെ നിലവാരരാഹിത്യത്തെ കളിയാക്കാന്‍ ഇദ്ദേഹം തന്നെ രചിച്ച ദുസ്‍സ്പര്‍ശനാടകം, ആട്ടക്കഥകളുടെ പ്രവാഹത്തിന് അണകെട്ടുന്നതിനുവേണ്ടി ചേലപ്പറമ്പു നമ്പൂതിരി രചിച്ചതെന്നു കരുതപ്പെടുന്ന പാട്ടുണ്ണിചരിതം ആട്ടക്കഥ, സാഹിത്യാംശം കുറഞ്ഞ ഭാഷാനാടകങ്ങളുടെ ആവിര്‍ഭാവത്തെ പരിഹസിച്ചുകൊണ്ടു കെ.സി. നാരായണന്‍ നമ്പ്യാര്‍ രചിച്ച ഇന്ദുലേഖാനാടകം, മുന്‍ഷി രാമക്കുറുപ്പു രചിച്ച ചക്കീചങ്കരം നാടകം ഇവ സാഹിത്യരചനയില്‍ വന്നുചേരുന്ന നിലവാരത്തെകര്‍ച്ചയെ പരിഹസിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള കൃതികളില്‍ പ്രസിദ്ധങ്ങളാണ്.

പാശ്ചാത്യസാഹിത്യത്തില്‍ പാരഡി, ഐറണി, ബേര്‍ലെസ്ക്, എപിഗ്രാം, ലാംപൂണ്‍, കാരിക്കേച്ചര്‍ എന്നീ പേരുകളിലറിയപ്പെടുന്ന സാഹിത്യരൂപങ്ങളിലെ കൂടുതല്‍ കൃതികളും ആക്ഷേപഹാസ്യത്തിന്റെ മേഖലയിലുള്‍പ്പെടുത്താവുന്നവയാണ്. സാഹിത്യകൃതികളുടെ ഹാസ്യാനുകരണമാണ് പാരഡി, ബേര്‍ലെസ്കിനെ രൂക്ഷതരമായ പരിഹാസം ഉള്‍ക്കൊള്ളുന്ന പാരഡി എന്നു വിളിക്കാം. ഐറണിയെ 'പ്രച്ഛന്നഹാസ്യം' എന്നു പൊതുവേ പറയാം. വാച്യാര്‍ഥത്തിനും വിവക്ഷിതത്തിനും തമ്മിലുളള വ്യത്യാസം ഇതില്‍ ആക്ഷേപത്തിന്റെ തീക്ഷ്ണതയ്ക്കു കാരണമാകുന്നു. ഹ്രസ്വപരിഹാസ കവിതയായ എപിഗ്രാമില്‍ പരിഹാസം കവിതയുടെ അവസാനഭാഗത്ത് അന്വയിപ്പിക്കുന്നു. പരുഷപരിഹാസമോ നിന്ദനമോ ഉള്‍ക്കൊള്ളുന്ന ലാംപൂണ്‍ മിക്കവാറും ഗദ്യത്തിലുള്ള ലേഖനങ്ങളായിരിക്കും. തൂലികാ ചിത്രമെന്നോ നഖചിത്രമെന്നോ വിളിക്കപ്പെടുന്ന സാഹിത്യരൂപങ്ങള്‍ അതിശയോക്തിപരമായ ഹാസ്യചിത്രീകരണശൈലിയിലുള്ളത് കാരിക്കേച്ചര്‍ എന്നറിയപ്പെടുന്നു.

ആക്ഷേപഹാസ്യം ലോകസാഹിത്യത്തില്‍

ദുര്‍ഭരണം, ഏകാധിപത്യം, മര്‍ദനം, സ്വാര്‍ഥത, അഴിമതി, കുറ്റവാസന തുടങ്ങിയ സാമൂഹിക വിരുദ്ധവും സദാചാരവിപരീതവുമായ പ്രവണതകള്‍ എല്ലാക്കാലത്തും സര്‍ഗശക്തിയുള്ള സാഹിത്യകാരന്മാരുടെ നിശിതമായ തൂലികയ്ക്കു വിധേയമായിരുന്നിട്ടുണ്ട്. പ്രാചീന അറബി ഭാഷയിലും ഐറിഷ് ഭാഷയിലും കവികളെക്കൊണ്ട് കുറ്റവാളികള്‍ക്കും ശത്രുക്കള്‍ക്കുമെതിരെ നിന്ദാപരമായ കവിതയെഴുതിച്ചു പ്രസിദ്ധീകരിക്കുന്ന പതിവു നിലനിന്നിരുന്നതായി രേഖകളുണ്ട്. കുറ്റവാളികള്‍ ഈ അപമാനം സഹിക്കവയ്യാതെ രാജ്യം വിട്ടുപോകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തുപോന്നു.

ക്രി.മു. 7-ാം ശ.-ത്തില്‍ ഗ്രീക് ഭാഷയില്‍ കവിതയെഴുതിയിരുന്ന ആര്‍ച്ചിലോക്കസ് ആണ് അറിയപ്പെടുന്ന ആദ്യത്തെ ആക്ഷേപഹാസ്യ സാഹിത്യകാരന്‍. യവന നാടകകൃത്തായിരുന്ന അരിസ്റ്റോഫെനിസ് (ക്രി.മു. 447-387) രചിച്ച തെസ്മോഫോറിയാസൂസേ, ദ് ക്ളൗഡ്സ്, ദ് ബേഡ്സ് തുടങ്ങിയ കൃതികളില്‍ ഇദ്ദേഹം തന്റെ സമകാലിക സമൂഹത്തിലെ അനേകം ദുരാചാരങ്ങളെയും വ്യക്തികളെയും പരിഹാസപാത്രങ്ങളാക്കുന്നു. സുഹൃത്തായിരുന്ന യൂറിപ്പിഡിസ്സായിരുന്നു അരിസ്റ്റോഫെനിസിന്റെ ആക്ഷേപശരങ്ങള്‍ക്ക് ഏറ്റവുമധികം വിധേയനായത്. ലത്തീന്‍ കവിയായ ലൂസില്ലിയസും (ക്രി.മു. 102) ആക്ഷേപഹാസ്യ രചനകളിലൂടെ സമകാലികരായ പല വ്യക്തികളെയും രൂക്ഷമായ പരിഹാസത്തിനു വിധേയരാക്കി. പിന്നീട് ഈ സാഹിത്യശാഖയില്‍ പ്രശസ്തി നേടിയ ഹോറസ് (ക്രി.മു. 65-8) ലൂസില്ലിയസിന്റെ കൃതികളിലേതുപോലെയുള്ള രൂക്ഷമായ പരിഹാസം ഒഴിവാക്കണം എന്നഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജൂവനല്‍ (2-ാം ശ.) ആക്ഷേപഹാസ്യത്തെ അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ എതിര്‍ക്കാന്‍ ശക്തമായ പടവാളായി സ്വീകരിച്ചു.

ജെഫ്രി ചോസര്‍ (1340-1400), സെര്‍വാന്റിസ് (1547-1616) എന്നിവര്‍ പില്ക്കാലത്ത് ആക്ഷേപഹാസ്യം തങ്ങളുടെ സാഹിത്യ കൃതികളില്‍ ഉള്‍പ്പെടുത്തിയവരില്‍ പ്രധാനികളാണ്. ചോസറുടെ കാന്റര്‍ബറി റ്റെയ്ല്‍സ് എന്ന കൃതിയിലെ ചില കഥാപാത്രങ്ങള്‍ അക്കാലത്തെ പൊങ്ങച്ച പ്രകൃതിക്കാരായ ദുഷ്പ്രഭുക്കളുടെ പ്രതിച്ഛായകളാണ്. സെര്‍വാന്റിസും തന്റെ ഡോണ്‍ക്വിക്സോട്ട് എന്ന അനശ്വരകഥാപാത്രത്തിലൂടെ ഇത്തരം നാട്ടുപ്രമാണികളെ നിശിതമായ ആക്ഷേപഹാസ്യത്തിനു വിധേയരാക്കി.

ഫ്രാന്‍സിലെ മോളിയര്‍, ലെ ഫൊന്‍ടയ്നെ, ബൊയ്‍ലെ, വോള്‍ട്ടയര്‍, റബലെ, ഇംഗ്ളണ്ടിലെ ജോണ്‍ ഡ്രൈഡന്‍, സാമുവല്‍ ബട്‍ലര്‍, ജോസഫ് അഡിസണ്‍, അലക്സാണ്ടര്‍ പോപ്പ്, ജൊനഥന്‍ സ്വിഫ്റ്റ് എന്നിവരും മധ്യകാല യൂറോപ്യന്‍ സാഹിത്യകാരന്മാരില്‍ ആക്ഷേപഹാസ്യത്തിനു സാഹിത്യത്തില്‍ പ്രമുഖസ്ഥാനം നേടിക്കൊടുത്തവരില്‍ പ്രധാനികളാണ്. റിച്ചഡ് ബ്രിന്‍സ്ലി ഷെരിഡന്റെ (1751-1816) ദ് ക്രിട്ടിക്, ദ് സ്കൂള്‍ ഫോര്‍ സ്കാന്‍ഡല്‍, സെന്റ് പാട്രിക്സ് ഡെയ് തുടങ്ങിയ കൃതികള്‍ ഈ സാഹിത്യശാഖയിലെ പ്രസിദ്ധ കൃതികളാണ്. ലൂയിസ് കരോളിന്റെ ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഒരു സാമൂഹിക-ആക്ഷേപഹാസ്യകൃതിയായി കണക്കാക്കപ്പെടുന്നു. റഷ്യന്‍ സാഹിത്യകാരനായ ഗോഗല്‍ രചിച്ച ഇന്‍സ്പെക്ടര്‍ ജനറല്‍ എന്ന കൃതിയില്‍ ഭരണകര്‍ത്താക്കളുടെ നയവൈകല്യങ്ങളെ വ്യക്തിപരമായ പരിഹാസസ്പര്‍ശം കൂടാതെ കഠിനമായി പരിഹസിച്ചിരിക്കുന്നു. ജര്‍മന്‍ കവിയായ ഹെന്റീയ് ഹെയ്നെയും ഇംഗ്ളീഷ് നോവലിസ്റ്റായ വില്യം താക്കറെയും ആക്ഷേപഹാസ്യ സാഹിത്യ രചയിതാക്കളെന്ന നിലയില്‍ പ്രശസ്തരാണ്.

20-ാം ശ.-ത്തില്‍ ഈ സാഹിത്യശാഖയ്ക്കു വളര്‍ച്ചനേടിക്കൊടുത്തവരില്‍ ഏറ്റവും പ്രശസ്തനാണ് ജോര്‍ജ് ബര്‍ണാഡ് ഷാ (1856-1950). സമൂഹത്തിലെ വ്യത്യസ്തങ്ങളായ ദുഷ്ടഭാവങ്ങളെ വെളിപ്പെടുത്തി അതിന്റെ കാരണക്കാരെ ലജ്ജിപ്പിക്കുകയാണ് ഷാ തന്റെ അന്‍പതില്‍പ്പരം കൃതികളിലൂടെ ചെയ്തിരിക്കുന്നത്. മാന്‍ ആന്‍ഡ് സൂപ്പര്‍മാന്‍, മേജര്‍ ബാര്‍ബറാ, ദ് മാന്‍ ഒഫ് ഡെസ്റ്റിനി, ദ് ഡെവിള്‍സ് ഡിസൈപ്പിള്‍, വിഡോവേഴ്സ് ഹൌസ്, ആന്‍ഡ്രോക്ളിസ് ആന്‍ഡ് ദ് ലയണ്‍ തുടങ്ങിയവയാണ് ഈ സാഹിത്യശാഖയിലുള്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍.

ബര്‍ണാഡ്ഷായോടൊപ്പം ഈ സാഹിത്യമേഖലയില്‍ പ്രശസ്തനാണ് ജോര്‍ജ് ഓര്‍വല്‍ (1903-50). ആനിമല്‍ ഫാം എന്ന കൃതിയില്‍ ഇദ്ദേഹം മൃഗങ്ങളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അവയുടെ മറവില്‍ നിന്നു കര്‍ക്കശമായ സാമൂഹിക വിമര്‍ശനം നടത്തുന്നു.

ബര്‍ണാഡ്ഷായോടും ഓര്‍വലിനോടുമൊപ്പം ഇംഗ്ളീഷില്‍ ഈ സാഹിത്യശാഖയില്‍ പ്രശസ്തിനേടിയവരാണ് ഈവ്ലിന്‍ വോ, മാക്സ് ബിയര്‍ബോം, ജയിംസ് ജോയിസ്, സ്റ്റീഫന്‍ ലീകോക്, ഐറിഷ് മര്‍ഡോഷ് തുടങ്ങിയവര്‍. ജര്‍മന്‍ സാഹിത്യകാരനായ ഗുന്തര്‍ ഗ്രാസിന്റെ ടിന്‍ ഡ്രം, ക്യാറ്റ് ആന്‍ഡ് മൌസ് എന്നിവയും ലാറ്റിനമേരിക്കന്‍ കഥാകൃത്തായ മിലന്‍ കുന്ദേരയുടെ ലാഫബിള്‍ ലൌസ്, അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വിയിനിന്റെ പ്രിന്‍സ് ആന്‍ഡ് പോപര്‍, തായ്വാനീസ് സാഹിത്യകാരിയായ ലുങ്-യിങ്-തായ്യുടെ വൈല്‍ഡ്-ഫയര്‍ എന്നിവയും ആക്ഷേപഹാസ്യ സാഹിത്യവിഭാഗത്തെ ധന്യമാക്കിയ പ്രസിദ്ധകൃതികളാണ്.

ആക്ഷേപഹാസ്യം ഭാരതീയ സാഹിത്യത്തില്‍

സംസ്കൃതത്തിലെ കഥാസാഹിത്യത്തിലും നാടകങ്ങളിലും ആക്ഷേപഹാസ്യം ശ്രദ്ധേയമായ ഒരു ഘടകമായി പ്രാചീനകാലത്തു തന്നെ നിലനിന്നിരുന്നു. വിഷ്ണുശര്‍മയുടെ പഞ്ചതന്ത്രം കഥയില്‍ സമൂഹത്തിലെ എല്ലാവിഭാഗം ആള്‍ക്കാരുടെയും സ്വഭാവദൂഷ്യങ്ങള്‍ ചെറിയ കഥകളിലൂടെ ഉപഹാസപൂര്‍വം വെളിപ്പെടുത്തുന്നു. 'ഭാണം' എന്ന സംസ്കൃത നാടകരൂപത്തിന് ധര്‍മച്യുതി സംഭവിച്ച സമൂഹത്തെ അതിനിശിതമായി പരിഹസിക്കുന്ന ഇതിവൃത്തവും സംവിധാനവുമാണുള്ളത്. മറ്റു നാടകഭേദങ്ങളിലെയും വിദൂഷകന്‍ എന്ന ഹാസ്യ കഥാപാത്രത്തിന്റെ സംഭാഷണവും അഭിനയവും പലപ്പോഴും ആക്ഷേപഹാസ്യത്തിന്റെ മേഖലയിലേക്കു കടന്നു ചെന്നിരുന്നു. 11-ാം ശ.-ത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ രചിച്ച നര്‍മമാലയില്‍ സാധാരണ ജനങ്ങളെ പീഡിപ്പിക്കുന്ന അനീതിപൂര്‍വകമായ സാമൂഹികവ്യവസ്ഥയെ പരിഹസിക്കുന്നുണ്ട്.

ആധുനികകാലത്തും സംസ്കൃതത്തില്‍ ആക്ഷേപഹാസ്യ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. കുട്ടമത്തു കുഞ്ഞമ്പുക്കുറുപ്പിന്റെ (1856-1911) ഇന്ദ്രസഭ എന്ന ചമ്പൂകൃതി ഇതിനുദാഹരണമാണ്. ഇന്ദ്രന്‍, മഹാബലി, നാരദന്‍, ബൃഹസ്പതി എന്നിവര്‍ കേരളത്തിലെ ഇപ്പോഴത്തെ ജനജീവതത്തെപ്പറ്റി ചര്‍ച്ച നടത്തുന്നതാണ് ഇതിലെ ഇതിവൃത്തം. സ്വാമിനാഥ അത്രേയുടെ ന മേ കര്‍മ വികുരുതേ എന്ന കൃതിയില്‍ നര്‍മവും ആക്ഷേപഹാസ്യവും സമഞ്ജസമായി ചേര്‍ന്നിരിക്കുന്നു. വിഷ്ണുകാന്തശുക്ളയുടെ നര്‍മ-ഹാസ്യ-ആക്ഷേപഹാസ്യ ലേഖനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കലാനാഥശാസ്ത്രി ആധുനികകാലത്തെ ഗ്രാന്റ്, ഡൊണേഷന്‍, ബനിഫിറ്റ് ഷോ തുടങ്ങിയവയെ യാചനാ സമ്പ്രദായങ്ങളായി അവതരിപ്പിച്ചുകൊണ്ടു രചിച്ച കൃതിയാണ് മാ ച യാചിഷ്മ കഞ്ചന. സ്വന്തം ഗുണഗണങ്ങളെ വര്‍ണിക്കുന്ന സ്വഭാവത്തെ ഉപഹസിക്കുന്ന കൃതിയാണ് രമേഷ്‍കുമാര്‍ രചിച്ച അഹം നേതാ.

ആധുനിക ഭാരതീയ ഭാഷകളിലെ സാഹിത്യത്തിലും ആക്ഷേപഹാസ്യം ശ്രദ്ധേയമായൊരു ശാഖയായി വികാസം പ്രാപിച്ചിട്ടുണ്ട്.

ഒറിയ. 20-ാം ശ.-ത്തിന്റെ ആരംഭത്തിലാണ് ഒറിയ സാഹിത്യത്തില്‍ ആക്ഷേപഹാസ്യ സാഹിത്യശാഖ ശ്രദ്ധേയമായത്. ഫക്കീര്‍ മോഹന്‍ സേനാപതി (1843-1918), ഗോപാല്‍ ചന്ദ്രപ്രഹരാജ് (1872-1945) എന്നിവരാണ് ഈ സാഹിത്യശാഖയുടെ പ്രണേതാക്കളായി അറിയപ്പെടുന്നത്. ഇവരെ പിന്തുടര്‍ന്നു ലക്ഷ്മീകാന്ത മഹാപത്ര (1888-1953), കൃഷ്ണപ്രസാദ് ബസു (1894-1978), കാളിചരണ്‍ പട്നായക് (1898-1978), നിത്യാനന്ദ മഹാപാത്ര (1912-), കുഞ്ജബിഹാരി ദാസ് (1919-), ഭാമാചരണ്‍ മിത്ര (1915-76), ഭുവനേശ്വര്‍ ബഹര, ചന്ദ്രശേഖര്‍ രഥ് (1929-) എന്നീ സാഹിത്യകാരന്മാര്‍ ഇതരസാഹിത്യശാഖകളോടൊപ്പം ആക്ഷേപഹാസ്യശാഖയിലും ശ്രദ്ധേയമായ കൃതികള്‍ രചിച്ചിട്ടുണ്ട്.

കന്നഡ. കന്നഡ സാഹിത്യത്തിലെ പ്രശസ്തരായ കാരന്ത്, ശ്രീരംഗ എന്നിവര്‍ ഹാസ്യാത്മകവും നിശിതവുമായ സാമൂഹിക വിമര്‍ശനം വഴി ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു പ്രേരണ നല്കിയവരാണ്. മനുഷ്യന്റെ ചപലമായ മനസ്സിനെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന എ.എന്‍. മൂര്‍ത്തിറാവു (1900-)വിന്റെ ഹഗലു ഗണ സുഗലു (ദിവാസ്വപന്ങ്ങള്‍), അലെയുവമന (അലയുന്ന മനസ്), മിനഗുമിന്‍ചു (മിന്നലും തിളക്കവും) എന്നീ കൃതികളും ആക്ഷേപഹാസ്യാത്മകങ്ങളാണ്.

ഗുജറാത്തി. 20-ാം ശ.-ത്തിന്റെ പ്രാരംഭത്തില്‍ രമണ്‍ഭായ് നീലകണ്ഠ് രചിച്ച ഭദ്രം ഭദ്ര (എല്ലാവര്‍ക്കും ഭദ്രം, 1900) ഗുജറാത്തി സാഹിത്യത്തിലെ ശ്രദ്ധേയമായ ആദ്യത്തെ ആക്ഷേപഹാസ്യകൃതിയാണ്. ഇദ്ദേഹത്തിന്റെ തന്നെ ഹാസ്യമന്ദിര്‍ (നര്‍മക്ഷേത്രം, 1915) എന്ന കൃതിയും ഈ സാഹിത്യശാഖയിലെ പ്രധാന കൃതികളിലൊന്നാണ്. സ്വൈരവിഹാരി എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന രാംനാരായണ്‍ പാഠക് രചിച്ച സ്വൈരവിഹാര്‍ (2 ഭാഗം 1931, 38) സാമൂഹികപ്രമേയങ്ങളും മാനുഷികചാപല്യങ്ങളും ഉപഹാസപൂര്‍വം വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ്. ധന്‍സുഖ്‍ലാല്‍ മേഹ്ത്ത (1890-1974), ജ്യോതീന്ദ്രഭാവെ ഇവരുടെ ഉപന്യാസങ്ങളും ഈ സാഹിത്യശാഖയിലുള്‍പ്പെടുത്താവുന്നവയാണ്. ബകുല്‍ ത്രിപാഠി (1921-) രചിച്ച സച്രാചര്‍മാന്‍ (പ്രപഞ്ചത്തില്‍, 1965), സോമവാര്‍ നി സവാരേ (തിങ്കളാഴ്ച പ്രഭാതത്തില്‍) ഇവയും വിനോദ് ഭട്ട (1939-) രചിച്ച ഇദം തൃതീയം (1973), ഇദം ചതുര്‍ഥം, വിനോദ് നീ നജരേ (വിനോദിന്റെ ദൃഷ്ടിയില്‍, 1979) എന്നിവയും ശ്രദ്ധേയങ്ങളായ ആക്ഷേപഹാസ്യ കൃതികളാണ്.

തമിഴ്. തമിഴിലെ പ്രാചീന വ്യാകരണഗ്രന്ഥമായ തൊല്‍കാപ്പിയത്തില്‍ സാഹിത്യവിഭാഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ 'അങ്കത ഇലക്കിയം' എന്ന സാഹിത്യശാഖയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നും വളരെ പ്രാചീനകാലം മുതല്‍ തന്നെ തമിഴില്‍ ഈ സാഹിത്യശാഖ വളര്‍ച്ച പ്രാപിച്ചിരുന്നു എന്നു മനസ്സിലാക്കാം. പിള്ളൈപ്പെരുമാള്‍ അയ്യങ്കാരുടെ അഷ്ടപ്രബന്ധമാണ് ഈ വിഭാഗത്തിലെ അറിയപ്പെടുന്ന ആദ്യത്തെ പ്രധാനകൃതി. 15-ാം ശ-ത്തില്‍ കാളമേഘപ്പുലവര്‍, കുമരകകുരുവരര്‍ തുടങ്ങിയവര്‍ രചിച്ച കൃതികളില്‍ ആക്ഷേപഹാസ്യത്തിന്റെ ഒളിമിന്നലുകള്‍ കാണാം. 18-ാം ശ.-ത്തില്‍ കൃഷ്ണപിള്ളൈ, തിരികൂടരാസപ്പകവിരായര്‍ എന്നീ കവികളും ഈ പ്രസ്ഥാനത്തെ ധന്യമാക്കിയവരാണ്. ആധുനിക സാഹിത്യത്തില്‍ വെള്ളൈക്കാല്‍ സുബ്രഹ്മണ്യമുതലിയാരുടെ (1857-1946) ചിലേടൈ വെണ്‍പയാണ് ഈ മേഖലയിലെ എടുത്തു പറയത്തക്ക പ്രശസ്ത കൃതി. പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമിയുടെ പല കൃതികളും ഈ വിഭാഗത്തിലുള്‍പ്പെടുന്നു.

മറാഠി. മധ്യകാല സാഹിത്യത്തിലെ ഋഷികവികളും പിന്നീടു വന്ന മഹാനുഭാവ സാഹിത്യകാരന്മാരും സമൂഹത്തിലെ തിന്മകളെ ഉപഹാസപൂര്‍വം വിമര്‍ശിക്കുകയും ഈ സാഹിത്യം സാമൂഹികപരിവര്‍ത്തനത്തിന്റെ ശക്തമായ മാധ്യമമാണെന്നു കരുതുകയും ചെയ്തിരുന്നു. മഹാനുഭാവപ്രസ്ഥാനത്തിന്റെ സ്ഥാപകനായ ചക്രധരയുടെ രചനകള്‍ ശ്രദ്ധേയങ്ങളാണ്. ആദ്യകാല പത്രപ്രവര്‍ത്തകരായ ചിപ്ലുങ്കര്‍, തിലകന്‍, അഗര്‍ക്കര്‍ തുടങ്ങിയവരും സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീരാമകൃഷ്ണ കോല്‍ഹട്കറും (1871-1934) ഈ സാഹിത്യശാഖകളില്‍പ്പെടുന്ന ഉപന്യാസങ്ങളുടെ രചനയിലൂടെ സാഹിത്യലോകത്തു പ്രസിദ്ധരായവരാണ്. കോല്‍ഹട്കര്‍ രചിച്ച സുദാമ്യാ ചേപൊഹെ (1920) എന്ന കൃതിയില്‍ സാമൂഹിക പരിഷ്കര്‍ത്താക്കളെ എതിര്‍ക്കുന്ന ഒരു യാഥാസ്ഥിതികനെ ഹാസ്യരൂപേണ ചിത്രീകരിക്കുന്നു. ശിവറാം മഹാദേവ് പരഞ്ച്പെ, അച്യുത് ബല്‍വന്ത് കോല്‍ഹട്കര്‍, റാംഗണേഷ് ഗഡ്കരി (1885-1919) ഇവരും ഈ മേഖലയിലെ പ്രമുഖരായ എഴുത്തുകാരാണ്. ഗഡ്കരിയുടെ ഠാകിചേ ലഗ്ന, ച്ഛോത്യാജഗുച റിപ്പോര്‍ട്ട് (കൊച്ചുജഗുവിന്റെ റിപ്പോര്‍ട്ട്) എന്നീ കൃതികള്‍ ശ്രദ്ധേയങ്ങളാണ്. ആധുനികകാലത്തെ ആക്ഷേപഹാസ്യ സാഹിത്യകാരന്മാരില്‍ പ്രമുഖരാണ് പി.എല്‍. ദേശ്പാണ്ഡെ, ജയവന്ത്ദല്‍വി, എന്‍.വി. ഗാഡ്ഗില്‍, എന്‍.ജി. ഗോറെ തുടങ്ങിയവര്‍. രാഷ്ട്രീയ പ്രവര്‍ത്തകരായ ഗാഡ്ഗില്‍, ഗോറെ ഇവര്‍ സാമൂഹിക വിമര്‍ശനപരായ ആക്ഷേപഹാസ്യ ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രസിദ്ധരാണ്. 'ഥോണ്‍ഥണ്‍ പാള്‍' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ജയവന്ത് ദല്‍വി തന്റെ ഉപഹാസത്തിനു വിധേയരാക്കുന്നത് പ്രമുഖരായ എഴുത്തുകാരെയാണ്. ഇവരുടെ ശൈലീപരമായ പ്രത്യേകതകളെയും വ്യക്തിത്വനിഷ്ഠമായ കുറവുകളെയും ഹാസ്യാത്മകമായി ഇദ്ദേഹം ചിത്രീകരിക്കുന്നു.

ഹിന്ദി. രാമചരിതമാനസ്, സൂര്‍സാഗര്‍ എന്നീ ഹിന്ദി കൃതികളില്‍ മനുഷ്യന്റെ സഹജമായ സ്വഭാവം ചിത്രീകരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ലാഞ്ഛന കാണാന്‍ കഴിയും. എന്നാല്‍ ഹിന്ദിയില്‍ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയോടെയാണ് ഈ സാഹിത്യശാഖയ്ക്കു പ്രാധാന്യം ലഭിച്ചത്. ശ്രീനിവാസ് ദാസ്, പ്രതാപനാരായണന്‍ മിശ്ര, രാധാകൃഷ്ണദാസ്, പ്രേംഘന്‍, ബാലകൃഷ്ണഭട്ട്, ഭാരതേന്ദു ഹരിശ്ചന്ദ്ര തുടങ്ങിയവരുടെ കൃതികള്‍ ഇതിനു സഹായകമായി. ജി.പി. ശ്രീവാസ്തവ്, ബേച്ചന്‍ ശര്‍മ ഉഗ്ര് എന്നിവരുടെ കഥകളും പ്രഹസനങ്ങളും ഉപേന്ദ്രനാഥ് അശ്ക്, രാംകുമാര്‍ വര്‍മ എന്നിവരുടെ ഏകാങ്കനാടകങ്ങളും ആക്ഷേപഹാസ്യപ്രധാനങ്ങളാണ്. ഉദയശങ്കര്‍ ഭട്ട്, ഭഗവതീ ചരണ്‍വര്‍മ, പ്രഭാകര്‍ മാച്വേ, ഗോപാലപ്രസാദ് വ്യാസ്, കാകാഹാഥ് രസി, ഹരിശങ്കര്‍ പര്‍സായി, ശരദ് ജോഷി, ബാലകവി ബൈരാഗി, ശാരദാ പ്രസാദ് വര്‍മ ഭുശുണ്ഡി തുടങ്ങിയവരുടെ സാഹിത്യസംരംഭങ്ങളിലും ആക്ഷേപഹാസ്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകള്‍ ഉള്‍പ്പെടുന്നു.

ആക്ഷേപഹാസ്യം മലയാള സാഹിത്യത്തില്‍

മലയാളത്തിലെ ആദ്യകാല ആക്ഷേപഹാസ്യസാഹിത്യകാരന്മാരില്‍ അഗ്രഗണ്യനാണ് തോലന്‍. ഭാസ്കരരവിവര്‍മന്റെ (978-1036) സദസ്യനും ഫലിതരസികനും അഭിനയ രഹസ്യമര്‍മജ്ഞനും ഉഭയഭാഷാകവിയുമായിരുന്ന ഇദ്ദേഹം കുഞ്ചന്‍നമ്പ്യാരുടെ മാര്‍ഗദര്‍ശിയായിരുന്നതായി കരുതാം. യമകഘടന, ദൂരാന്വയം അപൂര്‍വപദപ്രയോഗം മുതലായവകൊണ്ട് ജടിലവും അര്‍ഥ പ്രതീതിക്കു കാലവിളംബമുണ്ടാക്കുന്നതുമായ അന്നത്തെ സാഹിത്യരചനാസമ്പ്രദായത്തെ പരിഹസിച്ചുകൊണ്ട് അനേകം വിനോദപദ്യങ്ങള്‍ രചിച്ചിരുന്ന ഇദ്ദേഹം സാഹിത്യത്തിലെ രസാവിഷ്കരണപ്രാധാന്യത്തെയും അതിനു വ്യഞ്ജനാവ്യാപാരത്തിന്റെ അനുപേക്ഷണീയതയെയും വ്യക്തമാക്കി. ശബ്ദാലങ്കാരത്തിന്റെയും അര്‍ഥാലങ്കാരത്തിന്റെയും അതിപ്രസരത്തില്‍നിന്നും സാഹിത്യത്തെ മോചിപ്പിക്കുന്നതിന് ഇദ്ദേഹത്തിന്റെ കവിതകളും വ്യാഖ്യാനകൃതികളും സഹായകമായി.

ചെറുശ്ശേരി, പുനം എന്നിവരുടെ കൃതികളില്‍ പുരാണകഥകള്‍ പ്രതിപാദിക്കുന്ന ഒട്ടു വളരെ സന്ദര്‍ഭങ്ങളില്‍ അവരുടെ പരിഹാസരസികത ആക്ഷേപഹാസ്യത്തിന്റെ പരിധിയിലേക്കു കടക്കുന്നുണ്ട്. 'മണിപ്രവാളകൃതികളായ ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, കോകസന്ദേശം തുടങ്ങിയവയും അജ്ഞാതകര്‍ത്തകമായ വൈശികതന്ത്രത്തെ അനുകരിച്ച് വെണ്‍മണി മഹന്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, നടുവത്തച്ഛന്‍, മാവേലിക്കര പുത്തന്‍ കൊട്ടാരത്തില്‍ ഉദയവര്‍മത്തമ്പുരാന്‍ തുടങ്ങിയവര്‍ രചിച്ച അംബോപദേശങ്ങളും മറ്റും ശൃംഗാരവിഷകമായ വര്‍ണനമാത്രം ലക്ഷ്യമാക്കി രചിച്ച കൃതികളല്ല; ഈ കവികളുടെ കാലത്തെ സമൂഹത്തിലെ ശൃംഗാരവിഷയകമായ ക്രമരാഹിത്യത്തെ വിമര്‍ശിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്ന കൃതികളാണിവ' എന്ന അഭിപ്രായം ചില നിരൂപകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാസ്യസമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ ആക്ഷേപഹാസ്യത്തിനു വേണ്ടി മാത്രമായി കൃതികള്‍ ഒന്നും രചിച്ചിട്ടില്ലെങ്കിലും ഇദ്ദേഹത്തിന്റെ തുള്ളല്‍ക്കവിതകള്‍ പൊതുവേ ആക്ഷേപഹാസ്യത്തിന്റെ രൂപവും ഉള്‍ക്കൊള്ളുന്നവയാണ്. പുരാണകഥകള്‍ പ്രതിപാദിക്കുമ്പോള്‍ അതോടൊപ്പം കേരളത്തില്‍ അന്നു നിലവിലിരുന്ന സാമുദായികവും രാഷ്ട്രീയവുമായ ന്യൂനതകളെയും മനുഷ്യരുടെ അഹന്ത, ദുരഭിമാനം തുടങ്ങിയ ദോഷങ്ങളെയും നിശിതവും നര്‍മരസസമ്പുഷ്ടവുമായി പ്രകാശിപ്പിക്കുന്നതിന് ഇദ്ദേഹം ശ്രമിച്ചു.

മലയാളഗദ്യം വളര്‍ച്ച നേടിയതോടെ ആക്ഷേപഹാസ്യത്തിന് ഈ ശാഖയിലും സ്ഥാനം ലഭിച്ചു. ഗദ്യത്തിലുള്ള ആദ്യകാല ആക്ഷേപഹാസ്യരചയിതാക്കളുടെ കൂട്ടത്തില്‍ കേസരി നായനാര്‍ പ്രശസ്തനാണ്.

നോവല്‍, നാടകം എന്നീ സാഹിത്യശാഖകളിലൂടെ ആക്ഷേപഹാസ്യം അവതരിപ്പിച്ച ആദ്യകാല സാഹിത്യകാരന്മാരാണ് ഒ. ചന്തുമേനോനും സി.വി. രാമന്‍പിള്ളയും. ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ എന്നീ നോവലുകളിലെ സൂരിനമ്പൂതിരി, പഞ്ചുമേനോന്‍, കണ്ടന്‍ മേനോന്‍ തുടങ്ങിയവര്‍ ഇവര്‍ക്കു സമാനരായി അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന ആഢ്യമ്മന്ന്യന്മാരെ ഉപഹസിക്കുന്നതിനുവേണ്ടി കണ്ടെത്തിയകഥാപാത്രങ്ങളായിരുന്നു. തന്റെ നോവലുകള്‍ക്കു തിരുവിതാംകൂറിന്റെ ചരിത്രം പശ്ചാത്തലമാക്കിയ സി.വി. രാമന്‍പിള്ള ആക്ഷേപഹാസ്യത്തിനുവേണ്ടി പ്രഹസനങ്ങള്‍ രചിച്ചു. കുറുപ്പില്ലാക്കളരി തുടങ്ങിയ പ്രഹസനങ്ങളില്‍ അധികാരം കയ്യാളുന്ന സമൂഹത്തിലെ ഒരു വിഭാഗം ആള്‍ക്കാരുടെ ദുശ്ചേഷ്ടിതങ്ങളെയാണ് പ്രധാനമായി ആക്ഷേപഹാസ്യത്തിനു ശരവ്യമാക്കുന്നത്. ഇവര്‍ രണ്ടുപേരും പില്ക്കാലത്ത് ഈ സാഹിത്യമേഖലയില്‍ പ്രഗല്ഭരായ ഇ.വി. കൃഷ്ണപിള്ള, എന്‍.പി. ചെല്ലപ്പന്‍ നായര്‍, സീതാരാമന്‍, ചെമ്മനം ചാക്കോ, വി.കെ. എന്‍., പി.കെ. രാജരാജവര്‍മ തുടങ്ങിയവര്‍ക്ക് മാര്‍ഗദര്‍ശികളായതായി കരുതാം.

സാഹിത്യസംരംഭങ്ങളില്‍ വന്നുചേരുന്ന ദൂഷ്യങ്ങളെ പരിഹസിച്ചുകൊണ്ട് അതിനു വിരാമമിടുന്നതിനുവേണ്ടി മലയാളത്തില്‍ അനേകം പ്രശസ്തങ്ങളായ ആക്ഷേപഹാസ്യകൃതികള്‍ രചിക്കപ്പെട്ടതിനെക്കുറിച്ച് മുന്‍പു പരാമര്‍ശിച്ചു. മുന്‍ഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരം എന്ന നാടകമാണ് ഈ കൃതികളില്‍ ഏറ്റവും പ്രശസ്തം. അപണ്ഡിതന്മാരായ ഗ്രന്ഥകാരന്മാരെയും നാടക നിര്‍മാതാക്കളെയും പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇതു രചിച്ചത്. കഴിഞ്ഞ തലമുറയിലെ ഹാസ്യസാഹിത്യകാരന്മാരില്‍ ഏറ്റവും പ്രശസ്തരായ മൂന്നുപേരാണ് ഇ.വി. കൃഷ്ണപിള്ള, സഞ്ജയന്‍ എന്നറിയപ്പെടുന്ന എം.ആര്‍. നായര്‍, സീതാരാമന്‍ എന്നിവര്‍. സി.വി. രാമന്‍പിള്ളയുടെ ജാമാതാവായ ഇ.വി. കൃഷ്ണപിള്ള മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഹാസ്യസാഹിത്യകാരനാണ്. ഇരുനൂറിലേറെ പ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ചിരിയും ചിന്തയും എന്ന പ്രബന്ധസമാഹാരം, കുറുപ്പിന്റെ ഡയറി, പെണ്ണരശുനാട് എന്നീ പരിഹാസനാടകങ്ങള്‍; കവിതക്കേസ് എന്ന വിനോദഭാവന ഇവ പ്രസിദ്ധങ്ങളാണ്. ഒരു കവി തന്റെ കവിത നാട്ടിലുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്നതു നാട്ടുകാര്‍ക്ക് അസഹ്യമാകുന്നതാണ് കവിതക്കേസിലെ പ്രമേയം. ഭാരതീയ സംസ്കൃതിയില്‍ നിഷ്ണാതനും തികഞ്ഞ പണ്ഡിതനുമായിരുന്ന എം.ആര്‍. നായര്‍ 'സഞ്ജയന്‍' എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. ജനങ്ങളുടെ സേവകരാകേണ്ട ജനപ്രതിനിധികള്‍ ഉത്തരവാദിത്തരഹിതമായി നിയമനിര്‍മാണസഭയില്‍ പെരുമാറുന്നതിനെ ഉപഹസിച്ചുകൊണ്ടുള്ള ചങ്ങലംപരണ്ട പാര്‍ലിമെന്റ്, സാഹിത്യത്തിലെ ലക്ഷ്യബോധമില്ലാത്ത ആധുനികപ്രവണതകളെ കളിയാക്കിക്കൊണ്ടുള്ള കോരപ്പുഴയുടെ കവിതാരീതി തുടങ്ങിയ ലേഖനങ്ങള്‍ പ്രസിദ്ധങ്ങളാണ്. സാമുദായികവും വ്യക്തിപരവുമായ ആക്ഷേപഹാസ്യശൈലി സീതാരാമന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ പരിഹാസ സന്ദര്‍ഭങ്ങളില്‍ ഇ.വി.യെപ്പോലെ രൂക്ഷമായ പരിഹാസഭാവങ്ങള്‍ ഇദ്ദേഹം സ്വീകരിച്ചിരുന്നില്ല. തന്റെ സമകാലികരായിരുന്ന സാഹിത്യകാരന്മാരെ മിക്കവരെയും അവരുടെ ശൈലി, പദസമ്പത്ത്, പാണ്ഡിത്യപ്രകടനം തുടങ്ങിയവയെ കേന്ദ്രമാക്കി യുക്തമായ പാരഡികളിലൂടെയും മറ്റും ഇദ്ദേഹം ഉപഹസിച്ചിട്ടുണ്ട്. ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള തുടങ്ങിയ മഹാശയന്മാരെല്ലാം ഇദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിനു ശരവ്യരായിട്ടുണ്ട്.

കൈനിക്കര കുമാരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, എന്‍.വി. കൃഷ്ണവാരിയര്‍, ചെമ്മനം ചാക്കോ, കുഞ്ഞുണ്ണി, വി.കെ. എന്‍., ഒ.വി. വിജയന്‍, സക്കറിയ തുടങ്ങിയവരും മലയാളത്തിലെ ഈ സാഹിത്യശാഖയ്ക്കു സുപ്രധാന സംഭാവന നല്കിയിട്ടുള്ളവരാണ്. സാമുദായികവും സാമൂഹികവുമായ ദുരാചാരങ്ങളെയാണ് വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ കഥകളിലൂടെ ആക്ഷേപത്തിനിരയാക്കിയിട്ടുള്ളത്. സര്‍ദാര്‍ കെ.എം. പണിക്കരുടെ പങ്കീപരിണയം എന്ന കൃതിയും അല്പജ്ഞരുടെ ആഢ്യമ്മന്യതയെ ഉപഹസിച്ചുകൊണ്ട് കൈനിക്കര കുമാരപിള്ള എഴുതിയ മുരിങ്ങയ്ക്കാവീശല്‍ തുടങ്ങിയ ലേഖനങ്ങളും ശ്രദ്ധേയങ്ങളാണ്. വിദ്യാര്‍ഥിവേഷം കെട്ടി പാവപ്പെട്ട വീട്ടുകാരെ മുടിച്ചിട്ട് ലോലവൈകാരിക ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിക്കഴിയുന്ന യുവാക്കളില്‍ കനത്ത പരിഹാസം ചൊരിയുന്ന കൃതിയാണ് എന്‍.വി. കൃഷ്ണവാരിയരുടെ കൊച്ചുതൊമ്മന്‍ ഒരു വിദ്യാര്‍ഥിപുരാണം എന്ന കാവ്യം.

ആക്ഷേപഹാസ്യസാഹിത്യകാരനെന്ന നിലയില്‍ മലയാളത്തിലെ ആധുനിക കവികളില്‍ പ്രശസ്തനാണ് ചെമ്മനം ചാക്കോ. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ജനകീയഭരണം, അഴിമതി, ഉദ്യോഗസ്ഥപ്രഭുത്വം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിന്റെ പ്രധാനവിഷയങ്ങള്‍. ഉദ്യോഗസ്ഥ സമൂഹത്തിന് പൊതുജനത്തോടുള്ള മനോഭാവത്തെ ആക്ഷേപിക്കുന്ന 'ജാഥ' എന്ന കവിത ഇതിനുദാഹരണമാണ്. ഇദ്ദേഹത്തിന്റെ 'ആളില്ലാക്കസേരകള്‍' എന്ന കവിതയും 'ജാഥ'പോലെ കുറിക്കു കൊള്ളുന്നതായി. സാമൂഹിക യാഥാര്‍ഥ്യങ്ങളെ മിതമായ വാങ്മയത്തില്‍ ചിത്രീകരിക്കുന്ന കുഞ്ഞുണ്ണിയുടെ കവിതയിലും ചില സന്ദര്‍ഭങ്ങളില്‍ ആക്ഷേപഹാസ്യം മിന്നിത്തെളിയാറുണ്ട്.

കഥാരചനയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആക്ഷേപഹാസ്യസാഹിത്യകാരനാണ് വി.കെ.എന്‍.. പയ്യന്‍ കഥകള്‍, ജനറല്‍ ചാത്തന്‍സ്, ആരോഹണം, സിന്‍ഡിക്കേറ്റ് തുടങ്ങിയ കൃതികളില്‍ സമൂഹത്തിലെ സാമ്പത്തികമായും മറ്റും ഉന്നത ശ്രേണിയിലുള്ളവരുടെ ജീവിതത്തില്‍ കടന്നുകൂടുന്ന പരിഷ്കാരഭ്രമത്തെയും സാമൂഹികവും വ്യക്തിപരവുമായ പ്രതിബദ്ധതയില്ലായ്മയെയും ഉപഹാസരൂപേണ ഇദ്ദേഹം ചിത്രീകരിക്കുന്നു. ഒ.വി. വിജയന്റെ ധര്‍മപുരാണം എന്ന നോവല്‍ രൂക്ഷമായ ആക്ഷേപഹാസ്യരചനയ്ക്ക് ഉത്തമനിദര്‍ശനമാണ്. പി.കെ. രാജരാജവര്‍മ, ആനന്ദക്കുട്ടന്‍, എ.പി. ഉദയഭാനു, സുകുമാര്‍, സുബ്ബയ്യാപിള്ള, വിക്രമന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരും മലയാളത്തിലെ ഹാസ്യസാഹിത്യശാഖയിലെന്ന പോലെ ആക്ഷേപഹാസ്യശാഖയിലും പ്രസിദ്ധരാണ്.

കാര്‍ട്ടൂണ്‍ സാഹിത്യത്തെ ആക്ഷേപഹാസ്യസാഹിത്യത്തിന്റെ ഒരു ശാഖയായി കണക്കാക്കാം. യുക്തമായ രേഖാചിത്രങ്ങളുടെ അനുബന്ധമായി നല്കുന്ന വാക്യങ്ങളും വിവരണങ്ങളും രൂക്ഷമായ ആക്ഷേപഹാസ്യമായി പരിണമിക്കുന്നതായി കാണാം. ദിനപത്രങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയുമാണ് ഈ സാഹിത്യശാഖയ്ക്കു പ്രചാരം ലഭിച്ചത്. ദാര്‍ശനിക കാര്‍ട്ടൂണ്‍ സാഹിത്യകാരനും സിനിമാ സംവിധാനകനുമായിരുന്ന അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വളരെക്കാലം സ്ഥാനം പിടിച്ചിരുന്നു. ഹാസ്യത്തിനു പ്രാധാന്യം നല്കിക്കൊണ്ട് റ്റോംസ് രചിച്ച ബോബനും മോളിയും, പി.വി. കൃഷ്ണന്റെ സാക്ഷി തുടങ്ങിയവയും ആക്ഷേപഹാസ്യത്തിന്റെ പരിധിയിലാണുള്‍പ്പെടുന്നത്. ഈ രീതിയിലുള്ള കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്ക് ആധുനികകാലത്ത് ദിനപത്രങ്ങളും ആനുകാലികങ്ങളും പ്രാധാന്യം നല്കി വരുന്നു.

(മേക്കൊല്ല പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍