This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്ലന്‍ഡ്, ജോര്‍ജ് ഈഡന്‍ (1784 - 1849)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക് ലന്‍ഡ്, ജോര്‍ജ് ഈഡന്‍ (1784 - 1849)

Auckland George Eden

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലും. വില്യം ഈഡന്റെ ദ്വിതീയ പുത്രനായി 1784 ആഗ. 25-ന് കെന്റിലെ ബക്കന്‍ഹാമില്‍ ജനിച്ചു. ഓക്സ്ഫഡിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഗ്രേയുടെ മന്ത്രിസഭ(1830-34)യില്‍ ബോര്‍ഡ് ഒഫ് ട്രേഡ് പ്രസിഡന്റായി സേവനം ആരംഭിച്ചു. ഈ കാലത്ത് മാസ്റ്റര്‍ ഒഫ് ദി മിന്റ് (Master of the Mint) ഉദ്യോഗവും ഇദ്ദേഹം വഹിച്ചിരുന്നു. 1834 വരെ ഈ രണ്ട് ഉദ്യോഗങ്ങളിലും തുടര്‍ന്നു. ലോര്‍ഡ് മെല്‍ബേണ്‍ (1779-1848) ഇദ്ദേഹത്തെ പ്രഥമ അഡ്മിറല്‍റ്റി ലോര്‍ഡ് (First Lord of Admiralty) ആയി നിയമിച്ചു; 1835-ല്‍ ആക് ലന്‍ഡ് ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായി നിയമിതനായി.

ആക് ലന്‍ഡ് പ്രഭു

1836 മാ.-ല്‍ ആക് ലന്‍ഡ് ഇന്ത്യയിലെത്തി. അക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗം പരിവര്‍ത്തനവിധേയമായി വരികയായിരുന്നു. 19-ാം ശ.-ത്തിന്റെ ആദ്യം റഷ്യന്‍ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ II (1818-81) ഏഷ്യയിലെ പൂര്‍വഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്ക് സാമ്രാജ്യവികസനം നടത്താന്‍ ശ്രമം തുടങ്ങി. ഈ ഉദ്ദേശ്യം യാഥാര്‍ഥ്യമാക്കാനുള്ള ആദ്യപടിയായി പേര്‍ഷ്യയുമായി 1813-ല്‍ ഗുലിസ്താന്‍ സന്ധിയില്‍ റഷ്യ ഒപ്പുവച്ചു; അതിന് ബദലായി ബ്രിട്ടന്‍ 1814 ന. 25-ന് പേര്‍ഷ്യയുമായി ടെഹ്റാന്‍ സന്ധിയില്‍ ഒപ്പുവച്ചു. അങ്ങനെ റഷ്യയുടെ നുഴഞ്ഞുകയറ്റം ശക്തിപ്പെട്ടുവരുമ്പോഴായിരുന്നു ആക് ലന്‍ഡ് ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്താന്‍ അമീറായ ദോസ്ത് മുഹമ്മദ് പുതിയ ഗവര്‍ണര്‍ ജനറലിന് ഭാവുകമാശംസിക്കയും, അതോടൊപ്പം പേര്‍ഷ്യക്കാര്‍ക്കും സിക്കുകാര്‍ക്കും എതിരായി തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കയും ചെയ്തിരുന്നു. ഈ അഭ്യര്‍ഥന ആക്ലന്‍ഡ് പ്രഭു തിരസ്കരിച്ചു. അതിനാല്‍ ദോസ്ത് മുഹമ്മദ് പേര്‍ഷ്യയും റഷ്യയുമായി സൗഹാര്‍ദത്തിലായി. ഇത് ദൂരവ്യാപകങ്ങളായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് കളമൊരുക്കുമെന്നു ഭയന്ന അന്നത്തെ ബ്രി. ഗവണ്‍മെന്റ് തക്കതായ നടപടികള്‍ അഫ്ഗാന്‍ കാര്യത്തില്‍ സ്വീകരിക്കുവാന്‍ ആക്ലന്‍ഡിനെ ഉപദേശിച്ചു.

ഒരു വാണിജ്യക്കരാറിലേര്‍പ്പെടാനെന്ന വ്യാജേന അലക്സാണ്ടര്‍ ബേണ്‍സിനെ ആക് ലന്‍ഡ് പ്രഭു മുംബൈയില്‍ നിന്നും കാബൂളിലേക്കയച്ചു (1836 ന.). 1837 സെപ്. 20-ന് കാബൂളിലെത്തിയ ബേണ്‍സ് അഫ്ഗാന്‍കാരുടെ വ്യവസ്ഥകള്‍ അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദൗത്യം പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ ഇന്തോ-അഫ്ഗാന്‍ സംഘര്‍ഷം ഒന്നാം അഫ്ഗാന്‍ യുദ്ധത്തില്‍ കലാശിച്ചു. ഈ യുദ്ധംമൂലം 20,000 പേരുടെ ജീവനും 15 കോടി പവനും ഇംഗ്ലീഷുകാര്‍ക്കു നഷ്ടപ്പെട്ടു. ഇത് ആക് ലന്‍ഡിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു.

ആക് ലന്‍ഡ് ഗവര്‍ണര്‍ ജനറലായിരുന്നപ്പോള്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും ക്ഷാമനിവാരണപ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താനും ശ്രമങ്ങള്‍ നടത്തിയിരുന്നു. 1838 ഏ. 20-ന് സിന്ധിലെ അമീര്‍മാരുമായി സന്ധിചെയ്ത് ഒരു ബ്രിട്ടീഷ് റസിഡന്റിനെ അവിടെ പാര്‍പ്പിക്കാന്‍ കഴിഞ്ഞത് ആക് ലന്‍ഡിന്റെ നേട്ടമായിരുന്നു. 1837-ല്‍ ഇദ്ദേഹം ഔധുമായുണ്ടാക്കിയ കരാര്‍ ബോര്‍ഡ് ഒഫ് ഡിറക്ടേഴ്സ് അംഗീകരിച്ചില്ല. ചെന്നൈയിലെ കര്‍ണൂല്‍ നവാബിന്റെ (Nawab of Karnul) പ്രദേശം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാന്‍ ആക്ലന്‍ഡിനു കഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി റോബര്‍ട്ട് പീല്‍ 1842 ഫെ.-ല്‍ ആക് ലന്‍ഡിനെ തിരിച്ചു വിളിച്ചു. വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹത്തെ, 1846-ല്‍ ജോണ്‍ റസല്‍ പ്രഭു പ്രഥമ അഡ്മിറല്‍റ്റി ലോര്‍ഡായി നിയമിച്ചു. 1849 ജനു. 1-ന് ആക് ലന്‍ഡ് അന്തരിച്ചു. നോ: അഫ്ഗാന്‍ യുദ്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍