This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്റ്റിനോമൈക്കോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്റ്റിനോമൈക്കോസിസ്

Actinomycosis

ആടുമാടുകള്‍, പന്നി, മാന്‍, ലാമ (liama) തുടങ്ങിയ ജന്തുക്കള്‍ക്കും അപൂര്‍വമായി മനുഷ്യനും പിടിപെടുന്ന ഒരു പകര്‍ച്ചവ്യാധി. ആക്റ്റിനോമൈസെറ്റേസീ എന്ന ഫംഗസ് കുടുംബത്തിലെ ആക്റ്റിനോമൈസെസ് ഇസ്രലി, ആ. ബോവിസ് എന്നിവ ആണ് ഇതിനു കാരണം.

പുല്ലുകളിലും മറ്റു ചെറു ചെടികളിലും കഴിയുന്ന ഒരു സ്പീഷീസാണ് കന്നുകാലികളില്‍ ഈ രോഗമുണ്ടാക്കുന്നത്. സ്ട്രെപ്റ്റോട്രൈക്കോസിസ് എന്നും അറിയപ്പെടുന്ന ഈ രോഗം 'ലംപി ജോ' എന്നു സാധാരണ വിളിക്കപ്പെടുന്നു. രോഗബാധിതരായ ജന്തുക്കളില്‍നിന്നാണ് ഈ രോഗം മനുഷ്യനില്‍ പകരുന്നത്. മുഖത്തും താടിയുടെ വശങ്ങളിലും ഉണ്ടാകുന്ന മുഴകളായാണ് ഈ രോഗം സാധാരണ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഇതു പലപ്പോഴും വക്ഷസ്സിലെയും ഉദരത്തിലെയും കുഹര(cavity)ങ്ങളിലും ഉണ്ടായി എന്നു വരാം. ആദ്യമായി ഈ രോഗത്തെക്കുറിച്ച് മനസ്സിലായത് 1825-ലാണ്. അര്‍ബുദം, ക്ഷയം, സിഫിലിസ് ഇവമൂലമുണ്ടാകുന്ന ട്യൂമറുകളായി ഇതു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1877-ല്‍ ഓട്ടോ ബൊളിന്‍ജര്‍ കന്നുകാലികളില്‍ കണ്ട ഈ രോഗത്തെ അതിസൂക്ഷ്മമായി വിവരിക്കുകയുണ്ടായി. യൂറോപ്പിലും അമേരിക്കയിലും ഈ രോഗം സാധാരണമാണ്. പല്ലുകള്‍, ടോണ്‍സില്‍സ് തുടങ്ങിയ ഇടങ്ങളിലാണ് രോഗാണുക്കള്‍ കാണപ്പെടുക. എന്നാല്‍ ഈ അണുക്കള്‍ രോഗം ഉണ്ടാക്കുന്നവയല്ല. രോഗംമൂലമുണ്ടാകുന്ന എല്ലാ പരുക്കളിലും ട്യൂമറുകളിലും രോഗാണുക്കള്‍ ധാരാളമായുണ്ടായിരിക്കും. സൂക്ഷ്മദര്‍ശിനിയുപയോഗിച്ച് ഇവയെ നിഷ്പ്രയാസം കണ്ടുപിടിക്കാം. കന്നുകാലികളില്‍ ഉമിനീര്‍ ഗ്രന്ഥികള്‍, താടിയെല്ല്, നാവ്, ഗ്രസനി (pharynx), അന്നനാളി (Oesophagus) എന്നീ ഭാഗങ്ങളിലാണ് ഈ രോഗം ബാധിക്കുന്നത്. പന്നിയുടെ അകിടിലും ഇതു പിടിപെടുന്നു.

ഫംഗസിന്റെ ജീവിതചക്രത്തില്‍ ഒരുഭാഗം കഴിച്ചു കൂട്ടുന്നത് ഏതെങ്കിലും സസ്യങ്ങളിലാവണം എന്നു വിശ്വസിക്കപ്പെടുന്നു. നീണ്ട ഇലകളുള്ള പുല്ലുകള്‍ രോഗാണുക്കളെ കന്നുകാലികളിലേക്കു കടത്തിവിടുന്ന മാധ്യമമായി പ്രവര്‍ത്തിക്കുന്നു.

വ്രണങ്ങള്‍ കീറിത്തുറന്ന് പഴുപ്പുകളഞ്ഞ് അണുനാശനം ചെയ്യുകയാണ് സാധാരണ പ്രതിവിധി. പൊട്ടാസ്യം അയൊഡൈഡ് കഴിക്കാന്‍ കൊടുക്കുകയും ചെയ്യാം. കേടുവന്ന പല്ലുകള്‍, വായ്ക്കുള്ളിലെ മുറിവുകള്‍ (പോറല്‍) എന്നിവയിലൂടെയാണ് മനുഷ്യനിലും കന്നുകാലികളിലും രോഗാണുക്കള്‍ കടന്നുകൂടുന്നത്.

മനുഷ്യനില്‍ ഈ രോഗം വളരെക്കാലം നീണ്ടുനില്ക്കാറുണ്ട്. ശരീരത്തില്‍ ഏതുഭാഗത്തും രോഗബാധയുണ്ടാകാം. എന്നാല്‍ 50 ശ.മാ.-ത്തിലേറെ രോഗികളിലും തലയിലും കഴുത്തിലുമാണ് രോഗം കാണപ്പെടുന്നത്. ശ്വാസനാളിയിലും ശ്വാസകോശങ്ങളിലും 20 ശ.മാ.-ത്തോളം രോഗബാധയുണ്ടാകുന്നു; അത്രയും തന്നെ ഉദരത്തിലും ഉണ്ടാവാം. കുടലുകള്‍, ത്വക്ക് തുടങ്ങിയ അവയവങ്ങളെയും ഇതു ബാധിക്കാറുണ്ട്. ആന്തരാവയവങ്ങളിലുള്ള ട്യൂമറിന്റെ ഫലമായി തൊലിയിലും വ്രണങ്ങളുണ്ടാകും. വേദന അസഹ്യമാകാറുണ്ട്. മൂന്നു മാസം മുതല്‍ ഒരു വര്‍ഷംവരെയുള്ള കാലയളവില്‍ സുഖമാവുന്നതരം രോഗമുണ്ട്; മരണംവരെ നിലനില്ക്കുന്നതരവും ഉണ്ട്.

പെനിസിലിനും, ശസ്ത്രക്രിയയുമാണ് രണ്ടു പ്രധാന ചികിത്സാമാര്‍ഗങ്ങള്‍. മൃഗങ്ങളില്‍നിന്നും നേരിട്ടു രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യത വളരെ കുറവാണ്. മനുഷ്യരില്‍ രോഗബാധയേറ്റ പല്ലുകളില്‍നിന്നാണ് ഇത് സാധാരണയായി ആരംഭിക്കുക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍