This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്രമണാസക്തി-മനഃശാസ്ത്രപരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്രമണാസക്തി-മനഃശാസ്ത്രപരം

ലക്ഷ്യപ്രാപ്തിക്കു വിഘാതമുണ്ടാകുമ്പോള്‍ ഒരു വ്യക്തിയിലുണ്ടായേക്കാവുന്ന പ്രതികരണം. 'അരുത്', 'ചെയ്യരുത്' തുടങ്ങിയ വിലക്കുകള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതില്‍ നിന്ന് ഒരുവനെ തടയുന്നു. ഇത്തരം തടസ്സങ്ങള്‍ ചിലരില്‍ ആക്രമണാസക്തി ഉളവാക്കുന്നു. പാരമ്പര്യഗുണ വിശേഷങ്ങളും സാഹചര്യവുമാണ് ഇതിന് മുഖ്യകാരണങ്ങള്‍.

മനുഷ്യശരീരത്തിലെ തലച്ചോറിലുള്ള ചില പ്രധാനഭാഗങ്ങളുടെ പ്രവര്‍ത്തനംകൊണ്ടാണ് ആക്രമണാസക്തി പ്രകടമാകുന്നത്. താഴെ പറയുന്ന ഏഴു ഭാഗങ്ങളാണിവ.

(1) പി.എ.ജി അഥവാ പെരിഅക്വിഡക്ടല്‍ ഗ്രേമാറ്റര്‍, (2) ഹൈപ്പോതലാമസ്, (3) സെപ്റ്റല്‍ ന്യൂക്ളിയഡുകള്‍, (4) അവിഗ്ഡല, (5) പ്രിഫ്രോണ്ടല്‍ കോര്‍ട്ടക്സ്, (6) സ്ട്രയാ ടെര്‍മിനാലിസിലെ ബെഡ്ന്യൂക്ലിയഡ്, (7) ന്യൂക്ലിയഡ് അക്യുമ്പന്‍സ്.

മുതിര്‍ന്നവരുടെ സ്വേച്ഛാധികാരത്തോടുകൂടിയ ഇടപെടലുകള്‍ കുട്ടികളില്‍ ആക്രമണാസക്തി വളര്‍ത്തുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രക്ഷാകര്‍ത്താക്കളുടെ അനുഭാവരഹിതമായ പെരുമാറ്റം, ഉപേക്ഷാമനോഭാവം, അതിര്‍കടന്ന ശിക്ഷ എന്നിവ കുട്ടികളില്‍ ആക്രമണാസക്തി വളര്‍ത്തുമെങ്കിലും ചില കുട്ടികള്‍ അത്തരം രംഗങ്ങളെ നേരിടാതെ പിന്തിരിയാനുള്ള പ്രവണതയും കാണിക്കാറുണ്ട്. ജനാധിപത്യപരമായ ഇടപെടലുകള്‍ കുട്ടികളില്‍ ആക്രമണാസക്തിക്കുപകരം സൗഹൃദവും സഹകരണവും വളര്‍ത്തുന്നതിനും തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ സംതൃപ്തിയടയുന്നതിനും സഹായിക്കുന്നു. മാതാപിതാക്കളുടെയോ കൂടെപ്പിറന്നവരുടെയോ അനാവശ്യമായ ഇടപെടലുകള്‍, അധ്യാപകരുടെ ധാര്‍ഷ്ട്യം, സുഹൃത്തുക്കളുടെ പരിഹാസം തുടങ്ങിയവമൂലമാണ് കൌമാരപ്രായക്കാര്‍ ആക്രമണാസക്തരാകുന്നത്. മുതിര്‍ന്നവരാകട്ടെ, ജോലിയിലും വിശ്രമത്തിലും അന്യരുടെ അതിരുകവിഞ്ഞ ഇടപെടലുകളും സമ്മര്‍ദവും ഉണ്ടാകുമ്പോഴായിരിക്കും ആക്രമണാസക്തി പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും അഭിപ്രേരണ (motivation) ധ്വംസിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്യുകയും അതില്‍നിന്നുണ്ടായ മാനസികസംഘര്‍ഷം കുറയാതിരിക്കുകയും ചെയ്യുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ആക്രമണാസക്തിയുണ്ടാകയാണ് പതിവ്. പരുക്കന്‍ സ്വഭാവം, നിലവിളി, അന്തരീക്ഷത്തില്‍ മുഷ്ടി ചുരുട്ടി ഇടിക്കല്‍ മുതലായവ ആക്രമണാസക്തന്റെ ലക്ഷണങ്ങളാണ്. മറ്റു ചില പ്രാപ്തവയസ്കരില്‍ പരിഹാസം പുരണ്ട തിരിച്ചടി, സംസാരിക്കാനുള്ള വിസമ്മതം, തുറിച്ചുനോക്കല്‍, താമസിച്ചുമാത്രം മറുപടി നല്കല്‍, ശാരീരികമായ ആക്രമണം എന്നിവയിലൂടെ ആക്രമണാസക്തി പുറത്തുവരുന്നു.

രണ്ടുവയസ്സുമുതല്‍ നാലുവയസ്സുവരെ ആക്രമണാസക്തി കൂടുകയും അതിനുശേഷം ക്രമേണ കുറയുകയും ചെയ്യാറുണ്ടെന്ന് ശിശുമനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. നാലോ അഞ്ചോ വയസ്സാകുമ്പോള്‍ ആക്രമണാസക്തി പ്രകടിപ്പിക്കാന്‍ ശാരീരിക പ്രവൃത്തികളെക്കാള്‍ സംസാരശക്തിയെ ആശ്രയിക്കുന്നതായി കാണാം. ഇതു ക്രമേണ അന്യരെ കുറ്റപ്പെടുത്തുക, അധിക്ഷേപിക്കുക എന്നീ നിലകളിലേക്ക് വളരാറുണ്ട്. പെണ്‍കുട്ടിയെ അപേക്ഷിച്ച് ആണ്‍കുട്ടിയായിരിക്കും അധികം ആക്രമണാസക്തി പ്രകടമാക്കുന്നത്. മുതിര്‍ന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടി അവരുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ അക്രമാസക്തരാകാറുണ്ട്. കുട്ടികള്‍ വളരുന്നതോടൊപ്പം അവരുടെ ആക്രമണാസക്തി പൂര്‍ണമായി നശിച്ചുപോകുന്നില്ല. അതു സാഹചര്യം അനുസരിച്ച് വിഭിന്നരീതിയില്‍ പ്രകടമാക്കുകയാണ് പതിവ്.

മോഹഭംഗ(frustration)ത്തില്‍ നിന്ന് ആക്രമണാസക്തി ഉണ്ടാകുന്നുവെന്ന് ഒരു സിദ്ധാന്തമുണ്ട്. ഫ്രോയിഡും മക്ഡുഗലും ഇതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതിന് ഒരു പരികല്പന(Hypothesis)യുടെ രൂപം നല്കിയത് ഡൊള്ളാര്‍ഡ്, ഡ്യൂബ്, മില്ലര്‍, മൗറര്‍, സിയേള്‍സ് എന്നിവരാണ്. ലക്ഷ്യാധിഷ്ഠിതമായ പ്രതികരണങ്ങള്‍ക്കിടയിലുണ്ടാകുന്ന തടസ്സം (മോഹഭംഗം) ഏതൊരുവനിലും ആക്രമണാസക്തി ഉണ്ടാക്കും എന്നതാണ് ഈ പരികല്പന. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയ ഈ സിദ്ധാന്തത്തിന് ഡൊള്ളാര്‍ഡും കൂട്ടരും പുതിയ വിശദീകരണങ്ങള്‍ നല്കി. മോഹഭംഗത്തിന്റെ ഫലമായി ആക്രമണാസക്തി മാത്രമേ ഉണ്ടാകൂ എന്നു പറഞ്ഞുകൂടാ; മറ്റു ചില പ്രതികരണങ്ങള്‍കൂടി ഉണ്ടായി എന്നുവരാം. അവ ചിലപ്പോള്‍ ആക്രമണാസക്തിയെക്കാള്‍ ശക്തവുമായിരിക്കാം. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് മോഹഭംഗവും കാരണമാകാമെങ്കിലും എല്ലാ ആക്രമണത്തിന്റെയും പിന്നില്‍ മോഹഭംഗം ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന് വാള്‍ടേഴ്സും ബന്ധുരയും ചൂണ്ടിക്കാണിക്കുന്നു. ആത്മസത്ത (Self)യ്ക്ക് എതിരേയുള്ള ഭീഷണികളും എതിര്‍പ്പും ആക്രമണ പ്രവണത ജനിപ്പിച്ചേക്കാം. അത്രത്തോളം പ്രത്യക്ഷമല്ലാത്ത തടസ്സങ്ങള്‍ (ജോലിയിലും മറ്റും വരാവുന്ന തടസ്സങ്ങള്‍) മറ്റു പലതരം പ്രതികരണങ്ങളായിരിക്കാം സൃഷ്ടിക്കുന്നത്. പ്രതീക്ഷിക്കപ്പെടുന്നവയെക്കാള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങള്‍ പെട്ടെന്നു കോപവും ആക്രമണാസക്തിയും ജനിപ്പിക്കും. പരിശീലനംകൊണ്ട് ആക്രമണാസക്തി കുറയ്ക്കാനും കൂട്ടാനും കഴിയും. അതിനാല്‍ മോഹഭംഗത്തിന്റെ ഫലമായി ആക്രമണാസക്തി മാത്രമേ ഉണ്ടാകൂ എന്ന ഈ സിദ്ധാന്തം പൂര്‍ണമായി ശരിയല്ല. ഇത്തരം വിമര്‍ശനങ്ങളും വിശദീകരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഈ സിദ്ധാന്തം മനഃശാസ്ത്രജ്ഞന്‍മാരുടെ സവിശേഷ പഠനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നതേയുള്ളു.

(ഡോ. കെ. സുലോചനന്‍ നായര്‍; ഡോ. ടി. സാഗര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍