This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശാക്രമണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആകാശാക്രമണങ്ങള്‍

ശത്രുക്കളുടെ പട്ടണങ്ങള്‍, ആയുധനിര്‍മാണശാലകള്‍, വ്യവസായകേന്ദ്രങ്ങള്‍, പട്ടാളക്യാമ്പുകള്‍, ഗുദാമുകള്‍, അണക്കെട്ടുകള്‍ മുതലായവ ബോംബുചെയ്തു നശിപ്പിക്കുവാന്‍ വേണ്ടി ഒരു വ്യോമസേനയിലെ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍. ഒന്നാം ലോകയുദ്ധകാലം മുതല്‍ കരസേനയ്ക്കും നാവികസേനയ്ക്കും യുദ്ധരംഗത്ത് മുന്നേറുവാന്‍ വിമാനാക്രമണങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

ആകാശാക്രമണങ്ങളില്‍ പങ്കെടുക്കുന്ന വിമാനങ്ങള്‍ പ്രധാനമായി മൂന്നുതരത്തിലുണ്ട്: (1) പോര്‍വിമാനം (flighter or fighter), (2) ബോംബര്‍ (bomber), (3) നിരീക്ഷണവിമാനം (reconnaissance aircraft). പോര്‍വിമാനങ്ങള്‍ക്കു വളരെയധികം വേഗതയും യുദ്ധതന്ത്രപ്രധാനമായ നിയന്ത്രണക്ഷമത (Manoeuvrability)യും നശീകരണശക്തിയും ആവശ്യമാണ്. ശത്രുക്കളുടെ വിമാനങ്ങളെ ആകാശത്തില്‍വച്ചുതന്നെ വെടിവച്ചു വീഴ്ത്തുന്നത് ഈ വിമാനങ്ങളാണ്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി ഫോക്കര്‍ (Fokker) എന്ന പോര്‍ വിമാനം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്നു. ജര്‍മനിയുടെ വിമാനങ്ങളെ എതിരിടാന്‍ സഖ്യകക്ഷികള്‍ ദി ഹാവ് ലണ്ട്-II, ന്യൂപോര്‍ട്ട് എന്നീ രണ്ടുതരം പോര്‍വിമാനങ്ങള്‍ നിര്‍മിച്ചെങ്കിലും ആകാശ മേല്ക്കോയ്മ 1918 വരെ ജര്‍മനിക്കുതന്നെയായിരുന്നു. 1917-ല്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ 100-ല്‍പ്പരം ജര്‍മന്‍ വിമാനങ്ങള്‍ പങ്കെടുത്തു. ശത്രുക്കളുടെ റെയില്‍വേ ജങ്ഷനുകളും വിതരണകേന്ദ്രങ്ങളും നശിപ്പിക്കുക എന്നതു കരസേനയുടെ ആവശ്യമായിരുന്നു. ഇതിനെല്ലാം പോര്‍വിമാനങ്ങള്‍ കൂടാതെ ബോംബറുകളും കൂടിയേ കഴിയൂ.

പോര്‍വിമാനങ്ങളെ അപേക്ഷിച്ച് ബോംബറുകള്‍ ഭാരം കൂടിയവയും, വേഗതയും നിയന്ത്രണക്ഷമതയും കുറഞ്ഞവയുമാണ്. ആകാശാക്രമണത്തിന് പുറപ്പെടുന്ന ബോംബറുകളുടെ രക്ഷയ്ക്കായി കുറെ പോര്‍വിമാനങ്ങള്‍ അകമ്പടിയായി പോകുക സാധാരണമാണ്. നിരീക്ഷണവിമാനങ്ങള്‍ ദീര്‍ഘയാത്രയ്ക്കും ഉപര്യന്തരീക്ഷത്തില്‍നിന്നും ഫോട്ടോ ഗ്രാഫുകള്‍ എടുക്കുന്നതിനും കഴിവുള്ളവയായിരിക്കണം. ശത്രുക്കളുടെ പട്ടാളത്താവളങ്ങളും നാവികസങ്കേതങ്ങളും തുറമുഖങ്ങളും, നിര്‍മാണശാലകളും റെയില്‍കേന്ദ്രങ്ങളും മറ്റും നിരീക്ഷണംചെയ്തു ബോംബര്‍ വിമാനങ്ങള്‍ നയിക്കുന്നവരെ അറിയിക്കുകയാണ് അവയുടെ പ്രധാന കര്‍ത്തവ്യം.

1918 വസന്തത്തില്‍ ജര്‍മനി തൊള്ളായിരത്തോളം വിമാനങ്ങള്‍ സഖ്യകക്ഷികള്‍ക്കെതിരെ നിയോഗിക്കുകയുണ്ടായി. അപ്പോഴേക്കും സഖ്യകക്ഷികളുടെ വിമാനനിര്‍മാണശാലകള്‍ വിപുലമായ പുരോഗതി നേടുകയുണ്ടായി. അവര്‍ ഓരോ യുദ്ധമേഖലയിലും 1,500 മുതല്‍ 2,000 വരെ വിമാനങ്ങള്‍ ഉപയോഗിച്ച് ജര്‍മന്‍ സേനകളെ കീഴടക്കാനാരംഭിച്ചു. ഇതോടെ വ്യോമശക്തിക്കു വിമാനങ്ങളുടെ സംഖ്യാബലം ഒഴിച്ചു കൂടാത്തതാണെന്നു സ്പഷ്ടമായി.

രണ്ടാം ലോകയുദ്ധത്തിലെ വിമാനാക്രമണങ്ങള്‍. രണ്ടാം ലോകയുദ്ധം ആരംഭിച്ചശേഷം, 1940-ല്‍ ആകാശത്തു നിന്നുള്ള ശക്തിയായ ബോംബിങ് നടത്തി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ജര്‍മനി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ റാഡാറിന്റെ സഹായത്തോടെ നടത്തിയ ധീരോദാത്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍മൂലം ഈ ശ്രമം പരാജയപ്പെട്ടു. 1943-45 ആയപ്പോഴേക്കും ഇംഗ്ലണ്ട് പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്കു തിരിഞ്ഞു. ഇംഗ്ലണ്ടും അമേരിക്കയും യോജിച്ച് ജര്‍മനിയുടെ മര്‍മപ്രധാനമായ എല്ലാ വ്യവസായകേന്ദ്രങ്ങള്‍ക്കും നേരെ ഫലപ്രദമായ ആകാശാക്രമണങ്ങള്‍ നടത്തി ജര്‍മനിയുടെ വിഭവശേഷി തകര്‍ത്തുകളഞ്ഞു.

1945 ആഗ.-ല്‍ ജപ്പാനിലെ ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അഗ്നിക്കിരയാക്കി. ചരിത്രത്തില്‍ ആദ്യത്തേതായ ആറ്റംബോംബു പ്രയോഗം ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ കഥ പ്രസിദ്ധമാണല്ലോ. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്സിലെ യുദ്ധവിമാനങ്ങളുടെ ഉത്പാദനനിരക്കു വളരെ ഉയര്‍ന്നതായിരുന്നു. 1942 ഡി.-നും 1944 ജനു.-ക്കും ഇടയ്ക്ക് യു.എസ്സില്‍ 29,000 ബോംബറുകളും 39,000 ഫൈറ്ററുകളും ഉത്പാദിപ്പിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ബ്രിട്ടീഷ് പ്രതിരോധവും വ്യവസായകേന്ദ്രങ്ങളും തകര്‍ക്കണമെന്ന ലക്ഷ്യത്തോടുകൂടി ജര്‍മനി 'വി-1 പറക്കും ബോംബും', 'വി-2 ബാലിസ്റ്റിക്ക് റോക്കറ്റും' പ്രയോഗിച്ചു. സരളമായ ഒരു പള്‍സ്-ജെറ്റ് എന്‍ജിനോടുകൂടിയതും മുന്‍ഭാഗത്ത് 910 കി.ഗ്രാം സ്ഫോടകശക്തിയുള്ള 'യുദ്ധമുന' (Warhead) വഹിക്കുന്നതും, ഫലത്തില്‍ പൈലറ്റില്ലാതെ പറക്കുന്നതുമായ വ്യോമായുധമാണ് 'വി-1 പറക്കും ബോംബ്'. ലണ്ടന്‍ നഗരത്തെ ലക്ഷ്യമാക്കി ഇവ തുരുതുരെ തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഏറെ നാശനഷ്ടങ്ങളും ജീവഹാനിയും വരുത്താന്‍ ഇവയ്ക്കു കഴിഞ്ഞു. അനുഭവത്തിലൂടെ ഈ ആക്രമണത്തെ നേരിടാന്‍ പഠിച്ച ബ്രിട്ടീഷ് പ്രതിരോധവിഭാഗം 1944-ഓടുകൂടി ഇത്തരം ആക്രമണങ്ങള്‍ നിഷ്ഫലമാക്കിത്തീര്‍ത്തു. തുടര്‍ന്ന്, ജര്‍മന്‍കാര്‍ 'വി-2' ഉപയോഗിച്ചുള്ള റോക്കറ്റാക്രമണത്തിന് ആക്കംകൂട്ടി. ഈ വലിയ റോക്കറ്റുകള്‍ക്ക് 13.65 മീ. നീളവും 13 ടണ്‍ ഭാരവും 910 കി.ഗ്രാം സ്ഫോടകശക്തിയുള്ള 'യുദ്ധമുന'യും ഉണ്ടായിരുന്നു. നെതര്‍ലന്‍ഡിലെ സൗകര്യപ്രദമായ സങ്കേതങ്ങളില്‍നിന്ന് 97 കി.മീ. ആകാശത്തേക്കുയര്‍ന്ന് 322 കി.മീ.റോളം അകലെയുള്ള ലണ്ടന്‍നഗരത്തില്‍ വീഴത്തക്കവിധമാണ് ഈ റോക്കറ്റുകള്‍ എയ്തുവിട്ടുകൊണ്ടിരുന്നത്. ലണ്ടന്‍നഗരത്തിനു സാരമായ നാശനഷ്ടങ്ങള്‍ വരുത്തിക്കൂട്ടാന്‍ ഇവയ്ക്കു കഴിഞ്ഞു. ഇവ വിക്ഷേപിച്ചുകൊണ്ടിരുന്ന താവളങ്ങളും യന്ത്രസംയോജനം നടത്തുന്ന സ്ഥലങ്ങളും 1945 മാര്‍ച്ചില്‍ സഖ്യശക്തികള്‍ പിടിച്ചെടുക്കുന്നതുവരെ റോക്കറ്റുകളുടെ സംഹാരതാണ്ഡവം തുടര്‍ന്നുകൊണ്ടിരുന്നു.

1941 ജൂണില്‍ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിക്കാനാരംഭിച്ചഘട്ടത്തില്‍ 3,000 ജര്‍മന്‍ യുദ്ധവിമാനങ്ങളാണ് രംഗത്തുണ്ടായിരുന്നത്; സോവിയറ്റ് യൂണിയന് അതിന്റെ ഇരട്ടിയും. എണ്ണത്തില്‍ കുറവെങ്കിലും, ഉപകരണങ്ങളുടെ മേന്‍മ, പരിശീലനം, പ്രവര്‍ത്തനപരിചയം എന്നീ കാര്യങ്ങളിലുള്ള നിലവാരം മൂലം ജര്‍മനി ആദ്യം ആകാശമേല്ക്കോയ്മ സ്വായത്തമാക്കി. സോവിയറ്റ് യൂണിയന്റെ ഏതാണ്ട് പകുതിയോളം യുദ്ധവിമാനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം തകര്‍ക്കാന്‍ ജര്‍മനിക്കു തരമായി. അവസരത്തിനൊത്തുയര്‍ന്ന സോവിയറ്റ് യൂണിയന്‍ അത്യുഗ്രമായ തിരിച്ചടി നല്കാന്‍ തുടങ്ങി. 1941-42 കാലത്ത് മോസ്കോയ്ക്കു മുകളില്‍വച്ചു തന്നെ 1,500-ല്‍പ്പരം ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തപ്പെട്ടു. ഇതേ കാലഘട്ടത്തില്‍, ജര്‍മനിയുടെ വ്യോമശക്തിയെ രാജ്യത്തുടനീളം തകര്‍ത്തു മുന്നേറിയ സോവിയറ്റ് യൂണിയന്‍ ആകാശാധീശത്വം വീണ്ടെടുത്തു. ഈ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് പ്രധാനമായും സോവിയറ്റ് ഉത്പാദന സമ്പ്രദായത്തിന്റെ സവിശേഷതകൊണ്ടാണ്; 1942-ല്‍ സോവിയറ്റ് യുദ്ധവിമാനങ്ങളുടെ എണ്ണം 15,000-ത്തില്‍പ്പരവും ജര്‍മനിയുടേത് 2,000-ത്തോളവുമായിരുന്നു.

കൊറിയന്‍, വിയറ്റ്നാം യുദ്ധങ്ങള്‍. 1950-ല്‍ കൊറിയന്‍ യുദ്ധം ആരംഭിക്കുമ്പോള്‍ ചില പുതിയ വ്യോമായുധങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കയുടെ സാബര്‍ജെറ്റ് യുദ്ധവിമാനങ്ങളും സോവിയറ്റ് യൂണിയന്റെ മിഗ്-15 യുദ്ധവിമാനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ചരിത്രത്തിലാദ്യമായി 'ജെറ്റ്' യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത് ഈ യുദ്ധത്തിലാണ്. ഇവയെ വെടിവച്ച് നശിപ്പിക്കുക ദുഷ്കരമാണ്.

വിയറ്റ്നാം യുദ്ധത്തില്‍ യു.എസ്. ബോംബിങ്ങിന്റെ ഫലമായി ഉത്തരവിയറ്റ്നാമിന്റെ യുദ്ധസജ്ജീകരണങ്ങള്‍, റെയില്‍വേകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, മുഖ്യവ്യവസായസ്ഥാപനങ്ങള്‍ മുതലായവയ്ക്ക് വളരെയേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അനേകായിരം ജനങ്ങളും കൊല്ലപ്പെട്ടു. ഈ യുദ്ധത്തില്‍ യു.എസ്സിന്റെ ആയിരക്കണക്കിന് യുദ്ധവിമാനങ്ങള്‍ വെടിയേറ്റ് തകരുകയും, അനേകം അമേരിക്കന്‍ വൈമാനികര്‍ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയുടെ നിരന്തരമായ ആകാശാക്രമണങ്ങളും ഉത്തരവിയറ്റ്നാമിന്റെ ധീരമായ ചെറുത്തുനില്പും ചരിത്രം സൃഷ്ടിച്ചു. ലാവോസിലും, കമ്പോഡിയയിലും ഇതെല്ലാം ആവര്‍ത്തിക്കപ്പെടുകയുണ്ടായി.

ഇസ്രയേല്‍. 1967 ജൂണ്‍ 5-ന് ഇസ്രയേല്‍ വിമാനങ്ങള്‍ ഐക്യ അറബി റിപ്പബ്ളിക്കി(ഈജിപ്ത്)ലെ തുറമുഖങ്ങളെ ആക്രമിച്ചു. തുടര്‍ന്ന് ഐക്യ അറബി റിപ്പബ്ലിക് വിമാനങ്ങള്‍ ഇസ്രയേല്‍ വിമാനങ്ങളുമായി ഏറ്റുമുട്ടി. ആരംഭത്തില്‍ത്തന്നെ ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ തമ്മില്‍ ഉഗ്രയുദ്ധം നടക്കുകയുണ്ടായി. ഈ യുദ്ധത്തില്‍ 441 ശത്രുവിമാനങ്ങളെ നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ട്. 1971 സെപ്. 18-ന് ഈജിപ്ത് വളരെയധികം പ്രത്യാക്രമണ മിസൈലുകള്‍ (anti-aircraft missiles) ഇസ്രയേല്‍ വിമാനങ്ങളുടെ നേരെ തൊടുത്തു വിട്ടു. ഇസ്രയേലിന്റെ 'ഫാന്റം' യുദ്ധവിമാനങ്ങള്‍ സൂയസ് തോടിന്റെ കരയിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ കരസേനയെ തുരുതുരെ വെടിവച്ചുവെങ്കിലും ഈജിപ്തിനു വന്‍തോതിലുള്ള ജീവനാശമോ വസ്തുനഷ്ടമോ ഉണ്ടായില്ല.

ഇന്തോ-പാകിസ്താന്‍ യുദ്ധം. 1965-ലെ ഇന്തോ-പാക് യുദ്ധത്തിനുശേഷം ഇന്ത്യന്‍ വിമാനസേന അത്യാധുനികമായ യുദ്ധമുറകളില്‍ നൈപുണ്യം നേടുകയുണ്ടായി. 1971 ന. 22-ന് നാല് പാകിസ്താന്‍ സാബര്‍ജെറ്റുകള്‍ ഇന്ത്യയുടെ കിഴക്കേ അതിര്‍ത്തി കടന്ന് ആക്രമിച്ചു. അവയെ ഇന്ത്യന്‍ നാറ്റ് (Gnat) വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തി. പാകിസ്താന്‍ വിമാനങ്ങളില്‍നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ട രണ്ട് പൈലറ്റുകളെ തടങ്കലിലാക്കി. 1971 ഡി. 3-ന് പാകിസ്താന്‍ നടത്തിയ വിമാനാക്രമണം രൂക്ഷവും ആകസ്മികവുമായിരുന്നു. ശ്രീനഗര്‍, അവന്തിപ്പൂര്‍, പത്താന്‍കോട്, ജോഡ്പൂര്‍, അംബാല, ആഗ്ര മുതലായ സ്ഥലങ്ങളില്‍ ഒരേസമയത്തുതന്നെ പാകിസ്താന്‍ ആക്രമണം നടത്തി. അന്നുരാത്രി ഇന്ത്യന്‍ വിമാനങ്ങളെ നശിപ്പിക്കാന്‍ പാകിസ്താന്‍ വീണ്ടും വ്യോമാക്രമണത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഒരൊറ്റ വിമാനത്തിനുപോലും കേടുവരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒരാക്രമണം ഉണ്ടാവുമെന്നു കരുതിയിരുന്നതിനാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ എല്ലാം വിമാനത്താവളങ്ങളുടെ പാര്‍ശ്വങ്ങളിലുള്ള കോണ്‍ക്രീറ്റ് കൂടാരങ്ങളിലാണ് (Pens) സൂക്ഷിച്ചിരുന്നത്. അന്നുരാത്രി തന്നെ ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ പല വിമാനത്താവളങ്ങളും ബോംബു ചെയ്തു. പാകിസ്താനിലെ ചന്തേരി, ഷേര്‍കോട്ട്, സര്‍ഗുജ, മറി, കറാച്ചി, റാവല്‍പ്പിണ്ടി മുതലായ സ്ഥലങ്ങള്‍ ആണ് ആക്രമിച്ചത്. ഉദ്ദേശം 25 പാക് വിമാനങ്ങള്‍ അന്ന് നശിപ്പിക്കപ്പെട്ടു.

പാകിസ്താന്‍ വിമാനസേനയിലുണ്ടായിരുന്നത് 104-സ്റ്റാര്‍ ഫയ്റ്റര്‍, മിഗ്-19, സാബര്‍ജെറ്റ്, മിറാഷ് മുതലായവ ആയിരുന്നു. വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എച്ച്. എഫ്-24 ഹണ്ടര്‍, മിഗ്, നാറ്റ് മുതലായവയായിരുന്നു ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍. വൈമാനികരുടെ മികച്ച ധീരതയും സാമര്‍ഥ്യവുമാണ് ഇന്ത്യന്‍ വ്യോമശക്തിയുടെ കാതലായ ഘടകം.

ചില സമീപകാല സംഭവങ്ങള്‍. 1981 ജൂണ്‍ 7-ന് ബാഗ്ദാദിലുള്ള ഇറാക്കി ന്യൂക്ളിയര്‍ റിയാക്ടറിനു നേരെ ഇസ്രായേലിന്റെ വിമാനങ്ങള്‍ മിസ്സൈല്‍ ആക്രമണം നടത്തി. 1993-ല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ ദക്ഷിണ ഇറാക്കില്‍ ബോംബാക്രമണങ്ങള്‍ നടത്തി. ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് രൂപം നല്‍കിയ കരാര്‍ ലംഘിച്ചതിന്റെ പേരിലാണ് ഈ ആക്രമണങ്ങള്‍ നടത്തിയത്. സൗദി അറേബ്യയില്‍ താവളമടിച്ചിട്ടുള്ള അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബറുകളുടെ നേതൃത്വത്തിലായിരുന്ന ആക്രമണം. ഗള്‍ഫിലുള്ള അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളിലെ വിമാനങ്ങളും ഈ ആക്രമണത്തില്‍ പങ്കെടുത്തു.

2001 സെപ്. 11-ന് അല്‍ ക്വയ്ദയുടെ ആസൂത്രണത്തില്‍ രണ്ടു വിമാനങ്ങള്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇടിച്ചു തകര്‍ക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഒ. 7-ന് അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബറുകള്‍ കാബൂളില്‍ ബോംബാക്രമണം ആരംഭിച്ചു. 500 പൌണ്ട് ബോംബുകള്‍ വഹിക്കുന്ന ഹാരിയര്‍ ജംപ് ജെറ്റുകള്‍ ഈ ആക്രമണത്തില്‍ പങ്കെടുത്തു. 2001 ന. 7-നും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണ അഫ്ഗാനിസ്താനില്‍ ബോംബാക്രമണം നടത്തി. നോ: ആകാശസഞ്ചാരം; ആയുധങ്ങള്‍; ഒന്നാം ലോകയുദ്ധം; വ്യോമശക്തി; ബ്ലാക്ക് ഔട്ട്; രണ്ടാം ലോകയുദ്ധം

(വെള്ളായണി പലവേശന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍