This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശസഞ്ചാരനിയന്ത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആകാശസഞ്ചാരനിയന്ത്രണം

വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അവയുടെ ഗതിക്ക് തടസ്സമായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക മുതലായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആവിഷ്കരിച്ചിട്ടുള്ള സഞ്ചാര നിയന്ത്രണവ്യവസ്ഥകള്‍. വലിയ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ അന്‍പതിലധികം വിമാനങ്ങള്‍ ഇറങ്ങുകയും ഉയര്‍ന്നു പറക്കുകയും ചെയ്യുന്ന ആധുനികകാലത്ത് വ്യോമഗതാഗതത്തിന് ഇങ്ങനെ ചില വ്യവസ്ഥകള്‍ അത്യാവശ്യമാണ്. 1944-ല്‍ യു.എസ്. പ്രസിഡന്റ് റൂസ്വെല്‍ട്ട് സംഘടിപ്പിച്ച ഷിക്കാഗോ കണ്‍വെന്‍ഷനെത്തുടര്‍ന്ന് 1947-ല്‍ രൂപമെടുത്ത അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (I.C.A.O-International Civil Aviation Organisation) ആകാശഗതാഗത നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. 120-ല്‍പ്പരം രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടന ഐക്യരാഷ്ട്രസഭ(U.N.O)യുടെ ഒരു വിഭാഗമാണ്.

ലക്ഷ്യങ്ങള്‍. ആകാശത്തില്‍ വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അവയുടെ ശീഘ്രഗതിക്ക് സഹായിക്കുക, അത്യാഹിതങ്ങള്‍ ഒഴിവാക്കുക. അത്യാഹിതം നേരിട്ട വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ട സഹായം നല്കുക മുതലായവയാണ് ഈ സംഘടന (I.C.A.O)യുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിലേക്കായി ആകാശസഞ്ചാര നിയന്ത്രണവകുപ്പില്‍ മൂന്നു വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്: (1) ഏറിയാ കണ്‍ട്രോള്‍ (Area Control); (2) അപ്രോച് കണ്‍ട്രോള്‍ (Approach Control); (3) ഏറോഡ്രോം കണ്‍ട്രോള്‍ (Aerodrome Control). വിമാനത്താവളത്തിലുള്ള നിയന്ത്രണഗോപുരത്തില്‍ (Control Tower) നിന്നുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഗതാഗതം വളരെ കൂടുതലുള്ള വിമാനത്താവളങ്ങളില്‍ ഏറിയാ കണ്‍ട്രോളിന്റെയും അപ്രോച് കണ്‍ട്രോളിന്റെയും പ്രവര്‍ത്തനം ഗോപുരത്തിന്റെ വശങ്ങളിലുള്ള മുറികളില്‍നിന്നും നിയന്ത്രിക്കപ്പെടുന്നു.

1. ഏറിയാ കണ്‍ട്രോള്‍. വിമാനത്താവളത്തില്‍നിന്ന് 160 കി.മീ. പരിധിക്കുള്ളില്‍ പറക്കുന്ന എല്ലാ വിമാനങ്ങളും ഏറിയാ കണ്‍ട്രോളിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ഫ്ളൈറ്റ് പ്ലാനില്‍ (Flight Plan) നിര്‍ദേശിച്ചിട്ടുള്ള ഉയരത്തിലോ (Altitude of flight level) പറക്കുന്ന ദിശയിലോ (Course) മാറ്റംവരുത്തുന്നതിന് കണ്‍ട്രോളിന്റെ അനുവാദമുണ്ടായിരിക്കണം. പരസ്പരം സമീപിച്ച് കൂട്ടിമുട്ടുവാന്‍ സാധ്യതയുള്ള വിമാനങ്ങളുടെ മാതൃക (Type), പറക്കുന്ന ഉയരം, ദിശ, വേഗം ഇവയെല്ലാം വൈമാനികരെ അറിയിക്കേണ്ടത് ഏറിയാ കണ്‍ട്രോളറുടെ ചുമതലയാണ്. അതുപോലെ വിമാനത്താവളത്തിലും വിമാനം സഞ്ചരിക്കുന്ന മേഖലയിലും (Sector) ഉള്ള അന്തരീക്ഷാവസ്ഥയും മറ്റു സൂചനകളും അറിയിക്കേണ്ട ചുമതലയും ഈ ഉദ്യോഗസ്ഥനുണ്ട്. വിമാനത്താവളത്തെ സമീപിക്കേണ്ട നിര്‍ദിഷ്ട മാര്‍ഗത്തെപ്പറ്റി വൈമാനികനു നിര്‍ദേശം നല്കപ്പെടുന്നു. നിര്‍ദിഷ്ട മാര്‍ഗത്തില്‍ക്കൂടി പറക്കുമ്പോള്‍ നിയന്ത്രണകേന്ദ്രത്തിലേക്കു വൈമാനികന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. വിമാനത്താവളത്തിലെ അന്തരീക്ഷാവസ്ഥ നിശ്ചിത നിമ്നതമത്തില്‍ (Prescribed minimum) കുറഞ്ഞതാണെങ്കില്‍ വൈമാനികരെ അറിയിക്കുകയും മറ്റ് വിമാനത്താവളത്തില്‍ ഇറങ്ങുവാനുള്ള നിര്‍ദേശങ്ങള്‍ പ്രസ്തുത വിമാനത്തിനു കൊടുക്കുകയും ചെയ്യേണ്ടതാണ്. ബദല്‍ വിമാനത്താവളം വേറൊരു വിമാനത്താവളത്തോടനുബന്ധിച്ചുള്ളതാണെങ്കില്‍ അവിടത്തെ ഏറിയാകണ്‍ട്രോളറെ വിവരം അറിയിച്ചിരിക്കണം.

വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ പ്രത്യേക നിബന്ധനകള്‍ ഉണ്ട്. ഒരേ ഉയരത്തിലാണ് പറക്കുന്നതെങ്കില്‍ 8 കി. മീ. മുന്‍-പിന്‍ ഇടവിട്ട് പറക്കുക, ഒരേ ദിശയിലാണെങ്കില്‍ 605 മീ. ഉയരവ്യത്യാസം പാലിക്കുക, പരസ്പരം അകലുവാന്‍ പറക്കുന്ന ദിശകളില്‍ അനുയോജ്യമായ മാറ്റം വരുത്തുക എന്നിവ അത്തരം നിബന്ധനകളില്‍ പ്രധാനപ്പെട്ടവയാണ്. വിമാനങ്ങള്‍ പുറപ്പെടുന്നതിനു മുന്‍പ്, ഓരോ പൈലറ്റും ഫ്ളൈറ്റ് പ്ലാന്‍ തയ്യാറാക്കി ഏറിയാ കണ്‍ട്രോളറുടെ അനുമതി (Approval) വാങ്ങേണ്ടതാണ്.

2. അപ്രോച് കണ്‍ട്രോള്‍ (Approach Control). ഇതിന്റെ നിയന്ത്രണപരിധി 16 കി.മീ. മുതല്‍ 40 കി.മീ. വരെ ആകാവുന്നതാണ്. അതിര്‍ത്തിയിലെത്തുമ്പോള്‍ സമീപിക്കുന്ന വിമാനത്തിന്റെ നിയന്ത്രണം ഏറിയാ കണ്‍ട്രോളര്‍ അപ്രോച് കണ്‍ട്രോളര്‍ക്കും, ദൂരത്തേക്കു പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ നിയന്ത്രണം നേരെ മറിച്ചും കൈമാറ്റം ചെയ്യുന്നു. ഇറങ്ങുന്ന പൈലറ്റിന് നിപതന നിര്‍ദേശങ്ങള്‍ (Landing Instructions), റണ്‍വേ വിവരങ്ങള്‍, അന്തരീക്ഷാവസ്ഥാവിവരങ്ങള്‍, സമീപത്തില്‍ പറക്കുന്ന മറ്റുവിമാനങ്ങളുടെ വിവരങ്ങള്‍ മുതലായവ അപ്രോച് കണ്‍ട്രോളര്‍ നല്കുന്നു. വിമാനത്താവളത്തിലെ ബീക്കണ്‍ (Beacon), റണ്‍വേ ദീപങ്ങള്‍, ടാക്സി ദീപങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതും റണ്‍വേയില്‍ ഇറങ്ങുക, റണ്‍വേ വിട്ടുയരുക എന്നിവയ്ക്ക് അനുവാദം കൊടുക്കുന്നതും അപ്രോച്ച് കണ്‍ട്രോളര്‍ ആണ്. റണ്‍വേയില്‍ യാതൊരു തടസ്സവുമില്ലെന്നു തീര്‍ച്ചയാക്കിയിട്ടു മാത്രമേ, താഴെ ഇറങ്ങാനുള്ള അനുവാദമോ (Landing clearance) ഉയര്‍ന്നു പറക്കാനുള്ള അനുവാദമോ (Take-off clearance) ഓരോ വിമാനത്തിനും നല്കുകയുള്ളു.

3. ഏറോഡ്രോം കണ്‍ട്രോള്‍. മേല്പറഞ്ഞ അനുവാദ (Clearance)ങ്ങളില്‍ ഏതെങ്കിലും ഒന്ന് നല്കുന്നതോടുകൂടി വിമാനത്തിന്റെ നിയന്ത്രണാധീനത അപ്രോച് കണ്‍ട്രോളര്‍ ഏറോഡ്രോം കണ്‍ട്രോളര്‍ക്ക് കൈമാറുന്നു. താവളത്തില്‍ ഇറങ്ങിയ വിമാനത്തെ ടെര്‍മിനലിലേക്ക് (Terminal) ഓടിച്ചുപോകാനും, നിശ്ചിതസ്ഥാനത്ത് പാര്‍ക്ക് (Park) ചെയ്യാനും നിര്‍ദേശങ്ങള്‍ കൊടുക്കുക, റണ്‍വേയിലും ടാക്സിപാതകളിലും ഏപ്രണി(Apron)ലും പൈലറ്റ് സൂക്ഷിക്കേണ്ട സംഗതികളെ മനസ്സിലാക്കിക്കുക, വിമാനത്തിന് തങ്ങുവാനുള്ള പാര്‍ക്കിങ് ബേ (Parking bay) നിര്‍ദേശിക്കുക മുതലായവ ഏറോഡ്രോം കണ്‍ട്രോളിന്റെ ചുമതലയാണ്. പുറപ്പെടുന്ന വിമാനത്തെ സംബന്ധിച്ച് ഏറോഡ്രോം കണ്‍ട്രോളിനുള്ള ചുമതല, ടാക്സിചെയ്ത നിര്‍ദിഷ്ട റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി നല്കുക, വിമാനം മുകളിലേക്കുയര്‍ന്നു പറക്കാനുള്ള അനുവാദം കൊടുക്കുക, അല്പംമുന്‍പേ ഉയര്‍ന്നുപോയ വിമാനത്തിന്റെയോ അടുത്തതായി ഇറങ്ങുവാന്‍ പോകുന്ന വിമാനത്തിന്റെയോ സഞ്ചാരവിവരങ്ങള്‍ അറിയിക്കുക എന്നിവയാണ്. വിമാനത്താവളത്തിലെ അഗ്നിശമനവിഭാഗം, പ്രഥമശുശ്രൂഷാവിഭാഗം മുതലായവയും ഈ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്.

ആകാശ ഗതാഗതനിയന്ത്രണവകുപ്പിന്റെ ഈ മൂന്നു വിഭാഗങ്ങളും റേഡിയോവഴി വിമാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഓരോ കണ്‍ട്രോളിനും പ്രത്യേക റേഡിയോ തരംഗ ആവൃത്തികള്‍ (frequency) അനുവദിക്കപ്പെട്ടിട്ടുണ്ട്. ലോകമൊട്ടുക്ക് ഈ ആവൃത്തികള്‍ തന്നെയാണ് എല്ലാ സിവില്‍ വിമാനങ്ങളും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നത്. സൈനിക വിമാനങ്ങള്‍ക്കു മറ്റ് ആവൃത്തികള്‍ ഉണ്ടെങ്കിലും സിവില്‍ വിമാനത്താവളങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ ഇതേ ആവൃത്തികളാണുള്ളത്. റേഡിയോ സമ്പര്‍ക്കത്തിനുള്ള വി.എച്ച്.എഫ്. (V.H.F) തരംഗങ്ങളും എച്ച്.എഫ്. (H.F) തരംഗങ്ങളും ഐ.സി.എ.ഓ. ആണ് നിശ്ചയിക്കുന്നത്.

വൈമാനികര്‍ രണ്ടു യാനസമ്പ്രദായങ്ങളില്‍ ഒന്നിനെ ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്: (i) ഐ.എഫ്.ആര്‍. (I.F.R) (ii) വി.എഫ്. ആര്‍. (V.F.R). വിമാനത്തില്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഉപകരണങ്ങളെ ആധാരമാക്കി പറക്കുന്ന രീതിയാണ് ഐ.എഫ്.ആര്‍.; പരിസരങ്ങളെ നേരിട്ട് നിരീക്ഷണം ചെയ്ത് പറക്കുന്ന രീതി വി.എഫ്.ആര്‍. വ്യോമഗതാഗതത്തിലെ ആദ്യഘട്ടത്തില്‍ വിമാനങ്ങളുടെ വലുപ്പവും വേഗവും താരതമ്യേന കുറവായിരുന്നതിനാല്‍ അന്തരീക്ഷാവസ്ഥ അനുകൂലമായിരിക്കുമ്പോഴെല്ലാം വി.എഫ്.ആര്‍. ആണ് വൈമാനികര്‍ സ്വീകരിച്ചിരുന്നത്; അല്ലാത്ത അവസരങ്ങളില്‍ ഐ.എഫ്.ആര്‍. നിര്‍ബന്ധിതമായിരുന്നു. 1950-നുശേഷം വേഗംകൂടിയ ടര്‍ബോ-പ്രോപ് (Turbo-Prop) വിമാനങ്ങളും ജെറ്റ് വിമാനങ്ങളും പ്രചാരത്തില്‍ വന്നതോടെ ഐ.എഫ്.ആര്‍. രീതിയാണ് വൈമാനികര്‍ സ്വീകരിച്ചു വരുന്നത്. അന്തരീക്ഷാവസ്ഥ, പറക്കുന്ന വിമാനങ്ങളുടെ സംഖ്യ, വേഗം, ഉയരം മുതലായവ മനസ്സിലാക്കി വൈമാനികര്‍ക്കു ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന്‍ കഴിയത്തക്കവിധം ആകാശസഞ്ചാര നിയന്ത്രണവകുപ്പ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരിക്കണം. നോ: വ്യോമയാനം, സിവില്‍

(ടി.എസ്. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍