This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശക്കപ്പല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആകാശക്കപ്പല്‍

Airship

വായുവിനെക്കാള്‍ ഭാരംകുറഞ്ഞ ഒരിനം ആകാശവാഹനം. ആകാശത്തില്‍ ചരിക്കുന്ന ബലൂണുകളും വായുവിനെക്കാള്‍ സാന്ദ്രത കുറഞ്ഞവതന്നെ. ഇവയുടെ പ്രവര്‍ത്തനത്തിന് ആധാരം ആര്‍ക്കിമിഡീസ് തത്ത്വമാണ്. വായുവിനെക്കാള്‍ സാന്ദ്രത കുറഞ്ഞ ഹൈഡ്രജനോ ഹീലിയമോ നിറയ്ക്കുന്നതിനാലാണ് ഇവ ഉയരുന്നതും അന്തരീക്ഷത്തില്‍ പൊന്തിനില്ക്കുന്നതും. ബലൂണിന്റെ സഞ്ചാരം കാറ്റിന്റെ ഗതിക്കു വിധേയമായിട്ടാണെങ്കില്‍, ആകാശക്കപ്പലിന്റെ ഗതിയും വേഗതയും നിയന്ത്രണാധീനമായിരിക്കും. മനുഷ്യന്‍ ബലൂണുപയോഗിച്ച് പറക്കാന്‍ തുടങ്ങിയത് 1783-ല്‍ ആണ്. പിന്നെയും 69 വര്‍ഷങ്ങള്‍ക്കുശേഷമാണ് ആകാശക്കപ്പല്‍ നിര്‍മിച്ചത്. ഫ്രഞ്ചുകാരനായ ഹെന്‍റി ഗിഹ്ഫാര്‍ഡിന്റെ ആദ്യത്തെ ആകാശക്കപ്പലില്‍ ഉപയോഗിച്ചിരുന്നത് 160 കി.ഗ്രാം തൂക്കവും 2.2 കി. വാട്ട് ശക്തിയുമുള്ള ആവിയന്ത്രമായിരുന്നു. ഗോളാകൃതിക്കു പകരം ദീര്‍ഘവൃത്തജം (Ellipsoid) പോലെയോ ചുരുട്ടിന്റെ ആകൃതിപോലെയോ നിര്‍മിക്കുകയാണെങ്കില്‍ ആകാശക്കപ്പല്‍ ദിങ്നിയന്ത്രണത്തിനു കൂടുതല്‍ അധീനമാകുമെന്ന് തെളിഞ്ഞു. 1885-ല്‍ രണ്ടു ഫ്രഞ്ചു സൈനികോആക് റ്റിനിയംദ്യോഗസ്ഥന്‍മാര്‍ 50 മീ. നീളവും 8 മീ. വ്യാസവുമുള്ള ഒരു കപ്പലുണ്ടാക്കി 6.6 കി. വാട്ട് ശക്തിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 2.2 കി.മീ. വേഗത്തില്‍ സഞ്ചരിക്കുകയും പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തുകയും ചെയ്തു. കാലക്രമേണ ആവിയന്ത്രങ്ങള്‍ക്കുപകരം ഭാരക്കുറവുള്ള ആന്തരദഹനയന്ത്രങ്ങള്‍ (Internal combustion engines) ഉപയോഗപ്പെടുത്താന്‍ തുടങ്ങി.

ആകാശക്കപ്പല്‍(അദൃഢതരം)

വര്‍ഗീകരണം. നിര്‍മാണരീതിയെ ആധാരമാക്കി ആകാശക്കപ്പലുകളെ മൂന്നു വര്‍ഗങ്ങളായി തിരിക്കാം. (1) അദൃഢം (nonrigid) (2) അര്‍ധദൃഢം (semirigid) (3) ദൃഢം (rigid). ദൃഢമായ ചട്ടക്കൂടില്ലാത്തതാണ് ആദ്യത്തെ തരം. ഇത്തരം കപ്പലുകളെ ബ്ളിംപ് (Blimp) എന്നും പറയാറുണ്ട്. ഇവയുടെ ബലൂണുകള്‍ വാതകം പുറത്തുപോകാനനുവദിക്കാത്ത തരത്തില്‍ കട്ടിയുള്ള പദാര്‍ഥങ്ങള്‍ കൊണ്ടുണ്ടാക്കുന്നു. ബലൂണിലടക്കം ചെയ്തിട്ടുള്ള വാതകത്തിന്റെ സമ്മര്‍ദം കൊണ്ടാണ് ഇതിന്റെ ആകൃതി നിലനില്ക്കുന്നത്. 1950-നും 1960-നും ഇടയ്ക്ക് ഈ വര്‍ഗത്തിലുള്ളതും ഹീലിയം നിറച്ചതുമായ നിരവധി ആകാശക്കപ്പലുകള്‍ അമേരിക്കയില്‍ നിര്‍മിച്ചിരുന്നു.

വാതകത്തിന്റെ ആന്തരമര്‍ദംകൊണ്ട് ആകൃതി പരിപാലിക്കുന്ന ബലൂണിന്റെ അധോഭാഗത്ത് ഭാരം താങ്ങാന്‍ കഴിവുള്ളതും നെടുനീളത്തിലുള്ളതുമായ ചട്ടത്തോടുകൂടിയതാണ് അര്‍ധദൃഢതരം. ഇവയുടെ അറ്റഭാരം (net weight) താരതമ്യേന കുറവായതിനാല്‍ വഹിക്കാവുന്ന ഭാരം (pay load) മറ്റു രണ്ടു വര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. യാത്രക്കാര്‍ക്കിരിക്കാനുള്ള മുറിയും (cabin) ചരക്കുകള്‍ കയറ്റുന്ന അറകളും അടിയിലുള്ള ചട്ടത്തിലാണു ഘടിപ്പിക്കുന്നത്.

ആകാശക്കപ്പല്‍(ദൃഢതരം)

സാന്ദ്രത (density) കുറഞ്ഞ ലോഹസങ്കരങ്ങളും മരവും കൊണ്ടുണ്ടാക്കപ്പെട്ട ദൃഢമായ ചട്ടക്കൂടുള്ളതാണ് ദൃഢതരം. ഇത്തരത്തിലുള്ള ചട്ടക്കൂടിനെ ക്യാന്‍വാസ് കൊണ്ടു പൊതിയുന്നു. വാതകത്തിന്റെ ആന്തരസമ്മര്‍ദത്തില്‍ മാറ്റങ്ങളുണ്ടായാലും ഇവയുടെ ആകൃതിയില്‍ മാറ്റമുണ്ടാകുന്നതല്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ജര്‍മനി നിര്‍മിച്ച ഗ്രാഫ് സെപ്പലിന്‍, ഹിന്‍ഡന്‍ബര്‍ഗ് എന്നിവയും അമേരിക്ക നിര്‍മിച്ച ആക്രോണും ദൃഢതരത്തില്‍പ്പെടുന്നു. 1900 ജൂല. 2-ന് ആണ് എല്‍.ഇസഡ്-1 എന്ന ആദ്യത്തെ ദൃഢ-ആകാശക്കപ്പല്‍ ജര്‍മനിയില്‍ ഫ്രീഡ്റിക്ഷാഫന്‍ (Freidrischafen) എന്ന സ്ഥലത്തുനിന്നും പറന്നുയര്‍ന്നത്.

ആകാശക്കപ്പലുകളുടെ നിര്‍മാണത്തില്‍ ഗണ്യമായ പുരോഗതിക്കിടയാക്കിയത് ജര്‍മന്‍കാരനായ കൌണ്ട് സെപ്പലിന്‍ ആണ്. സാങ്കേതിക ശാസ്ത്രത്തില്‍ അസാധാരണനൈപുണ്യം നേടിയിരുന്ന സെപ്പലിന്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ സമ്പാദ്യം മുഴുവനും ആകാശക്കപ്പല്‍ നിര്‍മാണത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പ്രയത്നങ്ങളുടെ വിജയത്തില്‍ സന്തുഷ്ടരായ ജര്‍മന്‍കാര്‍ മൂന്നു ലക്ഷം പവന്‍ പിരിച്ചെടുത്തത് അദ്ദേഹത്തിനു സമ്മാനിച്ചു. ഈ ധനം കൊണ്ട് അദ്ദേഹം ജര്‍മനിയില്‍ സ്ഥാപിച്ച ആകാശക്കപ്പല്‍ നിര്‍മാണകേന്ദ്രമാണ് വിശ്വവിഖ്യാതമായ സെപ്പലിന്‍ ഫാക്ടറി. അവിടെ നിര്‍മിച്ച 150 മീ. നീളവും 15 മീ. വ്യാസവുമുള്ള ആകാശക്കപ്പലുകള്‍ 1915-ല്‍ ഇംഗ്ളണ്ടിനെ ബോംബു ചെയ്യുകയുണ്ടായി.

സമുദ്രങ്ങള്‍ തരണം ചെയ്ത് ആദ്യമായി ഭൂമി ചുറ്റി സഞ്ചരിച്ച ആകാശക്കപ്പല്‍ ഗ്രാഫ്സെപ്പലിനായിരുന്നു. 1928-ല്‍ നിര്‍മിച്ച ഈ കപ്പലിന് 137 മീ. നീളവും, 1931-ല്‍ അമേരിക്ക നിര്‍മിച്ച യു.എസ്.എസ്. ആക്രോണ്‍ എന്ന കപ്പലിന് 140 മീ. നീളവും ഉണ്ടായിരുന്നു. ജര്‍മനിയില്‍ നിര്‍മിച്ചതും (1936) 148 മീ. നീളമുള്ളതും ഹൈഡ്രജന്‍ നിറച്ചതുമായ ഹിന്‍ഡന്‍ബര്‍ഗ് 1937-ല്‍ തീപിടിച്ച് നശിച്ചുപോയി. ഗ്രാഫ്സെപ്പലിന്റെ ഭൂമിയെ ചുറ്റിയുള്ള ആദ്യയാത്ര ലോകമൊട്ടുക്ക് അദ്ഭുതം ഉളവാക്കി. ഫ്രീഡ്റിക്ഷാഫനില്‍ നിന്നും പുറപ്പെട്ട ഗ്രാഫ്സെപ്പലിന്‍ 12068 കി.മീ. അനുസ്യൂതം യാത്രചെയ്തു ടോക്കിയോവിലെത്തി. അവിടെനിന്നും തിരിച്ച് അമേരിക്കയിലെ ലേക്ക്ഹേര്‍സ്റ്റിലെത്തുകയും സുരക്ഷിതമായി ജര്‍മനിയില്‍ തിരിച്ചെത്തുകയും ചെയ്തു. യാത്ര തുടങ്ങി 22-ാമത്തെ ദിവസമാണ് തിരിച്ചെത്തിയതെങ്കിലും വ്യോമസഞ്ചാരത്തിനുമാത്രം വേണ്ടിവന്ന സമയം പതിനൊന്നര ദിവസമായിരുന്നു. പ്രസിദ്ധ ജര്‍മന്‍ വൈമാനികനായ 'ഹെന്‍എക്നര്‍' ആയിരുന്നു ഈ ആകാശകപ്പലിന്റെ ക്യാപ്റ്റന്‍. ഒന്നാം ലോകയുദ്ധത്തിനുശേഷം ഇംഗ്ലണ്ടിലും ആകാശക്കപ്പല്‍ നിര്‍മാണത്തില്‍ വലിയ പുരോഗതിയുണ്ടായി. ഭൂമിയെ ചുറ്റാനുദ്ദേശിച്ച് നിര്‍മിച്ച (1929) 'ആര്‍-101' എന്ന ആകാശക്കപ്പലിന് 222 മീ. നീളവും 42 മീ. വ്യാസവും ഉണ്ടായിരുന്നു. 54 യാത്രക്കാരെയും വഹിച്ച് 1930 ഒ. 5-ന് ഇന്ത്യയിലേക്കു പുറപ്പെട്ട 'ആര്‍-101' ഫ്രാന്‍സിനു മുകളില്‍ക്കൂടി പറക്കുമ്പോള്‍ എന്തോ തകരാറുമൂലം പെട്ടെന്നു താഴുകയും ഒരു പര്‍വതനിരയില്‍ തട്ടി തീപിടിച്ചു നശിക്കുകയും ചെയ്തു. ഈ അത്യാഹിതത്തില്‍ 48 യാത്രക്കാര്‍ മൃതിയടഞ്ഞു. കറാച്ചിയില്‍ ഈ ആകാശക്കപ്പലിനെ സ്വീകരിച്ച് നിര്‍ത്തുന്നതിനു വളരെ ഉയരമുള്ള സ്തംഭം കെട്ടിയുയര്‍ത്തിയിട്ടുണ്ടായിരുന്നു.

മൗലികതത്ത്വങ്ങള്‍. ഒരു ബലൂണിനോ ആകാശക്കപ്പലിനോ ലഭിക്കുന്ന ഉത്പ്ളാവകത, അതിന്റെ ഭാരവും അതിനാല്‍ ആദേശം ചെയ്യപ്പെടുന്ന അന്തരീക്ഷവായുവിന്റെ ഭാരവും തമ്മിലുള്ള വ്യത്യാസമാണ്. കപ്പല്‍ വായുവില്‍ക്കൂടി പ്രയാണം ചെയ്യുമ്പോള്‍ അതിന്റെ തിരശ്ചീനതലങ്ങളിലും സ്ഥിരീകരണത്തിനുപയോഗിക്കുന്ന പ്രതലങ്ങളിലും വായുഗതികതത്ത്വങ്ങളനുസരിച്ച് പ്രത്യേക ഉത്ഥാപശക്തി (lift) ഉണ്ടാകുന്നു. ഹൈഡ്രജനോ ഹീലിയമോ ആണ് ഉത്പ്ലാവകതയ്ക്കായി ഉപയോഗിക്കുന്നത്. 28,400 ലി. വായുവിന്റെ ഭാരം 36.6 കി.ഗ്രാമും ഹൈഡ്രജന്റെ ഭാരം 2.6 കി.ഗ്രാമും ആയതുകൊണ്ട് അത്രയും വ്യാപ്തമുള്ള ബലൂണിനു കിട്ടുന്ന ഉത്പ്ലാവകത 34 കി.ഗ്രാം ആയിരിക്കും. കപ്പലിനെ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും എലിവേറ്ററുകള്‍ ഉപയോഗിക്കുന്നു. പിന്‍ഭാഗത്തു ലംബതലത്തിലുള്ള പക്ഷത്തോട് (fin) ഘടിപ്പിച്ചിട്ടുള്ള ചുക്കാന്‍ (rudder) ചലിപ്പിച്ചിട്ടാണ് ഗമനമാര്‍ഗം (course) നിയന്ത്രിക്കുന്നത്. പാര്‍ശ്വങ്ങളില്‍ പ്രായേണ നെടുനീളം ഘടിപ്പിച്ചിട്ടുള്ള തിരശ്ചീനതലങ്ങള്‍ ഉത്പ്ളാവകത സൃഷ്ടിക്കുന്നതിനുപുറമേ കപ്പലിന്റെ ഗതിക്കു സ്ഥിരതയും നല്കുന്നു. അന്തരീക്ഷാവസ്ഥയ്ക്കു പൂര്‍ണവിധേയമല്ലാതെ, വൈമാനികന്റെ ഇച്ഛാനുസരണം ഗതി നിയന്ത്രിക്കുന്നതിന് എന്‍ജിനുകള്‍ അത്യന്താപേക്ഷിതമാണ്. ആദ്യകാലത്ത് ആവിയന്ത്രങ്ങളും അനന്തരം ആന്തരദഹനയന്ത്രങ്ങളുമാണ് ആകാശക്കപ്പലില്‍ ഉപയോഗിച്ചിരുന്നത്. അധോഭാഗത്തുള്ള ചട്ടങ്ങളിലാണ് എന്‍ജിനുകള്‍ ഘടിപ്പിക്കുന്നത്. യാത്രക്കാര്‍ക്കിരിക്കാനുള്ള ക്യാബിനുകളും വൈമാനികന്റെ ഇരിപ്പിടവും ഈ ചട്ടത്തില്‍ തന്നെയാണ് ഉറപ്പിക്കുന്നത്.

ആധുനികവും ഭാരംകൂടിയതുമായ ആകാശക്കപ്പലുകള്‍ പ്രയാസം കൂടാതെ ഉയരുന്നതിന് റണ്‍വേയില്‍ക്കൂടി ഗ്ലൈഡറുകളെപ്പോലെ വലിച്ചുകൊണ്ട് ഓടാന്‍ ജീപ്പുകളുപയോഗിക്കാറുണ്ട്. ഉയരുവാനുള്ള ഉത്പ്ലാവകത കിട്ടിക്കഴിയുമ്പോള്‍ ജീപ്പും കപ്പലിന്റെ പൂര്‍വാഗ്രത്തുള്ള വലയവും തമ്മില്‍ ബന്ധിച്ചിട്ടുള്ള കേബിളിനെ തള്ളിവീഴ്ത്തിയിട്ട് കപ്പല്‍ വിമാനംപോലെ ഉയര്‍ന്നുപോകും.

വാണിജ്യപരമായ ഗതാഗതത്തിനുള്ള കപ്പലുകളില്‍ യാത്രക്കാര്‍ക്കു വേണ്ടുന്ന സൌകര്യങ്ങള്‍ വിമാനത്തിലെന്നപോലെ സജ്ജീകരിക്കപ്പെടുന്നു. റേഡിയോ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വൈമാനികന്‍ സമ്പര്‍ക്കം പുലര്‍ത്തി മാര്‍ഗമധ്യേ നേരിടാവുന്ന അന്തരീക്ഷാവസ്ഥകളെ കാലാകാലം അറിയുകയും ചെയ്യുന്നു.

വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ആകാശക്കപ്പലിനെ സുരക്ഷിതമാക്കുന്നത് 50-100 മീ. ഉയരമുള്ള സ്തംഭങ്ങളില്‍ ബന്ധിച്ചിട്ടാണ്. ഈ അവസ്ഥയില്‍ കപ്പല്‍ കാറ്റിനധീനമായി ക്രമേണ ചുറ്റിത്തിരിയുവാനിടയുള്ളതുകൊണ്ട് അതിന്റെ പൂര്‍വാഗ്രവുമായി ബന്ധിപ്പിക്കുന്ന സ്തംഭാഗ്രത്തിലുള്ള തൊപ്പി (conical cap) തിരിച്ചലിനു കഴിവുള്ളതായിരിക്കണം.

ഹൈഡ്രജനെക്കാള്‍ ഹീലിയത്തിനു ഭാരംകൂടുമെങ്കിലും ഹൈഡ്രജനും അന്തരീക്ഷവായുവും തമ്മില്‍ സമ്പര്‍ക്കമുണ്ടായാല്‍ സംഭവിക്കാവുന്ന അത്യാഹിതങ്ങള്‍ ഹീലിയം ഉപയോഗിച്ചാല്‍ ഒഴിവാക്കാം. അതുകൊണ്ട് ഹീലിയം തന്നെയാണ് ബലൂണ്‍ നിറയ്ക്കുന്നതിനു നിര്‍മാതാക്കള്‍ സാധാരണ ഉപയോഗിക്കുന്നത്.

ഉപയോഗങ്ങള്‍. ഒന്നാം ലോകയുദ്ധം വരെ ആകാശക്കപ്പലുകള്‍ പ്രായേണ സൈനികാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ആകാശസര്‍വേ നടത്തുക, ശത്രുസങ്കേതങ്ങളുടെ സ്ഥിതിഗതികള്‍ കണ്ടുപിടിച്ച് സൈനികകേന്ദ്രങ്ങള്‍ക്കു സന്ദേശങ്ങളയയ്ക്കുക മുതലായ ജോലികള്‍ ആകാശക്കപ്പലുകള്‍ നിര്‍വഹിച്ചിരുന്നു. 1919-ല്‍ ഇംഗ്ളണ്ടില്‍ നിര്‍മിച്ച 'ആര്‍-34' എന്ന ആകാശക്കപ്പല്‍ അത്‍ലാന്തിക് സമുദ്രം തരണംചെയ്തതോടുകൂടി വാണിജ്യപരമായ ഗതാഗതത്തിനു വലുപ്പംകൂടിയ കപ്പലുകളുണ്ടാക്കി ഉപയോഗിക്കുവാന്‍ തുടങ്ങി. ഗ്രാഫ്സെപ്പലിന്‍ 1928 മുതല്‍ 1936 വരെയുള്ള കാലയളവില്‍ നിരവധി തവണ ലോകംചുറ്റി സഞ്ചരിച്ചിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് (1939-45) ശത്രുനിരീക്ഷണം, ബോംബിംഗ്, സമുദ്രാന്തര്‍വാഹിനികളെ തിരയുക, യുദ്ധക്കപ്പലുകള്‍ക്ക് അകമ്പടിപോകുക, സൈനികോപകരണങ്ങള്‍ കൊണ്ടു പോകുക മുതലായവയ്ക്ക് ആകാശക്കപ്പല്‍ ഉപയോഗിച്ചിരുന്നു. ഗതി സാവധാനത്തിലാണെങ്കിലും ഇന്ധനച്ചെലവ് വളരെ കുറവായതുകൊണ്ട് ഇത്തരം ജോലികള്‍ക്ക് ആകാശക്കപ്പലുകള്‍ വളരെ യോജിച്ചതാണ്. ഇന്ധനപുനഃസംഭരണം കൂടാതെ അനേകദിവസം പൊന്തിക്കിടക്കാന്‍ ശേഷിയുള്ളതുകൊണ്ട് അന്തരീക്ഷാവസ്ഥകള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍മൂലം അറിഞ്ഞു റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള ആകാശക്കപ്പല്‍ സ്റ്റേഷനുകള്‍ പല രാജ്യങ്ങളും ഇടക്കാലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ ആകാശക്കപ്പലുകളില്‍ ചിലതിന്റെ പൊതുവിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍നിന്നും മനസ്സിലാക്കാം.

ഭാവിയിലെ അന്താരാഷ്ട്ര ഗതാഗതത്തില്‍ വിമാനവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആകാശക്കപ്പല്‍ കൂടുതല്‍ സ്വീകാര്യമായി വരുന്നതിനിടയുണ്ടെന്ന് ബ്രിട്ടന്‍, യു.എസ്., റഷ്യ മുതലായ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പ്രധാന കാരണങ്ങളായി അവര്‍ കരുതിയത്: (1) ഹീലിയത്തിന്റെ വിലക്കുറവ്; (2) സാന്ദ്രത കുറഞ്ഞ ലോഹസങ്കരങ്ങള്‍കൊണ്ട് ചട്ടക്കൂടും, എന്‍ജിനുകളും ഉണ്ടാക്കാനുള്ള സൗകര്യം; (3) ഡീസല്‍-വൈദ്യുത എന്‍ജിനും അണുശക്തി എന്‍ജിനും ഉപയോഗപ്പെടുത്താനുളള സാധ്യത; (4) അന്തരീക്ഷ വായുവിനെ മലിനപ്പെടുത്തിയും നഗരങ്ങളുടെ മുകളില്‍ക്കൂടി പറക്കുമ്പോള്‍ അസഹ്യമായ ശബ്ദമുണ്ടാക്കിയും മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കാതെ വ്യോമയാനം ചെയ്യാനുളള കഴിവ് എന്നിവയായിരുന്നു. എന്നാല്‍ ഇന്ന് യാത്രക്കാരെ വഹിക്കുന്ന ആകാശക്കപ്പലുകള്‍ പൊതുവേ അപ്രത്യക്ഷമായിരിക്കുകയാണ്. ഇവയെ ഇപ്പോഴും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിവരുന്നു. സമീപകാലത്ത് അമേരിക്കയിലെ സെപ്പലിന്‍കമ്പനി സുരക്ഷാകാര്യങ്ങള്‍ക്കായി ഒരു ആകാശക്കപ്പല്‍ ആഥന്‍സിനുമുകളില്‍ പറപ്പിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ കാമറോണ്‍ ബലൂണ്‍സ് പോലെയുള്ള കമ്പനികള്‍ ചൂടുവായു നിറച്ച ആകാശക്കപ്പലുകള്‍ നിര്‍മിച്ചുവരുന്നു. ഇവയ്ക്ക് താരതമ്യേന ചെലവുകുറവാണ്. വേഗതയും കുറവാണ്. പരസ്യങ്ങള്‍ക്കും വന്യജീവികളുടെ നിരീക്ഷണത്തിനും മറ്റുമാണ് ഇവ ഉപയോഗിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച അത്യാധുനിക ആകാശക്കപ്പല്‍ 2005 സെപ്.-ല്‍ പരീക്ഷണപ്പറക്കല്‍ നടത്തി. ലോക്ഗിഡ്മാര്‍ട്ടിന്‍ കമ്പനി രഹസ്യമായി നിര്‍മിച്ച സങ്കരയിനത്തിലുള്ള പി. 791 എന്ന ആകാശക്കപ്പല്‍ 2006 ജനു. 31-ന് പരിമാണപ്പറക്കല്‍ നടത്തുകയുണ്ടായി.

(ടി.എസ്. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍