This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംസ്റ്റ്രാങ്‌, വില്യം ജോര്‍ജ്‌ (1810 - 1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംസ്റ്റ്രാങ്‌, വില്യം ജോര്‍ജ്‌ (1810 - 1900)

Armstrong, William George

ബ്രിട്ടിഷ്‌ എന്‍ജിനീയര്‍. 1810 ന. 26-ന്‌ ന്യൂകാസിലില്‍ ജനിച്ചു. വലിയ ഇനം തോക്കുകളുടെ പ്രയോഗക്ഷമത വര്‍ധിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും നടത്തി; ഉന്നതമര്‍ദഹൈഡ്രാളിക്‌ യന്ത്രങ്ങളും കണ്ടുപിടിച്ചു. നിയമവിദ്യാഭ്യാസത്തിന്‌ കുറേക്കാലം ചെലവഴിച്ചെങ്കിലും ആംസ്റ്റ്രാങ്ങിന്‌ കൂടുതല്‍ താല്‌പര്യം ശാസ്‌ത്രീയ പരീക്ഷണങ്ങളിലായിരുന്നു. അനേകം പരീക്ഷണങ്ങളുടെ ഫലമായി വൈദ്യുതോത്‌പാദനത്തിനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചു. രോധിതബോയിലറിലെ നോസിലില്‍ക്കൂടി ആവി കടത്തിവിടുമ്പോള്‍ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്ന തരത്തിലായിരുന്നു ഈ യന്ത്രത്തിന്റെ സംവിധാനം. എല്‍സ്‌വിക്ക്‌ എന്ന സ്ഥലത്ത്‌ 1847-ല്‍ ഹൈഡ്രാളിക്‌ ക്രയിനുകളുടെ നിര്‍മാണത്തിനുവേണ്ടി ഇദ്ദേഹം ഒരു കേന്ദ്രം സ്ഥാപിച്ചു. 1850-ല്‍ ഒരു ഹൈഡ്രാളിക്‌ അക്യൂമുലേറ്റര്‍ കണ്ടുപിടിച്ചു. 1843-ല്‍ റോയല്‍ സൊസൈറ്റിയിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.

വില്യം ജോര്‍ജ്‌ ആംസ്റ്റ്രാങ്‌

ആയുധങ്ങള്‍ നിര്‍മിക്കുന്നതിലും പരിഷ്‌കരിക്കുന്നതിലും ആംസ്റ്റ്രാങ്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ക്രീമിയയിലെ ബ്രിട്ടിഷ്‌ സൈന്യത്തിനുവേണ്ടി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഒട്ടേറെ മേല്‍ത്തരം ആയുധങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഈ രംഗത്തുള്ള സേവനങ്ങളുടെ അംഗീകാരമെന്നനിലയില്‍ 1859-ല്‍ വൂള്‍വിച്ചിലുള്ള തോക്കുനിര്‍മാണകേന്ദ്രത്തിന്റെ ഡയറക്‌ടറായി ഇദ്ദേഹം നിയമിതനായി. പ്രശസ്‌തമായ നിലയില്‍ നാലുവര്‍ഷത്തോളം ഇവിടെ സേവനം അനുഷ്‌ഠിച്ചശേഷം 1863-ല്‍ ഈ സ്ഥാനം രാജിവയ്‌ക്കുകയും എല്‍സ്‌വിക്കിലെ തന്റെ പഴയ ലാവണത്തിലേക്ക്‌ തിരിച്ചുപോകുകയും ചെയ്‌തു. 1900 ഡി. 27-ന്‌ ക്രാഗ്‌സൈഡില്‍വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍