This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംസ്റ്റര്‍ഡാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംസ്റ്റര്‍ഡാം

Amsterdam

നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനം. നഗരത്തിലെ ജനസംഖ്യ: 7,42,951 (2005) ഗ്രേറ്റര്‍ ആംസ്റ്റര്‍ഡാമിലെ ജനസംഖ്യ. ഒന്നര ദശലക്ഷം. യൂറോ ആണ്‌ നാണയം. നോര്‍ത്ത്‌ ഹോളണ്ട്‌ പ്രവിശ്യയില്‍ ഈജ്‌, ആംസ്റ്റെല്‍ എന്നീ നദികളുടെ സംഗമസ്ഥാനത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌. നെതര്‍ലന്‍ഡ്‌സിലെ രണ്ടാമത്തെ തുറമുഖമായ ആംസ്റ്റര്‍ഡാം രാജ്യത്തെ ഏറ്റവും വലിയ വ്യവസായകേന്ദ്രമാണ്‌. നോര്‍ത്ത്‌ സീയുമായി ഇത്‌ തോടുമാര്‍ഗം (നോര്‍ത്ത്‌ സീ കനാല്‍) ബന്ധിക്കപ്പെട്ടിരിക്കുന്നു; ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും സഞ്ചരിക്കുവാന്‍ പര്യാപ്‌തമായ വിധം അഗാധവും വിസ്‌തൃതവുമാണ്‌ ഈ തോട്‌. റൈന്‍ നദിയുമായി ഘടിപ്പിക്കുന്ന ആംസ്റ്റര്‍ഡാം-റൈന്‍കനാല്‍ ഈ നഗരത്തെ യൂറോപ്പിലെ ഉള്‍നാടുമായി ബന്ധിപ്പിക്കുന്നു. ഗതാഗതസൗകര്യങ്ങള്‍ തികഞ്ഞ ഒരു പട്ടണമാണിത്‌. റോഡ്‌-റെയില്‍ ഗതാഗതം വളരെയധികം വികസിച്ചിട്ടുണ്ട്‌. നഗരത്തിനു കുറുകേ നിര്‍മിക്കപ്പെട്ടിട്ടുള്ള അഗാധങ്ങളായ തോടുകള്‍വഴി കപ്പല്‍ഗതാഗതം സുകരമാക്കിയിരിക്കുന്നു. ഈ തോടുകള്‍ക്കിരുപുറവുമുള്ള ഭാഗങ്ങളെ അര്‍ധചന്ദ്രാകാരമായ പാലങ്ങള്‍ വഴി പരസ്‌പരം ബന്ധിച്ചിട്ടുമുണ്ട്‌. ലോകരാഷ്‌ട്രങ്ങളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു അന്താരാഷ്‌ട്രവിമാനത്താവളവും ഇവിടെയുണ്ട്‌.

നഗരത്തിന്‌ അര്‍ധവൃത്താകൃതിയാണുള്ളത്‌; മധ്യഭാഗത്തായി ഒരണക്കെട്ടും (ആംസ്റ്റെലര്‍ഡാം) അതില്‍നിന്നും ധമനികളെപ്പോലെ നീളുന്ന പ്രിന്‍സണ്‍, കീസര്‍, ഹീറണ്‍, സിംഗല്‍ എന്നീ തോടുകളും കാണാം. നഗരത്തിലെ ഒട്ടു മുക്കാലും ഭാഗങ്ങള്‍ ജലനിരപ്പിനെക്കാള്‍ താണപ്രദേശങ്ങളാണ്‌; നദീതീരത്ത്‌ മണ്ണണക്കെട്ടുകളും ചീപ്പുകളും (flood) നിര്‍മിച്ച്‌ വെള്ളപ്പൊക്കം മൂലംമുണ്ടാകാവുന്ന കെടുതികള്‍ ഒഴിവാക്കിയിരിക്കുന്നു. പൊതുവേ പറഞ്ഞാല്‍ മനുഷ്യപ്രയ്‌തനത്തിന്റെ ഒരു മഹാനേട്ടമാണ്‌ ഈ നഗരം.

റിജിക്സ് മ്യൂസിയം - ആംസ്റ്റര്‍ഡാം
സെയ്ന്റ് നിക്കോളാസ് പള്ളി

ചരിത്രം. ഗ്രീസ്‌ബ്രറ്റ്‌വാന്‍ ആംസ്റ്റല്‍ 1204-ല്‍ പണിയിച്ച ഒരു കോട്ടയാണ്‌ ഈ നഗരത്തിന്റെ മൂലസ്ഥാനം. ഇദ്ദേഹത്തിന്റെ പുത്രനായ ഗ്രീസ്‌ബ്രറ്റ്‌ (III) ആംസ്റ്റല്‍നദിയില്‍ ഒരണക്കെട്ടുനിര്‍മിച്ചതിനെത്തുടര്‍ന്ന്‌ (1240) ഈ പ്രദേശത്തിന്‌ ആംസ്റ്റര്‍ലര്‍ഡാം എന്നു പേരുണ്ടായി; അതു പിന്നീട്‌ ആംസ്റ്റര്‍ഡാം ആയി മാറുകയാണുണ്ടായത്‌. ഒരു മത്സ്യബന്ധന കേന്ദ്രമായി വളര്‍ന്ന ആംസ്റ്റര്‍ഡാം 1296-ല്‍ ഹോളണ്ടിലെ പ്രഭുക്കന്മാരുടെ കൈവശം എത്തിച്ചേരുകയും 1492-ല്‍ ഒരു ചെറുനഗരമായി വികസിക്കുകയും ചെയ്‌തു. 16-ാം ശ.-ത്തില്‍ ആന്റ്‌വെര്‍പിന്റെ പതനംമൂലവും ഷെല്‍റ്റ്‌ നദീമാര്‍ഗം അടഞ്ഞതിനെത്തുടര്‍ന്ന്‌ ജനങ്ങള്‍ വടക്കോട്ടു നീങ്ങാന്‍ തുടങ്ങിയത്‌ ആംസ്റ്റര്‍ഡാമിന്റെ വളര്‍ച്ചയ്‌ക്കു കാരണമായി. ഡച്ച്‌ ഈസ്റ്റിന്ത്യാകമ്പനിയുടെ (1602) ആസ്ഥാനമായിത്തീര്‍ന്നതോടെ നഗരം അഭിവൃദ്ധിയിലേക്കു നീങ്ങി. 17-ാം ശ.-ത്തില്‍ വാണിജ്യവിപണനങ്ങളില്‍ അന്താരാഷ്‌ട്ര പ്രശസ്‌തിയാര്‍ജിച്ച്‌ ആംസ്റ്റര്‍ഡാം ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായിത്തീര്‍ന്നു. നവോത്ഥാന(Reformation)കാലഘട്ടത്തില്‍ ആംസ്റ്റര്‍ഡാം ~ഒരു പഠനകേന്ദ്രമായും പ്രശോഭിച്ചു.

1672-ല്‍ ഉണ്ടായ ഫ്രഞ്ചാക്രമണത്തെ അതിജീവിച്ചുവെങ്കിലും ഈ നഗരം 1787-ല്‍ പ്രഷ്യയ്‌ക്കും 1810-ല്‍ ഫ്രാന്‍സിനും അധീനമായി; 1806-10 കാലത്ത്‌ ഹോളണ്ട്‌ രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. 1813-നുശേഷം ആംസ്റ്റര്‍ഡാമിന്റെ അന്താരാഷ്‌ട്ര പ്രശസ്‌തിക്കു മങ്ങലേറ്റുവെങ്കിലും ഇപ്പോഴും യൂറോപ്പിലെ വന്‍കിട വാണിജ്യകേന്ദ്രങ്ങളിലൊന്നായി ഇവിടം തുടര്‍ന്നുപോരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ബോംബാക്രമണങ്ങള്‍മൂലം നഗരത്തിന്‌ അനല്‌പമായ നാശനഷ്‌ടങ്ങള്‍ നേരിട്ടു; 1940 മുതല്‍ 1945 വരെ ജര്‍മന്‍ അധീനതയിലായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഒരു ലക്ഷത്തോളം ജൂതന്മാരെ നാടു കടത്തി. 1980-കളില്‍ ഹിപ്പികളും കലാപങ്ങളും നഗരത്തെ അസ്വസ്ഥമാക്കി.

ലോകത്തിലെ ഏറ്റവും വലിയ വജ്രവിപണിയാണ്‌ ആംസ്റ്റര്‍ഡാം; വജ്രം ചെതുക്കലും മിനുക്കുമാണ്‌ പ്രധാനവ്യവസായം. ഇരുമ്പുരുക്ക്‌ വ്യവസായവും വികസിച്ചിട്ടുണ്ട്‌; കപ്പല്‍നിര്‍മാണവും വിമാനനിര്‍മാണവും നടന്നുവരുന്നു. നൈട്രറ്റ്‌, പഞ്ചസാര, പട്ടുതരങ്ങള്‍, കടലാസ്‌, അച്ചടിയന്ത്രങ്ങള്‍ എന്നിവയാണ്‌ മറ്റു വ്യവസായങ്ങള്‍; മത്സ്യബന്ധനം വന്‍തോതില്‍ നടക്കുന്നു.

17-18-നൂറ്റാണ്ടുകളിലെ അമൂല്യങ്ങളായ വാസ്‌തു ശില്‌പങ്ങള്‍ നഗരത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. സെയ്‌ന്റ്‌ നിക്കോളാസ്‌ പള്ളി (1306), സെയ്‌ന്റ്‌ കാതറീന്‍പള്ളി (1417), വീപ്പിംഗ്‌ടവര്‍ (1482), സെയ്‌ന്റ്‌ ആന്റണിയുടെ പേരിലുള്ള നഗരകവാടം (1488) തുടങ്ങിയ വാസ്‌തുശിലപ്‌ങ്ങളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. ആംസ്റ്റര്‍ഡാം സര്‍വകലാശാലയുടെ ഭാഗമായ ഗ്രന്ഥശാല പ്രാചീന കൈയെഴുത്തു പ്രതികളും ഗവേഷണ രേഖകളുമടക്കം 12,00,000 ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ഇവിടെയുണ്ടായിരുന്ന ജൂതഗ്രന്ഥങ്ങളുടെ നല്ലൊരു പങ്ക്‌ (റോസന്താല്‍ ശേഖരം) യുദ്ധകാലത്ത്‌ ജര്‍മനിയിലേക്ക്‌ ഒളിച്ചുകടത്തപ്പെട്ടതായി കരുതപ്പെടുന്നു. വ്രിജെ സര്‍വകലാശാലയും പ്രസിദ്ധം. വാസ്‌തു ശേഖരങ്ങള്‍, വിദഗ്‌ധശില്‌പികളുടെയും റെംബ്രാന്‍ഡ്‌ തുടങ്ങിയ ചിത്രകാരന്മാരുടെയും കലാസൃഷ്‌ടികള്‍ തുടങ്ങിയവ സംഭരിക്കപ്പെട്ടിരിക്കുന്ന റിജിസ്‌ക്‌ മ്യൂസിയം, പൗരസ്‌ത്യകലാശേഖരങ്ങളുടേതായ കൊളോണിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, മുന്‍സിപ്പല്‍ മ്യൂസിയം, ആധുനിക സങ്കേതങ്ങളുപയോഗിച്ച്‌ നിര്‍മിക്കപ്പെട്ടിട്ടുള്ള ജന്തു പ്രദര്‍നശാല (1838), ഒളിമ്പിക്‌ സ്റ്റേഡിയം (1928) എന്നിവ ആംസ്റ്റര്‍ഡാമിലെ പ്രത്യേക ദൃശ്യങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍