This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംബൂര്‍യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംബൂര്‍യുദ്ധം

കര്‍ണാട്ടിക്‌ നവാബായ അന്‍വറുദ്ദീന്‍ഖാന്റെയും ഫ്രഞ്ചു ഗവര്‍ണറായ ഡ്യൂപ്ലേയുടെയും നേതൃത്വത്തില്‍ 1749 ആഗ. 3-ന്‌ വേലൂരിനു(വെല്ലൂര്‍) തെക്കുകിഴക്കുള്ള ആംബൂരില്‍വച്ച്‌ നടന്ന യുദ്ധം. ഹൈദരാബാദിലെ നിസാമിന്റെ ഒരു സാമന്തനായിരുന്ന ദോസ്‌ത്‌അലി തൃശ്ശിനാപ്പള്ളി, മധുര തുടങ്ങിയ രാജ്യങ്ങള്‍ കീഴടക്കി കര്‍ണാട്ടിക്ക്‌ രാജ്യം സ്ഥാപിച്ചു. 1743-ല്‍ മഹാരാഷ്‌ട്രര്‍ കര്‍ണാട്ടിക്ക്‌ പ്രദേശം ആക്രമിച്ച്‌, ദോസ്‌ത്‌ അലിയെ വധിക്കുകയും അദ്ദേഹത്തിന്റെ ജാമാതാവായ ചന്ദാസാഹിബിനെ സറ്റാറാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കര്‍ണാട്ടിക്ക്‌ നവാബായ ദോസ്‌ത്‌ അലിയുടെ പുത്രന്‍ സഫ്‌ദര്‍ അലിയും വധിക്കപ്പെട്ടതോടെ, അവിടെ ആഭ്യന്തകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അതിനാല്‍ നിസാം കര്‍ണാട്ടിക്കിലെത്തി അദ്ദേഹത്തിന്റെ ഒരു സേവകനായ അന്‍വറുദ്ദീന്‍ഖാനെ നവാബായി വാഴിച്ചു. ആ അവസരത്തില്‍ ദോസ്‌ത്‌ അലിയുടെ ബന്ധുക്കള്‍ അതിനെതിരായി കലാപങ്ങളുണ്ടാക്കി. മഹാരാഷ്‌ട്രയില്‍ തടവുകാരനായിക്കഴിഞ്ഞിരുന്ന ചന്ദാസാഹിബിനെ 1749-ല്‍ മോചിപ്പിച്ചു. അദ്ദേഹം കര്‍ണാട്ടിക്ക്‌ പ്രദേശത്തിലെത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഡെക്കാനിലും ഇക്കാലത്ത്‌ ഇതുപോലൊരു ആഭ്യന്തരകലാപമുണ്ടായി. അവിടത്തെ ആസഫ്‌ ഝാ നിസാമുല്‍ മുല്‍ക്ക്‌ 1748-ല്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ പുത്രനായ നാസിര്‍ജംഗ്‌ നവാബായി. മുഗള്‍ചക്രവര്‍ത്തി സുബേദാറായി നിയമിച്ചത്‌ തന്നെയാണെന്ന അവകാശവാദവുമായി മുസഫര്‍ജംഗ്‌ (നിസാമുല്‍ മുല്‍ക്കിന്റെ പൗത്രന്‍) അതിനെ എതിര്‍ത്തു. ഈ അവസരത്തില്‍ ഫ്രഞ്ചുകൊളോണിയല്‍ ഗവര്‍ണറായ ഡ്യൂപ്ലേ സാമ്രാജ്യവികസനത്തിനു തക്കം നോക്കിയിരിക്കയായിരുന്നു. അദ്ദേഹം ചന്ദാസാഹിബ്‌, മുസഫര്‍ജംഗ്‌ എന്നിവരുമായി രഹസ്യക്കരാറുണ്ടാക്കി. ആ സംയുക്ത സൈന്യം ആംബൂരില്‍വച്ച്‌ അന്‍വറുദ്ദീന്‍ഖാനെ തോല്‌പിക്കുകയും വധിക്കുകയും ചെയ്‌തു. ചന്ദാസാഹിബിനെ ആര്‍ക്കാട്ടുനവാബായും മുസഫര്‍ജംഗിനെ ഡെക്കാനിലെ സുബേദാറായും ഡ്യൂപ്ലേ വാഴിച്ചു. ജേതാക്കളായ ചന്ദാസാഹിബും മുസഫര്‍ജംഗുംകൂടി ബാഹുര്‍-വില്ലിയ-നെല്ലൂര്‍ പ്രദേശങ്ങള്‍, ഒറീസാതീരത്തെ തന്ത്രപ്രധാനമായ മസൂലിപട്ടണം, ദിവിദ്വീപ്‌ എന്നിവ ഫ്രഞ്ചുകാര്‍ക്ക്‌ നല്‌കി. ഫ്രഞ്ചുകാരുടെ ഇന്ത്യന്‍ സാമ്രാജ്യവികസനകാലത്തെ ആദ്യവിജയങ്ങളിലൊന്നാണ്‌ ആംബൂര്‍ യുദ്ധം. നോ: കര്‍ണാട്ടിക്ക്‌ യുദ്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍