This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിതിയറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഫിതിയറ്റര്‍

വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണിചെയ്യപ്പെട്ടിട്ടുള്ള പ്രദര്‍ശനശാല. നടുക്ക്‌ അരീനയും അതിനു ചുറ്റും പടിപടിയായി പണിതുയര്‍ത്തിയിട്ടുള്ള ഇരിപ്പിടങ്ങളും ഉള്ള ഈ പ്രദര്‍ശനശാലയ്‌ക്ക്‌ മേല്‌ക്കൂര ഉണ്ടായിരിക്കുകയില്ല. "ചുറ്റും ഇരിപ്പിടങ്ങളോടുകൂടിയ പ്രദര്‍ശനശാല'യെന്നാണ്‌ ഈ ഗ്രീക്ക്‌ പദത്തിന്റെ അര്‍ഥം. മല്‌പിടുത്തമത്സരങ്ങള്‍ (Gladiatorial games) നടത്തുന്നതിന്‌ അനുയോജ്യമായ രീതിയിലാണ്‌ ഇത്‌ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇത്തരം പ്രദര്‍ശനശാലകള്‍ ആദ്യമായി നിര്‍മിച്ചത്‌ പ്രാചീന ഇറ്റലിയിലെ എട്രൂറിയ പ്രദേശത്താണെന്ന്‌ കരുതപ്പെടുന്നു.

ആംഫിതിയറ്റര്‍

ലക്ഷണയുക്തമായ ഒരു റോമന്‍ ആംഫിതിയറ്ററില്‍ അരീനയ്‌ക്കുതാഴെ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും മല്ലന്‍മാരെ പാര്‍പ്പിക്കുന്നതിനുമുള്ള മുറികളും ഇടനാഴികളും മറ്റും സജ്ജീകരിച്ചിരിക്കും. കാണികള്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന ഗ്യാലറികള്‍ക്കും അരീനയ്‌ക്കും മധ്യേ ഉയര്‍ത്തിക്കെട്ടിയ ഒരു മതില്‍ ഉണ്ടായിരിക്കും. ഈ മതിലിന്റെ ഉയരത്തില്‍ ഉയര്‍ത്തി ക്കെട്ടിയിട്ടുള്ള തൂണുകളില്‍നിന്നോ അല്ലെങ്കില്‍ ഈ മതിലിന്റെ മുകള്‍പ്പരപ്പില്‍നിന്നോ ആയിരിക്കും ഗ്യാലറികള്‍ ആരംഭിക്കുന്നത്‌. ഇരിപ്പിടങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്‌. മതിലിന്റെ മുകള്‍നിരപ്പിനു നേരേ ക്രമീകരിച്ചിട്ടുള്ള പീഠങ്ങള്‍ ഭരണാധിപന്മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും വേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ളവയാണ്‌. ഇവയ്‌ക്കു പിന്നില്‍ മുകളിലേക്ക്‌ പടുത്തുയര്‍ത്തിയിട്ടുള്ള പീഠങ്ങള്‍ പൗരമുഖ്യന്‍മാര്‍ക്കും ധനവാന്മാര്‍ക്കുമായി വേര്‍തിരിച്ചിരിക്കുന്നു. ഏറ്റവും പിന്നില്‍ ഉയരെയുള്ള ഇരിപ്പിടങ്ങള്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കുള്ളതാണ്‌.

സുസ്ഥിരമായിരിക്കത്തക്കവണ്ണം റോമില്‍ പണിചെയ്യപ്പെട്ടിട്ടുള്ള ആംഫിതിയെറ്ററുകളില്‍ ഏറ്റവും പ്രാചീനം ബി.സി. 29-ല്‍ സ്റ്റാലിയസ്‌ ടാറസിനാല്‍ നിര്‍മിക്കപ്പെട്ടതാണ്‌. ഇത്‌ ഏറിയപങ്കും തടികൊണ്ടു നിര്‍മിച്ചതാണ്‌. എന്നാല്‍ റോമാസാമ്രാജ്യത്തിലെ പല പ്രാദേശിക നഗരങ്ങളിലും ഈടുനില്‌ക്കുന്ന കെട്ടിടനിര്‍മാണ പദാര്‍ഥങ്ങള്‍കൊണ്ട്‌ പണിചെയ്യപ്പെട്ടിട്ടുള്ള ആംഫിതിയെറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ന്‌ അവശേഷിച്ചിട്ടുള്ള ഇത്തരം ആംഫിതിയെറ്ററുകളില്‍ ഏറ്റവും പുരാതനം ബി.സി. 80-ല്‍ നിര്‍മിച്ച പോംപി (Pompii) തിയെറ്ററാണ്‌. റോമിലെ ഏറ്റവും വിസ്‌തൃതവും പ്രാചീനവുമായ ആംഫിതിയറ്റര്‍ "ഫ്‌ളേവിയം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊളോസിയം ആയിരുന്നു. ഇന്ന്‌ പല നാശനഷ്‌ടങ്ങളും സംഭവിച്ചനിലയിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. 50,000-ല്‍ അധികം പേര്‍ക്കിരിക്കാവുന്ന ഈ ആംഫിതിയെറ്ററിന്റെ മൊത്തം നീളം 188 മീ-ഉം വീതി 155 മീ-ഉം ആണ്‌. ഇതിന്റെ അരീനയുടെ നീലം 87 മീ-ഉം വീതി 55-മീ-ഉം ആണ്‌.

റോമിലെ കാസ്‌ട്രന്‍സ്‌ ആംഫിതിയെറ്ററും കാപ്വാ, മിന്തര്‍നോ, വെറോണ, പോട്‌സോളി എന്നിവിടങ്ങളിലെ ആംഫിതിയെറ്ററുകളും പ്രശസ്‌തമാണ്‌. ഫ്രാന്‍സിലെ നീം, ആള്‍സ്‌ എന്നിവിടങ്ങളിലും ഇസ്‌ട്രീയയിലെ പോളയിലും ആഫ്രിക്കയില്‍ തിസ്‌ഡ്രൂസിലും ഉള്ള ആംഫിതിയെറ്ററുകള്‍ സാരമായ കേടുപാടുകള്‍കൂടാതെ നിലനില്‌ക്കുന്നു. ആധുനികകാലത്ത്‌ ആംഫിതിയെറ്റര്‍ എന്ന സംജ്ഞ, നടുവിലുള്ള രംഗവേദിക്കുചുറ്റുമായി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള നാടകശാലകള്‍ക്കും സംഗീതശാലകള്‍ക്കും പൊതുവേ ഉപയോഗിച്ചുവരുന്നു. ലണ്ടനിലെ ആല്‍ബര്‍ട്ട്‌ഹാളും ന്യൂയോര്‍ക്കിലെ മാഡിസന്‍ഹാളും ഇതിനുദാഹരണങ്ങളാണ്‌. റോമന്‍ ആംഫിതിയെറ്ററിന്റെ മാതൃകയിലുള്ള ഒരു ദൃശ്യവേദി ഇംഗ്ലണ്ടിലെ സെയ്‌ന്റ്‌ അല്‍ബാന്‍സില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. കായികമത്സരങ്ങള്‍ നടത്തുന്നതിനുള്ള ആംഫിതിയെറ്ററുകളും ആധുനിക ലോകത്തുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍