This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ് സാന്‍ സൂക്കി (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ് സാന്‍ സൂക്കി (1945 - )

Aung San Suukyi

സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായ (1991) മ്യാന്‍മറിലെ പ്രമുഖ രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തക. മ്യാന്‍മറിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍.എല്‍.ഡി.) സ്ഥാപകയായ ഇവര്‍ മനുഷ്യാവകാശ ധ്വംസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്.

1945 ജൂണ്‍ 19-ന് റംഗൂണില്‍ ജനിച്ചു. പിതാവ് മ്യാന്‍മര്‍ പട്ടാളത്തിലെ കമാന്ററായിരുന്ന ജനറല്‍ ആംഗ് സാന്‍. മാതാവ് റംഗൂണ്‍ ജനറല്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സായിരുന്ന ഡൊ കീന്‍ കി. ജന്മദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, 1960 മുതല്‍ 64 വരെ ന്യൂഡല്‍ഹിയിലെ ശ്രീറാം വനിതാ കോളജില്‍ പഠിച്ചു. ഇക്കാലത്ത് ഇന്ത്യയിലെ മ്യാന്‍മറിന്റെ അംബാസിഡറായിരുന്ന മാതാവിനോടൊപ്പമെത്തിയതായിരുന്നു ഇവര്‍. ഗാന്ധിയന്‍ തത്ത്വശാസ്ത്രം ഇവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 1964-ല്‍ ഓക്സ്ഫഡില്‍ച്ചേര്‍ന്ന ഇവര്‍ 1967-ല്‍ ഹഗ്സ് കോളജില്‍ നിന്നും ബിരുദം കരസ്ഥമാക്കി.

ആംഗ് സാന്‍ സൂക്കി

1969-ല്‍, ഐക്യരാഷ്ട്രസഭയുടെ ഭരണ-ധനകാര്യ കമ്മിഷനിലെ ഉപദേശകസമിതിയില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1972-ല്‍ ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അന്വേഷണോദ്യോഗസ്ഥയായി. 1985-86 കാലഘട്ടത്തില്‍ ക്യോട്ടോ സര്‍വകലാശാലയിലെ സൌത്ത്-ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് സ്കോളറായും സേവനമനുഷ്ഠിച്ചു. 1987-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1988-ലാണ് സൂക്കി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഇതേവര്‍ഷം മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയിലും സൈനികാക്രമണങ്ങളിലും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പൊതുജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ഇവരുടെ രാഷ്ട്രീയ ഇടപെടല്‍. ആ വര്‍ഷത്തില്‍ത്തന്നെ മ്യാന്‍മറിന്റെ 'രണ്ടാം വിമോചന'ത്തിനായി ഇവരുടെ നേതൃത്വത്തില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന സംഘടന രൂപീകരിച്ചു. പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയും ഇവര്‍ തന്നെയായിരുന്നു. ഭരണകൂടത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച എന്‍.എല്‍.ഡിക്കും സൂക്കിക്കും കടുത്ത പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. തുടര്‍ന്ന് സൂക്കിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു പട്ടാള ഭരണകൂടം വിലക്കി. 1989-ല്‍ ഇവരുടെ മേല്‍ വ്യാജകുറ്റം ചുമത്തി വീട്ടുതടങ്കലില്‍ അടച്ചു. എന്നാല്‍, 1990-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. തൊണ്ണൂറ് ശ.മാ. സീറ്റ് നേടിയെങ്കിലും പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ് അസാധുവാക്കി. 1995-ല്‍ സൂക്കി മോചിതയായെങ്കിലും ഇപ്പോഴും ഇവര്‍ അപ്രഖ്യാപിത വീട്ടുതടങ്കലില്‍ തന്നെയാണ്. കടുത്ത മാധ്യമനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ പലപ്പോഴും ഇവര്‍ക്ക് സാധിക്കുന്നില്ല.

പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി ഗ്രന്ഥങ്ങളും സൂക്കി രചിച്ചിട്ടുണ്ട്. തന്റെ പിതാവിനെക്കുറിച്ചെഴുതിയ ആംഗ് സാന്‍ (1984) ആണ് ഇതില്‍ ആദ്യത്തേത്. ഫ്രീഡം ഫ്രം ഫിയര്‍ (Freedom from Fear 1991), ടുവാര്‍ഡ്സ് എ ട്രൂ റെഫ്യൂജ് (Towards a True Refuge-1993) എന്നീ ഗ്രന്ഥങ്ങള്‍ സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രീഡം ഫ്രം ഫിയര്‍ ആന്‍ഡ് അദര്‍ റൈറ്റിങ്സ് (1995) എന്ന ഗ്രന്ഥം ആത്മകഥാപരമാണെന്നു വിശേഷിപ്പിക്കാം. ബര്‍മ ആന്‍ഡ് ഇന്ത്യ: സം ആസ്പെക്ട്സ് ഒഫ് കോളോണിയല്‍ ലൈഫ് അണ്ടര്‍ കൊളോണിയലിസം (1990) ആണ് സൂക്കിയുടെ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം.

ഒരു ദശാബ്ദക്കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും സൂക്കിയെത്തേടിയെത്തിയിട്ടുണ്ട്. 1990-ല്‍ സക്കാറോഫ് (Sakharov) അവാര്‍ഡിന് ഇവര്‍ അര്‍ഹയായി. 1991-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള ഹ്യൂമണ്‍റൈറ്റ് അവാര്‍ഡും ലഭിച്ചു. സൈമണ്‍ ബൊലിവര്‍ പ്രൈസ് (1992), ലിബറല്‍ ഇന്റര്‍ നാഷണല്‍ പ്രൈസ് ഫോര്‍ ഫ്രീഡം (1995), ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മറ്റിയുടെ ഫ്രീഡം അവാഡ് (1995), ജവാഹര്‍ലാല്‍ നെഹ്റു അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്റിങ് (1995) തുടങ്ങിയവയാണ് സൂക്കിക്ക് ലഭിച്ചിട്ടുള്ള ഇതര പുരസ്കാരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍