This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-സാക്സന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-സാക്സന്‍ സാഹിത്യം

Anglo-Saxon Literature

നോര്‍മന്‍ ആക്രമണത്തിനുമുന്‍പ് (1066) നിലവിലിരുന്ന ഇംഗ്ലീഷ് സാഹിത്യം. ഇംഗ്ലീഷ് സാഹിത്യ ചരിത്രം ആരംഭിക്കുന്നത് ചോസര്‍ മുതല്ക്കാണെന്നായിരുന്നു പഴയ സാഹിത്യചരിത്രകാരന്‍മാര്‍ കരുതിയിരുന്നത്. ഉപരിഗവേഷണഫലമായി ഇന്നത്തെ ചരിത്രകാരന്‍മാര്‍ ആംഗ്ലോ-സാക്സന്‍ സാഹിത്യത്തെയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉള്‍​പ്പെടുത്തിയിരിക്കുന്നു. അതിന്റെ ആരംഭം എ.ഡി. ആറാം ശതകത്തിലാണ്. ജ്യൂട്ട്, ആംഗിള്‍, സാക്സന്‍ എന്നീ വര്‍ഗക്കാര്‍ ഇംഗ്ലണ്ടില്‍ ചെന്ന് താമസമുറപ്പിച്ച ജര്‍മന്‍ ഗോത്രക്കാരാണ്. 6-ാം ശ.-ത്തിന്റെ അവസാനത്തോടെ ഇവരില്‍ ഒരു വലിയ വിഭാഗം ക്രിസ്തുമതം സ്വീകരിച്ചു. ഇവരുടെ പൂര്‍വ സംസ്കാരം പാഷണ്ഡ (pagan) ചിന്താഗതിയില്‍ അധിഷ്ഠിതമായിരുന്നു. ക്രിസ്തുമതം ആകെക്കൂടി ഈ വിശ്വാസങ്ങളെ രൂപാന്തരപ്പെടുത്തിയെന്ന് പറഞ്ഞുകൂടെങ്കിലും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുകതന്നെ ചെയ്തു. എ.ഡി. 650-നും 1066-നുമിടയ്ക്ക് ഇംഗ്ലണ്ടിലുണ്ടായ ദേശീയ സാഹിത്യത്തെ ആംഗ്ലോ-സാക്സന്‍ സാഹിത്യമെന്നും പ്രാചീന ഇംഗ്ലീഷ് സാഹിത്യമെന്നും വിളിക്കാവുന്നതാണ്. ആംഗ്ലോ-സാക്സന്‍വര്‍ഗം വായ്മൊഴിയിലൂടെ നിലനിര്‍ത്തിയ കവനങ്ങളും ഇതില്‍ ഉള്‍​പ്പെടുന്നു. പാഷണ്ഡക്രൈസ്തവ സംസ്കാരങ്ങളുടെ സമ്മേളനമാണ് പ്രാചീന ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രതിഫലിക്കുന്നത്. മതപ്രചാരണാര്‍ഥം ഇംഗ്ലണ്ടിലെത്തിയ ലത്തീന്‍ പണ്ഡിതന്‍മാരുടെ സ്വാധീനവും അതില്‍ ഏറെക്കുറെ സ്പഷ്ടമാണ്.

ആദ്യകാലമാതൃകകള്‍. ലത്തീന്‍ പണ്ഡിതനായ ആള്‍ദെം (Aldhelm, 650-709) ഒരു സാക്സനായിരുന്നു. ഭാവനാശാലിയും കലാസ്നേഹിയുമായ ആള്‍ദെമിന്റെ കവനങ്ങള്‍ നഷ്ടപ്പെട്ടുപോയി. ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെട്ടുപോരുന്ന കടങ്കഥകള്‍ രസപ്രദങ്ങളാണ്. ബീഡ് (Bede, 672-735) ആംഗിള്‍ വര്‍ഗക്കാരനായിരുന്നു. ആംഗ്ലിയുടെ സഭാചരിത്രം (Historia Ecclesiastica Gentis Anglorum) എന്ന ഇദ്ദേഹത്തിന്റെ ലത്തീന്‍പ്രബന്ധം വിലപ്പെട്ട ഒരു സാഹിത്യ-ചരിത്ര രേഖയാണ്. വളരെ ലളിതമായ ഇംഗ്ലീഷിലാണ് ഇദ്ദേഹം കവിതാരചന നടത്തിയത്. മറ്റൊരു പ്രബന്ധകാരനാണ് ആള്‍സൂയിന്‍ (Alcuin, 730-804). ചോദ്യോത്തരരൂപത്തില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള ചില വേദപാഠങ്ങള്‍ വിജ്ഞേയങ്ങളാണ്. പില്ക്കാലത്തുണ്ടായ ഗദ്യരചയിതാക്കളില്‍ ആല്‍​ഫ്രെഡ് (Alfred), ആല്‍ഫ്രിക്ക് (Aelfric), വൂള്‍ഫ്സ്റ്റന്‍ (Wulfstan) എന്നിവരാണ് പ്രമുഖര്‍.

ഒന്‍പതാം ശതകത്തില്‍ ആംഗ്ലോ-സാക്സന്‍ വര്‍ഗത്തിന്റെ നേതാവും രാജാവുമായിത്തീര്‍ന്ന ആല്‍​ഫ്രെഡ് ദേശീയ സാഹിത്യത്തെ പരിപോഷിപ്പിച്ചു. ഒറോസിയൂസിന്റെ (Orosius) വിശ്വചരിത്രം (Historia adversus Paganos) ആല്‍​ഫ്രെഡ് തന്നെ ദേശീയഭാഷയിലേക്കു പരിഭാഷപ്പെടുത്തി. രാജാവിന്റെ മറ്റൊരു പ്രധാനവിവര്‍ത്തനമാണ് ബോയിത്തിയൂസിന്റെ (Boethius) സമാശ്വസനം (De Consolationa); ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്ല പല ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. 892 വരെയുള്ള ആംഗ്ലോ-സാക്സന്‍ ക്രോണിക്കിള്‍ (Anglo-Saxon Chronicle) രചിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്കി.

ആല്‍ഫ്രിക്കിന്റെ ഗദ്യം സംസാരഭാഷയോട് അടുത്തുനില്ക്കുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ സഭാപിതാക്കന്‍മാരുടെ പ്രബോധനങ്ങളുടെ തര്‍ജുമയാണ് സുപ്രധാനം; വിശുദ്ധന്‍മാരുടെ ചരിതങ്ങളും അപ്രധാനമല്ല. വൂള്‍ഫ്സ്റ്റന്‍ (Wulfstan) 1002 മുതല്‍ 1023 വരെ യോര്‍ക്കിലെ ആര്‍ച്ബിഷപ്പായിരുന്നു. സ്വതന്ത്രമായ പ്രബോധനങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ആംഗ്ലോ-സാക്സന്‍ ഗദ്യത്തിന്റെ മികച്ച മാതൃകകളായി എടുത്തുകാണിക്കപ്പെടുന്നത് ആല്‍ഫ്രിക്കിന്റെ ഭാഷയാണ്. അതു പ്രസന്നവും വാചാലവും പ്രഭാഷണശൈലിയോടുകൂടിയതുമാണ്. പ്രാചീന-ഇംഗ്ലീഷ് പദ്യവും ഗദ്യവും തമ്മില്‍ തട്ടിച്ചു നോക്കിയാല്‍ ആധുനിക കാലത്തോട് കൂടുതല്‍ അടുത്തുനില്ക്കുന്നത് ഗദ്യമാണ്. കാരണം, ഗദ്യം സംസാരഭാഷയോട് ആവുന്നതും അടുത്തിരിക്കണമെന്നു പല ഗദ്യകാരന്‍മാര്‍ക്കും നിഷ്കര്‍ഷയുണ്ടായിരുന്നു.

കവിത. എങ്കിലും ആ പ്രാചീനകാലത്തിന്റെ ആത്മാവിനെ ഏറെ ധ്വനിപ്പിക്കുന്നത് ആംഗ്ലോ-സാക്സന്‍ കവിതതന്നെ. ചില കവനങ്ങള്‍ തികച്ചും പാഷണ്ഡസംസ്കാരത്തെ ആവിഷ്കരിക്കുന്നു; ചിലത് തികച്ചും ക്രൈസ്തവമാണ്; അധികവും രണ്ടു സംസ്കാരങ്ങളുടെയും മിശ്രിതമാണ്. മധ്യയുഗസാഹിത്യത്തിന്റെ പൊതുവായ കാല്പനികസ്വഭാവം ആംഗ്ലോ-സാക്സന്‍ സാഹിത്യത്തിലും നിഴലിക്കുന്നുണ്ട്. ആദര്‍ശാത്മകമായ സ്നേഹം, പ്രേമം, അന്ധവിശ്വാസം, സാഹസികത, സമരോത്സുകത, പ്രകൃത്യുപാസന എന്നീ ഭാവങ്ങള്‍ ആംഗ്ലോ-സാക്സന്‍ സാഹിത്യത്തില്‍ പ്രകടമാണ്. ഇവയില്‍ സാഹസികതയ്ക്കും സമരോത്സുകതയ്ക്കുമാണ് അഗ്രിമസ്ഥാനം ലഭിച്ചിരിക്കുന്നത്. ശത്രുസംഹാരത്തിലുള്ള ആനന്ദാതിരേകം ക്രൈസ്തവമെന്നു പറഞ്ഞുകൂടാ. എങ്കിലും പകയെക്കാള്‍ ശ്രേഷ്ഠം മാപ്പുകൊടുക്കലിനാണെന്ന ആശയത്തിനു ക്രമേണ പ്രാബല്യം സിദ്ധിക്കുന്നു. അബലകളോടും സാധുക്കളോടും നായകന്‍മാര്‍ കാരുണ്യം കാണിക്കുന്നുവെന്നതു ശ്രദ്ധേയമാണ്.

പല ആംഗ്ലോ-സാക്സന്‍ കവനങ്ങളുടെയും കൈയെഴുത്തുപ്രതികള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ബൈബിള്‍ ഉപാഖ്യാനങ്ങളുടെ പരാവര്‍ത്തനങ്ങളായ കാഡ്മണിന്റെ കവനങ്ങള്‍, ബയ്​വുള്‍ഫ് (Beowulf), ജൂഡിത്ത് (Judith), ബാറ്റില്‍ ഒഫ് മാല്‍ഡോണ്‍ (Battle of Maldon) തുടങ്ങിയവ ഈ ശേഖരത്തില്‍​പ്പെടും; ദ് റൂയിന്‍ഡ് ബര്‍ഗ് (The Ruined Burg), ദ് ലവേര്‍സ് മെസേജ് (The Lover's Message), ദ് മെയ്ഡന്‍സ് കംപ്ലേന്റ് (The Maiden's Complaint), ദ് വാന്‍ഡറര്‍ (The Wanderer), ബ്രൂണന്‍ബുര്‍ (Brunanburh), ദ് സീ ഫേറര്‍ (The Sea Farer) എന്നിങ്ങനെ വേറെയുമുണ്ട് ചില നല്ല കാവ്യങ്ങള്‍. ഒരു നഗരത്തിന്റെ പതനത്തെക്കുറിച്ചുള്ള വിലാപമാണ് ദ് റൂയിന്‍ഡ് ബര്‍ഗ്; അപവാദംമൂലം കാമുകന്റെ വാസസ്ഥലത്തുനിന്ന് അകന്നുപോകേണ്ടിവന്ന ഒരു യുവതിയുടെ ദുഃഖമാണ് ദ് മെയ്ഡന്‍ഡ് കംപ്ലേന്റ് (The Maiden's Complaint); പുതിയ ഒരു പ്രഭുവിനെ തേടേണ്ടിവരുന്ന ഒരു യുവാവിന്റെ വേദന ദ് വാന്‍ഡറര്‍ (The Wanderer) പകര്‍ത്തുന്നു. ആംഗ്ലോ-സാക്സന്‍ ഭാവകാവ്യങ്ങളില്‍ ഏറ്റവും മൗലികം ദ് സീഫേറര്‍ ആണ്. ദുര്‍ഗ്രഹമായ ഈ കവനത്തിനു വിമര്‍ശകര്‍ വിഭിന്നങ്ങളായ വ്യാഖ്യാനങ്ങള്‍ നല്കിയിരിക്കുന്നു. വരാനിരിക്കുന്ന സൗഭാഗ്യത്തിനായി ആനുകാലികഭോഗങ്ങള്‍ ത്യജിക്കുന്ന ക്രിസ്തുഭക്തന്റെയും നാവികന്റെയും യാത്രകള്‍ തമ്മിലുള്ള സാമ്യം ചിന്താമധുരമാണ്. കടലിനോടും സാഹസികതയോടുമുള്ള കവിയുടെ പ്രേമം ഇംഗ്ലീഷ് ജനതയുടെ ഹൃദയത്തെ വശീകരിക്കുന്നു. ഹൃദയഹാരിയായ രണ്ടു ലഘു കവനങ്ങളാണ് വീഡ്സിത് (Widsith), ഡയിഓര്‍ എന്നിവ.

വീരഗാഥകള്‍. ആംഗ്ലോ-സാക്സന്‍ വര്‍ഗത്തിന് ഏറ്റവും ആഹ്ലാദകരം സമരഗാഥകളായിരുന്നു. വെസിക്സിലെ രാജാവായ അതല്‍സ്റ്റാനും സഹോദരന്‍ എഡ്വേര്‍ഡും കൂടി 937-ല്‍ ബ്രുനാന്‍ബുറില്‍ സ്കോട്ടുകളുടെമേല്‍ വരിച്ച വിജയമാണ്, ബ്രുനാന്‍ബുര്‍ എന്ന വിജയഗീതം. ദ് ബാറ്റില്‍ ഒഫ് മാള്‍ഡന്‍ (The Battle of Maldon) എന്ന കാവ്യത്തില്‍ നായകന്‍ മരണമടയുന്നു. 993-ല്‍ മാള്‍ഡനില്‍ വച്ചു കിഴക്കന്‍ സാക്സന്‍മാരുടെ നായകനായ ബിര്‍നോത്ത് വടക്കരോടുള്ള പോരില്‍ കൊല്ലപ്പെടുന്നതാണ് കഥ. ഇതിലെ പല വര്‍ണനകളും ഇലിയഡിലെ (Iliad) വര്‍ണനകളെ അനുസ്മരിപ്പിക്കുന്നു. കഥാനായകനും അനുയായികളും ക്രൈസ്തവരാണ്; കാവ്യത്തിലെ അംഗിയായ രസം വീരവും.

ആംഗ്ലോ-സാക്സന്‍ കാവ്യങ്ങളില്‍ ഏറ്റവും വികസിച്ചത് ബെയ്​വുള്‍ഫ് ആണ്. ഇതില്‍ 3,200 വരികളുണ്ട്. സ്കാന്‍ഡിനേവിയന്‍ ഇതിഹാസങ്ങളിലെ നായകന്‍മാരെപ്പോലെ രാക്ഷസന്‍മാരുടെ ഹന്താവാണ് ഇതിലെയും നായകന്‍. ഡേനിഷ് രാജാവിന്റെ രക്ഷയ്ക്കു ചെന്നെത്തുന്ന ധീരനായകനാണ് ബെയ്​വുള്‍ഫ്. രാജാവിന്റെ ഹിയറോഡ് കൊട്ടാരത്തെ രാത്രിതോറും ആക്രമിക്കുന്ന ഗ്രന്‍ഡല്‍ എന്ന രാക്ഷസനെ ബെയ്​വുള്‍ഫ് പരാജയപ്പെടുത്തുന്നു മകനുവേണ്ടി പ്രതികാരത്തിനുവന്ന ഗ്രന്‍ഡലിന്റെ അമ്മയെയും തോല്പിക്കുന്നു. ദീര്‍ഘകാലം രക്ഷിച്ച രത്നങ്ങള്‍ നഷ്ടപ്പെട്ട രോഷവുമായിവന്ന ഒരു വ്യാളിയെ വധിക്കുന്ന ബെ​യ്​വു​​ള്‍ഫും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. ഇതാണ് ബെയ്​വുള്‍ഫിന്റെ വീരകഥ; ആഖ്യാനം സരളമാണ് എങ്കിലും കാവ്യം ഉദാത്തമെന്നു പറഞ്ഞുകൂടാ. ധര്‍മസംസ്ഥാപനം, ആശ്രിതരക്ഷണം, രണധീരത എന്നിവയാണ് കാവ്യത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ആദര്‍ശങ്ങള്‍.

ആധ്യാത്മികരചനകള്‍. ക്രൈസ്തവകവനങ്ങളില്‍ ബൈബിളിനെ ഉപജീവിച്ച് കാഡ്മണ്‍ രചിച്ച കവിതകളും ജൂഡിത്തും (Judith) ആകര്‍ഷകങ്ങളാണ്. കേവലം ആട്ടിടയനായ കാഡ്മണ്‍ ദൈവപ്രസാദം മൂലമാണ് കവിയായത് എന്നു പറയപ്പെടുന്നു. മറ്റൊരു ക്രൈസ്തവകാവ്യമാണ് ദ് ഫാള്‍ ഒഫ് ഏഞ്ചല്‍സ്. പില്ക്കാലത്ത് മില്‍ട്ടണ്‍ രചിച്ച പാരഡൈസ് ലോസ്റ്റു(Paradise Lost)മായി ഇതിനെ താരതമ്യപ്പെടുത്തുക രസാവഹമാണ്. ആംഗ്ലോ-സാക്സന്‍ കവികളില്‍ ഒരാളാണ് കിനി വൂള്‍ഫ് (Cyne Wulf) എന്ന് ആധുനികഗവേഷകര്‍ സിദ്ധാന്തിക്കുന്നു. ക്രിസ്തു, വിശുദ്ധന്‍മാരുടെ ജീവചരിത്രങ്ങള്‍ (Fates of the Apostels) എന്നിവ ഇദ്ദേഹത്തിന്റേതാണ് എന്നാണ് വാദം. വിശുദ്ധന്‍മാരുടെ ജീവചരിത്രരചനയില്‍ ആന്‍ഡ്രിയാസ് വിജയം വരിച്ച ഒരാളാണ്. ദ് ഫീനിക്സ് (The Phoenex), ദ് ഡ്രീം ഒഫ് ദ് റൂഡ് (The Dream of the Rood) എന്നീ ക്രൈസ്തവകാവ്യങ്ങളുടെ കര്‍ത്തൃത്വം കിനി വുള്‍ഫില്‍ ആണ് നിക്ഷിപ്തമായിരിക്കുന്നത്. ഗിഫ്റ്റ്സ് ഒഫ് മെന്‍ (Gifts of Men), ദ് വേഡ്സ് ഒഫ് മെന്‍ (The Words of Men), ടെന്‍ ഇന്‍സ്ട്രക്ഷന്‍സ് ഒഫ് എ ഫാദര്‍ റ്റു ഹിസ് സണ്‍ (Ten Instructions of a Father to his Son), ഡയലോഗ്സ് ബിറ്റ്​വീന്‍ സോളമന്‍ ആന്‍ഡ് സെയ്റ്റന്‍ (Dialogues between Solomon and Satan) എന്നിവയാണ് കവിതകള്‍.

1066-ല്‍ നോര്‍മന്‍കാര്‍ ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കിയതോടുകൂടി ആംഗ്ലോ-സാക്സന്‍ സാഹിത്യത്തിന്റെ കാലഘട്ടം അവസാനിച്ചതായി ഇംഗ്ലീഷ് സാഹിത്യചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.

(പ്രൊഫ. കെ.എം. തരകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍