This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:37, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍

Anglo-Mysore Wars

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഒരു വശത്തും മൈസൂറിലെ ഭരണാധിപന്മാരായിരുന്ന ഹൈദരലിഖാനും (1722-82) ടിപ്പുസുല്‍ത്താനും (1746-99) എതിര്‍ഭാഗത്തുംനിന്നു നടത്തിയ യുദ്ധങ്ങള്‍. 1767 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിനിടയ്ക്കു നാലു യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പശ്ചാത്തലം. 1761-ല്‍ ഹൈദരലിഖാന്‍ മൈസൂറില്‍ സൈനിക മേധാവിത്വം സ്ഥാപിച്ചു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഫ്രഞ്ചുകാരുടെ അധിവാസകേന്ദ്രമായിരുന്ന പുതുശ്ശേരി പിടിച്ചടക്കി (1761). യൂറോപ്യന്‍ ശക്തികളില്‍ ഏറ്റവും ബലവത്തായതു തങ്ങളാണെന്നു തെളിയിച്ചു.

ഈ രണ്ടു ശക്തികള്‍ തമ്മിലുള്ള അധികാരമത്സരംമൂലമാണ് മൈസൂര്‍ യുദ്ധങ്ങള്‍ ഉണ്ടായത്.

ഒന്നാം യുദ്ധം (1769). ഹൈദരലിഖാന്‍ മൈസൂറില്‍ തന്റെ ശക്തി ഉറപ്പിച്ചശേഷം ബദനൂരും മലബാറും ആക്രമിച്ച് കീഴടക്കി; കൊച്ചിയെ സാമന്തരാജ്യമായി കഴിയുവാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ തിരുവിതാംകൂര്‍ മൈസൂറിനു കീഴടങ്ങുവാന്‍ തയ്യാറായില്ല; മാത്രമല്ല, ഈസ്റ്റിന്ത്യാക്കമ്പനിയുടെ ശക്തിയിലും സഹായത്തിലും വിശ്വസിച്ച് അവരുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. മലബാറില്‍ മൈസൂറിന്റെ അധിനിവേശം ഈസ്റ്റിന്ത്യാക്കമ്പനിയുടെ വ്യാപാരതാത്പര്യത്തെ സാരമായി ബാധിച്ചു. എന്നാല്‍ 1766-ല്‍ ഹൈദരലിഖാന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ മലബാര്‍ രാജാക്കന്‍മാരുമായി തങ്ങളുണ്ടാക്കിയിരുന്ന സഹായഉടമ്പടികള്‍ക്കു വിപരീതമായി നിഷ്പക്ഷതാനയം സ്വീകരിക്കയാണ് കമ്പനി ചെയ്തത്. ഹൈദരലിഖാനുമായി ഒരു യുദ്ധത്തിന് അവര്‍ അന്ന് തയ്യാറില്ലായിരുന്നു. എന്നാല്‍ കമ്പനിയുടെ താത്പര്യസംരക്ഷണത്തിനു മലബാറില്‍നിന്നും മൈസൂര്‍ ശക്തിയെ ഉന്‍മൂലനം ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായി മറ്റുള്ള ഇന്ത്യന്‍ രാജാക്കന്‍മാരുമായി സഹായക്കരാറുകളും ഗൂഢാലോചനകളും അവര്‍ നടത്തി. 1767 ആയപ്പോഴേക്കും അത് തുറന്ന സംഘട്ടനത്തില്‍ കലാശിച്ചു. മഹാരാഷ്ട്രരുടെയും നൈസാമിന്റെയും (നിസാം) സഹായത്തോടുകൂടി ഇംഗ്ലീഷുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. മൈസൂര്‍ സൈന്യത്തിന്റെ പ്രധാന നേതൃത്വം ഹൈദരലിക്കായിരുന്നെങ്കിലും 21 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുസുല്‍ത്താനാണ് ഉപസേനാധിപസ്ഥാനം വഹിച്ചിരുന്നത്. മദ്രാസില്‍ ഇംഗ്ലീഷ് കമ്പനിയുടെ പ്രാകാരംവരെ ഹൈദരലിഖാന്‍ തന്റെ സൈന്യത്തെ നയിച്ചു. താന്‍ നിര്‍ദേശിച്ച സന്ധി വ്യവസ്ഥകള്‍ ഈസ്റ്റിന്ത്യാക്കമ്പനിയെക്കൊണ്ട് അംഗീകരിപ്പിച്ചശേഷമാണ് അദ്ദേഹം മദ്രാസില്‍നിന്നും മടങ്ങിയത്. മദ്രാസ് സന്ധി ഇംഗ്ലീഷുകാര്‍​ക്കേറ്റ ഏറ്റവും വലിയ അപമാനവും പരാജയവുമായിട്ടാണ് അന്നത്തെ ഇംഗ്ലീഷ് സേനാധിപന്‍മാര്‍ എല്ലാവരും രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ രാജാക്കന്‍മാരില്‍നിന്നും തങ്ങള്‍ക്കുണ്ടായ പരാജയം ഇതു മാത്രമാണെന്ന് ഇംഗ്ലീഷ് ചരിത്രകാരന്‍മാരും പറയുന്നുണ്ട്.

രണ്ടാം യുദ്ധം (1778-84). ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ തങ്ങള്‍ക്കേറ്റ പരാജയത്തില്‍നിന്നും വിമുക്തരാകുവാന്‍ അന്നുമുതല്‍ ഈസ്റ്റിന്ത്യാക്കമ്പനി അധികാരികള്‍ ശ്രമിച്ചു. മദ്രാസ് ഉടമ്പടി പ്രകാരം മൈസൂറിനെ ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ ഇംഗ്ലീഷുകാര്‍ മൈസൂറിനെ സഹായിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ മഹാരാഷ്ട്രര്‍ മൈസൂറിനെ ആക്രമിച്ചപ്പോള്‍ (1767) ഇംഗ്ലീഷുകാര്‍ ഹൈദരലിയുടെ സഹായത്തിനെത്തിയില്ല. മലബാറില്‍ കലാപങ്ങള്‍ ഉണ്ടാക്കുവാനും ഹൈദരലിയുടെ സഖ്യശക്തിയായ ഫ്രഞ്ചുകാരുടെ മലബാര്‍ താവളങ്ങള്‍ ആക്രമിക്കുവാനും ഇംഗ്ലീഷുകാര്‍ ഒരുങ്ങി. ഇതു മനസ്സിലാക്കിയ ഹൈദരലിയും യുദ്ധത്തിനു തയ്യാറെടുപ്പുകള്‍ നടത്തി. ഇരുകൂട്ടരും യുദ്ധസന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ യൂറോപ്പില്‍ സംഘട്ടനം ആരംഭിച്ചത്. അതിന്റെ പ്രത്യാഘാതമെന്നോണം ഫ്രഞ്ചു താവളമായ മയ്യഴി പിടിച്ചടക്കുവാന്‍ തലശ്ശേരിയിലെ കമ്പനിപ്പട്ടാളം തയ്യാറായി. ഹൈദരലിഖാന്‍ തന്റെ മലബാര്‍ രാജാക്കന്‍മാരുടെ കീഴില്‍ മയ്യഴിയുടെ പ്രതിരോധത്തിനായി സൈന്യത്തെ അയച്ചെങ്കിലും ഇംഗ്ലീഷ് സൈന്യം അതു പിടിച്ചടക്കുകയാണുണ്ടായത്. തുടര്‍ന്നു ഹൈദരലി കമ്പനിയുമായി നേരിട്ടു യുദ്ധപ്രഖ്യാപനം നടത്തി. മംഗലാപുരവും പാലക്കാടും മറ്റും ഈസ്റ്റിന്ത്യാക്കമ്പനി പിടിച്ചടക്കിയെങ്കിലും മറ്റു പല മേഖലകളിലും ഇംഗ്ലീഷ് മുന്നേറ്റത്തെ ചെറുക്കുവാന്‍ മൈസൂര്‍ സൈന്യത്തിനു കഴിഞ്ഞു. മംഗലാപുരം കോട്ടയും മറ്റും മൈസൂര്‍ സൈന്യം തിരിച്ചുപിടിച്ചതോടുകൂടി യുദ്ധത്തിന്റെ ഗതി ഇംഗ്ലീഷുകാര്‍​ക്കെതിരായി മാറി. 1778-ല്‍ തുടങ്ങിയ ഈ യുദ്ധം ആറു സംവത്സരക്കാലം നീണ്ടുനിന്നു.

1782-ല്‍ ഹൈദരലിഖാന്‍ നിര്യാതനായി. മലബാറില്‍ കേണല്‍ മെക്ലോഡിനെ എതിരിടുവാന്‍ പൊന്നാനിയില്‍ തന്റെ സൈന്യത്തെ സജ്ജീകരിച്ചുകൊണ്ടിരുന്ന ടിപ്പു, പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ ഉടന്‍തന്നെ പാലക്കാട്ടേക്കു പിന്‍വാങ്ങുകയും സൈന്യാധിപനായ അര്‍ഷാദ് ബേഗ്ഖാനെ നേതൃത്വം ഏല്പിച്ചുകൊണ്ട് ശ്രീരംഗപട്ടണത്തേക്കു മടങ്ങുകയും ചെയ്തു. മൈസൂര്‍ നവാബായി സിംഹാസനാരോഹണം ചെയ്ത ടിപ്പുസുല്‍ത്താന്‍ കൂടുതല്‍ ശക്തി ആര്‍ജിച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ഈസ്റ്റിന്ത്യാക്കമ്പനിക്ക് സമാധാനാലോചനകള്‍ നടത്തേണ്ടതായി വന്നു. 1784-ല്‍ മംഗലാപുരം സന്ധിയോടുകൂടി രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിച്ചു.

മൂന്നാം യുദ്ധം (1790-92). ഈസ്റ്റിന്ത്യാക്കമ്പനിയുടെ സഖ്യശക്തിയായി തിരുവിതാംകൂറിനെ സന്ധിയില്‍ ഉള്‍​പ്പെടുത്തിയതോടെ ഇംഗ്ലീഷ് പക്ഷത്തേക്കു കൂടുതല്‍ അടുക്കുവാന്‍ തിരുവിതാംകൂര്‍ പ്രേരിതമായി. ഇംഗ്ലീഷുകാര്‍ക്കു ടിപ്പുവിനെ മലബാര്‍ പ്രദേശത്തുനിന്നും തുരത്തുന്നതിനു തിരുവിതാംകൂറിന്റെ സഹായം ആവശ്യമായിരുന്നു. ടിപ്പുസുല്‍ത്താനു ഫ്രഞ്ചു സഹായം ലഭിക്കുവാന്‍ സാധ്യമല്ലെന്നു മനസ്സിലാക്കിയ ഈസ്റ്റിന്ത്യാക്കമ്പനി എന്തെങ്കിലും കാരണമുണ്ടാക്കി മൈസൂറിനെ കീഴ്പ്പെടുത്താന്‍ ഉറച്ചു. മഹാരാഷ്ട്രത്തിന്റെയും ഹൈദരാബാദിന്റെയും സഹായം ഈസ്റ്റിന്ത്യാക്കമ്പനി നേടിയെടുത്തു. മലബാറിലെ അസംതൃപ്തരായ പഴയ നാടുവാഴികളെയും കൊച്ചിയെയും സൈനിക-ഉടമ്പടിയില്‍ ഉള്‍​പ്പെടുത്തി. മംഗലാപുരം സന്ധിയില്‍ ഒപ്പുവച്ച തിരുവിതാംകൂര്‍ ഈ കാലഘട്ടത്തില്‍ നെടുങ്കോട്ട ബലവത്താക്കുകയും കൊച്ചിരാജ്യത്തെ രണ്ടായി വിഭജിച്ചുകൊണ്ട് അതു പള്ളിപ്പുറംവരെ നീട്ടുകയും ചെയ്തു. പള്ളിപ്പുറത്തുള്ള അഴിക്കോട്ട എന്നു വിളിക്കുന്ന (ഇന്ത്യയില്‍ ആദ്യം പണികഴിപ്പിച്ച) യൂറോപ്യന്‍ കോട്ട ഡച്ചുകാരില്‍നിന്നും തിരുവിതാംകൂര്‍ വിലയ്ക്കു വാങ്ങുകയും ചെയ്തു. ടിപ്പുവിന്റെ സാമന്തന്‍മാരായ മലബാറിലെ മുന്‍ നാടുവാഴികള്‍ക്കും മറ്റും തിരുവിതാംകൂര്‍ അഭയം കൊടുത്തതും ടിപ്പുവിനെ പ്രകോപിപ്പിച്ചു. തിരുവിതാംകൂറിന്റെ ഈദൃശപ്രവര്‍ത്തനങ്ങള്‍മൂലം 1789-ല്‍ ടിപ്പു ഒരു സൈന്യത്തോടുകൂടി പാലക്കാട്ടേക്കു വരികയും തിരുവിതാംകൂറിന് അന്ത്യശാസനം നല്കുകയും ചെയ്തു.

ടിപ്പുവിന്റെ അന്ത്യശാസനത്തിലെ ആവശ്യങ്ങളെല്ലാം തന്നെ തിരസ്കൃതമായപ്പോള്‍ പാലക്കാട്ടുനിന്നും ടിപ്പു നെടുങ്കോട്ടയെ ലക്ഷ്യമാക്കി പുറപ്പെട്ടു. തിരുവിതാംകൂര്‍ സേനയുമായി 1789 ഡി.-ല്‍ ഒരു സംഘട്ടനം നടന്നു. ഈ ഏറ്റുമുട്ടലില്‍ മൈസൂര്‍ പക്ഷത്തു സാരമായ നാശം സംഭവിച്ചു. തുടര്‍ന്ന് ടിപ്പു 1790 ഏ. 12-നു നെടുങ്കോട്ട ആക്രമിച്ച് ആലുവവരെ തന്റെ സൈന്യത്തെ നയിച്ചു. യാതൊരു എതിര്‍പ്പും ഇല്ലാതെ നിര്‍ബാധം മുന്നോട്ടു നീങ്ങുവാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ്, ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ് പ്രഭുവിന്റെ (1738-1805) നേതൃത്വത്തില്‍ മഹാരാഷ്ട്രരുടെയും നിസാമിന്റെയും മറ്റും സൈന്യങ്ങള്‍ തന്റെ തലസ്ഥാനത്തേക്കു നീങ്ങിയിരിക്കുന്ന വിവരം ടിപ്പുവിനു ലഭിച്ചത്. ഉടന്‍തന്നെ തിരുവിതാംകൂറില്‍നിന്ന് ശ്രീരംഗപട്ടണത്തിലേക്കു നീങ്ങേണ്ടതായിവന്ന സന്ദര്‍ഭത്തിലാണ് മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചത്. യുദ്ധാരംഭത്തില്‍ മൈസൂറിനു പ്രധാന പ്രവിശ്യകള്‍ പലതും നഷ്ടപ്പെട്ടു. സ്വന്തം ആസ്ഥാനമായ ശ്രീരംഗപട്ടണത്തെയും മൈസൂറിനെയും സംരക്ഷിക്കുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ടിപ്പുവിനു തന്‍മൂലം ആമഗ്നനാകേണ്ടതായും വന്നു. യുദ്ധം തുടങ്ങി അല്പദിവസങ്ങള്‍ക്കകം മലബാര്‍ ആകമാനം ഇംഗ്ലീഷുകാരുടെ കൈയിലായി. പരാജിതനായ ടിപ്പു 1792-ല്‍ ശ്രീരംഗപട്ടണം സന്ധിയില്‍ ഒപ്പുവയ്ക്കുകയും തന്റെ രാജ്യത്തിന്റെ പകുതിയും മൂന്നുകോടി രൂപയും ഈസ്റ്റിന്ത്യാക്കമ്പനിക്കു നല്കാമെന്നു സമ്മതിക്കുകയും ഈ വ്യവസ്ഥകള്‍ നടപ്പാക്കുന്നതുവരെ തന്റെ മൂത്ത രണ്ടു പുത്രന്‍മാരെ ജാമ്യമായി നല്കാമെന്നേല്ക്കുകയും ചെയ്തു.

നാലാം യുദ്ധം (1799). പകുതി രാജ്യവും വളരെ ധനവും നഷ്ടപ്പെട്ട ടിപ്പു തന്റെ അവശിഷ്ട രാജ്യത്തെ കൂടുതല്‍ സമ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. നഷ്ടപ്പെട്ടതു വീണ്ടെടുക്കുവാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് പിന്നീടുണ്ടായത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനുശേഷമാണ് ഇംഗ്ലീഷുകാരെ ഏതു വിധേനയെങ്കിലും ഇന്ത്യയില്‍നിന്നു തുടച്ചുനീക്കിയേ പറ്റൂ എന്ന ഉദ്ദേശ്യം ടിപ്പുവില്‍ രൂഢമൂലമാകുന്നത്. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവനും തന്റെ ഉദ്ദേശ്യസാഫല്യം ലക്ഷ്യമാക്കിയുള്ളതായിരുന്നു. മഹാരാഷ്ട്രരെയും നൈസാമിനെയും മറ്റു നാട്ടുരാജാക്കന്മാരെയും ഇംഗ്ലീഷുകാര്‍ക്കെതിരായി അണിനിരത്തുവാനുള്ള ഉദ്യമങ്ങള്‍ ടിപ്പു അവിരാമം നടത്തി; വിദേശശക്തികളായ പേര്‍ഷ്യയുടെയും അഫ്ഗാനിസ്താന്റെയും ഫ്രാന്‍സിന്റെയും സഹായം ഇതിനു ലഭിക്കുവാനുള്ള ഉദ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരുന്നു. തന്റെ സൈന്യത്തെ കൂടുതല്‍ പ്രബലമാക്കുവാനും പുതിയ ആയുധങ്ങള്‍ നേടുവാനും ടിപ്പു ശ്രമിച്ചു. ഈ സന്നാഹങ്ങളെക്കുറിച്ച് അറിവു കിട്ടിയ ഈസ്റ്റിന്ത്യാക്കമ്പനി, മൈസൂറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ ശ്രീരംഗപട്ടണം സന്ധി വ്യവസ്ഥകളുടെ ലംഘനമാണിവ എന്നാരോപിച്ചുകൊണ്ട് 1799-ല്‍ ഏകപക്ഷീയമായി മൈസൂറിന്റെമേല്‍ യുദ്ധം പ്രഖ്യാപിച്ചു. അതാണ് നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം. അപ്രതിരോധ്യമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ശ്രീരംഗം കോട്ടയ്ക്കകത്തു തന്റെ സൈന്യങ്ങളുമായി ടിപ്പുവിനു പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍​പ്പെടേണ്ടതായി വന്നു. ടിപ്പുവിന്റെ സൈനിക മേധാവികളെ പാട്ടിലാക്കി സൂത്രത്തില്‍ കോട്ടയ്ക്കകത്ത് കടക്കുവാനുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ പരിശ്രമം വിജയിച്ചു. ടിപ്പുവിന്റെ മന്ത്രിമാരായ മീര്‍സാദിക്കും പൂര്‍ണയ്യായും ഇംഗ്ലീഷ് സൈന്യത്തിന്റെ വിജയത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. ഇംഗ്ലീഷ് സൈന്യം കോട്ടയ്ക്കകത്തേക്ക് ഇരമ്പിക്കയറി. ഇംഗ്ലീഷ് സൈന്യവുമായി ഏറ്റുമുട്ടി അദ്ദേഹം കോട്ടയ്ക്കകത്തു മരിച്ചുവീണു. ക്യാപ്റ്റന്‍ ഹാരിസിന്റെയും കേണല്‍മാരായ കിര്‍ക്പാട്രിക്ക്, മിസ്റ്റണ്‍ തുടങ്ങിവരുടെയും നേതൃത്വത്തില്‍ ഇംഗ്ലീഷ് സൈന്യം കോട്ടയും അരമനകളും പിടിച്ചെടുത്തു.

ടിപ്പുസുല്‍ത്താന്റെ സന്താനങ്ങളില്‍ ആരെയും മൈസൂര്‍ സുല്‍ത്താനായി വാഴിക്കാന്‍ ഈസ്റ്റിന്ത്യാക്കമ്പനി തയ്യാറായില്ല. പകരം മൈസൂറിലെ പഴയ രാജവംശത്തില്‍​പ്പെട്ട കൃഷ്ണരാജ ഒഡയാറിനെ മൈസൂര്‍ രാജാവാക്കി. അങ്ങനെ മൈസൂര്‍ യുദ്ധങ്ങളുടെ ഫലമായി ഇംഗ്ലീഷ് ശക്തി ഇന്ത്യയില്‍ ഉറച്ചു. നോ: ടിപ്പുസുല്‍ത്താന്‍; തിരുവിതാംകൂര്‍; മൈസൂര്‍; രാജാകേശവദാസ്; ഹൈദരലിഖാന്‍

(ഡോ. സി.കെ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍