This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-ബര്‍മീസ് യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:31, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആംഗ്ലോ-ബര്‍മീസ് യുദ്ധങ്ങള്‍

Anglo-Burmese Wars

ബ്രിട്ടീഷിന്ത്യയും ബര്‍മയും തമ്മില്‍ നടന്ന മൂന്നു യുദ്ധങ്ങള്‍. 17-ാം ശ. മുതല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ബര്‍മയുമായി വാണിജ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. 1756-ല്‍ ഒരു ബര്‍മന്‍ ചീഫായ അലോംപ്ര, ഐരാവതി നദീതടത്തിലെ പെഗു പ്രവിശ്യ ആക്രമിച്ച് ശക്തമായ ഭരണം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ ഒരാളായ ബൊദൊപായ (Bodapaya;ഭ.കാ 1779-1819) രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. 1766-ല്‍ സയാമില്‍ നിന്നും ടെനാസ്സറീമും, 1784-ല്‍ ആരക്കാനും, 1813-ല്‍ മണിപ്പൂരും ബര്‍മാക്കാര്‍ കൈവശപ്പെടുത്തി. ബര്‍മാക്കാര്‍ വീണ്ടും കിഴക്കന്‍ അതിര്‍ത്തിയിലേക്ക് സാമ്രാജ്യം വിപുലീകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ആംഗ്ലോ-ബര്‍മീസ് യുദ്ധങ്ങള്‍ക്കു വിത്തുപാകിയത്. ബ്രിട്ടീഷിന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ യുദ്ധം നടത്തിക്കൊണ്ടിരുന്ന ഈസ്റ്റിന്ത്യാക്കമ്പനി നേരിട്ടൊരു യുദ്ധത്തിനു സന്നദ്ധമല്ലായിരുന്നതുകൊണ്ട്, ദൂതസംഘങ്ങളെ അയച്ചെങ്കിലും അവ വിജയിച്ചില്ല. ബര്‍മാക്കാര്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്നും ബ്രിട്ടീഷിന്ത്യയുടെ അതിര്‍ത്തിയില്‍ അഭയം പ്രാപിച്ചവരെ തിരിച്ചുവിടാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിയാത്തതിനെത്തുടര്‍ന്നാണ് ഇംഗ്ലീഷ് ദൂതസംഘങ്ങളുടെ ശ്രമം പരാജയമടഞ്ഞത്. മധ്യകാലഘട്ടത്തില്‍ ആരക്കാന്‍രാജാവിന്റെ കീഴിലായിരുന്ന ചിറ്റഗോംഗ്, ഡാക്ക, മുര്‍ഷിദാബാദ്, കാംസിംബസാര്‍ എന്നീ പ്രദേശങ്ങള്‍ ബര്‍മയ്ക്ക് തിരിച്ചു നല്കാന്‍ ബര്‍മാരാജാവ് ഹേസ്റ്റിങ്സ് പ്രഭുവിനോടാവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഒന്നാം ആംഗ്ലോ-ബര്‍മീസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

ഒന്നാം യുദ്ധം (1824-26). 1821-22 കാലത്ത് ബര്‍മാക്കാര്‍ അസം ആക്രമിച്ചു. 1823 സെപ്-ല്‍ ഈസ്റ്റിന്ത്യാക്കമ്പനിവക ഷാപുരി ദ്വീപും അവര്‍ പിടിച്ചെടുത്ത് ബംഗാള്‍ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അതിനെത്തുടര്‍ന്ന് 1824 ഫെ. 24-ന് ഗവര്‍ണര്‍ ജനറലായ ആമേഴ്സ്റ്റ് (വില്യം പിറ്റ് ആമേഴ്സ്റ്റ്: 1773-1857) യുദ്ധം പ്രഖ്യാപിച്ചു. കടല്‍വഴി റംഗൂണ്‍ ആക്രമിക്കാന്‍ ഇംഗ്ലീഷുകാര്‍ പദ്ധതി തയ്യാറാക്കി. ജനറല്‍ സര്‍ ആര്‍ച്ചിബാള്‍ഡ് ക്യാമ്പ്ബെലിന്റെ നേതൃത്വത്തില്‍ 11,000 പേരടങ്ങിയ സേന റംഗൂണിലേക്കു തിരിച്ചു. ബന്‍ഡുല (മഹാബന്‍ഡുല) എന്ന ബര്‍മന്‍ സൈന്യമേധാവി, കരവഴി ഇംഗ്ലീഷ് സൈന്യത്തിന്റെമേല്‍ വിജയം നേടി. ചിറ്റഗോംഗ് അതിര്‍ത്തിയിലെ റാമു(Ramu)വില്‍വച്ച് ഇംഗ്ലീഷ് സൈന്യത്തെ ബര്‍മാക്കാര്‍ തോല്പിച്ചു. എന്നാല്‍ 1824 മേയ് 11-ന് ക്യാമ്പ്ബെലിന്റെ നാവികസൈന്യം റംഗൂണ്‍ ആക്രമിച്ച് ബര്‍മാക്കാരെ തോല്പിച്ചതുമൂലം ബര്‍മാക്കാര്‍ക്ക് പെഗുവനങ്ങളില്‍ അഭയം തേടേണ്ടിവന്നു. ഇതറിഞ്ഞ ബന്‍ഡുല ഡി. 1-ന് 60,000 സൈനികരോടുകൂടി റംഗൂണിലെത്തി. അവിടെവച്ചു നടന്ന യുദ്ധത്തില്‍ (ഡി. 15) പരാജയമടഞ്ഞ ബന്‍ഡുല ഡൊനാബ്യുയിലേക്ക് പിന്‍വാങ്ങി. 1825 ഏ.-ല്‍ അപ്രതീക്ഷിതമായി ബന്‍ഡുല വധിക്കപ്പെട്ടത് ബര്‍മന്‍ സൈന്യത്തിനു കനത്ത ആഘാതമായിരുന്നു. ലോവര്‍ ബര്‍മയുടെ തലസ്ഥാനമായ പ്രോം, ക്യാമ്പ്ബെല്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. 1826 ഫെ. 24-ന് യെന്‍ഡാബൂ സന്ധിയോടെ ഒന്നാം ആംഗ്ലോ-ബര്‍മീസ് യുദ്ധം അവസാനിച്ചു.

ആരക്കാന്‍-ടെനാസ്സറിം പ്രോവിന്‍സുകള്‍ സന്ധിമൂലം ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. യുദ്ധത്തിന്റെ നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്കാന്‍ ബര്‍മാക്കാര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ബര്‍മയുമായി 1826 ന. 23-ന് ഒരു വാണിജ്യക്കരാറുമുണ്ടായി. ഒരു ബ്രിട്ടീഷ് റസിഡന്റിനെ അവാ(Ava)യില്‍ പാര്‍പ്പിക്കാനും പകരം ഒരു ബര്‍മാപ്രതിനിധിയെ കൊല്‍ക്കത്തയില്‍ സ്വീകരിക്കാനും സമ്മതിച്ചു. മണിപ്പൂര്‍ ഒരു സ്വതന്ത്രരാജ്യമായി. അസം, കച്ചാര്‍, ജെയിന്‍ഷ്യ എന്നിവയിലുള്ള ബര്‍മയുടെ അവകാശവാദം വേണ്ടെന്നുവച്ചു. യുദ്ധഫലമായി ബര്‍മയ്ക്ക് അതിന്റെ സമുദ്രതീരത്തിന്റെ ഭൂരിഭാഗവും നഷ്ടമായി. മണിപ്പൂരും കച്ചാറും ബ്രിട്ടീഷ് സംരക്ഷിതപ്രദേശങ്ങളായി.

രണ്ടാം യുദ്ധം (1852). യെന്‍ഡാബൂസന്ധിയിലൊപ്പുവച്ച ബര്‍മീസ് രാജാവ് പഗിയിഡോവ (Hpagyidoa) ആയിരുന്നു. പുതിയ ബര്‍മീസ് രാജാവായ തറവഡി (ഭ. കാ. 1837-45) ഈ സന്ധിവ്യവസ്ഥകള്‍ മാനിക്കാന്‍ തയ്യാറായില്ല. 'അവാ'യിലെ ബ്രിട്ടീഷ് റസിഡന്റിന് സൗഹൃദപൂര്‍ണമായ പെരുമാറ്റം ബര്‍മീസ് ഭരണാധികളില്‍നിന്നും ലഭ്യമാകാഞ്ഞതിനാല്‍ 1840-ല്‍ ബ്രിട്ടീഷ് റസിഡന്‍സി അടച്ചുപൂട്ടേണ്ടിവന്നു. 1826-ലെ സന്ധിക്കുശേഷം ബര്‍മയുടെ ദക്ഷിണതീരങ്ങളില്‍ പാര്‍ത്തിരുന്ന ഇംഗ്ലീഷ് കച്ചവടക്കാര്‍ക്ക് റംഗൂണ്‍ ഗവര്‍ണര്‍ പ്രോത്സാഹനങ്ങളൊന്നും ചെയ്തു കൊടുത്തില്ല. കച്ചവടക്കാരുടെ സങ്കടനിവാരണത്തിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇടപെടണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസി (1812-60) കൊമഡോര്‍ ലാംബെര്‍ട്ടിനെ ബര്‍മയിലെ രാജാവായ പാഗന്റെ (ഭ.കാ. 1845-52)യുമായി സംഭാഷണങ്ങള്‍ക്കായി അയച്ചു. ലാംബെര്‍ട്ട് നിര്‍ദേശിച്ച വ്യവസ്ഥകള്‍, യുദ്ധമൊഴിവാക്കാന്‍വേണ്ടി, ബര്‍മാരാജാവ് സമ്മതിച്ചു. റംഗൂണ്‍ ഗവര്‍ണറെ മാറ്റി, പുതിയ ഗവര്‍ണറെ നിയമിച്ചു. എന്നാല്‍ ചില ഇംഗ്ലീഷ് നാവികോദ്യോഗസ്ഥന്‍മാരെ പുതിയ ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ചില്ല എന്ന കാരണംപറഞ്ഞ് ലാംബെര്‍ട്ട് റംഗൂണ്‍ തുറമുഖത്തെ ഉപരോധിച്ചു; ഒരു ബര്‍മീസ് കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. 1852 ഏ. 1-ഓടുകൂടി നഷ്ടപരിഹാരമായി ഒരു ലക്ഷം പവന്‍ ബര്‍മാക്കാര്‍ നല്കണമെന്നുള്ള ലാംബെര്‍ട്ടിന്റെ അന്ത്യശാസനം തിരസ്കരിച്ചതോടെ രണ്ടാം ആംഗ്ലോ-ബര്‍മീസ് യുദ്ധം ആരംഭിച്ചു. ജനറല്‍ ഗോഡ്‍വിന്റെയും അഡ്മിറല്‍ ഓസ്റ്റന്റെയും നേതൃത്വത്തില്‍ ബ്രിട്ടീഷ് പട്ടാളം റംഗൂണിലെത്തി; മര്‍തബാന്‍ കീഴടക്കി. റംഗൂണിലെ പ്രസിദ്ധ പഗോഡ ബ്രിട്ടീഷ് സൈന്യം നശിപ്പിച്ചു; ബസ്സീനും കീഴടക്കി. ഡെല്‍ഹൗസി നേരിട്ട് 1852 സെപ്.-ല്‍ റംഗൂണിലെത്തി. ഒ.-ല്‍ പ്രോമും, ന.-ല്‍ പെഗുവും കീഴടക്കി. 1852 ഡി. 20-ന് ഡല്‍ഹൗസി ഒരു വിളംബരം മൂലം, ലോവര്‍ ബര്‍മ (പെഗു) ബ്രിട്ടീഷിന്ത്യയോടു ചേര്‍ത്തു; അതോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ പൂര്‍ണമായ അധീശത്വം ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. പുതിയതായി ലഭിച്ച പ്രദേശത്തിന്റെ ചുമതല മേജര്‍ ആര്‍തര്‍ ഫെയറിനെ ഏല്പിച്ചു.

മൂന്നാം യുദ്ധം (1886). രണ്ടു യുദ്ധങ്ങളിലുണ്ടായ പരാജയം ബര്‍മാക്കാരുടെ മനസ്സില്‍ ആഴമായ മുറിവുകള്‍ ഉണ്ടാക്കി. പെഗുവിന്റെ നഷ്ടം അവര്‍ക്കു വിശിഷ്യ അന്നത്തെ രാജാവായ മിന്‍ഡോന് (Mindon) അസഹനീയമായിരുന്നു. ബ്രിട്ടീഷ് റസിഡന്റിന്റെ പെരുമാറ്റം, ബ്രിട്ടീഷ്കാരോടുള്ള പക അവരില്‍ വര്‍ധിക്കാന്‍ കാരണമായി. മിന്‍ഡോനിന്റെ പിന്‍ഗാമിയായ തീബാ രാജാവ് ബ്രിട്ടീഷുകാര്‍​ക്കെതിരെ ഫ്രഞ്ചുകാരുടെ സഹായം തേടുകയും നാട്ടില്‍ പ്രവര്‍ത്തനം നടത്താന്‍ അവരെ അനുവദിക്കുകയും ചെയ്തു. 1855-ല്‍ തീബാരാജാവ് ഫ്രാന്‍സുമായി ഒരു വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചു. അതോടുകൂടിത്തന്നെ അദ്ദേഹം ബ്രിട്ടീഷുകാരുടെ വ്യാപാരതാത്പര്യങ്ങളെയും അവരുമായുണ്ടാക്കിയ വ്യാപാരക്കരാറുകളെയും (1884-88) അവഗണിക്കുകയും ചെയ്തു. വൈസ്രോയിയായ ഡഫറിന്‍ ഇതിനെത്തുടര്‍ന്ന് ഇംഗ്ലീഷുകാരൊഴിച്ചുള്ള എല്ലാ വിദേശീയ ശക്തികളെയും ബര്‍മയില്‍നിന്നും പുറത്താക്കാനും ഒരു ഇംഗ്ലീഷ് റസിഡന്റിനെ മാന്‍ഡലേയില്‍ പാര്‍പ്പിക്കാനും നിര്‍ദേശിച്ചു. ബ്രിട്ടീഷ് താത്പര്യങ്ങള്‍ക്കനുകൂലമായി ബര്‍മയുടെ വിദേശനയം രൂപവത്കരിക്കുവാനും ഡഫറിന്‍പ്രഭു ആവശ്യപ്പെട്ടു. 1885 ന. 9-ന് ഡഫറിന്‍പ്രഭുവിന്റെ നിര്‍ദേശങ്ങള്‍ നിരാകരിക്കപ്പെട്ടതുമൂലം ഇംഗ്ലീഷുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സൈന്യം 1885 ന.-ല്‍ ഉത്തരബര്‍മ കീഴടക്കി; രണ്ടാഴ്ചകൊണ്ട് ബ്രിട്ടീഷ് നാവികസേന തലസ്ഥാനമായ മാന്‍ഡലേ പിടിച്ചടക്കി. തീബാരാജാവ് ഇംഗ്ലീഷുകാര്‍ക്ക് നിരുപാധികം കീഴടങ്ങി. 1886-ല്‍ തീബാരാജാവിനെ ഇന്ത്യയിലേക്കയയ്ക്കുകയും ഉത്തരബര്‍മ ബ്രിട്ടീഷ് ആധിപത്യത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇതോടുകൂടി ബര്‍മ മുഴുവന്‍ ഒരു ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിയന്ത്രണത്തിലായി.

(ഡോ. എം.ജെ. കോശി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍