This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ

Entente Cordiale

ഗ്രേറ്റ്ബ്രിട്ടനും ഫ്രാന്‍സും തമ്മിലുണ്ടായിരുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും അവസാനിപ്പിച്ച സൗഹൃദധാരണ. 1904 ഏ. 8-ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഒപ്പുവച്ച ഈ കരാറിന്റെ ഫലമായി ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രമ്യതയിലായി. പശ്ചിമാഫ്രിക്ക, മഡഗാസ്കര്‍, ന്യൂഹെബ്രിഡീസ് എന്നീ പ്രദേശങ്ങളിലെ ഭരണത്തിലും, ന്യൂഫൗണ്ട്ലന്‍ഡിലെ മത്സ്യബന്ധനാവകാശത്തിലുള്ള തര്‍ക്കങ്ങളിലും ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഇരുരാജ്യക്കാര്‍ക്കും ഇതുമൂലം സാധിച്ചു. ഈജിപ്തില്‍ ബ്രിട്ടന്‍ സ്വതന്ത്രനയം സ്വീകരിക്കുന്നതില്‍ ഫ്രാന്‍സിനുണ്ടായിരുന്ന എതിര്‍പ്പുകള്‍ ഇതോടെ അവസാനിച്ചു. അതുപോലെ, മൊറോക്കോയില്‍ ഫ്രാന്‍സിന് ഇഷ്ടമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടനും സ്വാതന്ത്ര്യം നല്കി. പക്ഷേ, മൊറോക്കോയില്‍ കോട്ടകൊത്തളങ്ങള്‍ പണികഴിപ്പിക്കാനുള്ള അവകാശം ഫ്രാന്‍സിനു നല്കിയില്ല. ബ്രിട്ടീഷ് കോളനിയായിരുന്ന ജിബ്രാള്‍ട്ടറിന്റെ സുരക്ഷിതത്വത്തിന് അതു ഹാനികരമായിരിക്കുമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ കരുതി. സുഡാനിലെ ഫഷോഡ പട്ടണത്തിന്‍മേലുള്ള അവകാശത്തര്‍ക്കം ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ഒരു യുദ്ധം ഉണ്ടാകാന്‍ വഴിയൊരുക്കി (1898). ഫ്രാന്‍സിന്റെ ശക്തിഹീനതകൊണ്ട് യുദ്ധംകൂടാതെതന്നെ ഗ്രേറ്റ്ബ്രിട്ടന്‍ ഈ തര്‍ക്കത്തില്‍ വിജയിക്കയാണുണ്ടായത്. എന്നാല്‍ 1904-ലെ കരാറോടുകൂടി ഇരു രാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ചുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയും അവസാനിച്ചു. 1903 ആഗ.-ല്‍ ആരംഭിച്ച സൗഹാര്‍ദസംഭാഷണങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധാനം ചെയ്തു ലാന്‍സ്ഡൗണ്‍ പ്രഭുവും ക്രോമര്‍ പ്രഭുവും (1841-1917) പങ്കെടുത്തു; ഫ്രാന്‍സിന്റെ പ്രതിനിധികള്‍ തിയോഫില്‍ ദെല്‍കാസെ (1852-1923), പോള്‍ കാംബോണ്‍ (1843-1924) എന്നിവരായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍