This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-ഇന്ത്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-ഇന്ത്യര്‍

Anglo-Indians

ഇന്ത്യോ-യൂറോപ്യരുടെ പിന്‍തലമുറക്കാരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞ.

1498 മേയ് 18-ന് പോര്‍ച്ചുഗീസുകാരനായ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങി. 1500-ല്‍ പെഡ്രോ അല്‍വാരീസ് കബ്രാള്‍ കൊച്ചി അഴിമുഖത്ത് എത്തി കായല്‍പ്പരപ്പില്‍ നങ്കൂരമടിച്ചു. അതോടെ പോര്‍ച്ചുഗീസ് പ്രാഭവം ആരംഭിച്ചു. അത് 160 വര്‍ഷത്തോളം തുടരുകയും ചെയ്തു. കൊച്ചി, പള്ളിപ്പുറം, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, ചാലിയം, പുറക്കാട്, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ അവര്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. മിക്ക സ്ഥലങ്ങളിലും കോട്ടകളും നിര്‍മിച്ചു. കരസേനയും നാവികസേനയും ഏര്‍​പ്പെടുത്തി. പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തില്‍ എത്തിച്ചേര്‍ന്നു. ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ തോല്പിച്ച് അവരുടെ വ്യാപാരകേന്ദ്രങ്ങള്‍ കൈവശപ്പെടുത്തി. കൂടാതെ കുളച്ചല്‍, ചേറ്റുവാ എന്നീ സ്ഥലങ്ങളിലും അവര്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. 1795-ല്‍ ബ്രിട്ടീഷുകാര്‍ കൊച്ചിയിലെ ഡച്ചുകാരെ തോല്പിച്ചു. അവര്‍ പൊന്നാനി, അഞ്ചുതെങ്ങ്, തലശ്ശേരി എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. ക്രമത്തില്‍ മലബാര്‍ മുഴുവനും അവര്‍ക്കധീനമായി. കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളുടെമേല്‍ അവര്‍ക്ക് അധീശാധികാരവും ലഭിച്ചു. അപ്പോഴും ഫ്രഞ്ചുകാര്‍ മാഹിയുടെ അധിപന്‍മാരായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കുകതന്നെ ചെയ്തു.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ യൂറോപ്യന്‍മാര്‍ പലരും നാട്ടുകാരായ പെണ്‍കുട്ടികളെ വിവാഹം ചെയ്തു. പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക് ആണ് ഇത്തരം മിശ്രവിവാഹങ്ങള്‍ക്കു പ്രോത്സാഹനം നല്കിയത്. ഈ വിവാഹങ്ങളിലൂടെ ഒരു പുതിയ സമുദായം നിലവില്‍വന്നു-ആംഗ്ളോ-ഇന്ത്യന്‍ സമുദായം.

ചട്ടക്കാര്‍. ഇന്ത്യയില്‍ ആദ്യംവന്ന യൂറോപ്യന്‍മാരെ 'ഫരിങ്കീസ്' എന്നാണ് വിളിച്ചിരുന്നത്. അവരുടെ സന്തതികളെയും ആ പേരില്‍തന്നെ വിളിച്ചുപോന്നു. 'ഫരിങ്കി' എന്നാല്‍ വിദേശീയന്‍ എന്നാണ് അര്‍ഥം. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ 'മെസ്റ്റിസസ്സ്' എന്നു പറഞ്ഞുവന്നു. മെസ്റ്റിക്കോ എന്ന പോര്‍ച്ചുഗീസ് പദത്തിന് 'മിശ്രം' എന്നാണര്‍ഥം. അവരെ 'തൊപാസ്സി' (ദ്വിഭാഷി എന്ന അര്‍ഥത്തില്‍) എന്നാണ് ഡച്ചുകാര്‍ വിളിച്ചിരുന്നത്. എന്നാല്‍ നാട്ടുകാര്‍ അവരെ 'ചട്ടക്കാര്‍' എന്നു വിളിച്ചു. ചട്ട (ട്രൗസര്‍) ധരിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം. യൂറോപ്യന്‍മാര്‍ക്കു നാട്ടുകാരിപ്പെണ്ണുങ്ങളില്‍ ജനിച്ച കുട്ടികളെ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ 'ഈസ്റ്റ് ഇന്ത്യന്‍' എന്നും വിളിച്ചിരുന്നു. എന്നാല്‍ ഈ പേര് കേരളത്തില്‍ നടപ്പുണ്ടായിരുന്നില്ല. 'യൂറേഷ്യര്‍' എന്ന പേരാണ് കേരളത്തില്‍ വളരെക്കാലം പ്രചരിച്ചിരുന്നത്. 1882-ല്‍ 'ആംഗ്ലോ-ഇന്ത്യന്‍ ഡിഫന്‍സ് അസോസിയേഷന്‍' രൂപവത്കൃതമായതോടെ 'ആംഗ്ലോ-ഇന്ത്യന്‍' എന്ന പ്രയോഗം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

16-ഉം 17-ഉം ശ.-ങ്ങളില്‍ പടിഞ്ഞാറന്‍തീരത്ത് സ്ഥിരതാമസമാക്കിയ പോര്‍ച്ചുഗീസുകാരുടെ പിന്‍മുറക്കാരാണ് പ്രധാനമായും കേരളത്തിലെ ആംഗ്ലോ-ഇന്ത്യര്‍. ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നിവരുടെ അനന്തരഗാമികളും ഈ വിഭാഗത്തില്‍ ഉള്‍​പ്പെടും. അല്‍മേയ്ഡാ, അബ്രാവോ, ആല്‍വിന്‍, അരൂജ, ബിവേറാ, കുടിഞ്ഞോ, കാര്‍വെല്‍ഹോ, കബ്രാള്‍, കോയല്‍ഹോ, കൊറിയാ, ഡികോസ്റ്റാ, ഡികുഥോ, ഡികുഞ്ഞാ, ഡിക്രൂസ്, ഡിറോസ്, ഡിസില്‍വാ, ഡിസൂസാ, ഡിക്ലോസ്, ഡയസ്, ഡുറോം, ഫെരീര, ഫരിയ, ഫെര്‍ണാണ്ടസ്, ഫിഗുറാഡോ, ഫിഗുറസ്സ്, ഫുര്‍ട്ടാഡോ, ഫുര്‍ട്ടല്‍, ഫുര്‍ട്ടസ്, ഗോമസ്, ഗോണ്‍സാല്‍വസ്, ലോപ്പസ്, ലൂയിസ്, ലിവേറോ, മെന്‍ഡസ്, ന്യൂനസ്, നേവിസ്, നൊറഞ്ഞോ, ഉലിവറോ, പൈവാ, പാദുവാ, പെരീരാ, പിഞ്ഞീറോ, പിന്റോ, റോഡ്റിഗ്സ്, റോസേറിയോ, റബീറോ, റബല്ലോ, സൈസാ, സെവരന്‍സ്, സെക്വീറാ, സുറാവോ, സിമന്തി തുടങ്ങിയ ഇരട്ടപ്പേരുകള്‍ (surnames) പോര്‍ച്ചുഗീസുകാരില്‍നിന്നുള്ള ഉദ്ഭവത്തെ സൂചിപ്പിക്കുന്നു; ഗാലിയട്ട്, ഹുഗ്വെര്‍ഫ്, ഹെന്റിക്സ്, ജേക്കബ്സ്, ജാക്വസ്, ലോബോ, മേയിന്‍, വാന്‍റോസ്, വാന്‍സ്പാള്‍ എന്നിവ ഡച്ചുകാരില്‍നിന്നുള്ള ഉദ്ഭവത്തെയും. ലബോക്കര്‍ ഡയര്‍, ലഫ്റനേയ്സ് എന്നിവ ഫ്രഞ്ചുകാരില്‍നിന്നുള്ള ഉദ്ഭവത്തെയും ജാക്സണ്‍, മാക്ലിയോസ്, പ്രൈസ്, പ്ലാറ്റല്‍, വില്യംസ്, വാട്ട്സ് എന്നിവ ബ്രിട്ടീഷുകാരില്‍നിന്നുള്ള ഉദ്ഭവത്തെയും സൂചിപ്പിക്കുന്നു. കേരളത്തില്‍ ആംഗ്ലോ-ഇന്ത്യരുടെ കൂട്ടത്തില്‍ ജര്‍മന്‍കാരുടെയും സ്വിറ്റ്സര്‍ലണ്ടുകാരുടെയും ഇറ്റലിക്കാരുടെയും സന്തതികള്‍ അപൂര്‍വമായി ഉണ്ട്. ഗുന്തേഴ്സ്, ഷ്മിറ്റ്സ്, ഗുലേള്സ്, നിഗ്ലിസ് എന്നീ ഇരട്ടപ്പേരുകള്‍ അവരെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 366-ാം ഖണ്ഡികയില്‍ ആംഗ്ലോ-ഇന്ത്യരെ ഇപ്രകാരം നിര്‍വചിച്ചിരിക്കുന്നു. 'ഒരുവന്റെ പിതാവോ പിതൃപാരമ്പര്യമുറപ്രകാരമുള്ള മുന്‍ഗാമിയോ, യൂറോപ്യന്‍ വംശത്തില്‍​പ്പെടുന്നു എങ്കില്‍, അതേസമയം അയാള്‍ ഇന്ത്യയില്‍ ജനിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അയാളുടെ മാതാപിതാക്കള്‍ താത്കാലികാവശ്യത്തിനല്ലാതെ ഇന്ത്യയില്‍ സാധാരണ താമസമാക്കിയിരുന്നവരാണെങ്കില്‍, അയാള്‍ ആംഗ്ലോ-ഇന്ത്യനാണ്'. ഈ നിര്‍വചനപ്രകാരം പൊതുവേ ഇന്‍ഡോ-യൂറോപ്യന്‍മാരുടെ പിന്‍മുറക്കാര്‍ ആംഗ്ലോ-ഇന്ത്യര്‍ എന്ന പേരില്‍ വ്യവഹരിക്കപ്പെടുന്നു. യൂറോപ്പില്‍നിന്നു വന്ന ആളുകളുമായുള്ള സങ്കരത്തില്‍നിന്നും ഉണ്ടായവര്‍ക്കെല്ലാം ഇപ്പോള്‍ ആംഗ്ലോ-ഇന്ത്യര്‍ എന്ന പേര് ഉപയോഗിക്കുന്നതിന്റെ കാരണം അവര്‍ ഇംഗ്ലീഷ് മാതൃഭാഷയാക്കിയതാവാം.

ഭാഷ, സംസ്കാരം, ആചാരം. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ ഭാഷ പോര്‍ച്ചുഗീസ് ആയിരുന്നു. ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും വല്ലാര്‍പാടത്തും ഉള്ള ഏതാനും കുടുംബങ്ങള്‍ മാത്രമേ ഈ ഭാഷ സംസാരിക്കുന്നുള്ളു. ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായിത്തീര്‍ന്നപ്പോള്‍ ഈ സമുദായം ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു. നാട്ടിന്‍പുറങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ആംഗ്ലോ-ഇന്ത്യര്‍ മലയാളം സംസാരിക്കുന്നു. പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണ് അധികംപേരും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ചില സ്ത്രീകള്‍ സാരി ധരിച്ചുതുടങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളിലെ ചില വൃദ്ധകള്‍ പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ സാധാരണമായിരുന്ന ഒരു വേഷം ധരിക്കുന്നുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ അധികവും നിറപ്പകിട്ടുള്ളവയാണ്. ജീവിതം സന്തോഷകരമായും ആയാസരഹിതമായും അനുഭവിക്കുന്നവരാണ് ആംഗ്ലോ-ഇന്ത്യര്‍. സംഗീതവും നൃത്തവും സദ്യയും ഉത്സവവും ആഡംബരവസ്തുക്കളും ഇവര്‍ ഇഷ്ടപ്പെടുന്നു. വയലിനും ഗിത്താറും പലരുടെയും വീടുകളില്‍ ഉണ്ടാവും. ബാന്‍ഡ്വാദ്യത്തില്‍ ഇവര്‍ മികച്ചു നില്ക്കുന്നു. മാമോദീസ, ജന്‍മദിനം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങള്‍ ഇവര്‍ ആഡംബരപൂര്‍വം കൊണ്ടാടുന്നു. മദ്യപാനം, നൃത്തം എന്നിവ ആഘോഷവേളകളിലെ അനിവാര്യമായ ചടങ്ങുകളാണ്. പ്രേമവിവാഹം സാധാരണമാണ്. സ്ത്രീധനസമ്പ്രദായം നിലവിലില്ല. എങ്കിലും ധനികരായ മാതാപിതാക്കള്‍ നവദമ്പതികള്‍ക്കു ജീവിതം ആരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുടുംബസ്വത്തിന്റെ ഓഹരി ലഭിക്കുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആംഗ്ലോ-ഇന്ത്യര്‍ ഏറ്റവും ചെറിയ ഒരു ന്യൂനപക്ഷമാണ്. ഇവരുടെ കൃത്യമായ ജനസംഖ്യാകണക്ക് ലഭ്യമല്ല. ആംഗ്ലോ-ഇന്ത്യര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. തൊട്ടടുത്ത സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. കേരളം മൂന്നാം സ്ഥാനം വഹിക്കുന്നു. തിരുവിതാംകൂറിലെ ആംഗ്ലോ-ഇന്ത്യരില്‍ വലിയ ഒരു വിഭാഗത്തെ ലത്തീന്‍ കത്തോലിക്കരുടെ കൂട്ടത്തില്‍ ഉള്‍​പ്പെടുത്തിയിരിക്കുകയാണ്.

മതം. ആംഗ്ലോ-ഇന്ത്യര്‍ പൊതുവേ ക്രിസ്തുമതത്തിലും പള്ളിയിലും പുരോഹിതന്‍മാരിലും വിശ്വാസം ഉള്ളവരാണ്. കേരളത്തിലെ ആംഗ്ലോ-ഇന്ത്യരില്‍ ഏറിയകൂറും ലത്തീന്‍ വിഭാഗത്തില്‍​പ്പെട്ട റോമന്‍കത്തോലിക്കരാണ്. ഇവര്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പിന്റെയും കൊച്ചി, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, വിജയപുരം എന്നിവിടങ്ങളിലെ ബിഷപ്പുമാരുടെയും അധികാരപരിധിയില്‍​പ്പെട്ടവരാണ്.

ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളിലായി ഏതാനും വിദ്യാലയങ്ങള്‍ നടത്തിവരുന്നു. സമുദായത്തിലെ നിര്‍ധനരും ധിഷണാശാലികളുമായ വിദ്യാര്‍ഥികളെ സഹായിക്കുവാന്‍ 1964-ല്‍ 'ആംഗ്ലോ-ഇന്ത്യന്‍ എഡ്യൂക്കേഷന്‍ ഫണ്ട്' എന്നൊരു നിധി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആംഗ്ലോ-ഇന്ത്യര്‍ അഖിലേന്ത്യാ ആംഗ്ലോ-ഇന്ത്യന്‍ അസോസിയേഷന്‍ എന്ന കേന്ദ്രസംഘടനയിലെ അംഗങ്ങളാണ്.

പ്രമുഖവ്യക്തികള്‍. കേരളത്തിലെ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍നിന്ന് നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാസാമാജികരാണ് എസ്.എഫ്. ന്യൂനസ്, ഈ.എ.വേഗാസ്, മിസിസ് ജോസഫയിന്‍ സ്വാറസ്, മിസ് ഈ.ജി. ഡിസ്സൂസ, സി.ജെ.ലൂയിസ്, സ്റ്റാന്‍ലി പി. ലൂയിസ്, ഗാസ്പര്‍ ഡി.സില്‍വ, എ.എ.ഡി. ലൂയിസ്, ഡബ്ള്യു.എച്ച്.ഡിക്രൂസ്, ഡി.എഫ്.പെരീര, സ്റ്റീഫന്‍ പാദുവ, ലുഡി ലൂയിസ്, സൈമണ്‍ ബ്രിട്ടോ എന്നിവര്‍. എ.എ.ഡി.ലൂയിസ് ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും കേരളത്തിലെ ഗോത്രവര്‍ഗങ്ങളെക്കുറിച്ച് ഒരു ആധികാരികഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്.

ഡച്ചുകാലഘട്ടത്തില്‍ സില്‍വസ്റ്റര്‍ മെന്‍ഡസ് ഒരു തന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പ്രശസ്ത സസ്യശാസ്ത്രഗ്രന്ഥം പോര്‍ച്ചുഗീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയത് ഇമ്മാനുവല്‍ കാര്‍ണീറോ എന്ന ആംഗ്ലോ-ഇന്ത്യനായിരുന്നു. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍​പ്പെട്ട കവിയാണ് ബംഗാളില്‍ ജനിച്ച ഹെന്‍റി ലൂയിസ് വിവിയന്‍ ഡറോസിയോ. 'എന്റെ മാതൃഭൂമിയായ ഭാരതത്തോട്' എന്ന കവിതയെഴുതി ഇദ്ദേഹം ബംഗാളില്‍ ദേശാഭിമാനം ജ്വലിപ്പിക്കുകയുണ്ടായി. സി.പി.ലൂയിസ്, സി.ജെ.ലൂയിസ് എന്നിവര്‍ക്ക് പോപ്പ് ഷെവലിയാര്‍ സ്ഥാനം കല്പിച്ചു നല്കിയിരുന്നു. മഹാറാണി സേതു ലക്ഷ്മീഭായി റീജന്റായിരുന്ന കാലത്ത് ദിവാനായി നിയമിതനായ എം.ഇ.വാട്ട്സ്, തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറിയായി വളരെക്കാലം പ്രവര്‍ത്തിച്ച എ.വിയേര എന്നിവരും ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍​പ്പെട്ടവരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍