This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലിക്കന്‍ സഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലിക്കന്‍ സഭ

Anglican church


കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിന്റെ മഹായിടവകയോട് 'കൂട്ടായ്മ' (Fellowship) പുലര്‍ത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കയും ആംഗ്ലിക്കന്‍ വിശ്വാസാചാരങ്ങള്‍ പാലിക്കയും ചെയ്യുന്ന ക്രൈസ്തവസമൂഹം. ഇതിനെ ആംഗ്ലിക്കന്‍ സമൂഹം (Anglican communion) എന്നും വിളിച്ചു വരുന്നു. ആംഗ്ലിക്കന്‍ സമൂഹത്തിന്റെ മാതൃസഭയായ ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിനെയാണ് ഇംഗ്ലിഷ് ഭാഷയില്‍ 'ആംഗ്ലിക്കന്‍ സഭ' എന്ന പദം കൊണ്ട് സാധാരണയായി വിവക്ഷിക്കുന്നതെങ്കിലും, ആംഗ്ലിക്കന്‍ സമൂഹത്തെ പൊതുവേ ആംഗ്ലിക്കന്‍ സഭ എന്നും പറയാറുണ്ട്.

ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിനെ കൂടാതെ ചര്‍ച്ച് ഒഫ് അയര്‍ലന്‍ഡ്, ചര്‍ച്ച് ഇന്‍ വെയില്‍സ്, എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഇന്‍ സ്കോട്ട്‍ലന്‍ഡ്, പ്രൊട്ടസ്റ്റന്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഇന്‍ യു.എസ്.എ., കനേഡിയന്‍ ചര്‍ച്ച്, ചര്‍ച്ച് ഒഫ് ബര്‍മ, ചര്‍ച്ച് ഒഫ് സിലോണ്‍, ചര്‍ച്ച് ഒഫ് വെസ്റ്റ് ഇന്‍ഡീസ്, ആസ്റ്റ്രേലിയന്‍ ചര്‍ച്ച്, ചര്‍ച്ച് ഒഫ് ന്യൂസിലന്‍ഡ്, ചര്‍ച്ച് ഒഫ് ദ് പ്രോവിന്‍സ് ഒഫ് വെസ്റ്റ് ആഫ്രിക്ക മുതലായി ആംഗ്ലിക്കന്‍ സഭയുടെ ശാഖകള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. സഭാസംബന്ധമായ ഐക്യം രൂപം പ്രാപിച്ചതോടുകൂടി ഇന്ത്യയിലെ ആംഗ്ലിക്കന്‍ സഭയുടെ ദക്ഷിണേന്ത്യാ മഹായിടവകകള്‍ 1947-ല്‍ ദക്ഷിണേന്ത്യാസഭയിലും ഉത്തരേന്ത്യന്‍ മഹായിടവകകള്‍ 1971-ല്‍ ഉത്തരേന്ത്യാസഭയിലും പാകിസ്താനിലെ ആംഗ്ലിക്കന്‍ സഭകള്‍ 1971-ല്‍ പാകിസ്താനിലെ ഐക്യസഭയിലും ലയിച്ചു. അതുകൊണ്ട് ഇന്ത്യയിലും പാകിസ്താനിലും ഇപ്പോള്‍ ആംഗ്ലിക്കന്‍ സഭയുടെ ശാഖകളില്ല. ശ്രീലങ്കയിലും ബര്‍മയിലും ഉണ്ട്. മേല്പറഞ്ഞ മൂന്നു ഐക്യസഭകളുമായി ആംഗ്ലിക്കന്‍ സമൂഹം കൂട്ടായ്മബന്ധം പുലര്‍ത്തുന്നു.

ചരിത്രം. ഇംഗ്ലണ്ടില്‍ ക്രിസ്തുമതം ആരംഭിച്ചത് എപ്പോഴാണെന്നു നിശ്ചയമില്ല; എങ്കിലും നാലാം ശ.-ത്തിന്റെ ആരംഭത്തില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ക്രൈസ്തവസഭ നിലവിലിരുന്നു എന്നതിനു തെളിവുകളുണ്ട്. 11-ാം ശ.-ത്തിലാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവസഭകളുടെ മേല്‍ കാന്റര്‍ബറി ആര്‍ച്ചു ബിഷപ്പിന്റെ ഭരണാധിപത്യം സ്ഥിരപ്പെട്ടത്. 6-ാം ശ. മുതല്‍ 16-ാം ശ. വരെ ഇംഗ്ലണ്ടിലെ സഭ, കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം റോമന്‍ സഭാചട്ടങ്ങളും സംഘടനാരീതികളും മറ്റും നടപ്പിലാക്കുന്നതില്‍ റോമുമായി ബന്ധം പുലര്‍ത്തിയിരുന്നുതാനും. കാലക്രമേണ പോപ്പിന്റെ മേല്ക്കോയ്മയും പ്രാബല്യത്തില്‍വന്നു. 16-ാം ശ.-ത്തില്‍ റ്റ്യൂഡര്‍ ഭരണകാലത്ത് ഇംഗ്ലണ്ടില്‍ നടന്ന മതനവീകരണമാണ് പോപ്പിന്റെ മേല്ക്കോയ്മയ്ക്കും റോമുമായുള്ള ബന്ധത്തിനും അവസാനം കുറിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍, കാല്‍വിന്‍ മുതലയാവരുടെ നേതൃത്വത്തില്‍ നടന്ന മതനവീകരണത്തിന്റെ കാറ്റ് ഇംഗ്ലണ്ടിലും വീശുകയും നവീകരണാശയങ്ങള്‍ വേദശാസ്ത്ര പണ്ഡിതന്‍മാരില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. 17-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ 'ഹൈചര്‍ച്ച്' ചിന്താഗതിയും ഉത്തരാര്‍ധത്തില്‍ 'പ്രൊട്ടസ്റ്റന്റ്' ചിന്താഗതിയും പ്രബലപ്പെട്ടു. റോമന്‍ കത്തോലിക്കാ വിശ്വാസാചാരങ്ങളുടെയും പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളുടെയും ഏതാണ്ട് ഇടയ്ക്കുള്ള ഒരു അനുരഞ്ജനപഥമാണ് ആംഗ്ളിക്കന്‍ സഭയില്‍ 1662-ലെ പ്രാര്‍ഥനാ പുസ്തകത്തിന്റെ പ്രകാശനത്തോടുകൂടെ തുറക്കപ്പെട്ടത്.

രാഷ്ട്രത്തോടു ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് ഒരു സുസ്ഥാപിത സഭയെന്നനിലയില്‍ (Established Church) രാഷ്ട്രവുമായുള്ള ബന്ധം ഇന്നും പുലര്‍ത്തിപ്പോരുന്നു. ഇപ്പോള്‍ ഇംഗ്ളണ്ടിലെ ജനസംഖ്യയുടെ ഏകദേശം മൂന്നില്‍രണ്ടുഭാഗം ആംഗ്ലിക്കന്‍ സഭയുടെ അംഗങ്ങളാണ്.

സ്കോട്ട്‍ലന്‍ഡിലെ സുസ്ഥാപിതസഭ കാല്‍വിന്റെ ഉപദേശാടിസ്ഥാനത്തിലുള്ള പ്രെസ്ബിറ്റീരിയന്‍ സഭയാണ്. അവിടെ ആംഗ്ളിക്കന്‍ സഭ ഒരു ന്യൂനപക്ഷവും രാഷ്ട്രത്തില്‍നിന്നു സ്വതന്ത്രവും ആണ്. ഹൈചര്‍ച്ച് അനുഭാവികളാണ് ഇതിലെ അംഗങ്ങളില്‍ ഭൂരിഭാഗവും. അയര്‍ലന്‍ഡിലാകട്ടെ, ഭൂരിപക്ഷം ആളുകള്‍ റോമന്‍ കത്തോലിക്കാസഭയില്‍പ്പെട്ടവരാണ്. ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ സുവിശേഷഘോഷണത്തിനു പ്രഥമസ്ഥാനം കൊടുക്കുന്ന ഇവാന്‍ജലിക്കല്‍ ചിന്താഗതിക്കാര്‍ ആകുന്നു.

ബ്രിട്ടീഷുകാര്‍ മറ്റു രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്ത് കച്ചവടം നടത്തുകയും സാമ്രാജ്യസീമ വര്‍ധിപ്പിക്കുകയും ചെയ്തതും ആംഗലേയ മിഷനറിമാര്‍ സുവിശേഷപ്രചരണാര്‍ഥം നാനാരാജ്യങ്ങളിലേക്കു പോയതും ആംഗ്ലിക്കന്‍സഭ ഒരു ആഗോളസഭയായിത്തീരുവാന്‍ കാരണമായിത്തീര്‍ന്നു.

ഇന്ത്യയില്‍. ആംഗ്ലിക്കന്‍സഭയുടെ പ്രവര്‍ത്തനം 17-ാം ശ.-ത്തിന്റെ പ്രാരംഭത്തില്‍ത്തന്നെ ഇന്ത്യയില്‍ ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥന്‍മാരായി ഇന്ത്യയുടെ പലഭാഗങ്ങളില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാര്‍ക്ക് മതകര്‍മങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് ആംഗലേയ പുരോഹിതന്‍മാര്‍ കമ്പനിയുടെ ചാപ്ളേന്മാരായി നിയമിക്കപ്പെട്ടു. സൂറത്ത്, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം 1614, 1647, 1661, 1690 എന്നീ വര്‍ഷങ്ങളില്‍ പുരോഹിതന്‍മാര്‍ നിയമിതരായി. ഇംഗ്ളീഷുകാരുടെ ആത്മീയാവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനു മാത്രമേ അവര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരുന്നുള്ളുവെങ്കിലും ചില പുരോഹിതന്‍മാര്‍ അങ്ങിങ്ങായി മതാധ്യാപനത്തെ ലക്ഷ്യമാക്കി വിദ്യാലയങ്ങള്‍ ആരംഭിക്കുകയുണ്ടായി. തുറമുഖപ്പട്ടണങ്ങളില്‍ മാത്രമല്ല, ഇംഗ്ലീഷുകാര്‍ താമസിച്ചിരുന്ന ഉള്‍നാടുകളിലും (ഉദാ. കാണ്‍പൂര്‍, ബഹറന്‍പൂര്‍, ആഗ്ര, തിരുനെല്‍വേലി) ചാപ്ളേന്‍മാര്‍ നിയമിക്കപ്പെട്ടു. തന്നെയുമല്ല സുവിശേഷസംഘടനകളായ എസ്.പി.സി.കെ. (Society for the Propagation of Christian Knowledge), എസ്.പി.ജി. (Soceity for the Propagation of Gospel) മുതലായവ 18-ാം ശ. മുതലും സി.എം.എസ്. 19-ാം ശ.-ത്തിലും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1771-ല്‍ പാളയംകോട്ടയില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ ചേര്‍ന്നുണ്ടായ ആംഗ്ലിക്കന്‍ സഭ രൂപമെടുത്തു. സഭയിലെ ഒരു പ്രമുഖനായിരുന്ന സത്യനാഥന്‍ 1790-ല്‍ ആംഗ്ളിക്കന്‍ പൗരോഹിത്യം സ്വീകരിച്ചു. 1805-ല്‍ അവിടെ ആയിരക്കണക്കിനു ഭാരതീയര്‍ ആംഗ്ലിക്കന്‍ സഭയില്‍ ചേരുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ചാപ്ളേനായിരുന്ന ഹെന്‍റി മാര്‍ട്ടിന്‍ സുവിശേഷപ്രചാരണാര്‍ഥം അക്ഷീണം പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു.

ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാര്‍ട്ടര്‍ 1813-ല്‍ പുതുക്കിയതോടുകൂടിയാണ് ഇന്ത്യയില്‍ ബിഷപ്പിനെ അയയ്ക്കുവാന്‍ വ്യവസ്ഥയുണ്ടായത്. ഒന്നാമത്തെ ബിഷപ്പായ മിഡില്‍ട്ടണ്‍ 1814-ല്‍ ഇന്ത്യയും ആസ്റ്റ്രേലിയയും പൂര്‍വദ്വീപുകളും ചേര്‍ന്ന രാജ്യങ്ങളുടെയും ബിഷപ്പായി നിയമിതനായി. ഇദ്ദേഹത്തിന്റെ ആസ്ഥാനം കൊല്‍ക്കത്തയായിരുന്നു; പിന്നീട് ചെന്നൈ (1835), മുംബൈ (1837) തുടങ്ങിയ സ്ഥലങ്ങളിലും. 1877-ല്‍ തിരുവിതാംകൂര്‍-കൊച്ചിയെയും ഒരു മഹായിടവകയായി തിരിച്ച് ബിഷപ്പിന്റെ ഭരണത്തിന്‍കീഴിലാക്കി.

ഇന്ത്യയില്‍ ആംഗ്ലിക്കന്‍സഭ സ്ഥാപിക്കുന്നതില്‍ വളരെ ഔത്സുക്യം പ്രദര്‍ശിപ്പിച്ച ചാപ്ളേനായിരുന്നു ക്ളോഡിയസ് ബുക്കാനന്‍. ഇദ്ദേഹം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചതിനുശേഷം ഇംഗ്ളണ്ടില്‍ സി.എം.എസ്സിന് അയച്ച റിപ്പോര്‍ട്ടിന്റെ ഫലമായിട്ടുകൂടിയാണ് സി.എം.എസ്. മിഷനറിമാര്‍ കേരളത്തില്‍ വന്നുചേര്‍ന്നത്. കൂടാതെ റാണിലക്ഷ്മിഭായിയുടെ കാലത്ത് അന്നത്തെ റസിഡന്റും റാണിയുടെ ദിവാനുമായിരുന്ന കേണല്‍ മണ്‍റോ തന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറി പ്രവര്‍ത്തനത്തിനു പ്രോത്സാഹനം നല്കുകയും കോട്ടയത്ത് സുറിയാനിസഭയിലെ പട്ടക്കാരെ പഠിപ്പിക്കുവാന്‍ 1813-ല്‍ ഒരു കോളജ് സ്ഥാപിക്കുകയും ചെയ്തു. ആദ്യം മിഷനറിയായി വന്ന തോമസ് നോര്‍ട്ടണ്‍ ആലപ്പുഴ കേന്ദ്രമാക്കി (1816-10) പ്രവര്‍ത്തിച്ചു. ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവര്‍ക്കുവേണ്ടി ആലപ്പുഴയില്‍ സഭ സ്ഥാപിക്കുകയും സ്കൂളുകള്‍ ആരംഭിക്കുകയും ചെയ്തു. 1817-ല്‍ കൊച്ചി കേന്ദ്രമാക്കി തോമസ് ഡോസനും, അതേവര്‍ഷം കോട്ടയത്തു ബഞ്ചമിന്‍ ബെയിലിയും, 1818-ല്‍ ജോസഫ് ഫെന്നും, 1819-ല്‍ ഹെന്‍റി ബേക്കറും സുറിയാനിസഭയുടെ സഹായാര്‍ഥം സി.എം.എസ്. അയച്ച മിഷന്‍ ഒഫ് ഹെല്‍പ്പ് എന്ന ദൌത്യം നിര്‍വഹിക്കുവാന്‍ പരിശ്രമിച്ചു. സുറിയാനിസഭയുമായി ഒത്തിണങ്ങിപ്പോകുവാന്‍ മിഷനറിമാര്‍ക്ക് കഴിയാതെ വന്നതിനാല്‍ 1837-ല്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. ആംഗ്ളിക്കന്‍സഭ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. ചില സുറിയാനി കുടുംബങ്ങള്‍ മിഷനറിമാരോടു ചേരുകയുണ്ടായി. അക്കാലത്ത് അധഃകൃതരെന്നു കണക്കാക്കപ്പെട്ടിരുന്ന ദലിതരില്‍നിന്നും ചിലര്‍ ക്രിസ്തുമതം സ്വീകരിച്ച് ആംഗ്ളിക്കന്‍ സഭാംഗങ്ങളാകുകയും ചെയ്തു. 1879-ല്‍ ബിഷപ്പ് സ്പീച്ചിലിയുടെ കീഴില്‍ തിരുവിതാംകൂര്‍-കൊച്ചി ഒരു മഹായിടവകയായി രൂപംകൊണ്ടു. ഇദ്ദേഹത്തിനുശേഷം ഹോഡ്ജസ്, ഗില്‍, മൂര്‍, കോര്‍ഫീല്‍ഡ്, സി.കെ. ജേക്കബ് എന്നിവര്‍ ആംഗ്ളിക്കന്‍ ബിഷപ്പുമാരായി സഭയ്ക്കു നേതൃത്വം നല്കിയിട്ടുണ്ട്. അംഗ്ളിക്കന്‍ സഭയുടെ നാട്ടുകാരനായ ആദ്യത്തെ പട്ടക്കാരന്‍ മലയാള വ്യാകരണകൃത്തും പ്രസിദ്ധ ഗദ്യകാരനും ആയിരുന്ന ജോര്‍ജു മാത്തനും, ആദ്യത്തെ നാട്ടുകാരനായ ബിഷപ്പ് സി.കെ.ജേക്കബും ആയിരുന്നു.

1927 വരെ ഇന്ത്യയിലെ ആംഗ്ലിക്കന്‍സഭ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലുള്ള സുസ്ഥാപിത സഭയെന്നനിലയില്‍ ചര്‍ച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഒരു ഭാഗമായിരുന്നു. ഏതാനും ചില അധികാരങ്ങളും പദവികളും നല്കി മെത്രാപ്പൊലിത്താ (ആര്‍ച്ച് ബിഷപ്പ് സ്ഥാനമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക)യെന്ന സ്ഥാനത്തേക്ക് 1883-ല്‍ കൊല്‍ക്കത്താ ബിഷപ്പിനെ ഉയര്‍ത്തി. ഇന്ത്യാക്കാരനായ ആദ്യ ആംഗ്ലിക്കന്‍ ബിഷപ്പ് വി.എസ്. അസേറിയ (1912-45) ആയിരുന്നു.

ആംഗ്ലിക്കന്‍സഭ പല രാജ്യങ്ങളിലായി വളര്‍ന്നതോടെ ഓരോ രാജ്യത്തുമുള്ള സഭയെ പ്രവിശ്യയായി തിരിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ഭരണത്തില്‍നിന്നും വേര്‍പെടുത്തി സ്വതന്ത്രസഭകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനറി മഹായിടവകകള്‍ ആര്‍ച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. വിശ്വാസാചാരങ്ങള്‍, സഭാഭരണരീതികള്‍ എന്നിവ നിശ്ചയിക്കുവാന്‍ അതാത് പ്രവിശ്യയ്ക്കു സ്വാതന്ത്ര്യമുണ്ട്.

വിശ്വാസാചാരങ്ങള്‍. റോമന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് വിശ്വാസങ്ങളോട് ചായ്‍വുള്ള ആംഗ്ലോ-കാത്തലിക് അഥവാ 'ഹൈചര്‍ച്ചു'കാരും, പ്രൊട്ടസ്റ്റന്റ് ചിന്താഗതിയുള്ള ഇവാന്‍ജലിക്കല്‍ അഥവാ 'ലോചര്‍ച്ച്'കാരും ആംഗ്ലിക്കന്‍ സഭയിലുണ്ട്. ഹൈചര്‍ച്ച് വിഭാഗക്കാര്‍ പൌരോഹിത്യത്തിനും പാരമ്പര്യത്തിനും പ്രാചീനവും കതോലികവുമായ മതാചാരങ്ങള്‍ക്കും പ്രാധാന്യം നല്കുന്നു. ലോചര്‍ച്ച് വിഭാഗക്കാര്‍ ബൈബിളിനെയും 1662-ലെ പ്രാര്‍ഥനാപുസ്തകത്തെ ആധാരമാക്കിയുള്ള ലളിതമായ ആരാധനാസമ്പ്രദായത്തെയും മുറുകെപ്പിടിക്കുന്നു. ഹൈചര്‍ച്ച്-ലോചര്‍ച്ച് ചിന്താഗതികള്‍ തമ്മിലുള്ള അനുരഞ്ജനമെന്ന നിലയില്‍ മധ്യവര്‍ത്തികളായ സ്വതന്ത്ര ചിന്താഗതിക്കാരും ആംഗ്ലിക്കരിലുണ്ട്.

ദിയാക്കോന്‍ (Deacon), പ്രെസ്ബിറ്റര്‍ (Priest), എപ്പിസ്കോപ്പാ (Bishop) എന്നീ മൂന്നു പുരോഹിത സ്ഥാനങ്ങള്‍ സഭയില്‍ പാലിക്കപ്പെട്ടുപോരുന്നു. ദിയാക്കോന് ജ്ഞാനസ്നാനകര്‍മം, വിവാഹശുശ്രൂഷ, കുര്‍ബാന എന്നിവ നടത്തുവാനും ബിഷപ്പിന്റെ അനുമതിയോടുകൂടി പ്രസംഗിക്കുവാനും പ്രെസ്ബിറ്റര്‍ക്ക് കുര്‍ബാന നടത്തുവാനും അധികാരമുണ്ട്. വിശ്വാസസ്ഥിരീകരണം, പട്ടം നല്കല്‍ എന്നിവ ബിഷപ്പിന്റെ ചുമതലയില്‍പ്പെടുന്നു.

(ഡോ. ഇ.സി. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍