This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലര്‍ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലര്‍ മത്സ്യം

Angler fish

ലോഫിഫോമിസ് (Lophilformes) മത്സ്യവര്‍ഗ(order)ത്തിലെ അംഗം. ഈ വര്‍ഗത്തില്‍ 90-ഓളം സ്പീഷീസുണ്ട്. ഇരപിടിയന്‍മാരായ (predator) ആഴക്കടല്‍ മത്സ്യങ്ങളാണിവ. ജലോപരിതലത്തില്‍നിന്നും 500-2000 മീ. വരെ ആഴത്തില്‍ ഇവ കാണപ്പെടുന്നു. കറുത്ത കടല്‍ പിശാച് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയിലെ ഒരു സ്പീഷിസ് ബ്രിട്ടീഷ് കടലോരത്തോടടുത്തുള്ള ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ട്.

ലോഫിഫോമിസ് വര്‍ഗത്തിലെ മിക്ക മത്സ്യങ്ങളെയും ആംഗ്ലര്‍ മത്സ്യങ്ങളെന്നു പറയാറുണ്ടെങ്കിലും ലോഫിഡെ കുടുംബ(family)ത്തിലെ ഗൂസ്മത്സ്യ(Goose fish)ങ്ങളിലെ ലോഫിയസ് പിസ്ക്കറ്റോറിയസ് (Lophius piscatorius) എന്ന ഇനമാണ് ആംഗ്ളര്‍ മത്സ്യം എന്ന പേരില്‍ അറിയപ്പെടുന്നത്. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും തീരങ്ങളില്‍ ഇവ സമൃദ്ധമായി കാണപ്പെടുന്നു. നീണ്ട വായും നീണ്ടു പുറകോട്ടു വളഞ്ഞ പല്ലുകളും വലിയ പരന്ന തലയും ഇവയുടെ പ്രത്യേകതകളാണ്. പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകള്‍ വായ്ക്കുള്ളില്‍ അകപ്പെടുന്ന ഇര രക്ഷപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. പരന്ന ശരീരമുള്ള ഈ മത്സ്യങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ നിലംപറ്റി കിടക്കുന്നതു കാരണം ശത്രുക്കള്‍ക്ക് ഇവയെ വേഗം തിരിച്ചറിയാന്‍ കഴിയുകയില്ല. കടലിന്റെ അടിത്തട്ടില്‍ യുഗ്മപത്ര(paired fin)ങ്ങളുടെ സഹായത്തോടെ നടക്കുവാനും ഇവയ്ക്കു കഴിവുണ്ട്.

മുന്‍പൃഷ്ഠപത്രം (dorsal fin) ഒരു ചൂണ്ടക്കമ്പുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിന്റെ ആദ്യത്തെ മൂന്നു മുള്ളുകള്‍ നീണ്ടവയാണ്. ഇവയില്‍ ഏറ്റവും നീളംകൂടിയ ഒന്നാമത്തെ മുള്ളിനു മാത്രം സ്വതന്ത്രമായി ചലിക്കാന്‍ കഴിവുണ്ട്. മുകളിലേക്കു തള്ളിനില്ക്കുന്ന ഒരു കൊളുത്തു(hook)പോലെയാണിതു കാണപ്പെടുന്നത്; ഇതിനൊരു ചര്‍മാവരണമുണ്ട്. സ്വയംപ്രകാശനശക്തിയുള്ള ഈ പൃഷ്ഠപത്രം ചലിപ്പിച്ച് മറ്റു മത്സ്യങ്ങളെവരെ വിഴുങ്ങുവാന്‍ ഇവയെ സഹായിക്കുന്നു.

ആംഗ്ലര്‍ മത്സ്യങ്ങളില്‍ ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്‍മേല്‍ പരജീവനസ്വഭാവം (parasitic nature) പ്രദര്‍ശിപ്പിക്കുന്നു. ആണ്‍മത്സ്യം താരതമ്യേന വളരെ ചെറിയതാണ്. ജീവിതചക്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ ആണ്‍മത്സ്യം പെണ്‍മത്സ്യത്തിനു മുകളില്‍ ഏതാണ്ട് സ്ഥിരമായിത്തന്നെ പറ്റിപ്പിടിക്കുന്നു. ഇവതമ്മില്‍ ജൈവബന്ധവും പുലര്‍ത്തുന്നുണ്ട്. ആണ്‍മത്സ്യത്തിനു പോഷകവസ്തുക്കള്‍ പെണ്‍മത്സ്യത്തില്‍നിന്നു ലഭിക്കുന്നു. ആഴിയുടെ അടിത്തട്ടില്‍ കഴിയുന്ന ഈ മത്സ്യങ്ങള്‍ക്ക് ഇരുട്ടില്‍ ഇണയെ കണ്ടെത്തുന്ന ബദ്ധപ്പാട് ഒഴിവാക്കാനുള്ള ഒരു ക്രമീകരണമാവാം ഇതെന്നു കരുതപ്പെടുന്നു.

ആംഗ്ലര്‍ മത്സ്യം പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഉദ്ദേശം 2 മീ. നീളംവരും. അണ്ഡൗഘം (spawn) ഒരു സുതാര്യജലാറ്റിനപാളിയുടെ രൂപത്തിലുള്ളതാണ്. ഉദ്ദേശം മുക്കാല്‍ മീ. മുതല്‍ ഒരു മീ. വരെ വീതിയും 8-10 മീ. നീളവുമുള്ള ഇതിന്റെ ഉള്ളിലായാണ് മുട്ടകള്‍ കാണപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍