This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്യഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്യഭാഷ

Gesture language

അധരചലനം, നേത്രവിക്ഷേപം, ഹസ്തമുദ്ര തുടങ്ങിയ അംഗവിന്യാസങ്ങള്‍കൊണ്ട് സ്വന്തം ആശയം അന്യനെ ധരിപ്പിക്കുന്ന സമ്പ്രദായം. ഭാരതീയ ദൃശ്യകലാപ്രസ്ഥാനത്തില്‍ സാധാരണയായും, കഥകളിയില്‍ സാര്‍വത്രികമായും ആശയ പ്രകാശനത്തിന് ഉപയോഗിക്കുന്നത് ആംഗ്യഭാഷയാണ്. മൂര്‍ത്തവും അമൂര്‍ത്തവുമായ പ്രതിഭാസങ്ങള്‍ മിക്കവയ്ക്കും കഥകളിയില്‍ സങ്കേതസിദ്ധമായ മുദ്രകളുണ്ട്.

സാധാരണ ദൈനംദിന ജീവിതത്തിലും ആംഗ്യങ്ങള്‍ മുഖ്യമായ സ്ഥാനം വഹിക്കുന്നു. രണ്ടോ അതിലധികമോ ആളുകള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അര്‍ഥപ്രതീതിക്ക് ശക്തിയുണ്ടാക്കുവാന്‍ മുഖഭാവങ്ങളും കൈക്രിയകളും പ്രയോഗിക്കപ്പെടാറുണ്ട്. ആശയവിനിമയത്തിനു വാച്യത്തിനെന്ന പോലെതന്നെ ആംഗ്യത്തിനും പ്രസക്തിയുള്ളതായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തെങ്കിലും ആംഗ്യചലനംകൂടാതെ സംസാരിക്കാന്‍ സാധ്യമല്ല എന്ന നിലയിലാണ് സാധാരണ കണ്ടുവരുന്നത്. 'ഉച്ചരിക്കപ്പെടുന്ന വാക്കുകളും പ്രദര്‍ശിപ്പിക്കപ്പെടുന്ന ആംഗ്യങ്ങളും തമ്മില്‍ വൈരുധ്യമുണ്ടാകുകയാണെങ്കില്‍ രണ്ടാമത്തേതാണ് കൂടുതല്‍ വിശ്വാസയോഗ്യം' എന്നുവരെ മനഃശാസ്ത്രജ്ഞനായ ഡബ്ളിയു. എ. വൈറ്റ് അഭിപ്രായപ്പെടുന്നു.

സംഭാഷണത്തോടൊത്തുള്ള അംഗചലനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കുന്നത് പൂര്‍വേന്ത്യയിലെ നാഗന്‍മാരാണെന്നു ചില നരവംശശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. തനിക്ക് ഏല്ക്കേണ്ടിവന്ന ഒരു മര്‍ദനത്തെപ്പറ്റി ഒരു ഊമ വിവരിക്കുന്നതുകേട്ട് അടിച്ച ആളിന്റെ പേരൊഴികെയുള്ള വസ്തുതകളെല്ലാം വിശദമായി മനസ്സിലായെന്നും എതിരാളിയുടെ വേഷത്തെക്കുറിച്ചുള്ള സൂചനകളില്‍നിന്ന് ആളിനെ ഊഹിക്കാന്‍പോലും കഴിഞ്ഞെന്നും നാഗന്മാരെക്കുറിച്ച് പഠനം നടത്തിയ ജെ.എച്ച്. ഹട്ടണ്‍ പറയുന്നുണ്ട് (Angami Nagas, 1926). ചില ആസ്റ്റ്രേലിയന്‍ ഭാഷകളുടെ ഉദ്ഭവത്തിനുതന്നെ ആദിമമനുഷ്യരുടെ അംഗചലനമാണ് നിദാനമെന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ആധുനികലോകത്തില്‍ ആംഗ്യഭാഷ സാങ്കേതികഭദ്രതയോടുകൂടി വര്‍ധമാനമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നത് മൂക-ബധിര വിദ്യാഭ്യാസത്തിലാണ്. ഇംഗ്ലണ്ടില്‍ ഇതിന്റെ ആരംഭം കുറിച്ചത് 17-ാം ശ.-ത്തില്‍ ജോണ്‍ ബുള്‍വര്‍ ആണ്. സംഭാഷണം നടത്തുന്നവന്റെ അധരങ്ങളെ 'വായിക്കു'വാന്‍ അദ്ദേഹം ബധിരന്‍മാരെ പരിശീലിപ്പിച്ചു. 18-ാം ശ.-ത്തില്‍ ഫ്രാന്‍സില്‍ മിഷേല്‍ എപിയും (Michel Epee) ജര്‍മനിയില്‍ സാമുവല്‍ ഹയ്നിക്കെ (Samuel Heinicke 1727-90)യും ഒരു അധ്യാപനമാധ്യമം എന്ന നിലയില്‍ ആംഗ്യഭാഷയെ വികസിപ്പിക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനികളാണ്. ബധിര-മൂകാധ്യാപനത്തിനുവേണ്ട പരിശീലനം നല്കാനുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മിക്കവാറും എല്ലാ പരിഷ്കൃതരാജ്യങ്ങളിലും സ്ഥാപിതമായിട്ടുണ്ട്. ബിരുദാനന്തരപഠനം വരെയുള്ള പാഠ്യപദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസസ്ഥാപനം 1854-ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ചത് (National Deaf College) ഇന്ന് ഗല്ലാദെ കോളജ് (Gallaudet College) എന്ന പേരില്‍ അറിയപ്പെടുന്നു. പലതരം ആംഗ്യങ്ങളെയും ക്രോഡീകരിച്ചുകൊണ്ടുള്ള നിഘണ്ടുക്കള്‍ ഈ സ്ഥാപനത്തിലുണ്ട്. നോ: ബധിര-മൂകവിദ്യാഭ്യാസം; ഹസ്തമുദ്രകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍