This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗികചേഷ്ടാനുസരണസിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗികചേഷ്ടാനുസരണസിദ്ധാന്തം

Ta-ta Theory

ഭാഷയുടെ ഉത്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. ശാരീരികാവയവങ്ങളുടെ ചേഷ്ടകള്‍ക്ക് അനുസൃതമായി അധരോഷ്ഠങ്ങള്‍ക്കും നാക്കിനും ചലനങ്ങള്‍ ഉണ്ടായി എന്നും, ഈ ചലനങ്ങള്‍ ധ്വനികള്‍ക്കു വൈചിത്ര്ം വരുത്തിയെന്നും, ഈ പ്രക്രിയകളുടെ വികാസത്തില്‍നിന്നാണ് ആശയപ്രകാശനത്തിനു ശബ്ദരൂപമായ ഉപാധി (ഭാഷ) ഉരുത്തിരിഞ്ഞത് എന്നും ഈ സിദ്ധാന്തം ഉദ്ഘോഷിക്കുന്നു. പ്രാകൃതമനുഷ്യര്‍ക്കിടയില്‍ വികസ്വരമായ ആംഗികചേഷ്ടാസമ്പ്രദായം നിലവിലിരുന്നു എന്നതും, മൃഗങ്ങള്‍ ആശയവിനിമയത്തിന് ഏറെക്കുറെ ആംഗികചേഷ്ടകള്‍ ഉപയോഗിക്കുന്നു എന്നതും ഈ സിദ്ധാന്തത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ റെഡ് ഇന്ത്യന്‍മാര്‍ ഉപയോഗിച്ചിരുന്ന ചിഹ്നഭാഷ(sign language)യെ ഇവിടെ ഉദാഹരിക്കാറുണ്ട്. എന്നാല്‍, വിപുലമായ ആംഗികചേഷ്ടകളെ കുറിക്കുന്ന ചിഹ്നഭാഷ ഉപയോഗിച്ചിരുന്ന ഗോത്രങ്ങള്‍ വിവിധഭാഷകള്‍ സംസാരിച്ചിരുന്നു എന്ന വസ്തുത ഈ ഉദാഹരണത്തെ ദുര്‍ബലമാക്കുന്നു. മൃഗങ്ങള്‍ ആശയവിനിമയത്തിന് ആംഗികചേഷ്ടകള്‍ ഉപയോഗിക്കുന്നതോടൊപ്പം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ആള്‍ക്കുരങ്ങ് (chimpanzee) ശാരീരികചലനങ്ങള്‍ക്കൊപ്പിച്ച് വാങ്മയങ്ങള്‍കൂടി പുറപ്പെടുവിച്ചുകൊണ്ടാണ് ആശയവിനിമയം നടത്തുന്നത്. ആദിമമനുഷ്യനും ഇത്തരത്തിലായിരുന്നിരിക്കാം എന്നുവേണം കരുതുക.

ചേഷ്ടാഭാഷയില്‍ നിന്നും ലേഖനവിദ്യയും അതില്‍നിന്നു സംസാരഭാഷയും ഉണ്ടായി എന്നാണ് ഈ സിദ്ധാന്തം വാദിക്കുന്നത്. ബി.സി. 3500-നോടടുപ്പിച്ചാണ് ശബ്ദഭാഷയുണ്ടാകുന്നത് എന്ന് ഈ വാദക്കാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കൃഷി, മണ്‍പാത്രനിര്‍മാണം, നെയ്ത്ത് തുടങ്ങിയവ കണ്ടുപിടിക്കുകയും വികസിപ്പിക്കുകയും ചെയ്ത ശിലായുഗങ്ങളില്‍ മനുഷ്യനു വാചികഭാഷ ഇല്ലായിരുന്നു എന്ന് വിശ്വസിക്കുക വിഷമമാണ്. ഉപകരണനിര്‍മാതാവായിത്തീര്‍ന്ന മനുഷ്യനു കൈകാലുകളും കണ്ണും സ്വതന്ത്രമല്ലാതായി; ആശയവിനിമയത്തിന് ആംഗികചലനം പോരാതെവരികയും ചെയ്തു. നാഗരികത ഉരുത്തിരിഞ്ഞ വെങ്കലയുഗംവരെ ഈ നില തുടര്‍ന്നു എന്നു കരുതുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ആംഗികചേഷ്ട മാത്രമാണ് ആശയപ്രകാശനത്തിന് ആദിമഘട്ടം മുതല്‍ വിനിയോഗിക്കപ്പെട്ടത് എന്നു കരുതാനും നിര്‍വാഹമില്ല. ഹസ്തമുദ്രകളും മറ്റു ചേഷ്ടകളും മനുഷ്യന്റെ പ്രാകൃതദശയില്‍ ഏറെ വികസിച്ചിരുന്നിരിക്കില്ല. വൃക്ഷങ്ങളിലും മറ്റും അള്ളിപ്പിടിച്ചുകഴിഞ്ഞിരുന്ന പ്രാകൃതമനുഷ്യന്, ആശയവിനിമയത്തിന്, കൈകാലുകള്‍ യഥേഷ്ടം സ്വതന്ത്രമായിരുന്നുമില്ല. ഇരുട്ടിലോ വിമുഖമായോ അകലെയോ നില്ക്കുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനും ആംഗികചേഷ്ട അപര്യാപ്തമാണ്. ഇവിടെയൊക്കെയും ശബ്ദാപേക്ഷ അനിവാര്യമാണെന്നു വ്യക്തം. ദൂരെനില്ക്കുന്ന ആളിനെ അടുത്തേക്കു വിളിക്കാന്‍ ശ്രമിക്കുന്നയാള്‍ കൈ ചലിപ്പിക്കുന്നതോടൊപ്പം 'വാ' എന്ന് ശബ്ദിക്കുകയും ചെയ്യുന്നു; പോകുന്നു എന്ന് അയാളെ അറിയിക്കേണ്ടിവരുമ്പോള്‍ കൈവീശി കാണിക്കുന്നതോടൊപ്പം 'പോട്ടെ' (ta-ta) എന്നു പറഞ്ഞുപോകുന്നു. സാധാരണക്കാര്‍ ബധിരന്‍മാരോടും ഊമകള്‍ മറ്റുള്ളവരോടും ആംഗികചേഷ്ടയിലൂടെ ആശയവിനിമയം നടത്തുമ്പോഴും ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് ആംഗികചേഷ്ടയെ തുടര്‍ന്നാണ് എന്ന ധാരണയില്‍നിന്നും രൂപംകൊണ്ട ആംഗികചേഷ്ടാനുസരണ സിദ്ധാന്തം 'റ്റാറ്റാ തിയറി' (Ta-ta theory) എന്ന പേരിലറിയപ്പെടുന്നു.

ശബ്ദോച്ചാരണവും ആംഗികചേഷ്ടയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. കൈകളുടെ ചലനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങള്‍ ശബ്ദാവയവങ്ങളെ നിയന്ത്രിക്കുന്നവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വചനവും ചേഷ്ടയും ഒന്നിച്ചു വികസിച്ചിരിക്കാനിടയുണ്ടെന്നാണ് ഇതില്‍ നിന്നും അനുമാനിക്കേണ്ടത്. ഈ വസ്തുതയെ വ്യാഖ്യാനിച്ച് റിച്ചാര്‍ഡ് പഗറ്റ് ആവിഷ്കരിച്ചതാണ് വദനാംഗികചേഷ്ടാസിദ്ധാന്തം (Mouth gesture theory). എന്നാല്‍ ആംഗികചേഷ്ടകള്‍ ആദ്യമുണ്ടായി എന്നും പിന്നീട് അവയവങ്ങള്‍ കൃത്യാന്തരപരതന്ത്രമായപ്പോള്‍ വായും നാക്കും ആംഗ്യം തുടര്‍ന്നു എന്നും ആണ് പഗറ്റ് പറയുന്നത്. അനുകരണംകൊണ്ടോ അനുഭാവം കൊണ്ടോ ആംഗികചേഷ്ടയെത്തുടര്‍ന്നു വദനചേഷ്ട ഉണ്ടാവും എന്ന് ഡാര്‍വിന്‍ ചൂണ്ടിക്കാണിച്ചതിനെ (The expression of emotions) പഗറ്റ് ഉദ്ധരിക്കുന്നു. കത്രികകൊണ്ട് എന്തെങ്കിലും മുറിക്കുന്ന ആള്‍ ഹസ്തചലനത്തിനൊപ്പിച്ച് നാക്കും ചുണ്ടും ചലിപ്പിക്കാറുണ്ട്; കുട്ടികള്‍ എഴുതുമ്പോഴും ഇത്തരം പ്രക്രിയ കാണാം. കൈകളുടെ ചലനത്തെത്തുടര്‍ന്ന് നാവും ചുണ്ടും ചലിച്ച് ഭാഷ ഉടലെടുത്തു എന്ന ഈ സിദ്ധാന്തത്തെ അലക്സാണ്ടര്‍ ജൊഹാന്നസന്‍ പിന്താങ്ങി. 'തിന്നുന്നു' എന്ന ക്രിയയുടെ ചേഷ്ടാസൂചനയായി വായ്, നാക്ക്, കീഴ്ത്താടി എന്നിവയുടെ ചലനം പഗറ്റ് ചൂണ്ടിക്കാണിക്കുന്നു. ഈ സൂചന പ്രാവര്‍ത്തികമാവുമ്പോള്‍ ശ്വാസനാളത്തിലൂടെ വായു കടത്തിവിട്ടാല്‍ 'മ്ഞ്യാ, മ്ഞ്യാ' എന്ന ശബ്ദമുണ്ടാകും എന്ന് പഗറ്റ് ചൂണ്ടിക്കാട്ടുന്നു. (മലയാളത്തിലെ 'അമ്മിഞ്ഞ' എന്ന പദത്തെ ഇവിടെ സമാനമായി ഉദാഹരിക്കാം). ഈ ശബ്ദം 'മുലപ്പാല്‍' എന്ന അര്‍ഥത്തില്‍ പ്രചാരത്തിലുള്ളതാണല്ലോ. പഗറ്റും ജൊഹാന്നസനും അനവധി പദങ്ങളെ ഇത്തരത്തില്‍ അപഗ്രഥിച്ചിട്ടുണ്ട്. അവരുടെ നിഗമനങ്ങളില്‍ ചിലതൊക്കെ ബാലിശമായി തോന്നിയേക്കാം. എന്നാല്‍ ആംഗികചേഷ്ടാനുസരണസിദ്ധാന്തം ഭാഷയുടെ ഉത്പത്തിയുടെ ചില ഘടകങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന ഒന്നെന്ന അര്‍ഥത്തില്‍ പരിഗണന അര്‍ഹിക്കുന്നു. വാഗര്‍ഥങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പഠനത്തിലും ഇതിനു പ്രാധാന്യമുണ്ട്. നോ: ആംഗ്യഭാഷ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍