This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം; അകാരത്തിന്റെ ദീര്‍ഘസ്വരം. സംസ്കൃതഭാഷയുടെയും, പാലി, പ്രാകൃതം, അപഭ്രംശം തുടങ്ങിയ പ്രാചീനഭാഷാഭേദങ്ങളുടെയും എല്ലാ ആധുനികഭാരതീയ ആര്യഭാഷകളുടെയും ദ്രാവിഡഭാഷകളുടെയും അക്ഷരമാലകളിലെ രണ്ടാമത്തെ അക്ഷരം ഈ ദീര്‍ഘസ്വരം തന്നെയാണ്.

വ്യാകരണപരമായ സവിശേഷതകള്‍. 1. ഇത് ഒരു കണ്ഠ്യവിവൃതസ്വരമാണ്. വ്യഞ്ജനങ്ങളെ ദീര്‍ഘാക്ഷരങ്ങളാക്കാന്‍ 'ആ'യുടെ ചിഹ്നമായ 'ാ' ഹ്രസ്ര്വാക്ഷരങ്ങളുടെ വലതുവശത്തു കൂട്ടിച്ചേര്‍ത്തെഴുതുന്നു.

ഉദാ. കാ, താ, സാ

2.ക്രിയകളോടു ചേര്‍ക്കുന്ന ഒരു നിഷേധപ്രത്യയം. 'ആ നിഷേധപ്രത്യയമാം' എന്ന് കേരളപാണിനീയം.

ഉദാ. പോകാ, വരാ, ആകാ, കൂടാ

3.അത്, ഇത് എന്ന സര്‍വനാമങ്ങളുടെ പിന്‍പില്‍ ചേര്‍ത്തു പ്രയോഗിക്കുന്ന ഒരു നിപാതം.

ഉദാ. അതാ, ഇതാ

4.അനുമതി, ദയ, ക്രോധം, ദുഃഖം, നിന്ദ, അനുസ്മരണം, സംശയം, അദ്ഭുതം മുതലായവയെ കുറിക്കുന്ന ഒരു വ്യാക്ഷേപകം.

ഉദാ. ആ, ഞാനും വരുന്നുണ്ട്; ആ, അത് തൊടരുത്. ആ! എനിക്ക് എന്ന് അദ്ദേഹത്തിനെ കാണാന്‍ കഴിയും?

5.'അന്‍' എന്നവസാനിക്കുന്ന നാമത്തിന്റെ സംബോധനാരൂപം. ഉദാ. രാമാ, കൃഷ്ണാ, ഗോപാലാ

6.ക്രിയ, നാമം, വിശേഷണം എന്നിവയുടെ മുന്‍പില്‍ ചേര്‍ക്കുന്ന ഒരു അവ്യയം.

ഉദാ. ആസ്വദിക്കുക, ആഗമിക്കുക, ആക്രമിക്കുക

'ആ'യുടെ അവ്യയാര്‍ഥത്തിലുള്ള പ്രയോഗം വരുമ്പോള്‍ അതു ചേരുന്ന പദം വിപരീതാര്‍ഥത്തെ ദ്യോതിപ്പിക്കാറുണ്ട്.

ഉദാ. ആഗമനം (ഗമനം)

ആദാനം (ദാനം)

7.ഒരു ചുട്ടെഴുത്ത്. ഉദാ. ആ, അതാ, ഇതാ. (ആ കുതിര, അതാ പോകുന്നു, ഇതാ വരുന്നു.)

രൂപപരിവര്‍ത്തനം. 1. സംസ്കൃതത്തിലെ ആകാരാന്തപദങ്ങള്‍ മലയാളത്തില്‍ അകാരാന്തങ്ങളാകുന്നു.

ഉദാ. അംഗനാ - അംഗന

ഗംഗാ - ഗംഗ

ചന്ദ്രികാ - ചന്ദ്രിക

ആശാ - ആശ

2. സംസ്കൃതസന്ധിയനുസരിച്ച് ഹ്രസ്വമോ ദീര്‍ഘമോ ആയ അകാരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അകാരം 'ആ'കാരമായി മാറുന്നു.

ഉദാ. മംഗള + അവസരം = മംഗളാവസരം

സിംഹ + ആസനം = സിംഹാസനം

വിവിധാര്‍ഥങ്ങള്‍. (1) കാലം, സീമ, മുതല്‍-വരെ എന്നീ അര്‍ഥങ്ങള്‍ നല്കുന്ന ഒരു പ്രത്യയം. 'ആങ്മര്യാദാ ഭിവിധൗ' എന്ന പാണിനീയസൂത്രം ഇതു വ്യക്തമാക്കുന്നു.

ഉദാ. ആസേതുഹിമാചലം (സീമ), ആജന്മം (കാലം), ആകല്പം (കാലം).

(2) അല്പം, കുറച്ച് എന്നീ അര്‍ഥങ്ങള്‍ക്കുവേണ്ടിയും ചില പദങ്ങളോട് 'ആ' ചേര്‍ത്തു പ്രയോഗിക്കാറുണ്ട്.

ഉദാ. ആകമ്പിതം (കുറച്ചിളകിയ)

ആപാണ്ഡുരം (അല്പം വിളറിയ)

ആരക്തം (അല്പം ചുവന്ന)

3.മഹാലക്ഷ്മി, ശിവന്‍, ബ്രഹ്മാവ് എന്നീ അര്‍ഥങ്ങളിലും 'ആ'യ്ക്കു സംസ്കൃതത്തില്‍ പ്രയോഗമുണ്ട്.

4.അനുകമ്പ, ഓര്‍മ, സ്പര്‍ധ, സ്വീകാര്യം എന്നീ അര്‍ഥങ്ങളിലും 'ആ' സംസ്കൃതത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. അനാദരസൂചകമായും ഈ ശബ്ദം പ്രയോഗിക്കാറുണ്ട്.

5.ഹിന്ദിയിലും ഉര്‍ദുവിലും 'ആ' വരിക എന്നര്‍ഥമുള്ള ക്രിയയാണ്.

ഉദാ. തും ആഓ = നിങ്ങള്‍ വരിന്‍; തൂ ആ = നീ വരൂ

6.മിക്ക ഇന്തോ-യൂറോപ്യന്‍ ഭാഷകളിലും വെള്ളം എന്നര്‍ഥമുള്ള ഒരു പദമാണ് 'ആ'. അതുകൊണ്ട് ഈ പ്രദേശങ്ങളിലെ പല നദീനാമങ്ങളും 'ആ'യില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നു.

7.ഹാവായിയന്‍ ഭാഷയില്‍ 'ആ'യ്ക്കു കരിപുരണ്ട, പരുക്കനായ, ലാവാദ്രാവകം എന്നെല്ലാം അര്‍ഥങ്ങളുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍