This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹ് മോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹ് മോസ്

Ahmose


ആഹ്മസ്, അമാസിസ്, അമോസിസ്, ആമോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന രണ്ട് പ്രാചീന ഈജിപ്ഷ്യന്‍ ഭരണാധിപര്‍ (Pharaohs). ചന്ദ്രനില്‍ നിന്നുദ്ഭവിച്ച വംശം എന്നര്‍ഥമുള്ള 'ഇയാമോസ്' എന്ന വാക്കില്‍ നിന്നുമായിരിക്കണം അഹ്മോസ് എന്ന നാമം നിഷ്പന്നമായത്.

അഹ് മോസ് I (ഭ.കാ., ബി.സി. 1570-1546). ഈജിപ്ത് ഭരിച്ച 18-ാം വംശത്തിലെ 1-ാമത്തെ രാജാവായ ഇദ്ദേഹം ഹിക്സോസ് എന്നറിയപ്പെടുന്ന ഏഷ്യന്‍ ആക്രമണകാരികളെ തോല്പിച്ച് പലസ്തീനിലേക്ക് ഓടിച്ചു. ഈ ആക്രമണകാരികളുമായുണ്ടായ യുദ്ധത്തിലായിരിക്കണം അഹ്മോസിന്റെ മുന്‍ഗാമിയായ കമോസ് വധിക്കപ്പെട്ടത്. ഈജിപ്തിന്റെ ഏഷ്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ അഹ്മോസ് ആയിരുന്നു. ഒരു നാടോടി ജനവര്‍ഗമായിരുന്ന ഹിക്സോസുകളെ സഹായിച്ചിരുന്ന നൂബിയയിലെ ഭരണാധികാരിയെ അഹ്മോസ് കീഴടക്കി, തന്റെ അധികാരപരിധി വികസിപ്പിച്ചു; ഫിനീഷ്യയും അഹ്മോസ് ആക്രമിക്കുകയുണ്ടായി. ഈജിപ്തിലെ ഒരു പ്രമുഖ രാജവംശസ്ഥാപകന്‍ എന്ന നിലയില്‍ ഇദ്ദേഹം ചരിത്രത്തില്‍ സ്മരിക്കപ്പെടുന്നു.

അഹ്മോസ് II (ഭ.കാ., ബി.സി. 569-526). ഈജിപ്തിലെ 26-ാം വംശത്തിലെ 4-ാമത്തെ രാജാവായിരുന്ന അപ്രീസി (ഭ.കാ. 588-569)ന്റെ സൈന്യാധിപനായിരുന്ന അഹ്മോസ് സൈറീനിലെ വിപ്ളവം അടിച്ചമര്‍ത്താനായി നിയോഗിക്കപ്പെട്ടു (ബി.സി. 570). അവിടെവച്ച് സൈന്യം അപ്രീസിനുപകരം അഹ്മോസിനെ രാജാവായി വാഴിച്ചു (ബി.സി. 569). തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അഹ്മോസ് അപ്രീസിനെ തടവുകാരനാക്കി (തടവില്‍നിന്നു രക്ഷപ്പെട്ട അപ്രീസ് പിന്നീടുണ്ടായ യുദ്ധത്തില്‍ വധിക്കപ്പെട്ടു). അഹ്മോസ് ഗ്രീക്കുകാരടക്കമുള്ള എല്ലാ അയല്‍രാജ്യങ്ങളുമായി സൗഹൃദബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു ഗ്രീക്ക് രാജകുമാരിയെ (സൈറീനിലെ ലഡൈക്ക്) വിവാഹം ചെയ്തു. ബാബിലോണില്‍ നിന്നുണ്ടായ ആക്രമണത്തെ പരാജയപ്പെടുത്തുകയും സൈപ്രസ് കീഴടക്കുകയും ചെയ്തു. ഫിനീഷ്യയുടെ ഏതാനും ഭാഗങ്ങളും അഹ്മോസിന്റെ അധീനതയിലായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈജിപ്തിനു പൊതുവേ അഭിവൃദ്ധിയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B9%E0%B5%8D_%E0%B4%AE%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍