This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹ്മദുല്‍ ബലാസരി (820? - 892?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹ്മദുല്‍ ബലാസരി (820? - 892?)

അറബി ചരിത്രകാരന്‍. പൂര്‍ണമായ പേര് അഹ്മദ് ഇബ്നു യഹ്യാ ഇബ്നു ജാബിര്‍ ഇബ്നു ദാവൂദ്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു വിശദവിവരങ്ങളൊന്നും ലഭ്യമല്ല. 820-നോടടുത്ത് ബാഗ്ദാദില്‍ ജനിച്ചുവെന്നും ബാഗ്ദാദിനു ചുറ്റുമായി ജീവിതം നയിച്ചുവെന്നും 892-നോടടുത്ത് മരണമടഞ്ഞുവെന്നും മാത്രമേ ഇപ്പോള്‍ അറിവുള്ളു. വിദ്യാഭ്യാസത്തിനായി അന്ത്യോഖ്യ, എമെസ്സാ, ദമാസ്കസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്, ഇറാക്കിലെ ചരിത്രകാരന്‍മാരായിരുന്ന അല്‍ മദായിനി, ഇബ്നുസഅദ്, മുസ്അബ് ഇബ്നു സുബൈരി എന്നിവരുടെ ശിഷ്യത്വം സമ്പാദിച്ചിരുന്നതായി പറയപ്പെടുന്നു. അബ്ബാസിയ ഖലീഫ ആയ അല്‍ മുത്തവക്കിലിന്റെ (847-861) ഉറ്റ തോഴനായിരുന്നു അഹ്മദുല്‍ ബലാസരി (അല്‍ ബലാദുരീ). അല്‍മുത്തവക്കിലിന്റെ പിന്‍ഗാമിയായിരുന്ന അല്‍-മുസ്ത ഈനിന്റെ (ഭ.കാ. 862) കാലത്ത് രാജധാനിയില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന പ്രാധാന്യത്തിനു ഹാനി സംഭവിച്ചു.

അല്‍ ബലാദുരീയുടെ പ്രധാനപ്പെട്ട കൃതികള്‍ രണ്ടാണ്: (1) ഫുതൂഹുല്‍ ബുല്‍ദാന്‍ (രാജ്യങ്ങളുടെ കീഴടക്കല്‍). മുഹമ്മദുനബിയുടെ കാലത്തെ യുദ്ധങ്ങള്‍, സിറിയ, അറേബ്യ, അര്‍മീനിയ, ഈജിപ്ത്, മഗ്രിബ്, ഇറാക്ക്, പേര്‍ഷ്യ എന്നീ രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയ ചരിത്രം എന്നിവയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അക്കാലത്തെ സാമൂഹികവും സാംസ്കാരികവുമായ വിവരങ്ങള്‍ ചരിത്രവിവരണത്തോടൊപ്പംതന്നെ നല്കുന്നുണ്ട്. മര്‍വാന്‍ ഇബ്നുല്‍ ഹക്കമിന്റെ കാലത്ത് ഗ്രീക്കും പേര്‍ഷ്യനും ഭാഷകള്‍ ഉപേക്ഷിച്ച് അറബി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച കാര്യം, മുസ്ലിം മതപരമായ ചിഹ്നങ്ങള്‍ ബൈസാന്തിയന്‍ നാണയങ്ങളില്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയുളള പ്രതിഷേധം, നികുതിവ്യവസ്ഥയുടെ പ്രശ്നങ്ങള്‍, നാണയങ്ങള്‍, നാണ്യവ്യവസ്ഥകള്‍ തുടങ്ങിയവയെപ്പറ്റി ഇതില്‍ ദീര്‍ഘമായി വിവരിച്ചിരിക്കുന്നു. (2) അന്‍സാബുല്‍ അഷ്റാഫ്. ഇത് സവിസ്തരമായ ഒരു 'ഹൂ ഇസ് ഹൂ' (Who is Who) ആണ്. പ്രസിദ്ധ അറബി ഗോത്രങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ വംശാവലി ക്രമമനുസരിച്ച് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍