This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹ്മതോവ, അന്ന ആന്ദ്ര്യേവ്ന (1889 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹ്മതോവ, അന്ന ആന്ദ്ര്യേവ്ന (1889 - 1966)

Akhmatova,Anna Andreevna


റഷ്യന്‍ കവയിത്രി. 1889 ജൂണ്‍ 11-ന് അദ്യസ്സയിലെ ഒരു നാവികോദ്യോഗസ്ഥന്റെ കുടുംബത്തില്‍ ജനിച്ചു. കീവിലെ വനിതാകോളജിലും കീവ് സര്‍വകലാശാലയുടെ നിയമവിഭാഗത്തിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1910 മുതല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ സ്ഥിരതാമസമാക്കുകയും സാഹിത്യരചന നടത്തുകയും ചെയ്തു. നാട്ടിലെ പ്രതികൂല സാഹചര്യത്തില്‍ പല പ്രമുഖ റഷ്യന്‍ എഴുത്തുകാരും നാടുവിട്ടപ്പോഴും അഹ്മതോവ സ്വന്തം രാജ്യത്തു താമസിച്ചു. 1918-20-ലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരത അഹ്മതോവ സ്വന്തം തൂലികയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സാഹിത്യപ്രസ്ഥാനങ്ങളുടെ ആസ്ഥാനമായിരുന്ന പിത്രോഗ്രാദില്‍ നിന്നും ലെനിന്‍ഗ്രാദിലെത്തിയ അഹ്മതോവ 40കളുടെ ആദ്യം തന്നെ താഷ്കെന്റിലേക്കു പോകാന്‍നിര്‍ബന്ധിതയായി.

അന്ന ആന്ദ് ര്യേവ് ന അഹ് മതോവ

റഷ്യ-ജെര്‍മന്‍ യുദ്ധകാലത്ത് (1941-45) സോവിയറ്റ് സാഹിത്യ സെന്‍സര്‍ഷിപ്പുകള്‍ അത്ര കര്‍ശനമല്ലായിരുന്നു. എന്നാല്‍ യുദ്ധാനന്തരം നേതൃത്വത്തിന്റെ അയഞ്ഞ നിലപാടിനു സാരമായ മാറ്റം വന്നു. സ്റ്റാലിന്‍ വിരുദ്ധരെന്നു സംശയിക്കപ്പെട്ട അഹ്മതോവയും സോഷ്ച്യെന്‍കയും പീഡിപ്പിക്കപ്പെട്ടു. ഇവരുടെ കൃതികള്‍ പ്രസിദ്ധം ചെയ്ത സ്വെസ്ദ (നക്ഷത്രം), ലെനിന്‍ഗ്രാദ് എന്നീ ജേര്‍ണലുകള്‍ നിരോധിച്ചു. സാഹിത്യകാരസംഘടനയില്‍നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തു. അഹ്മതോവയുടെ ആദ്യഭര്‍ത്താവായ ഗുമില്യോഫിനെ വധിച്ചു. പുത്രനായ ല്യോഫ് പലവട്ടം ജയിലിലടക്കപ്പെട്ടു. 1949 ന.-ലെ അറസ്റ്റിനെത്തുടര്‍ന്ന് അഹ്മതോവയ്ക്ക് ദ് പ്രൊലോങ്നെ എന്ന തന്റെ നാടകത്തിന്റെ അസ്സല്‍പതിപ്പ് കത്തിച്ചു കളയേണ്ടിവന്നു. സ്റ്റാലിന്‍ ഭരണത്തിലും തുടര്‍ന്നും സാംസ്കാരിക വിഭാഗത്തിന്റെ തലവനായ ആന്‍ദ്രെ യ്ഷദാനോഫിന്റെ സാഹിത്യവേട്ടയ്ക്ക് ഇരയാക്കപ്പെട്ട ഇവര്‍ ഇടയ്ക്കിടെ മൗനത്തിലായിരുന്നെങ്കിലും മരണംവരെ കവിത എഴുതുന്നതില്‍നിന്നു പിന്തിരിഞ്ഞില്ല. ഭീകരഭരണകാലത്തെ (Stalin Terror) തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിലാപഗീതങ്ങളാണ് റെക്വയെം എന്ന കവിതാസമാഹാരത്തില്‍. അറസ്റ്റു ചെയ്യപ്പെട്ട തന്റെ മകന്റെ വിവരമറിയാനായി ലെനില്‍ഗ്രാഡ് ജയിലിനു പുറത്ത് എത്രയോ തവണ കാത്തുനിന്ന അമ്മയുടെ ഓര്‍മകള്‍ ആ വരികളില്‍ വിതുമ്പുന്നുണ്ട്. രാഷ്ട്രീയകാര്യങ്ങളില്‍ സൂക്ഷ്മവേദിയായി കരുതപ്പെടുന്ന ഗുമില്യോഫ്, ഹ്ളെബ് നിക്കോഫ്, മെന്‍ഡെല്‍സ്റ്റാം തുടങ്ങിയ എഴുത്തുകാരുടേതെന്നതുപോലെ അഹ്മതോവയുടെ കൃതികളും അമേരിക്കയിലെയും ജര്‍മനിയിലെയും വിദേശ പ്രസാധകര്‍ പ്രസിദ്ധം ചെയ്യുകയുണ്ടായി. റെക്വയെം ഇപ്രകാരം ഇവരുടെ അറിവോ സമ്മതമോ കൂടാതെ തന്നെ മ്യൂണിക്കില്‍ പ്രസിദ്ധം ചെയ്യപ്പെടുകയാണുണ്ടായത്. 1956-ലെ 20-ാം കോണ്‍ഗ്രസ്സിലാണ് ഇതു സുരക്ഷിതമായി പ്രസിദ്ധപ്പെടുത്തണമെന്ന തീരുമാനമായത്. മതപ്രകരണങ്ങള്‍ (Religi-ousmotifs) ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുളള ഈ കൃതി ശാപമോക്ഷത്തിനായുളള (The Great Purge) ഒരു മുറവിളിയാണ്.

വിപ്ലവ പൂര്‍വകാലഘട്ടത്തില്‍ പലവട്ടം പശ്ചിമയൂറോപ്യന്‍ പര്യടനം നടത്തിയിട്ടുള്ള അഹ്മതോവ 1912-നുശേഷം വീണ്ടും വിദേശപര്യടനം നടത്തുന്നത് 1964-ലാണ്. ഒരു ഇറ്റാലിയന്‍ സാഹിത്യപുരസ്കാരം സ്വീകരിക്കുന്നതിനു സിസിലിയിലെ തയോര്‍മിന സന്ദര്‍ശിക്കുവാനായിരുന്നു അത്. ലണ്ടന്‍ ബ്ളിറ്റ്സില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കവിതയും ഇവര്‍ രചിച്ചിട്ടുണ്ട്. ഓക്സ്ഫഡിലെ തത്ത്വചിന്തകനായ ഇസ്സയ്യബെര്‍ലിനു (Isiha Berlin)മായുണ്ടായ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി എഴുതിയ പദ്യാവലിയാണ് സിന്‍ക്വെ (1946). ഒരു കലാകാരനെ പുനര്‍വിവാഹം ചെയ്ത അഹ്മതോവയ്ക്ക് അദ്ദേഹത്തിന്റെ ആദ്യഭാര്യയുമൊത്ത് താമസിക്കേണ്ടിവന്നു. പിന്നീട് കോമറോവോ(Komarovo)യില്‍ ഒരു താമസസ്ഥലം സ്വന്തമായി കിട്ടി. 1956-ല്‍ ഇവരുടെ മകനെ തടങ്കല്‍പ്പാളയത്തില്‍നിന്നും വിമുക്തനാക്കി. സ്റ്റാലിന്‍ കാലഘട്ടത്തിനുശേഷം രചിക്കപ്പെട്ട കൃതികളില്‍നിന്നു തിരഞ്ഞെടുത്ത ഏതാനും രചനകളുടെ സമാഹാരം 1958-ല്‍ പ്രസിദ്ധീകരിച്ചു. 1961-ല്‍ കുറേക്കൂടി സമ്പൂര്‍ണമെന്നു പറയാവുന്ന മറ്റൊരു സമാഹാരം കൂടി പുറത്തിറക്കി.

വെചിര്‍ (സായാഹ്നം, 1912) ആണ് ആദ്യകവിതാസമാഹാരം. ചോത്കി (ജപമാല) 1914-ലും ബെളയസ്കായ (വെളുത്ത പക്ഷിക്കൂട്ടം) 1917-ലും പദറോഷ്നിക് (വാഴ) 1921-ലും പ്രസിദ്ധീകൃതമായി. അക്മെയിസ്റ്റ് സാഹിത്യപ്രസ്ഥാനത്തിലെ അംഗമായിരുന്നു അഹ്മതോവ. സിംബോളിസ്റ്റിക് സാഹിത്യശൈലിയോട് ഇവര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. കാവ്യോപാസനയുടെ ലക്ഷ്യം, സാമൂഹിക പ്രതിബദ്ധത എന്നിവയെക്കുറിച്ച് ഇവരുടെ ആശയങ്ങള്‍ സുചിന്തിതവും വ്യക്തവുമായിരുന്നു എന്നു മയക്കോവ്സ്കി (1913), ദാന്തെ, കലയുടെ രഹസ്യം എന്നീ ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. ചരിത്രാവബോധത്തിന്റെയും കുറിക്കുകൊള്ളുന്ന ഹാസ്യത്തിന്റെയും ഉദാഹരണങ്ങളായി എടുത്തു പറയേണ്ട കൃതികളാണു നസ്മോളന്‍Ahamatove anna-.pngസ്കം ക്ലാദ് ബിഷേ (സ്മോളന്‍സ്ക് സിമിത്തേരിയില്‍), പ്രദിസ്തോറിയ (ചരിത്രാതീതകാലം), സ്താര്‍സ്കസേല്‍സ്ക യഓദ (സ്താര്‍സ്കയ ഗ്രാമത്തിനൊരു ഗീതം), 'സെന്റ് പീറ്റേഴ്സ്ബര്‍ഗ്' (1913) തുടങ്ങിയവ. വിപ്ലവത്തിനു മുന്‍പുള്ള റഷ്യന്‍ സാഹിത്യത്തോട് നിന്ദാഗര്‍ഭമായ ഒരു വിടവാങ്ങലായിരുന്നു ഇവരുടെ പില്ക്കാലകൃതികള്‍. യുദ്ധകാലകൃതികളില്‍ ദേശസ്നേഹം നിറഞ്ഞുനില്ക്കുന്നു. സ്വരാജ്യത്തോടുള്ള രക്തബന്ധത്തിന്റെ ആലാപനങ്ങള്‍ കേള്‍ക്കാവുന്ന കൃതികളാണു ലാണാവ് സെനിത്തേ (ഉച്ചസ്ഥനായ ചന്ദ്രന്‍), സ്സമല്യോത്ത (വ്യോമയാനത്തില്‍ നിന്ന്) എന്നിവ. ഐതിഹാസികമാനവും ഗീതകസ്വഭാവവുമുള്ള പയേമബേസ് ഗെറോയ (നായകനില്ലാത്ത കവിത, 1940) എന്ന ബൃഹത്തായ കൃതിയിലൂടെ അഹ്മതോവയുടെ പ്രതിഭ പരിപൂര്‍ണതയിലെത്തി. ഒരു കാവ്യപ്രതിഭയ്ക്കു പുറമേ വിശകലനപാടവവും ഇവര്‍ക്കുണ്ടായിരുന്നു എന്നതിനു തെളിവാണ് പുഷ്കിന്റെ സര്‍ഗാത്മക സാഹിത്യസപര്യയെപ്പറ്റിയുള്ള ഇവരുടെ പഠനം. പല ഭാഷകളിലും അഹ്മതോവയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1966-ല്‍ അഹ്മതോവ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍