This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹൂര മസ്ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹൂര മസ്ദ

Ahura mazda

'നല്ല ആത്മാവ്' എന്നര്‍ഥം വരുന്ന ഈ പദം സരതുഷ്ട്രമതത്തിലെ ദ്വൈതസിദ്ധാന്തത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഉന്നതനായ ദൈവത്തിന്റെ നാമമാണ്. അഹൂര മസ്ദയ്ക്ക് 101 പര്യായങ്ങള്‍ സരതുഷ്ട്രമതത്തില്‍ നല്കിയിട്ടുണ്ട്. പേര്‍ഷ്യന്‍ഭാഷയില്‍ ഈ ദേവന്‍ 'ഔര്‍മസ്ദ്' എന്ന പേരിലറിയപ്പെടുന്നു. ഭൌതിക പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മനുഷ്യവംശത്തിന്റെ രക്ഷകനും ഈ ദേവനാണെന്ന് സരതുഷ്ട്ര മതവിശ്വാസികള്‍ കരുതുന്നു. ഈ ദേവന്‍ ഹിന്ദുപുരാണത്തിലെ നിര്‍ഗുണബ്രഹ്മത്തെപ്പോലെ അരൂപിയാണ്. അതിനാല്‍ ആത്മദൃഷ്ടികൊണ്ടു മാത്രമേ കാണാന്‍ കഴിയൂ.

നന്മയുടെ ദേവനായ അഹൂര മസ്ദ, തിന്മയുടെ സ്രഷ്ടാവായ അഹ്രിമാനുമായി നിരന്തരം സംഘട്ടനത്തിലാണ്. നന്മയും തിന്മയും തമ്മില്‍ നിരന്തരം സംഘട്ടനത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഇത്. അമാനുഷര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രാണികള്‍, ഗ്രഹങ്ങള്‍ തുടങ്ങി എല്ലാറ്റിലും ഈ സംഘട്ടനം നടക്കുന്നുണ്ട്.

അഹ്രിമാനെ ഇരുട്ടിന്റെയും അജ്ഞതയുടെയും ആത്മാവായും, അഹൂര മസ്ദയെ സര്‍വജ്ഞനും സര്‍വശക്തനും പ്രശോഭിക്കുന്നവനും കരുണാമൂര്‍ത്തിയും മാലാഖമാരാല്‍ പരിസേവിതനുമായും സെന്ത് അവെസ്തയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അഹൂരമസ്ദ അഹ്രിമാനെ ഒടുവില്‍ പരാജയപ്പെടുത്തുമെന്നു വിശ്വസിക്കപ്പെടുന്നു.

ഹൈന്ദവപുരാണത്തിലെ വരുണനുമായി അഹൂര മസ്ദയെ സാദൃശ്യപ്പെടുത്താം; വരുണന്റെ കീഴില്‍ ആദിത്യദേവന്‍മാരുള്ളതുപോലെ അഹൂര മസ്ദയുടെ കീഴില്‍ അമോഷാസ്പെന്റാ എന്നറിയപ്പെടുന്ന ദേവന്മാരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍