This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് ഷാ (ഭ.കാ. 1411 - 43)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് ഷാ (ഭ.കാ. 1411 - 43)

1.ഗുജറാത്ത് സുല്‍ത്താന്‍. ഗുജറാത്ത് ഒരു സ്വതന്ത്രരാജ്യമായിത്തീര്‍ന്നത് അഹമ്മദ്ഷായുടെ കാലത്താണ്. 32 വര്‍ഷം ഭരണം നടത്തിയ അഹമ്മദ്ഷാ അയല്‍രാജ്യങ്ങളെ ആക്രമിച്ച് രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. പൂര്‍വികരില്‍നിന്നു ലഭിച്ച രാജ്യത്തിന്റെ വ.ഭാഗത്തുള്ള മാള്‍വ, രജപുത്താന, ബാഹ്മിനി, ഖാന്‍ദേശ് എന്നീ രാജ്യങ്ങളുമായി പല പ്രാവശ്യം യുദ്ധം ചെയ്തു.

1411-ല്‍ അഹമ്മദ് ഗുജറാത്തിലെ സുല്‍ത്താനായി. സിംഹാസനാരൂഢനായപ്പോള്‍ ഇദ്ദേഹത്തിന്റെ മാതുലനായ ഫിറോസ്‍ഖാനും (മൗദുദ് സുല്‍ത്താന്‍) സഹോദരന്മാരും ഹിന്ദുപ്രഭുക്കന്‍മാരും എതിര്‍ത്തു. എങ്കിലും ഇദ്ദേഹം അവരെ കീഴടക്കി. കലാപകാരികള്‍ നിരുപാധികം കീഴടങ്ങിയതാണെന്നും, അതല്ല അഹമ്മദ് ഷാ കലാപകാരികളെ വിദഗ്ധമായി സ്വപക്ഷത്തേക്ക് ആനയിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ഏതായാലും പല പ്രതിബന്ധങ്ങളും ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു. ഈ അവസരത്തില്‍ മാള്‍വയിലെ ഹുഷാംഗ് ഷാ 1416-ല്‍ ധാര്‍ ആക്രമിച്ചു. അവിടെവച്ച് മാള്‍വയിലെ ഹുഷാംഗ്ഷായുടെ പ്രതിനിധികള്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചു. എന്നാല്‍ 1421-ല്‍ കൂടുതല്‍ സൈന്യം ശേഖരിച്ച് അഹമ്മദ്ഷാ മാള്‍വ ആക്രമിക്കുകയും മാണ്ഡു ഉപരോധിക്കുകയും (1422) ചെയ്തു. ഹുഷാംഗ്ഷാ ഗുജറാത്തിന്റെ ആധിപത്യം അംഗീകരിച്ചതോടെ യുദ്ധം അവസാനിച്ചു.

അടുത്ത മൂന്നു കൊല്ലം ഭരണസംവിധാനം ക്രമീകരിക്കാനാണ് അഹമ്മദ്ഷാ ശ്രദ്ധിച്ചത്. പക്ഷേ, യുദ്ധതത്പരനായിരുന്ന ഇദ്ദേഹം ഹുഷാംഗ്ഷായെ സഹായിച്ചിരുന്ന ഗിര്‍നാറിലെ രാജാവിനെ ആക്രമിക്കുകയും കപ്പം വാങ്ങിക്കൊണ്ട് അധികാരത്തില്‍ തുടരാന്‍ സമ്മതിക്കുകയും ചെയ്തു. ഖാന്‍ദേശിലെ സുല്‍ത്താന്‍ മരിക്കുന്നതിനുമുന്‍പ് രാജ്യത്തെ വിഭജിച്ച് നാസിര്‍, ഹസന്‍ എന്നിവര്‍ക്കായി നല്കിയിരുന്നു. 1417-ല്‍ നാസിര്‍, മാള്‍വയിലെ ഹുഷാംഗ്ഷായുടെ സഹായത്തോടുകൂടി സഹോദരന്റെ രാജ്യം കീഴടക്കി അയാളെ പുറത്താക്കി. ഹസന്‍ അഹമ്മദ്ഷായുടെ സഹായം അഭ്യര്‍ഥിച്ചു. ഗുജറാത്ത് സേന ആസീര്‍കോട്ട ഉപരോധിക്കുകയും നാസിറിനെക്കൊണ്ട് ഗുജറാത്തിന്റെ ആധിപത്യം അംഗീകരിപ്പിക്കുകയും ചെയ്തു.

1429-ല്‍ ഝാലാവാര്‍ രാജാവായിരുന്ന കൃഷ്ണ, ഹിന്ദുക്കളോടു അഹമ്മദ്ഷാ അനുവര്‍ത്തിച്ച നയം കാരണം അഹമ്മദ്ഷാ ബാഹ്മിനിയുടെ സഹായത്തോടുകൂടി ഗുജറാത്ത് ആക്രമിക്കുകയും നന്ദര്‍ബാര്‍ കൊള്ളയടിക്കുകയും ചെയ്തു. എന്നാല്‍ അഹമ്മദ്ഷാ സഖ്യകക്ഷികളെ തോല്പിച്ചോടിച്ചതിനുപുറമേ രണ്ടു കൊല്ലം നീണ്ടുനിന്ന യുദ്ധത്തില്‍ താനാ, മാഹിം എന്നീ സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.

അഹമ്മദ്ഷാ മറ്റു മതങ്ങളോടു സഹിഷ്ണുത കാണിച്ചില്ലെന്ന അഭിപ്രായം ചരിത്രകാരന്‍മാരുടെ ഇടയിലുണ്ട്. ഇദ്ദേഹം ഗുജറാത്തിലെയും സമീപപ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും യുദ്ധത്തടവുകാരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. എന്നാല്‍ കാര്യക്ഷമമായ ഭരണസംവിധാനം നിലനിര്‍ത്താന്‍ യത്നിച്ചിരുന്നു. സൌന്ദര്യബോധമുള്ള ഒരു ഭരണകര്‍ത്താവായി അഹമ്മദ്ഷാ ഖ്യാതി നേടിയിട്ടുണ്ട്. ഭരണം ഏറ്റെടുത്തതിനുശേഷം പഴയ തലസ്ഥാനമായ അനില്‍വാറ(അസാവല്‍)യ്ക്കു സമീപം സബര്‍മതി നദീതീരത്തു പുതിയ തലസ്ഥാനം പണിതുയര്‍ത്തുകയും (1413) ആ നഗരത്തിന് അഹമ്മദാബാദ് എന്നു നാമകരണം ചെയ്യുകയും ചെയ്തു. അവിടെ പണികഴിപ്പിച്ച ജുമാ മസ്ജീദ് ഏഷ്യയിലെ ഏറ്റവും ആകര്‍ഷകമായ ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ്. നഗരത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പുറത്തുനിന്ന് വ്യാപാരികളെയും കൈത്തൊഴില്‍ വിദഗ്ധരെയും വരുത്തി താമസിപ്പിച്ചു; സാഹിത്യകാരന്മാരെയും പണ്ഡിതന്‍മാരെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു.

1432-ല്‍ അഹമ്മദ് പാനാഗര്‍ രാജാവിനെ തോല്പിക്കുകയും ദുര്‍ഗാപൂര്‍, കോട്ട, ബുണ്ടി രാജാക്കന്‍മാരില്‍ നിന്നും കപ്പം ഈടാക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെപ്പറ്റി പരസ്പരവിരുദ്ധങ്ങളായ വിവരണങ്ങളാണ് മുസ്ലിം ചരിത്രകാരന്‍മാരുടെ രേഖകളും ഹൈന്ദവ രാജാക്കന്‍മാരുടെ ശിലാലിഖിതങ്ങളും നല്കുന്നത്. സിദ്ധ്പൂരിലെ ക്ഷേത്രം നശിപ്പിച്ചതും ജിസിയകരം ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയതും അഹമ്മദ്ഷായുടെ ഹിന്ദുമത വിരോധത്തിന്റെ ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ നീതിനിര്‍വഹണത്തില്‍ ഇദ്ദേഹം അങ്ങേയറ്റത്തെ നിഷ്പക്ഷത പ്രദര്‍ശിപ്പിച്ചു. കൊലക്കുറ്റം ആരോപിക്കപ്പെട്ട സ്വന്തം ജാമാതാവിനെ പരസ്യമായി തൂക്കിക്കൊല്ലാന്‍ മടിച്ചില്ല. മാനിക്ചന്ദ്, മോത്തിചന്ദ് എന്നീ ഹിന്ദു മന്ത്രിമാര്‍ ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.

സുല്‍ത്താന്‍ അഹമ്മദ്ഷാ, 1443 ആഗ. 12-ന് നിര്യാതനായി. പുത്രനായ മുഹമ്മദ്ഖാന്‍, ഗിയാസുദ്ദീന്‍ മുഹമ്മദ്ഷാ എന്ന പേരില്‍ ഗുജറാത്ത് സുല്‍ത്താനായി.

(പ്രൊഫ. ലോറന്‍സ് ലോപ്പസ്)

2. അറംഗസീബ് ചക്രവര്‍ത്തിയുടെ നിര്യാണാനന്തരം (1707) നാമമാത്രമായി ആറു വര്‍ഷം ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തി. മുഹമ്മദ്ഷാ ചക്രവര്‍ത്തിയുടെ പുത്രനും പിന്‍ഗാമിയുമായ അഹമ്മദ്ഷാ ബഹദൂര്‍ മുജാഹിദ് അല്‍ദീന്‍ അബൂനസര്‍, 1725 ഡി. 24-ന് ഡല്‍ഹിയില്‍ ജനിച്ചു. 1748-ല്‍ ഇദ്ദേഹം ചക്രവര്‍ത്തിയായി. ഭരണപരമായ പരിശീലനമൊന്നും പിതാവില്‍നിന്നും ലഭിക്കാതിരുന്ന ഇദ്ദേഹം കൊട്ടാരത്തിലെ ഉപജാപങ്ങളില്‍ പെട്ടശേഷമാണ് ഭരണം നിര്‍വഹിച്ചുതുടങ്ങിയത്. മാതാവായ ഉദംബായിയും (Udambai) കൊട്ടാരസേവകനായ ജാഹദ് ഖാനുമായിരുന്നു ആദ്യകാലങ്ങളില്‍ രാജ്യഭരണം നിയന്ത്രിച്ചിരുന്നത്. അഹമ്മദ്ഷാ അബ്ദാലിയുടെ (1722-72) ഇന്ത്യന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ അഹമ്മദ്ഷായ്ക്ക് കഴിഞ്ഞില്ല. അഹമ്മദ്ഷാ അബ്ദാലി പഞ്ചാബ് ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴടക്കുകയും അവിടെനിന്ന് വമ്പിച്ച നികുതി ഈടാക്കുകയും ചെയ്തു.

ഔധിലെ (അവധ്) നവാബായ സഫ്ദര്‍ജംഗിനെ 1750-ല്‍ അഹമ്മദ്ഷാ, വസീറായി നിയമിച്ചു. പുതിയ വസീര്‍, ഭരണം നിയന്ത്രിച്ചിരുന്ന ജാഹദ്ഖാനെ വധിച്ച്, പൂര്‍ണാധികാരം കൈക്കലാക്കി. എന്നാല്‍ സഫ്ദര്‍ജംഗ് 1753-ല്‍ നിഷ്കാസിതനായി; പകരം ഇന്തസാമുദ്ദൗല വസീറായി. റൂഹേലകളുടെ ആക്രമണങ്ങളെ നേരിടാന്‍ അഹമ്മദ്ഷായ്ക്ക് മഹാരാഷ്ട്രരുടെ സഹായമഭ്യര്‍ഥിക്കേണ്ടിവന്നെങ്കിലും കാര്യമായ സഹായമൊന്നും സിദ്ധിച്ചില്ല. റൂഹേലകള്‍ സാമ്രാജ്യത്തിലെ പല ഭാഗങ്ങളും കൊള്ളയടിച്ചു. അഫ്ഗാന്‍കാരും ആ തക്കംനോക്കി പഞ്ചാബും സമീപപ്രദേശങ്ങളും കൊള്ളയടിച്ചു. ഈ അവസരത്തില്‍ ഹൈദരാബാദിലെ നിസാംവംശസ്ഥാപകനായ ആസഫ് ഝായുടെ പൗത്രനായ ഇമാദുല്‍ മുല്‍ക്ക്, മഹാരാഷ്ട്രയുടെ സഹകരണത്തോടെ മുഗളരോടെതിരിട്ടു. 1754-ല്‍ വസീറായ ഇന്തസാമുദ്ദൗലയെ ബഹിഷ്കൃതനാക്കി; അഹമ്മദ്ഷാ ചക്രവര്‍ത്തിയെ തടവുകാരനാക്കി ജയിലില്‍ പാര്‍പ്പിച്ചു. അന്ധനാക്കപ്പെട്ട അഹമ്മദ് ഷാ ജയിലില്‍വച്ച് 1775 ജനു. 1-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍