This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് ഷാ അബ്ദാലി (ദുറാനി) (1722 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് ഷാ അബ്ദാലി (ദുറാനി) (1722 - 72)

ആധുനിക അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും ദുറാനി സാമ്രാജ്യസ്ഥാപകനും. അബ്ദാലിഗോത്രത്തില്‍പ്പെട്ട മുഹദ്സമാന്‍ സദോസായിയുടെ ദ്വിതീയപുത്രനായിരുന്നു അഹമ്മദ് ഷാ.

പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ നാദിര്‍ഷാ അബ്ദാലി ഗോത്രക്കാരെ കീഴടക്കി അവരില്‍ പലരെയും ഉന്നത ഉദ്യോഗങ്ങളില്‍ നിയമിച്ചിരുന്നു. അക്കൂട്ടത്തില്‍ അഹമ്മദ് ഷാ നാദിര്‍ഷായുടെ സേനയില്‍ ചേര്‍ന്നു സേവനം അനുഷ്ഠിക്കുകയും ഒരു സേനാധിപനായി ഉയരുകയും ചെയ്തു. അഹമ്മദ് ഷാ നാദിര്‍ഷായോടൊത്ത് ഇന്ത്യാ ആക്രമണത്തില്‍ (1738) പങ്കെടുത്തിരുന്നു. 1747 ജൂണില്‍ ഖൊറാസാനില്‍വച്ച് നാദിര്‍ഷാ വധിക്കപ്പെട്ടപ്പോള്‍ തന്റെ അനുയായികളുമൊത്ത് കാന്തഹാറില്‍ (അഫ്ഗാനിസ്താന്‍) മടങ്ങിയെത്തി രാജാവായി. അതോടൊപ്പം ഇദ്ദേഹം തന്റെ ഗോത്രത്തിന്റെ പേര് ദുറാനി എന്നാക്കി. 'ഗുലാംഷാഹി' എന്ന ഒരു സേനയെ ഇദ്ദേഹം സജ്ജീകരിച്ചു. ഈ സേനയുടെ സഹായത്തോടെ ഗസ്നി, കാബൂള്‍, പെഷാവര്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കി. നാദിര്‍ഷായുടെ അനന്തരാവകാശിയെന്ന നിലയില്‍ ഇന്ത്യയിലെ മുഗള്‍ചക്രവര്‍ത്തിയില്‍നിന്നു കീഴടക്കിയ പ്രദേശങ്ങളുടെമേല്‍ അവകാശവാദമുന്നയിച്ചു. 1747 മുതല്‍ 1769 വരെയുള്ള കാലഘട്ടത്തിനിടയ്ക്ക് അഹമ്മദ് ഷാ ഒന്‍പതുപ്രാവശ്യം ഇന്ത്യ ആക്രമിച്ചു. അഫ്ഗാന്‍കാര്‍ക്ക് നഷ്ടപ്പെട്ട രാഷ്ട്രീയാധികാരം വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. സമ്പദ്സമൃദ്ധമായ ഇന്ത്യയെ ആക്രമിച്ച് അളവറ്റ ധനം ആര്‍ജിക്കാനും തദ്വാരാ തന്റെ ശക്തി വര്‍ധിപ്പിക്കാനും അഹമ്മദ് ഷാ നിശ്ചയിച്ചു. 1747 ഡി.-ല്‍ ഇന്ത്യന്‍ ആക്രമണത്തിനു പുറപ്പെട്ടു. അക്കാലത്ത് പഞ്ചാബ് ഗവര്‍ണറായിരുന്ന ഷാനവാസ്‍ഖാന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ ആക്രമണത്തിനു ഇദ്ദേഹം പുറപ്പെട്ടതെന്നു പറയപ്പെടുന്നു. ലാഹോറും സര്‍ഹിന്ദും (പാട്യാലയ്ക്ക് വടക്ക്) ഇദ്ദേഹം കീഴടക്കി. എന്നാല്‍ മനുപൂര്‍യുദ്ധത്തില്‍വച്ച് (1748 മാ.) മുയിന്‍ അല്‍മുല്‍ക്ക് അഹമ്മദ് ഷായെ തോല്പിച്ചു. മുയിന്‍ അല്‍മുല്‍ക്ക് പഞ്ചാബിലെ മുഗള്‍ ഗവര്‍ണറായി. 1749 ഡി.-ല്‍ വീണ്ടും ഇന്ത്യാ ആക്രമണത്തിനായി സിന്ധുനദി കടന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍സേന പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ സന്ധിവ്യവസ്ഥയനുസരിച്ച്, നാലു പ്രദേശങ്ങളിലെ റവന്യൂ വരുമാനം അഹമ്മദ് ഷായ്ക്കു നല്കപ്പെട്ടു. കാന്തഹാറില്‍ മടങ്ങിയെത്തിയ അഹമ്മദ്ഷാ തനിക്കെതിരായി നടന്ന ഒരു ഗൂഢാലോചന അടിച്ചമര്‍ത്തുകയും അതിന്റെ നേതാവായിരുന്ന നൂര്‍ മുഹമ്മദിനെ വധിക്കുകയും ചെയ്തു. കാന്തഹാറിനു പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന പല പ്രദേശങ്ങളും കീഴടക്കി തന്റെ രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. നാദിര്‍ഷായുടെ പൌത്രനായ മിഴ്സാ ഷാഹ്റൂഖിനെയും തോല്പിച്ച് പേര്‍ഷ്യക്കാരുടെമേല്‍ അധീശത്വം നേടി. ഇന്ത്യന്‍ യുദ്ധകാലത്തുണ്ടാക്കിയ സന്ധിവ്യവസ്ഥയനുസരിച്ച് നാലു പ്രദേശങ്ങളിലെ റവന്യൂ അടച്ചുതീര്‍ക്കുന്നതില്‍ വീഴ്ചവരുത്തിയതുകൊണ്ട് അഹമ്മദ്ഷാ മൂന്നാം പ്രാവശ്യം ഇന്ത്യ ആക്രമിച്ചു (1751-52). ഈ ആക്രമണങ്ങളില്‍ ലാഹോറിന്റെ സമീപപ്രദേശങ്ങള്‍ നശിപ്പിക്കപ്പെട്ടു. മുഗള്‍ ഗവര്‍ണറായ മുയിന്‍ അല്‍മുല്‍ക്ക് യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും, അഹമ്മദ് ഷാ അദ്ദേഹത്തെ പഞ്ചാബിലെ ഗവര്‍ണറായി നിയമിക്കുകയും മുള്‍ത്താനും ലാഹോറും വിട്ടുകൊടുക്കുകയും ചെയ്തു. കാശ്മീര്‍, ദുറാനി സാമ്രാജ്യത്തോടു ചേര്‍ക്കപ്പെട്ടു. 1753-ല്‍ മുയിന്‍ അല്‍മുല്‍ക്ക് നിര്യാതനായതോടെ പഞ്ചാബില്‍ അരാജകത്വം സംജാതമായി. പഞ്ചാബിലെ അധികാരം മുഗലാനിബീഗം (മുയില്‍ അല്‍മുല്‍ക്കിന്റെ വിധവ) കൈകാര്യം ചെയ്തുവന്നു. ഈ അവസരം ഉപയോഗിച്ച് മുഗള്‍ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായ ഇമാദുല്‍മുല്‍ക്ക് പഞ്ചാബ് വീണ്ടെടുത്ത് അദീനാബേഗിനെ ഗവര്‍ണറായി നിയമിച്ചു. ഈ സംഭവവികാസങ്ങള്‍ അറിഞ്ഞ അഹമ്മദ് ഷാ വീണ്ടും ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു (1756). അദ്ദേഹം 1757 ജനു. 28-ന് ഡല്‍ഹിയില്‍ പ്രവേശിച്ച്, നഗരം കൊള്ളയടിച്ചു. മഥുര, വൃന്ദാവനം, ആഗ്ര എന്നീ നഗരങ്ങള്‍ അഗ്നിക്കിരയാക്കി. തന്റെ സേനാവിഭാഗങ്ങളുടെ ഇടയില്‍ കോളറാരോഗം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതനായി (1757 മാ.). അതിനുമുന്‍പ് അഹമ്മദ് ഷാ മുന്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെ പുത്രിയായ ഹസ്രത്ത് ബീഗമിനെ വിവാഹം കഴിച്ചു; പുത്രനായ തിമൂര്‍ഷാ, മുഗള്‍ചക്രവര്‍ത്തിയായ ആലംഗീര്‍ II-ന്റെ പുത്രി സുഹറാബീഗത്തിനെയും ഡല്‍ഹിയുടെ ഭരണാധികാരം റോഹില്ലാ നേതാവായ നജീബ് അല്‍ദൌലയ്ക്കു നല്‍കി. തിമൂര്‍ഷാ പഞ്ചാബ് വൈസ്രോയിയായി നിയമിക്കപ്പെട്ടു.

അദിനാബേഗും സിക്കുകാരും തിമൂര്‍ഷായ്ക്ക് എതിരായി കലാപം സംഘടിപ്പിച്ചു. അദിനാബേഗ് മഹാരാഷ്ട്രരുടെ സഹായവും അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രര്‍ സിന്ധുനദി കടന്നു പെഷാവര്‍ കീഴടക്കി. അഹമ്മദ് ഷാ നാലാംപ്രാവശ്യം ഇന്ത്യ ആക്രമിക്കാന്‍ (1759-61) ഇതുകാരണമായി. ബലൂചിസ്താനിലെ ഭരണാധികാരിയായിരുന്ന നസീര്‍ഖാന്‍ അഹമ്മദ് ഷായെ സഹായിച്ചു. മഹാരാഷ്ട്രര്‍ പഞ്ചാബില്‍നിന്നു പിന്‍വാങ്ങി ഡല്‍ഹിയില്‍ എത്തി; 1760 ജൂല. 22-ന് അവര്‍ ഡല്‍ഹി കൈവശമാക്കി. അഹമ്മദ് ഷായുടെ സേന ഇതിനകം ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. 1761 ജനു. 14-ന് നടന്ന മൂന്നാം പാനിപ്പട്ട് യുദ്ധത്തില്‍ മഹാരാഷ്ട്രരെ പരാജയപ്പെടുത്തി. മാര്‍ച്ചില്‍ (1761) അഫ്ഗാനിസ്താനിലേക്കു മടങ്ങി. ഈ യുദ്ധത്തിന്റെ ഫലങ്ങള്‍ ദൂരവ്യാപകങ്ങളായിരുന്നു. ഹൈദരാബാദിലും മൈസൂറിലും മുസ്ലിം ഭരണാധിപന്മാര്‍ ശക്തന്‍മാരായി; ബംഗാളില്‍ ഇംഗ്ളീഷുകാരും.

പഞ്ചാബില്‍ സിക്കുകാര്‍ അഫ്ഗാന്‍ഭരണത്തിന് എതിരായിരുന്നു. അഹമ്മദ് ഷാ ആറാം പ്രാവശ്യം ഇന്ത്യയില്‍ എത്തിയത് (1762) സിക്കുകാരെ അമര്‍ച്ചവരുത്താനാണ്. ഘല്ലുഘാറ യുദ്ധത്തില്‍ സിക്കുകാര്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ താമസിച്ചിരുന്ന അദ്ദേഹം കാശ്മീരില്‍ സ്വതന്ത്രനാകാന്‍ ശ്രമിച്ച തന്റെ ഗവര്‍ണരെ അമര്‍ച്ച ചെയ്തു. സിക്കുകാരെ കീഴടക്കാനായി 1764-നും 1769-നും മധ്യേ മൂന്നു പ്രാവശ്യംകൂടി അഹമ്മദ് ഷാ ഇന്ത്യയിലേക്ക് സൈന്യസമേതം എത്തി. എന്നാല്‍ സ്വദേശത്തുണ്ടായ കുഴപ്പങ്ങള്‍ തീര്‍ക്കാന്‍ അഹമ്മദ്ഷായ്ക്കു മടങ്ങേണ്ടിവന്നു. 1763-ല്‍ ഹിറാത്തിനു സമീപത്തും 1767-ല്‍ ഖൊറാസനിലും കലാപങ്ങള്‍ ഉണ്ടായി. ഇദ്ദേഹത്തിന്റെ അവസാനകാലത്ത് ദുറാനിസാമ്രാജ്യം ഓക് സസ്‍ നദി മുതല്‍ സിന്ധുവരെയും തിബത്തു മുതല്‍ ഖൊറാസന്‍ വരെയും വ്യാപിച്ചിരുന്നു. 1772-ല്‍ അഹമ്മദ് ഷാ കാന്തഹാറിനു സമീപംവച്ച് നിര്യാതനായി. അതോടുകൂടി ഇദ്ദേഹത്തിന്റെ സാമ്രാജ്യവും ശിഥിലമായി. നോ: അബ്ദാലികള്‍; അഫ്ഗാനിസ്താന്‍

(പ്രൊഫ. ലോറന്‍സ് ലോപ്പസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍