This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് വഫീഖ് പാഷ (1823 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് വഫീഖ് പാഷ (1823 - 91)

Ahmed Vefik Pasha

ഒട്ടോമന്‍ (ഉസ്മാനിയ) സാമ്രാജ്യത്തിലെ രാജ്യതന്ത്രജ്ഞനും തുര്‍ക്കിഭാഷാപണ്ഡിതനും. സാഹിത്യപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ റൂഹ് അല്‍-ദീന്‍ മുഹമ്മദ് എഫെന്തിയുടെ പുത്രനായി 1823 ജൂല. 6-ന് ഇസ്താംബൂളില്‍ ജനിച്ചു. പിതാവ് പാരിസിലെ തുര്‍ക്കി പ്രതിപുരുഷാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിദ്യാഭ്യാസം അവിടെ നടത്തി. ലൈസെ സെന്റ് ലൂയിയില്‍ മൂന്നു വര്‍ഷം വിദ്യാഭ്യാസം നടത്തിയശേഷം 14-ാം വയസ്സില്‍ തുര്‍ക്കിയില്‍ തിരിച്ചെത്തി. വിദേശകാര്യവകുപ്പിന്റെ കീഴില്‍ തര്‍ജുമ വിഭാഗത്തില്‍ ആയിരുന്നു ആദ്യമായി നിയമനം കിട്ടിയത്. 1849-ല്‍ ഇദ്ദേഹത്തെ ഡാന്യൂബിയന്‍ പ്രിന്‍സിപ്പാലിറ്റികളിലെ ഇമ്പീരിയല്‍ കമ്മിഷണറാക്കി; തുടര്‍ന്ന് പേര്‍ഷ്യയിലെ അംബാസഡറുമായി. ആ ജോലിയില്‍നിന്നും തിരിച്ചുവന്നപ്പോള്‍ ഗ്രാന്‍ഡ് കൗണ്‍സില്‍ ഒഫ് ജസ്റ്റിസില്‍ അംഗമായി നിയമിതനായി. ഈ കാലത്ത് ശിക്ഷാനിയമവും നടപടിക്രമങ്ങളും ഇദ്ദേഹം പരിഷ്കരിച്ചു. 1860-ല്‍ പാരിസിലെ ടര്‍ക്കിഷ് അംബാസഡറായി.

തുര്‍ക്കിയില്‍ ആദ്യമായി ഒരു ദ്വിമണ്ഡല പാര്‍ല. 1877 മാ. 17-ന് നിലവില്‍ വന്നപ്പോള്‍ അതിന്റെ അധ്യക്ഷനായി നിയമിതനായത് അഹമ്മദ് ആയിരുന്നു. അക്കാലത്ത് വസീര്‍ സ്ഥാനവും പാഷാ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. 1878-ലും 1882-ലും ഗ്രാന്‍ഡ് വസീര്‍ (പ്രധാനമന്ത്രി) ആയി. പിന്നീട് ബ്രൂസയിലെ ഗവര്‍ണര്‍ ജനറലായി ഖ്യാതി നേടി. തന്ത്രപ്രതിനിധിയെന്ന നിലയില്‍, ഡാന്യൂബിയന്‍ പ്രദേശങ്ങളിലുണ്ടായ റഷ്യന്‍ അധിനിവേശത്തെ ചെറുത്ത് തുര്‍ക്കി താത്പര്യങ്ങളെ സംരക്ഷിച്ചു. 1876-ല്‍ ആദ്യത്തെ ഇമ്പീരിയല്‍ ഇയര്‍ ബുക്ക് എഡിറ്റു ചെയ്ത് പ്രസിദ്ധപ്പെടുത്തി. തസ്വീര്‍-ഈ-എഫ്കര്‍ എന്ന ദിനപത്രത്തിന്റെ പത്രാധിപരായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രൂസയിലെ യഷില്‍ ജുമാമസ്ജിദ് പുതുക്കിപ്പണിയിച്ചത് ഇദ്ദേഹമായിരുന്നു.

പര്‍വതങ്ങളില്‍നിന്നും ജലം സംഭരിക്കുന്ന രീതി, ചതുപ്പുപ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിലെ നിരവധി വിദ്യാലയങ്ങളുടെ സ്ഥാപനം, മള്‍ബറിച്ചെടി നട്ടുപിടിപ്പിച്ച് പട്ടുനൂല്‍വ്യവസായം അഭിവൃദ്ധിപ്പെടുത്തല്‍, ആദ്യത്തെ തുര്‍ക്കി തിയെറ്ററിന്റെ നിര്‍മാണം എന്നിവ അഹമ്മദ് വഫീഖിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. സ്ഥിരോത്സാഹിയായ ഇദ്ദേഹം ഒഴിവുസമയം സാഹിത്യരചനയില്‍ ചെലവഴിച്ചു. 1876-ല്‍ ഇദ്ദേഹം രചിച്ച തുര്‍ക്കി ഭാഷയിലെ ആദ്യത്തെ നിഘണ്ടു (lehdje-yi-othmani) പുറത്തുവന്നു. ഫ്രഞ്ചു നാടകകര്‍ത്താവായ മോളിയേയുടെ (1622-75) 16 നാടകങ്ങള്‍ ടര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രൂസയില്‍ ഈ നാടകങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചു. വോള്‍ട്ടയറുടെ പല കൃതികളും തര്‍ജുമ ചെയ്തു; ഒരു പഴഞ്ചൊല്‍ സമാഹാരവും (Atalar sozu) ഇദ്ദേഹത്തിന്റെതായുണ്ട്. അവസാനകാലത്ത് തുര്‍ക്കി സുല്‍ത്താനായ അബ്ദുല്‍ ഹമീദു II (1842-1918)മായി ഇദ്ദേഹം രമ്യതയിലല്ലായിരുന്നു. ഏകാന്തജീവിതം നയിക്കേണ്ടിവന്ന അഹമ്മദ് വഫീഖ് പാഷ 1891 ഏ. 2-ന് റൂമിലിഹിസാറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍