This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് നിസാം ഷാ (ഭ.കാ. 1490 - 1508)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് നിസാം ഷാ (ഭ.കാ. 1490 - 1508)

അഹമ്മദ്നഗറിലെ നിസാംഷാഹിവംശസ്ഥാപകന്‍. ഡെക്കാനിലെ ബാഹ്മിനി സാമ്രാജ്യത്തിന്റെ പതനത്തോടെ, അവിടെ നിലവില്‍വന്ന അഞ്ചു സ്വതന്ത്ര രാജ്യങ്ങളില്‍ ഒന്നാണ് അഹമ്മദ്നഗര്‍ (ബീറാര്‍, ബീദാര്‍, ബീജപ്പൂര്‍, ഗോല്‍ക്കൊണ്ട എന്നിവയാണ് മറ്റുള്ളവ). ബാഹ്മിനി സുല്‍ത്താനായിരുന്ന മഹമൂദ്ഷാ III (ഭ.കാ. 1463-1482)-ന്റെ കാലത്ത് ഭരണം നിയന്ത്രിച്ചിരുന്നത് പ്രധാനമന്ത്രിയും സൈനികമേധാവിയു(അമീറുല്‍ ഉമ്ര) മായിരുന്ന മുഹമ്മദ്ഗവാന്‍ (1404-1481) ആയിരുന്നു. മുഹമ്മദ്ഗവാന്റെ വളര്‍ച്ചയില്‍ അസൂയ തോന്നിയ പ്രഭുക്കന്‍മാരില്‍ അഹമ്മദ് നിസാം ഷായും ഉള്‍പ്പെടുന്നു. പൂണെയ്ക്കു വടക്കുള്ള ജൂന്നാറി (Junnar) ലെ ഗവര്‍ണറായിരുന്ന മാലിക്ക് അഹമ്മദ്, ഗവാന്റെ വധത്തെ (1481 ഏ. 5) തുടര്‍ന്ന് മഹമൂദ്ഷാ ബാഹ്മിനിയുടെ പ്രധാനമന്ത്രിയായി. മാലിക്ക് അഹമ്മദ് ബീദാറിലെ ഡെക്കാനി പ്രഭുക്കന്‍മാരിലൊരാളായ നിസാമുല്‍മുല്‍ക്ക് ബഹ്റിയുടെ പുത്രനായിരുന്നു. അധികം താമസിയാതെ അഹമ്മദ് നിസാം ഷാ ബാഹ്മിനി ഭരണത്തില്‍ നിന്നും സ്വതന്ത്രനായി, 1490-ല്‍ അഹമ്മദ്നഗരം സ്ഥാപിച്ചു. മുന്‍പ് ഭിനാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നഗരം കോട്ടകൊത്തളങ്ങള്‍കൊണ്ട് സജ്ജമാക്കി; അഹമ്മദ്നഗരം സ്ഥാപിച്ച മാലിക്ക് അഹമ്മദ്, അഹമ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. ഇദ്ദേഹം സ്ഥാപിച്ച നിസാംഷാഹിവംശം 1636 വരെ നിലനിന്നു. യാദവരാജ്യതലസ്ഥാനമായ ദേവഗിരി (ദൗലത്താബാദ്) കീഴടക്കി (1499) സാമ്രാജ്യത്തിന്റെ ഭദ്രത ഇദ്ദേഹം നിലനിര്‍ത്തി. ഷോലാപ്പൂരിനുവേണ്ടി അഹമ്മദ്നഗര്‍ ബീജപ്പൂരുമായി യുദ്ധം നടത്തി. 1508-ല്‍ അഹമ്മദ് നിസാം ഷാ അന്തരിച്ചു. തുടര്‍ന്ന് പുത്രനായ ബുര്‍ഹാന്‍ നിസാം ഷാ (ഭ.കാ. 1509-52) അഹമ്മദ്നഗര്‍ സുല്‍ത്താനായി. നോ: നിസാംഷാഹിവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍