This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് ജാന്‍ തിര്‍ക്വ (1891 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് ജാന്‍ തിര്‍ക്വ (1891 - 1976)

ഭാരതീയ തബലവാദ്യ വിദഗ്ധന്‍. 1891 മാ.-ല്‍ ഹുസൈന്‍ ബക്സ്ഖാന്റെ പുത്രനായി ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ചു. മുനിര്‍ഖാന്‍, ഷേര്‍ഖാന്‍, ഹയസ്ഖാന്‍ മുതലായ വിദ്വാന്മാരുടെ കീഴിലാണ് ഇദ്ദേഹം തബല വായന അഭ്യസിച്ചത്. 20 മണിക്കൂര്‍ അനുസ്യൂതം തബല വായിച്ച് ഒരു റിക്കാര്‍ഡ് ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി. 'സംഗീതമാര്‍ത്താണ്ഡ്', 'അഫ്തബിമു അസിഖി', 'നദ്പര്‍മുഖ്' എന്നീ ബിരുദങ്ങളും പദ്മഭൂഷണ്‍ ബഹുമതിയും (1954) തിര്‍ക്വയ്ക്ക് ലഭിച്ചിട്ടുണ്ട്. ലഖ്നൗവിലെ ഭാട്ട്ഖാണ്ഡെ സംഗീത കോളജിലെ പ്രൊഫസറായി അഹമ്മദ് ജാന്‍ തിര്‍ക്വ പ്രശസ്തസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഹമ്മദ്നഗര്‍മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു മുനിസിപ്പല്‍ നഗരവും ഇതേ പേരുള്ള ഒരു ജില്ലയുടെ ആസ്ഥാനവും. മുംബൈയ്ക്ക് 290 കി.മീ. കിഴക്കും പൂണെയ്ക്ക് 103 കി.മീ. വ.പടിഞ്ഞാറുമായി സീനാ നദിയുടെ ഇടത്തേക്കരയിലാണ് ഈ പട്ടണത്തിന്റെ സ്ഥിതി.

പരുത്തിത്തുണിയുടെയും സില്‍ക്കുതരങ്ങളുടെയും വിപണനകേന്ദ്രമാണീ നഗരം. സാരിനെയ്ത്ത് ഇവിടത്തെ ഒരു പ്രധാനതൊഴിലാണ്. പരുത്തികടച്ചില്‍, ഓട്ടുപാത്ര നിര്‍മാണം, നീലം, തുകല്‍ ഊറയ്ക്കിടല്‍ തുടങ്ങിയ ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പശ്ചിമ റെയില്‍വേയിലെ ധോണ്ട്-മന്‍മഡ് പാതയിലാണ് അഹമ്മദ് നഗര്‍. ഒരു സൈനികസങ്കേതം കൂടിയാണ് ഈ നഗരം.

ഭിനാര്‍ എന്ന പുരാതന നഗരത്തെ അഹമ്മദ് നഗരരാജ്യത്തിന്റെ സ്ഥാപകനായ അഹമ്മദ് നിസാം ഷാ പുതുക്കിപ്പണിയിച്ചതാണ് ഇന്നത്തെ അഹമ്മദ് നഗര്‍ (1490). മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് ആദ്യം ഈ നഗരം കീഴടക്കിയത് (1636). പിന്നീട് ഇവിടം മറാത്തികളുടെ കൈവശവും (1797), വെല്ലസ്ലി പ്രഭുവിന്റെ കാലത്ത് ബ്രിട്ടീഷധീനതയിലും (1803), മറാത്തിയുദ്ധങ്ങളുടെ കാലത്ത് വീണ്ടും മറാത്തികളുടെ കൈവശത്തിലുമായി. പൂനാ ഉടമ്പടിയെ(1817)ത്തുടര്‍ന്നു വീണ്ടും ഈ നഗരം ബ്രിട്ടീഷുകാരുടെ അധീനതയിലായി.

നഗരത്തിനുചുറ്റുമായി ഇടിഞ്ഞു നശിച്ചുതുടങ്ങിയ മണ്‍ഭിത്തികള്‍ കാണാം. കോട്ടവാതിലുകളും കൊത്തളങ്ങളും ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. നഗരത്തിന് ഏതാണ്ട് ഒരു കി.മീ. കി.മാറിയാണ് കോട്ടയുടെ അവശിഷ്ടങ്ങളുള്ളത്. പുരാതന വാസ്തുശില്പങ്ങളുടെ കൂട്ടത്തില്‍ ദാമ്ജി മസ്ജിദ്, ഹരിയാബാഗ്, അഹമ്മദ് നിസാം ഷായുടെ ശവകുടീരം, ആലംഗീറിന്റെ ദര്‍ഗ തുടങ്ങിയവ എണ്ണപ്പെട്ടവയാണ്.

അഹമ്മദ് നഗര്‍ ജില്ല. 17,070 ച.കി.മീ. ആണ് ഈ ജില്ലയുടെ മൊത്തം വിസ്തൃതി; ജനസംഖ്യ: 33,72,935 (2001). മഴ കുറഞ്ഞ പ്രദേശമാണിവിടം. വളക്കൂറു കുറഞ്ഞ മണ്ണാണുള്ളത്. എങ്കിലും ധാരാളം നദികള്‍ ഒഴുകുന്ന പ്രദേശമായതിനാല്‍ ജലസേചന സാധ്യതകള്‍ വേണ്ടുവോളമുണ്ട്. അങ്ങിങ്ങായി ശുഷ്കപത്രപാതികളായ (Dry deciduous) വനങ്ങളും മുള്‍ക്കാടുകളുമുണ്ടെങ്കിലും ഏറിയഭാഗവും കൃഷിഭൂമിയാണ്. ജോവാര്‍, ബാജ്റാ എന്നിവയ്ക്കു പുറമേ പരുത്തി, പയറുവര്‍ഗങ്ങള്‍, ഗോതമ്പ്, റാഗി എന്നിവയും കൃഷിചെയ്തുവരുന്നു. നെയ്ത്ത്, ചായംമുക്കല്‍, വെങ്കലപാത്ര നിര്‍മാണം തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ ജില്ലയിലുടനീളം കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍