This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്, ഫക്രുദ്ദീന്‍ അലി (1905 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ്, ഫക്രുദ്ദീന്‍ അലി (1905 - 77)

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അഞ്ചാമത്തെ പ്രസിഡന്റ് (രാഷ്ട്രപതി). 1905 മേയ് 13-ന് ഡല്‍ഹിയില്‍ കേണല്‍ ഇസഡ്.എ. അഹമ്മദിന്റെ പുത്രനായി ജനിച്ചു. പിതാവ് അസം സ്വദേശിയും മാതാവ് പ്രസിദ്ധ ഉര്‍ദുകവിയായ മിഴ്സ ഗാലിബിന്റെ വംശപരമ്പരയില്‍പെട്ടവരുമാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലും ഡല്‍ഹിയിലും വിദ്യാഭ്യാസത്തിനുശേഷം അഹമ്മദ് 1921-ല്‍ പഞ്ചാബ് സര്‍വകലാശാലയുടെ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചു. പിന്നീട് കേംബ്രിഡ്ജിലെ സെന്റ് കാതറീന്‍സ് കോളജില്‍ ചരിത്രം ഐച്ഛികവിഷയമായി സ്വീകരിച്ച് എം.എ. ബിരുദം നേടി. കേംബ്രിജില്‍ വച്ച് ഇദ്ദേഹം ജവാഹര്‍ലാല്‍ നെഹ്റുവിനെ പരിചയപ്പെട്ടു. ഇന്നര്‍ ടെമ്പിളില്‍ നിന്നു നിയമപഠനം പൂര്‍ത്തിയാക്കി ബാരിസ്റ്ററായി ഇന്ത്യയിലേക്കു മടങ്ങി (1928).

ഫക്രുദ്ദീന്‍ അലി അഹമ്മദ്

വിദേശീയ ഭരണത്തോടുള്ള എതിര്‍പ്പുമൂലം പിതാവിന്റെ അഭീഷ്ടത്തിനെതിരായി സര്‍ക്കാര്‍ ജോലി സ്വീകരിക്കാതെ, അഹമ്മദ് അഭിഭാഷകവൃത്തിയിലേര്‍പ്പെടുകയാണു ചെയ്തത്. പഞ്ചാബ് ഹൈക്കോടതിയില്‍ സര്‍ മുഹമ്മദ് ഷാഫിയുടെ കൂടെ അഭിഭാഷകനായാണ് ഇദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു (1931). പഞ്ചാബില്‍ നിന്ന് ഇദ്ദേഹം അസമിലേക്കു പോയി; അവിടെ അഭിഭാഷകവൃത്തി തുടര്‍ന്നു. 1935-ല്‍ സര്‍ മുഹമ്മദ് സാദുല്ലായെ തോല്പിച്ചുകൊണ്ട് അസം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ്, ഗോപിനാഥ് ബര്‍ദളോയിയുടെ മന്ത്രിസഭയില്‍ ധനകാര്യം, റവന്യൂ എന്നീ വകുപ്പുകളുടെ മന്ത്രിയായി (1938-39). ലാന്‍ഡ് റവന്യൂവകുപ്പില്‍ ചില പ്രധാനപരിഷ്കാരങ്ങള്‍ വരുത്തിയ അഹമ്മദ്, ഇന്ത്യയില്‍ ആദ്യമായി കാര്‍ഷികാദായ നികുതി ഏര്‍പ്പെടുത്തി; തന്മൂലം ബ്രിട്ടീഷ് തേയിലത്തോട്ടങ്ങളില്‍നിന്നു ഗണ്യമായ തുക നികുതിയായി ഈടാക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ രാജിയെത്തുടര്‍ന്ന് സത്യഗ്രഹപ്രസ്ഥാനത്തില്‍ മുഴുകുകയും നാലരക്കൊല്ലം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. 1945-ല്‍ ജയിലില്‍നിന്നു പുറത്തുവന്നതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വീണ്ടും സ്ഥാനാര്‍ഥി ആയി മത്സരിച്ചുവെങ്കിലും മുസ്ലിംലീഗിന്റെ എതിര്‍പ്പുമൂലം പരാജയപ്പെടുകയാണുണ്ടായത്. 1946-ല്‍ ഇദ്ദേഹം അസമിലെ അഡ്വക്കേറ്റ് ജനറലായി.

1954 മുതല്‍ നാലു വര്‍ഷം രാജ്യസഭാംഗമായി. അതിനുശേഷം അസം രാഷ്ട്രീയത്തിലേക്കു തിരിച്ചുപോയ അഹമ്മദ് അടുത്ത ഒന്‍പതു വര്‍ഷം അവിടത്തെ മന്ത്രിസഭയില്‍ അംഗമായി സേവനം അനുഷ്ഠിച്ചു. 1955-ല്‍ ഇന്ത്യന്‍ അഭിഭാഷക പ്രതിനിധിസംഘത്തലവനായി യു.എസ്.എസ്.ആര്‍-ല്‍ പര്യടനം നടത്തി. 1957-ല്‍ യു.എന്‍.ലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിലംഗമായി. 1966-ല്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നു.

1967-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അഹമ്മദ് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വ്യവസായ വികസന വുകപ്പുമന്ത്രിയായി. പിന്നീടുണ്ടായ മന്ത്രിസഭാ പുനഃസംഘടനയില്‍ ഇദ്ദേഹത്തിന് ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗോതമ്പ് മൊത്തവ്യാപാരം ദേശസാത്കരിച്ച നടപടി ഇദ്ദേഹം ഭക്ഷ്യമന്ത്രിയായിരിക്കുമ്പോഴാണ് നടപ്പാക്കിയത്. പക്ഷേ, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍മൂലം ഈ ദേശസാത്കരണനടപടിയില്‍ പില്ക്കാലത്ത് ചില അയവുകള്‍ വരുത്തേണ്ടിവന്നു. ഭക്ഷ്യവകുപ്പു മന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അഞ്ചാമത്തെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു (1974).

ഒരു നല്ല സ്പോര്‍ട്സ്മാനായ അഹമ്മദ് അസം ഫുട്ബാള്‍ അസോസിയേഷന്‍, അസം ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റും അസം സ്പോര്‍ട്സ് കൌണ്‍സിലിന്റെ വൈസ് ചെയര്‍മാനും ആയിരുന്നു. കേംബ്രിജിലെ സ്പോര്‍ട്സ് സമിതിയുടെ സെക്രട്ടറിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്; അക്കാലത്ത് ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെട്ട ഒരു ഹോക്കിടീമുമായി പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രദര്‍ശനമത്സരങ്ങളില്‍ പങ്കെടുത്തു.

1977 ഫെ. 10-ന് ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍