This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്, ഇ (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ്, ഇ (1938 - )

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവ്. എഴുത്തുകാരന്‍, വാഗ്മി, അഭിഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1938 ഏ. 29-ന് കണ്ണൂരില്‍ ജനിച്ചു. പിതാവ് ഒ. അബ്ദുല്‍ ഖാദിര്‍ ഹാജി. മാതാവ് സുഹ്റാ ബീവി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1962-ല്‍ തിരുവനന്തപുരം ലാകോളില്‍നിന്ന് നിയമബിരുദവും നേടി.

ഇ.അഹമ്മദ്

മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അഹമ്മദ്. 1957-62 കാലയളവില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. കണ്ണൂര്‍ (1967), കൊടുവള്ളി (1977), താനൂര്‍ (1982, 82) നിയോജകമണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തി. ചന്ദ്രിക ദിനപത്രത്തിന്റെ സബ്എഡിറ്റര്‍, ഡയറക്ടര്‍, സിഡ്കോയുടെ ആദ്യ അനൗദ്യോഗിക ചെയര്‍മാന്‍, റൂറല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, കേരള ടൂറിസം ഡെവല്പമെന്റ് കോര്‍പ്പറേഷന്‍ അംഗം, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഉപദേശകസമിതി അംഗം, കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍, കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭാ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-87 കാലത്ത് കേരള വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

1991-ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും 1996-ല്‍ മഞ്ചേരിയില്‍നിന്നും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1998,1999, 2004 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2004 മേയ് 23-ന് വിദേശ കാര്യമന്ത്രാലയത്തില്‍ യൂണിയന്‍ മിനിസ്റ്റര്‍ ഒഫ് സ്റ്റേറ്റ് ആയി ചുമതല ഏറ്റെടുക്കുകയും ചെയ്തു.

1975-ല്‍ ഓണററി പൗരത്വം നല്കി കാലിഫോര്‍ണിയയിലെ ഡേവിസ് സിറ്റിയും 1981-ല്‍ ജപ്പാനിലെ ടോക്കിയോ സിറ്റി കൗണ്‍സിലും അഹമ്മദിനെ ആദരിച്ചു. മുന്‍പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി ഗള്‍ഫ് രാജ്യങ്ങളും അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും എന്ന കൃതി രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍