This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദുല്ല ഷാ (1787 - 1858)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദുല്ല ഷാ (1787 - 1858)

അഹമ്മദുല്ല ഷാ

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ (ഇന്ത്യന്‍ വിപ്ലവം 1857) ഒരു യോദ്ധാവ്: ഫൈസാബാദ് മൗലവി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. 1787-ല്‍. ആര്‍ക്കാട്ട് നവാബിന്റെ കുടുംബത്തില്‍ ജനിച്ച അഹമ്മദുല്ല മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സൈനിക പരിശീലനം നേടുകയും അതോടൊപ്പം ഇംഗ്ലീഷ്ഭാഷ പഠിക്കുകയും ചെയ്തതായി കരുതപ്പെടുന്നു. ഇംഗ്ളണ്ടില്‍ പര്യടനം നടത്തി മടങ്ങിയെത്തിയ ഇദ്ദേഹം, ഖുര്‍ബാന്‍ അലി ഷായുടെ ശിഷ്യത്വം സ്വീകരിച്ച് ആഗ്ര കേന്ദ്രമാക്കി ക്രിസ്ത്യാനികളുടെ ഭരണത്തിനെതിരായി 'ജിഹാദ്' നടത്താന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍മൂലം ആഗ്ര വിടാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. 1856 ന.-ല്‍ ലഖ്നൗവിലെത്തിയ അഹമ്മദുല്ല ഷാ അവിടെയും ബ്രിട്ടീഷ് വിരുദ്ധപ്രവര്‍ത്തനം തുടര്‍ന്നു.

1857 ഫെ.-ല്‍ ഇദ്ദേഹം ഫൈസാബാദിലെത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ഗൂഢാലോചന നടത്താന്‍ പ്രേരിപ്പിക്കുന്ന ചില കത്തുകള്‍ ഇദ്ദേഹം എഴുതിയത് കണ്ടുപിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലടയ്ക്കുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. മരണശിക്ഷ നടപ്പിലാക്കുന്നതിനുമുന്‍പ് (1857 ജൂണ്‍ 10) ഇന്ത്യന്‍വിപ്ളവം പൊട്ടിപ്പുറപ്പെട്ടു. സ്വാതന്ത്ര്യസേനാനികള്‍ ജയില്‍ കൈയേറി, അഹമ്മദുല്ല ഷായെ മോചിപ്പിച്ച് ഇദ്ദേഹത്തെ അവരുടെ നേതാവാക്കി. സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അഹമ്മദുല്ലയും അനുയായികളും ലഖ്നൌവിലേക്ക് തിരിച്ചു; ലഖ്നൌവില്‍നിന്ന് 10 കി.മീ. അകലെ വച്ചുനടന്ന ഏറ്റുമുട്ടലില്‍ (1857 ജൂണ്‍ 30) ഇംഗ്ളീഷ് സൈന്യത്തെ തോല്പിക്കാന്‍ അഹമ്മദുല്ലയ്ക്കു കഴിഞ്ഞു. 1857 ജൂല. 1-ന് അഹമ്മദുല്ലയും അനുചരന്മാരും ലഖ്നൌ റസിഡന്‍സ് കൈവശപ്പെടുത്തി; 87 ദിവസത്തോളം വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഔധിലെ ചീഫ് കമ്മിഷണറായ ഹെന്‍റി ലോറന്‍സിന് മാരകമായ മുറിവേറ്റു. 1857 ഡി. 23-ന് ആലംബാഗില്‍ (ലഖ്നൗ) വച്ചു നടന്ന യുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ ശക്തമായ പീരങ്കിപ്പടയുപയോഗിച്ച് അഹമ്മദുല്ലയുടെ സേനയെ തോല്പിച്ചു. അടുത്ത സംഘട്ടനം ഖൈസര്‍ബാഗില്‍ വച്ചായിരുന്നു. കോളിന്‍ ക്യാംപ്ബെല്‍, ഹോപ് ഗ്രാന്റ് എന്നീ ഇംഗ്ളീഷ് സേനാധിപര്‍ ഈ യുദ്ധത്തില്‍ പങ്കെടുത്തു. നേരിട്ടുള്ള ഈ യുദ്ധത്തില്‍ അഹമ്മദുല്ലയുടെ സൈന്യം പരാജയപ്പെട്ടു.

അഹമ്മദുല്ല, ലഖ്നൗവിലെ പരാജയത്തിനുശേഷം റോഹില്‍ഖണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് 50,000 ക. വാഗ്ദാനം ചെയ്തു. ഷാജഹാന്‍പൂര്‍ കീഴടക്കിശേഷം പോവെയിന്‍ (Powain) എന്ന സ്ഥലത്ത് ഇദ്ദേഹം എത്തുകയും അവിടത്തെ രാജാവിന്റെ സഹായം തേടുകയും ചെയ്തു. 1858 ജൂണ്‍ 15-ന് അഹമ്മദുല്ല ഷായെ പോവെയിന്‍ രാജാവിന്റെ സേന വധിച്ചു. അദ്ദേഹത്തിന്റെ ശിരസ്സ് ബ്രിട്ടീഷുകാര്‍ക്കു സമര്‍പ്പിച്ച് വാഗ്ദത്തസംഖ്യ പോവെയിന്‍ രാജാവ് വാങ്ങി. അതോടെ ഔധിലെ ബ്രിട്ടീഷ് വിരുദ്ധസമരം അവസാനിച്ചു. അഹമ്മദുല്ല ഷായുടെ അന്ത്യത്തെപ്പറ്റി ചരിത്രകാരന്‍മാരുടെയിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍